Image

രാജേഷിനും ജെയിംസ് മാത്യുവിനും സസ്‌പെന്‍ഷന്‍

Published on 17 October, 2011
രാജേഷിനും ജെയിംസ് മാത്യുവിനും സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കൈയാങ്കളിക്ക് കാരണക്കാരായ രണ്ട് എം.എല്‍.എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ എം.എല്‍.എമാരായ ടി.വി രാജേഷ്, ജയിംസ് മാത്യു എന്നിവരെയാണ് രണ്ട് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഭരണ-പ്രതിപക്ഷ അംഗങ്ങളുമായി മണിക്കൂറുകള്‍ നീണ്ട സമവായ ചര്‍ച്ചയ്‌ക്കൊടുവില്‍ രണ്ട് പേരുടെയും ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇനി ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ റൂളിങ് നല്‍കുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഈ സമയം സ്പീക്കറുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ടി.വി രാജേഷ് എഴുന്നേറ്റു. തങ്ങള്‍ ഖേദപ്രകടനം നടത്തിയിട്ടില്ലെന്നും ധാരണയ്ക്ക് വിരുദ്ധമായ കാര്യമാണ് പറയുന്നതെന്നും രാജേഷ് പറഞ്ഞു.

ചേംബറിലുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി രാജേഷ് വീണ്ടും പ്രതിഷേധിക്കുന്നത് ചട്ടലംഘനമാണെന്നും കൂടുതല്‍ നടപടിക്ക് നിര്‍ബന്ധിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു. റൂളിങ്ങിനിടയിലും പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് മുഖ്യമന്ത്രിയോട് സ്പീക്കര്‍ ആരാഞ്ഞു. തുടര്‍ന്ന് എഴുന്നേറ്റ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ രണ്ട് പേരെയും സസ്‌പെന്‍ഡ് ചെയ്യുന്നതായ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. അതോടെ പ്രതിപക്ഷം ഒന്നടങ്കം ബഹളുമായി എഴുന്നേറ്റു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സഭയില്‍ സത്യാഗ്രഹം ഇരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു. സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയമായവരും സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയാണ്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു.

നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് വെള്ളിയാഴ്ച സഭയിലുണ്ടായതെന്ന് സ്പീക്കര്‍ പറഞ്ഞു. 'ജയിംസ് മാത്യു കോടിയേരി ബാലകൃഷ്ണനോട് എന്തോ സംസാരിക്കുന്നത് കാണാം. തുടര്‍ന്ന് രാജേഷിനേയും കൂട്ടി ജെയിംസ് മാത്യു തള്ളിക്കയറുന്നതും ദൃശ്യത്തിലുണ്ട്. ടി.വി രാജേഷും ജെയിംസ് മാത്യുവും വനിതയെ മനപൂര്‍വ്വം കയ്യേറ്റം ചെയ്‌തെന്ന് കരുതുന്നില്ല. കൂട്ടപ്പൊരിച്ചിലിനിടയില്‍ സംഭവിച്ചതാകാം. മൊത്തെ നാല് പേരുടെ പരാതികള്‍ ലഭിച്ചിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡില്‍ നിന്ന് ഇത് ആദ്യമായാണ് പരാതി ലഭിക്കുന്നത്. നിയമസഭയില്‍ എല്ലാ സീമകളും ലംഘിച്ച് അക്രമം നടത്തുന്ന പ്രവണത കൂടിവരുന്നു. സഭയുടെ അന്തസിന് ഇത് ചേര്‍ന്നതാണോ എന്ന് എല്ലാ അംഗങ്ങളും ചിന്തിക്കണം. ഏതായാലും രണ്ട് പേരുടെയും ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നം അവസാനിപ്പിക്കുകയാണെന്ന് സ്പീക്കര്‍ പറയുമ്പോഴേക്കും ബഹളം ഉയര്‍ന്നു.

ധാരണയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് രണ്ട് പേരും ആക്ഷേപം ഉന്നയിച്ചു. അപ്പോള്‍ പ്രതിപക്ഷവും ഇവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടുമായി എഴുന്നേറ്റു. ധാരണയ്ക്ക് വിരുദ്ധമായി പ്രതിഷേധം ഉന്നയിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണ്ടിവരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക