Image

ഉഷ്ണമേഖലയിലെ ശലഭം (ചെറുകഥ: ജോസഫ് നമ്പിമഠം)

ജോസഫ് നമ്പിമഠം Published on 24 September, 2013
 ഉഷ്ണമേഖലയിലെ ശലഭം  (ചെറുകഥ: ജോസഫ് നമ്പിമഠം)
കറുത്ത പക്ഷത്തിന്റെ ഇരുട്ടുനിറഞ്ഞ രാത്രിയുടെ ഏകാന്തയാമം. ദുഃഖത്തിന്റെ തീരങ്ങളില്‍ തട്ടി  ഒഴുകുന്ന മനസ്സെന്ന നദി. ഉഷ്ണമേഖലയിലെ കൊടിയ ചൂടിലും പറന്നു കളിക്കുന്ന ശലഭങ്ങളുള്ള ഭൂമി മുങ്ങിക്കിടന്നു.

വേനലിന്റെ ചൂടില്‍ പുളയുന്ന രാത്രിയുടെ നിശ്വാസത്തിനുപോലും തീയുടെ ഗന്ധമുണ്ടോ? എത്രനേരമായി അല്പമകലെയായി ഒഴുകുന്ന ചിത്തിരപ്പുഴയിലേക്ക് നോക്കി ഈ ജനാലയ്ക്കരികില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്?

എല്ലാം മറന്ന് ഉറങ്ങുന്ന ദാസേട്ടന്റെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികളെ ഒപ്പിയെടുക്കാന്‍ കഴിയാത്ത റ്റേബിള്‍ ഫാനിലേക്ക് നോക്കി നിന്നു. തിരക്കുനിറഞ്ഞ ജീവിതത്തിലും വഴിയമ്പലങ്ങളില്‍ ആശ്വാസം കണ്ടെത്താതെ ലക്ഷ്യബോധമുള്ള ഒരു പാന്ഥനെപ്പോലെ വീട്ടിലെത്തുന്ന ദാസേട്ടന്‍. അദ്ദേഹത്തിന്റെ മനസ്സിനെപ്പറ്റി ചിന്തിക്കുമ്പോള്‍ വേദന തോന്നുന്നു. വയ്യ.. ഈ മുഖമിനി കാണാന്‍ കരുത്തില്ല.

ഉറങ്ങും മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഓര്‍മ്മകളിലൂടെ ഒഴുകി എത്തുന്നു. തളര്‍ന്ന ശബ്ദം… പരാജിതന്റെ ശബ്ദം. “എനിക്കൊരു കുഞ്ഞിനേ തരൂല്ലേ രാധേ? ഞാനത്രെനാളായി കാത്തിരിക്കുന്നു.”
മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് അദ്ദേഹമതു പറഞ്ഞപ്പോള്‍ ആര്‍ദ്രമായ കണ്ണുകളിലെ ദൈന്യത കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. അപരാധ ബോധത്താല്‍ കുനിഞ്ഞ മുഖവുമായി ഇരുന്ന തന്റെ ദുഃഖം കണ്ട് അദ്ദേഹം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പാവം ദാസേട്ടന്‍ … സത്യം അറിഞ്ഞാല്‍?
നിത്യവും കേള്‍ക്കുന്ന ആ ചോദ്യത്തിന്റെ മൂര്‍ച്ചയില്‍ ഹൃദയം നുറുങ്ങുമ്പോള്‍, വന്ധ്യമായ വര്‍ഷങ്ങള്‍ പിന്നിട്ടു കടന്നുപോയ കാലങ്ങളെ ഓര്‍ത്തു നെടുവീര്‍പ്പിടുവാനേ കഴിഞ്ഞിട്ടുള്ളൂ. വളരെനേരത്തെ ആലോചനക്കുശേഷം എഴുതിയ ഈ കടലാസുകഷ്ണങ്ങള്‍ മേശപ്പുറത്തിരിക്കട്ടെ. എഴുന്നേല്‍ക്കുമ്പോള്‍ ദാസേട്ടനിതു കാണണം.

എന്നെന്നുമെന്നെ ഉന്മാദിനിയാക്കിയിട്ടുള്ള ചിത്തിരപ്പുഴ എന്നെ ഇതാ മാടിവിളിക്കുന്നു. എത്രയെത്ര മൂക സന്ധ്യകളില്‍ എന്റെ ദുഃഖം നീ പങ്കിട്ടെടുത്തിരിക്കുന്നു. ഇതാ ഞാന്‍ വരുന്നു. നിന്നില്‍ ലയിച്ചുചേരാന്‍. അനന്തതയിലേക്ക് നിന്നോടൊത്തൊഴുകാന്‍.

പടിക്കല്‍ കാത്തുനിന്ന് തന്നെയും കൂട്ടി സ്‌ക്കൂളിലേക്കുപോകുന്ന ദാസേട്ടന്‍ ….. ചിത്തിരപ്പുഴയുടെ മീതെ പാലമില്ലായിരുന്ന കാലം. ഇടവപ്പാതിയുടെ തിരത്തള്ളലില്‍പോലും കൊച്ചുതോണിയില്‍ തന്നെ അടുത്തിരുത്തി പുഴ മുറിച്ച് കടന്നുപോകുന്ന തോണിക്കാരന്‍ …. ദാസേട്ടാ ഈ തോണിമുങ്ങിയാലെന്തുചെയ്യും?” പേടിച്ചുവിറച്ചിരിക്കുന്ന തന്റെ മുഖത്തേക്ക് നോക്കുന്ന തോണിക്കാരന്റെ ലാഘവഭാവം…

“മുങ്ങിയാലേ… അങ്ങുമുങ്ങും…”

ദാസേട്ടനിലെ ധൈര്യശാലിയായ ശുഭാപ്തിവിശ്വാസിയെ കണ്ടുപഠിക്കാനുള്ള കണ്ണില്ലായിരുന്നു ഒരിക്കലും…

ടെറിക്കോട്ടന്‍ ഷര്‍ട്ടിടുന്ന… കൈത്തണ്ടില്‍ സ്വര്‍ണ്ണച്ചെയിന്‍ വാച്ചുള്ള…. ആകാശ നീലിമയുള്ള മയില്‍പീലികളുടെ ആരാധകനായ ഗോപാലകൃഷ്‌നായിരുന്നു സ്‌ക്കൂളില്‍ തന്റെ ആരാധനാപാത്രം . ഗോപാലകൃഷ്ണനുമായി കാളിന്ദീ തീരത്തിരുന്നു പാടുന്ന രാധയാകാനായിരുന്നു മോഹം. താന്‍ എന്നുമൊരു ശലഭമായിരുന്നല്ലോ. വര്‍ണ്ണപുഷ്പങ്ങള്‍ തേടിയലയുന്ന ശലഭം.

വയ്യ…. എവിടെയൊക്കെയോ വേദനിക്കുന്നു.  തകര്‍ന്നടിഞ്ഞ സങ്കല്പങ്ങള്‍ നിറഞ്ഞുനിന്ന ഹൃദയത്തിലാണോ? അതോ താളം തെറ്റിയ ഹൃദയത്തിന്റെ സ്പന്ദനമോ? ഒന്നു മാത്രമറിയാം. വേദനിക്കുന്നു. ആരെയോര്‍ത്താണീ ദുഃഖം? നിഷ്‌ക്കളങ്കനായ ദാസേട്ടനെ ഓര്‍ത്തോ? ജീവിതത്തിന്റെ മാധുര്യം ആദ്യം പകര്‍ന്നുതന്ന ഗോപനേ ഓര്‍ത്തോ? വികാരങ്ങളും അഭിലാഷങ്ങളും നിറഞ്ഞ ഈ പുഷ്പത്തിന്റെ തേന്‍ നുകര്‍ന്നെടുത്ത ദാസേട്ടന്റെ സുഹൃത്തായ മുരളിയെ ഓര്‍ത്തോ?

ഗര്‍ഭം ധരിച്ച വേദനകളെ പ്രസവിക്കാനാവാതെ കൊണ്ടുനടക്കുകയാണ് ഞാന്‍. വീര്‍പ്പുമുട്ടുന്ന ചിന്തകളില്‍ നിന്നും എനിക്കു മോചനമില്ലേ? പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍ ഉതിര്‍ത്തിരുന്ന പഴയ രാധയാകാന്‍ തനിക്കെന്നെങ്കിലും ഇനി കഴിയുമോ?

എന്നുമെന്നും നീറി എരിയുന്ന ഈ മനസ്സിന്റെ ചിത കെടുത്താന്‍ ജലമെവിടെ? ചിത്തിരപ്പുഴേ നിനക്കുമാത്രമേ അതിനു കഴിയൂ! ഒരിക്കലുമടങ്ങാത്ത എന്റെ ദാഹം… അതു ശമിപ്പിക്കാന്‍ പലരും വന്നു. ഗോപന്‍ … മുരളി…. അങ്ങനെ പലരും… ദാസേട്ടന്റെ ആത്മസുഹൃത്തായ മുരളി … അങ്ങനെ പലരും…. ദാസേട്ടന്റെ ആത്മസുഹൃത്തായ മുരളീ, നിങ്ങളിന്നെന്തിനിവിടെ വന്നു? …. എന്തിന് അയാളെ പഴിക്കണം? മധുചഷകം വച്ചുനീട്ടിയാല്‍ സ്വീകരിക്കാത്തവര്‍ ആരുണ്ട്? ദാസേട്ടാ, അങ്ങിതറിയും മുമ്പ് ഞാന്‍ ചിത്തിരപ്പുഴയുടെ മാറില്‍ തളര്‍ന്നുറങ്ങും…

സ്‌ക്കൂള്‍ഫൈനല്‍ പാസായശേഷം അകലെ പട്ടണത്തിലെ ഫാക്ടറിയിലേക്ക് ചോറ്റുപാത്രവുമായി നിത്യവും രാവിലെ ഒരു ജേതാവിന്റെ ഭാവത്തില്‍ കടന്നുപോകുന്ന ദാസേട്ടന്‍ … ദാസേട്ടന്റെ അദ്ധ്വാനത്തിലൂടെ ഉയര്‍ന്ന പാലത്തിലൂടെ നടക്കുമ്പോള്‍ എങ്ങനെ ദാസേട്ടന്റെ നെഞ്ചുയരാതിരിക്കും. തുടര്‍ന്നു പഠിക്കാന്‍ കഴിവില്ലാതെ തൊഴില്‍ തേടിയലഞ്ഞ ദാസേട്ടന്റെ മുന്നില്‍ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നത് ആരു കാണാന്‍? പ്രാരാബ്ധങ്ങല്‍ നിറഞ്ഞ കുടുംബത്തിന്റെ ഏക ആശ്രയമായ ദാസേട്ടന്‍. എങ്കിലും ഒന്നും പുറമെ കാണിക്കാതെ നെഞ്ചുയര്‍ത്തി നടക്കുന്ന ദാസേട്ടനെ കാണുമ്പോള്‍ ശാന്തമായ ഒരു കടലാണ് ഓര്‍മ്മവരിക.

ഈ മെല്ലിച്ച ശരീരത്തില്‍ എത്ര ശക്തമായ ഒരു മനസ്സ് എവിടുന്ന് വന്നു? അങ്ങു പഠിപ്പിക്കുന്ന പാഠങ്ങള്‍ വളരെ താമസിച്ചുമാത്രം പഠിക്കുന്ന ഒരു മഠയിയായ ശിഷ്യയാണ് ഞാന്‍.

ഒരു പ്രഭാതത്തില്‍ അമ്പലത്തിലേക്ക് പോകുമ്പോള്‍ ചിത്തിരപ്പുഴയുടെ തീരത്ത് ആളുകൂടി നില്‍ക്കുന്നത് കണ്ടു. പാലം പണി തുടങ്ങിയിരിക്കുന്നു. ദാസേട്ടന്‍ നേരെ നടന്നു വരുന്നു. എന്തു പറ്റിയോ? ഇത്ര രാവിലെ ഒരിക്കലും ദാസേട്ടന്‍ ഉണരായില്ലല്ലോ!

“രാധ  അമ്പലത്തിലേക്കായിരിക്കും?”

“അതേ, ദാസേട്ടന്‍ എന്താ ഇത്ര രാവിലെ?”

“കാര്യമുണ്ടെങ്കില്‍ നേരത്തേ ഉണരാതിരിക്കാന്‍ പറ്റുമോ?”

“എന്താണാവോ ഇത്ര വലിയ കാര്യം?”

“ഞാനും പാലം പണിക്കു കൂടുന്നു. വെറുതേ ഇരുന്നാല്‍ വല്ലവരും പണം തരുമോ?”

നെഞ്ചുയര്‍ത്തിപ്പിടിച്ച് അതു പറയുമ്പോള്‍ വളരെക്കാലമായി അലട്ടിയിരുന്ന ഒരു പ്രശ്‌നത്തിന്  പരിഹാരം കണ്ടെത്തിയ  ഭാവമായിരുന്നു മുഖത്ത്.

വെറുപ്പാണുണ്ടായത്. ഇത്രേം പഠിച്ച ദാസേട്ടന്‍ കൂലിപ്പണിക്കു പോകുന്നോ? തെണ്ടിയും തെമ്മാടിയും പണിയുന്ന കൂട്ടത്തില്‍… ശരീരം മുഴുവന്‍ വിയര്‍ത്തൊലിച്ച്…. ചെമ്മണ്ണുമൂടി…
ഭൂമി ചവിട്ടികുലുക്കി നടന്നകലുമ്പോള്‍ ദൈന്യതയോടെ തന്നെ നോക്കിനില്‍ക്കുന്ന ദാസേട്ടനെ മനസ്സില്‍ കണ്ടു.

പിന്നീട് അകലാന്‍ ശ്രമിക്കുകയായിരുന്നു. മണ്ണു ചുമക്കുന്ന ദാസന്‍… പട്ടിണിക്കൊണ്ടു പൊരിയുന്ന അഞ്ചാറു വയറുകളുടെ ഏക ആശ്രയമായ ദാസന്‍… അങ്ങനെയൊരാളല്ല എന്റെ ഹൃദയത്തിലെ സങ്കല്പങ്ങളില്‍… ഗോപകുമാരനുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചു.

കടലും കടല്‍ത്തീരവുമുള്ള പട്ടണത്തില്‍ …. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ … പാഞ്ചാലിയായിത്തീരുകയായിരുന്നു. സ്വയം കീഴടങ്ങിയ പാഞ്ചാലി…. വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലി….

മെഴുകു ചിറകുകളുമായി സൂര്യബിംബത്തിനടുത്തേക്ക് പറന്നുയര്‍ന്ന ഇക്കേറസിന്റെ കഥ പറയുന്ന ഇംഗ്ലീഷ് പ്രൊഫസര്‍… കട്ടുചെയ്യപ്പെടുന്ന ക്ലാസ്സുകളുടെ എണ്ണം കൂടിക്കൂടി വന്നു.

പണത്തിന് ആവശ്യം കൂടിവന്നു. കോളേജില്‍ പഠിക്കുന്ന മകളുടെ ആവശ്യം മുഴുവന്‍ നേടിത്തരാന്‍ ബദ്ധപ്പെടുന്ന പ്രൈമിറ സ്‌ക്കൂളദ്ധ്യാപകനായ അച്ഛന്റെ രൂപം മനസ്സില്‍ ശ്ലഥബിംബങ്ങള്‍ ഉയര്‍ത്തുന്നു. പ്രശ്‌നങ്ങളുടെ നടുവിലും മകളുടെ പഠനക്കാര്യത്തില്‍ മാത്രം ശ്രദ്ധിച്ച ആ പിതൃഹൃദയം തകര്‍ന്നൊഴുകിയ തപ്തബാഷ്പങ്ങളുടെ ചൂടില്‍ ഉരുകി ഒലിച്ചിരുന്നെങ്കില്‍ … പരീക്ഷയില്‍ തോറ്റിട്ടും ഒരിക്കലും ശാസിക്കാതിരുന്ന ആ നല്ല പിതാവ്…

നാലുപുറവും തിരകളാഞ്ഞടിക്കുന്ന പാറക്കെട്ടുകളുടെ മുകളില്‍ ഗോപനുമായി എത്രയെത്ര അസ്തമനം കണ്ടു! പാറക്കെട്ടുകളുടെ ഇടയിലെ വിള്ളലുകളില്‍ പതഞ്ഞു കയറുന്ന തിരമാലകളുടെ ആവേശം കാണാന്‍ എത്ര രസമായിരുന്നു! ഗോപന്റെ കൈകളില്‍ തളര്‍ന്നു വീണ് മണല്‍പ്പുറത്തു മയങ്ങിക്കിടക്കുമ്പോള്‍ കുസൃതിച്ചിരിയുമായി തന്നെ നോക്കുന്ന ഗോപന്‍.

“നമുക്കു പോകാം ഗോപേട്ടാ?” അഴിഞ്ഞുലഞ്ഞ സാരിത്തുമ്പില്‍ പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തട്ടിക്കുടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഗോപന്‍ ഏതോ മായാലോകത്തിലായിരിക്കും.
“എങ്ങോട്ടുപോകാന്‍?” ആകാശ നീലിമയില്‍ നഷ്ടപ്പെട്ട മനസ്സുമായി അയാള്‍ ചോദിക്കും. നോക്കു എത്ര മനോഹരമായിരിക്കുന്നു ഈ ആകാശം…. നാളെ ഇതിന് മറ്റൊരു രൂപമായിരിക്കും…. ഒരു പക്ഷേ കാര്‍മേഘങ്ങളുമുണ്ടാകാം… so better enjoy it today.

ഗോപനിലെ കവിയെ കണ്ടെത്തിയതില്‍ ആഹ്ലാദിക്കാന്‍ ശ്രമിക്കുകയായിരുന്നു താനപ്പോള്‍ ….
പക്ഷെ ഇപ്പോള്‍ മനസ്സിലാകുന്നു…. ഗോപാ, നിങ്ങള്‍ ബുദ്ധിശാലിയാണ്. എന്റെ മനസ്സിന്റെ നീലാകാശത്തെപ്പറ്റിയും കാര്‍മേഘത്തെപ്പറ്റിയുമാണ് നിങ്ങള്‍ പറഞ്ഞത്. Make hay while the Sun shines ഇംഗ്ലീഷ് പ്രൊഫസര്‍. Mr. Gopan, you did it, Thanks.

പിരിയുന്നതിന് രണ്ടുദിവസം മുമ്പ് നിങ്ങള്‍ തന്ന ആ മരുന്നു നിങ്ങളുടെ മുഖത്ത് ഞാനൊഴിച്ചേനേ.നിങ്ങളുടെ വാക്കില്‍ ഒരിക്കല്‍ കൂടി ഞാന്‍ വീണുപോയി. അല്ലെങ്കില്‍ ഈ പാവപ്പെട്ട മനുഷ്യനെ ദുഃഖിപ്പിക്കേണ്ടി വരില്ലായിരുന്നു.

എന്റെ ഉള്ളില്‍ പിറന്ന ജീവന്‍ നിങ്ങളുടെ വാക്കിനെ ഓര്‍ത്ത് ഞാന്‍ നശിപ്പിച്ചു.
“രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ നമ്മുടെ വിവാഹം നടക്കും. അതുവരെ ക്ഷമിക്കൂ രാധേ.” എത്ര ലാഘവത്തോടെയാണ് നിങ്ങളതു പറഞ്ഞത്.

വര്‍ഷങ്ങള്‍ എത്രകഴിഞ്ഞു. ഒരെഴുത്തെങ്കിലും!

എന്നെ മുന്നില്‍ക്കണ്ട് കൂലിപ്പണി ചെയ്തും ഫാക്ടറിയില്‍ പണിതും മുന്നേറിയ ദാസേട്ടന്‍ ഇന്നാരാണ്! അദ്ദേഹത്തിന്റെ പണവും പ്രതാവും പങ്കിടാന്‍…. ജീവിതത്തില്‍ വിലപ്പെട്ടതെല്ലാം നശിപ്പിച്ചശേഷം എത്തിയ തന്റെ സ്വാര്‍ത്ഥതയുടെ തനിരൂപം അദ്ദഹം കണ്ടാല്‍? ഇല്ല… അതറിഞ്ഞാല്‍ പോലും അദ്ദേഹമെന്നെ വെറുക്കില്ല. എന്റെ ദാസേട്ടന്റെ വില എനിക്കു മാത്രമേ അിറയൂ.

എങ്കിലും…. കരളലിയിക്കുന്ന ആ ചോദ്യം ഇനി കേള്‍ക്കാന്‍ വയ്യ…. ദാസേട്ടാ അങ്ങയുടെ തീരാ ദുഃഖത്തിന് കാരണക്കാരി ഞാനല്ല. തീര്‍ച്ച. ഒരിക്കല്‍ ഈ വയറ്റില്‍ ഒരു ജീവന്‍ തുടിച്ചതാണ്… ഇനി ഒരു കുട്ടി നമുക്കുണ്ടാവില്ല …. കാരണക്കാരന്‍ അങ്ങുതന്നെയാണ്.

വന്ധ്യമേഘങ്ങള്‍ ഒഴുകി നടക്കുന്ന ആകാശത്തിന്റെ താഴെ ഉണങ്ങി വരണ്ട് ഞെളിപിരികൊള്ളുന്ന മണ്ണിന്റെ ആര്‍ത്തനാദം ദാസേട്ടന് കേളള്‍ക്കാനാവില്ലല്ലോ…. വിത്തുകളെ മുളപ്പിക്കാന്‍ ഈ മണ്ണ് കേഴുകയാണ് …. പക്ഷെ അതറിയാതെ ദാസേട്ടന്‍ ഗാഢനിദ്രയിലാണല്ലോ. ഉണര്‍ന്നാല്‍ ഈ സത്യമറിഞ്ഞാല്‍ …. അതു താങ്ങാനുള്ള കരുത്ത് ദാസേട്ടനുണ്ടാവില്ല.

തെറ്റുകളുടെ വലയത്തില്‍നിന്ന് എനിക്കു മോചനമില്ല. തീയുടെ സൗന്ദര്യത്തില്‍ മയങ്ങി അതിന് മീതേ പറന്നുകളിച്ച് ചിറകു കരിഞ്ഞ പൂമ്പാറ്റയാണ് ഞാന്‍. അതില്‍നിന്ന് എനിക്കു മോചനമില്ല. ഏറ്റവും അവസാനമായി എന്റെ ചിറകുകരിച്ച അഗ്നി മുരളിയെന്ന ദാസേട്ടന്റെ സുഹൃത്താണ്. അത് അങ്ങ് അറിയും മുമ്പ് ഞാന്‍ ചിത്തിരപ്പുഴയുടെ ഓളങ്ങളില്‍ അമര്‍ന്നിരിക്കും.

ഇനിയൊരു ജന്മമുണ്ടെങ്കില്‍ കറതീര്‍ന്ന്, ശുദ്ധമായ മനസ്സുമായി ഈ രാധ അങ്ങയുടെ ജീവിതതോണിയില്‍ ചിത്തിരപ്പുഴയുടെ മറുകര കടക്കും.

രാധ ചിത്തിരപ്പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് അടിവച്ചടിവച്ച്  നടന്നു. കണ്ണുകള്‍ ഇറുകിയടച്ച് സ്വപ്നാടനക്കാരിയെപ്പോലെ…. ചുഴികളും മലരികളുമുള്ള ചിത്തിരപ്പുഴ അവളെത്തഴുകി ഒഴുകി. കാല്‍ക്കീഴില്‍, മണല്‍ത്തരികള്‍ ഊര്‍ന്നുവീണുകൊണ്ടിരുന്നു.

തോളില്‍ ചൂടുള്ള ഒരു കരസ്പര്‍ശമേറ്റ് അവള്‍ ഞെട്ടി ഉണര്‍ന്നു….. കണ്ണുകളില്‍ വിഭ്രാന്തിയും, വിയര്‍പ്പു പൊടിയുന്ന ശരീരവുമായി ദാസേട്ടന്‍!

ആയിരമായിരം കാതങ്ങള്‍ക്കകലെ ധ്രുവനക്ഷത്രത്തിന്റെ പ്രഭയെ നേരിടാനാവാതെ അധോമുഖയായിക്കിടക്കുന്ന ചിത്തിരപ്പുഴയുടെ തീരങ്ങളിലെ മണല്‍ത്തരികളെ തഴുകി കടന്നുപോയ കാറ്റില്‍, ഒരു നെടുവീര്‍പ്പിന്റെ ഗന്ധം ഒഴുകി നടന്നു. ഉഷ്ണമേഖലയിലെ കൊടിയ ചൂടിലും അനാദികാലം മുതല്‍ പറന്നു നടന്നിരുന്ന ശലഭങ്ങള്‍ അനന്തതയിലേക്ക് പറന്നുകൊണ്ടേയിരുന്നു.

 ഉഷ്ണമേഖലയിലെ ശലഭം  (ചെറുകഥ: ജോസഫ് നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക