Image

സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിച്ചു

Published on 17 October, 2011
സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിച്ചു
അഹമ്മദാബാദ്: മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വ്യാജ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിച്ചു.

സഞ്ജീവ് ഭട്ടിന്റെ കീഴുദ്യോഗസ്ഥനായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ കെ.ഡി. പാന്ത് നല്‍കിയ പരാതിയിലാണ് ഭട്ടിനെതിരെ കേസെടുത്തത്. സപ്തംബര്‍ 30 ന് അറസ്റ്റിലായ ഭട്ടിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സബര്‍മതി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

നേരത്തെ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേ കുറച്ചുസമയത്തേക്ക് പോലീസ് കസ്റ്റഡിയില്‍ കഴിയാന്‍ തയ്യാറാണെങ്കില്‍ എളുപ്പം ജാമ്യം ലഭിക്കുമെന്ന് കോടതി ഭട്ടിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ അന്യായമായ ആവശ്യങ്ങള്‍ക്ക് വഴങ്ങില്ലെന്നും തടവില്‍ കഴിയാന്‍ തയ്യാറാണെന്നും ഭട്ട് കോടതിയെ അറിയിക്കുകയായിരുന്നു.

2002 ഫെബ്രുവരി 27 ന് വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വെച്ച് ഹിന്ദുക്കള്‍ക്ക് അനുകൂലമായി നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി മോഡി ആവശ്യപ്പെട്ടുവെന്ന ഭട്ടിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് മോഡിക്കെതിരെ വ്യാജ സത്യവാങ്മൂലം തയ്യാറാക്കാന്‍ ഭട്ട് ആവശ്യപ്പെട്ടതായി പാന്ത് പരാതിപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക