Image

ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)

EXCLUSIVE INTERVIEW Published on 02 October, 2013
ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)
ആകമാന കത്തോലിക്കാ സഭാധ്യക്ഷന്‍ ഫ്രാന്‍സിസ്‌ ഒന്നാമനും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ്‌ പൗലോസ്‌ രണ്ടാമനും തമ്മില്‍ വത്തിക്കാനില്‍ നടന്ന ചരിത്ര പ്രധാനമായ കൂടിക്കാഴ്‌ചയെക്കുറിച്ച്‌ ബാവയുമായി നടത്തിയ പ്രത്യേക അഭിമുഖം രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു. ആദ്യഭാഗം ചുവടെ.

മീനച്ചിലാറിന്റെ ഓരത്ത്‌ തണല്‍ വിരിച്ചു നില്‍ക്കുന്ന പനമരച്ചില്ലകള്‍ക്കിടയില്‍ പച്ചപ്പനം തത്തകള്‍ പാറിക്കളിക്കുമ്പോള്‍ കോട്ടയത്തെ പഴയ സെമിനാരിയിലേക്കുള്ള വഴിത്താരയില്‍ പുത്തന്‍ കാറുകള്‍ നിരനിരയായി കിടക്കുന്നു. പലതും എ.സി തണുപ്പിനുവേണ്ടി എന്‍ജിന്‍ ഓഫ്‌ ചെയ്‌തിട്ടേയില്ല. പുലിക്കോട്ടില്‍ ജോസഫ്‌ റമ്പാന്‍ 200 വര്‍ഷം മുമ്പ്‌ കേണല്‍ ജോണ്‍ മണ്‍റോയുമായി ചേര്‍ന്ന്‌ പഴയസെമിനാരി സ്ഥാപിച്ചശേഷം കാളവണ്ടി, സൈക്കിള്‍ യുഗങ്ങള്‍ എന്നേ പോയ്‌മറഞ്ഞു. പഴയ സെമിനാരിയുടെ ഇരുപതേക്കര്‍ കാമ്പസിലേക്ക്‌ നഗരഹൃദയത്തില്‍നിന്ന്‌ കഷ്‌ടിച്ചു രണ്ടു കിലോമീറ്ററേയുള്ളൂ. അവിടെ `സ്‌മൃതി' എന്ന ഭീമന്‍ മന്ദിരസമുച്ചയത്തിന്റെ വിശാലമായ ഹാളില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മാനേജിംഗ്‌ കമ്മിറ്റി യോഗം കഴിഞ്ഞതേയുള്ളൂ. ലോകത്തെല്ലായിടത്തു നിന്നുമായി നൂറ്റന്‍പതിലേറെ പ്രതിനിധികള്‍.

അന്നും ഇന്നും മലങ്കര മെത്രാപ്പോലീത്തയുടെ ആസ്ഥാനം പഴയ സെമിനാരിയാണ്‌. ഇരുപതു ലക്ഷം വിശ്വാസികളും മുപ്പതു ഭദ്രാസനങ്ങളും അത്രകണ്ടു മെത്രാപ്പോലീത്തമാരുമുള്ള സഭയുടെ മുഖ്യസെമിനാരിയില്‍ ദൈവശാസ്‌ത്രത്തില്‍ ബിരുദം മുതല്‍ പിഎച്ച്‌.ഡി വരെ പഠിക്കുന്ന ഇരുന്നൂറോളം വിദ്യാര്‍ത്ഥികളുണ്ട്‌. കേരളീയ വാസ്‌തുവിദ്യയുടെ മകുടോദ്ദാഹരണമായി രണ്ടു നൂറ്റാണ്ടു മുമ്പു പണിത നാലുകെട്ട്‌ ഇന്നും അഭംഗം നിലകൊള്ളുന്നു. മൂന്നു നിലകളിലായി ആകാശത്തേക്കു മിഴിനട്ടു നില്‍ക്കുന്ന `സ്‌മൃതി' എന്ന ലൈബ്രറി-കോണ്‍ഫറന്‍സ്‌ സമുച്ചയത്തിലായിരുന്നു യോഗം. അതിലേക്കു നയിക്കുന്ന ബാസ്‌ റിലീഫ്‌ ശൈലിയില്‍ മനോഹരമായി രൂപകല്‌പന ചെയ്‌ത വാതായനത്തിന്റെ ചിത്രങ്ങളിലൊന്ന്‌ ക്രിസ്‌തു കുരുടനു കാഴ്‌ച നല്‍കുന്നതാണ്‌. (ഫാ. ഡോ. കെ.എം. ജോര്‍ജ്‌ പ്രിന്‍സിപ്പലായിരുന്നപ്പോള്‍ 2000-ല്‍ നടപ്പിലാക്കിയ ആശയം). ഈ ഗുരുകുലത്തിന്റെ ലക്ഷ്യവും ലോകത്തിന്‌ വെളിച്ചം നല്‍കുക എന്നതാണല്ലോ.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനിസഭാ ആസ്ഥാനമായ കോട്ടയത്തെ ദേവലോകവും ആഗോള കത്തോലിക്കാസഭയുടെ ആസ്ഥാനമായ റോമിലെ വത്തിക്കാനും തമ്മില്‍ എത്രയോ അകലം! പക്ഷേ, എത്രയോ അടുപ്പം! 44 ഹെക്‌ടറില്‍ 840 പൗരന്മാരുമായി കഴിയുന്ന ലോകത്തിലെ ഏറ്റം ചെറിയ രാജ്യമാണു വത്തിക്കാന്‍. സ്വന്തം സ്റ്റാമ്പ്‌, സ്വന്തം പാസ്‌പോര്‍ട്ട്‌, ലോകമാസകലം സ്വന്തം നയതന്ത്ര പ്രതിനിധികളുടെ ശൃംഖല. 1929ല്‍ മുസോളിനി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഒപ്പുവച്ച കരാറനുസരിച്ചാണ്‌ വത്തിക്കാനില്‍ സഭാ ആസ്ഥാനം പടുത്തുയര്‍ത്തിയത്‌. മാര്‍പാപ്പ പീയൂസ്‌ പതിനാറാമന്റെ കാലത്ത. സെന്റ പീറ്റേഴ്‌സ്‌ ബസിലിക്കയും മൈക്കല്‍ ആഞ്ചലോ ഉള്‍പ്പെടെയുള്ള വിശ്രുത കലാകാരന്മാരുടെ വാസ്‌തുചിത്ര ശേഖരങ്ങള്‍ അടങ്ങിയ സിസ്റ്റൈന്‍ ചാപ്പലും വത്തിക്കാന്‍ മ്യൂസിയവും ഈ വളപ്പിനുള്ളിലാണ്‌.

യോഗം കഴിഞ്ഞ്‌ കാതോലിക്കാബാവ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ രണ്ടാമന്‍ അഭിമുഖത്തിനു തയാറായി. ``തിരുമേനി ആദ്യം ഇതൊന്നു വായിക്കണം'' - അന്ന്‌ (സെപ്‌റ്റംബര്‍ 26ന്‌) ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ എഴുതിയ മുഖപ്രസംഗം `ജീുല വെീം െിീ ീില രമി രഹമശാ മയീെഹൗലേ ുൗൃശ്യേ' അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഒരു മിനിറ്റ്‌ ശ്രദ്ധിച്ചു വായിച്ചശേഷം അദ്ദേഹം ആരംഭിച്ചു:

``ഇതുതന്നെയാണ്‌ എനിക്കും പറയാനുള്ളത്‌. മാര്‍പാപ്പ എത്ര വിശ്വാസികളുടെ തലവനാണ്‌! (125 കോടി എന്ന്‌ ബി.ബി.സിയുടെ ഏറ്റം ഒടുവിലത്തെ കണക്കു പറയുന്നതായി ഞാന്‍ ചൂണ്ടിക്കാട്ടി). ഇത്ര വലിയ ഒരു സഭയുടെ തലവനു മാത്രമേ ഇത്രയും എളിയവനായി താഴ്‌ന്നുവരാനൊക്കൂ. ഞാനോ വെറും ഇരുപതു ലക്ഷം വിശ്വാസികളുടെ ഇടയന്‍. എനിക്ക്‌ അദ്ദേഹത്തോളം വലിയവനാകാനൊക്കുമോ? `ഞാനൊരു പാപിയാണ്‌' എന്ന്‌ നിരന്തരം പറയുന്ന അദ്ദേഹം വത്തിക്കാനില്‍ ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയപ്പോള്‍ പറഞ്ഞു, `ആദ്യം നിങ്ങള്‍ പാപിയായ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ.' എന്നിട്ടേ അദ്ദേഹം അവരെ ആശീര്‍വദിച്ചുള്ളൂ.''

സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയോടു തൊട്ടുചേര്‍ന്നുള്ള സെന്റ്‌ മാര്‍ത്താസ്‌ ഗസ്റ്റ്‌ ഹൗസിലായിരുന്നു ബാവായുടെയും അദ്ദേഹത്തിന്റെ ഒന്‍പതു പേരടങ്ങിയ ഡെലിഗേഷന്റെയും താമസം. ഒപ്പം ചെങ്ങന്നൂരിലെ മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്തനാസ്യോസ്‌ തിരുമേനിയും യൂറോപ്പ്‌-ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസും ഉണ്ടായിരുന്നു. 46 സ്വീറ്റുകള്‍, 22 സിംഗിള്‍ മുറികള്‍, ഒരു അപ്പാര്‍ട്ട്‌മെന്റ്‌, ലിഫ്‌റ്റ്‌, ടെലിവിഷന്‍, റേഡിയോ, ടെലിഫോണ്‍... എല്ലാമുണ്ട്‌. പക്ഷേ, ലളിതസുന്ദരമാണ്‌ അവിടത്തെ സൗകര്യങ്ങള്‍. മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന സമയത്ത്‌ കര്‍ദിനാള്‍മാരുടെ താമസം അവിടെയാണ്‌. ഇടയ്‌ക്കിടെ സന്ദര്‍ശനത്തിനെത്തുന്ന ബിഷപ്പുമാരും അവിടെത്തന്നെ താമസിക്കും. പട്ടക്കാരല്ലാത്തവരും താമസിക്കാറുണ്ട്‌. അപ്പോസ്‌തലിക്‌ പാലസിലെ കൊട്ടാരതുല്യമായ മുറിയുപേക്ഷിച്ച്‌ ഗസ്റ്റ്‌ ഹൗസിലെ 201-ാം നമ്പര്‍ മുറിയിലാണ്‌ പുതിയ മാര്‍പാപ്പ സ്ഥിരതാമസമാക്കിയിരിക്കുന്നത്‌. പഴയ മുറി അദ്ദേഹം ഓഫീസായി ഉപയോഗിക്കുന്നു. ഞങ്ങളോടൊപ്പം ഗസ്റ്റ്‌ ഹൗസില്‍ത്തന്നെ അദ്ദേഹം ഭക്ഷണം കഴിക്കുകയും ചെയ്‌തു. ഡിപോള്‍ കന്യാസ്‌ത്രീകളാണ്‌ ഗസ്റ്റ്‌ ഹൗസിന്റെ ചുമതലക്കാര്‍. അക്കൂട്ടത്തില്‍ ഒരു മലയാളി കന്യാസ്‌ത്രീയെയും കണ്ടു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഒരു കാതോലിക്കാബാവ മാര്‍പാപ്പയെ കാണുന്നത്‌ ചരിത്രത്തില്‍ ഇതു നാലാം തവണയാണ്‌. അന്‍പതു വര്‍ഷം മുമ്പ്‌ ഔഗേന്‍ പ്രഥമന്‍ ബാവാ മുംബൈയില്‍വച്ച്‌ പോള്‍ ആറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു തുടക്കം. ഇരുപതു വര്‍ഷത്തിനുശേഷം 1983 ജൂണില്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ബാവാ മുംബൈയില്‍വച്ചുതന്നെ ജോണ്‍ പോള്‍ രണ്ടാമനെ കണ്ടു. പിന്നീട്‌ കോട്ടയം സന്ദര്‍ശിച്ച മാര്‍പാപ്പയെ 1986 ഫെബ്രുവരിയില്‍ മാര്‍ ഏലിയാ കത്തീഡ്രലില്‍വച്ച്‌ വീണ്ടും കണ്ടു. വിശ്വാസപ്രമാണങ്ങള്‍ ആവര്‍ത്തിച്ച്‌ അംഗീകരിക്കുകയും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്‌തു പരിഹരിക്കാനുദ്ദേശിച്ച്‌ ഒരു ഉഭയകക്ഷി കമ്മീഷനെ നിയോഗിക്കുകയും ചെയ്‌തു (ഈ മാര്‍പാപ്പയെയാണ്‌ ഏപ്രിലില്‍ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ പോകുന്നത്‌).

കുന്ദംകുളത്തിനടുത്ത്‌ പഴഞ്ഞിയില്‍ കെ.ഐ. പോള്‍ ആയി ജനിച്ച്‌ (പഴയസെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ്‌ റമ്പാനുമായി അമ്മവഴി ബന്ധം) ഫിസിക്‌സില്‍ ബിരുദമെടുത്ത ആളാണ്‌ പൗലോസ്‌ രണ്ടാമന്‍. 38-ാം വയസ്സില്‍ മെത്രാപ്പോലീത്തയാകുമ്പോള്‍ പരുമല തിരുമേനിക്കു ശേഷം ആ പദവിയിലെത്തുന്ന ഏറ്റം പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു. ഇന്നു പ്രായം 67. മാര്‍പാപ്പയോ? ആര്‍ജന്റീനയില്‍ ബ്യൂനോസ്‌ ഐറിസില്‍ ജനിച്ച്‌ ഈശോസഭയുടെ (ജസ്വിറ്റ്‌) പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഉയര്‍ന്ന ജോര്‍ജ്‌ മരിയോ ബര്‍ഗോളിയോ ബിഷപ്പാകുമ്പോള്‍ വയസ്‌ 33. 1998ല്‍ ആര്‍ച്ച്‌ബിഷപ്പാകാന്‍ 30 വര്‍ഷമെടുത്തു. കര്‍ദിനാളാകാന്‍ മൂന്നു വര്‍ഷംകൂടി. പ്രായം ഡിസംബര്‍ 17ന്‌ 77.

(തുടരും)

(ചിത്രങ്ങള്‍: ലേഖകന്‍, വത്തിക്കാന്‍-ദേവലോകം ആര്‍ക്കൈവുകള്‍)
ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)ദേവലോകത്തു നിന്നു വത്തിക്കാനിലേക്ക്‌: എളിയവരുടെ വലിയ തുടക്കം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക