Image

രാജ്യത്തിന്റെ വികസനത്തിനു ഭിന്നതകള്‍ മറന്നു യോജിച്ചു പ്രവര്‍ത്തിക്കുക: മലങ്കര കത്തോലിക്കാ സഭ

Published on 24 September, 2013
രാജ്യത്തിന്റെ വികസനത്തിനു ഭിന്നതകള്‍ മറന്നു യോജിച്ചു പ്രവര്‍ത്തിക്കുക: മലങ്കര കത്തോലിക്കാ സഭ
തിരുവനന്തപുരം: രാജ്യത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്കും വികസനത്തിനും ഭിന്നതകള്‍ മറന്ന് എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കാന്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആഹ്വാനം ചെയ്തു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രാര്‍ഥനാപൂര്‍വം അണിചേരുവാന്‍ സഭാമക്കളോടു സുന്നഹദോസ് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പട്ടം കാതോലിക്കേറ്റ് സെന്ററില്‍ നടന്ന സുന്നഹദോസ് ഇന്നലെ സമാപിച്ചു. 

മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് കഴിഞ്ഞ സഭാ അസംബ്ലിക്കുശേഷം രൂപീകൃതമായ മലങ്കര കത്തോലിക്കാ സുവിശേഷ സംഘത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും സംതൃപ്തി രേഖപ്പെടുത്തി. സഭയുടെ വചനാധിഷ്ഠിത നവീകരണത്തിലൂടെ പൊതുസമൂഹത്തിന്റെ വിശുദ്ധീകരണത്തിനായി സുവിശേഷസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കുവാന്‍ സുന്നഹദോസ് തീരുമാനിച്ചു. 

മാവേലിക്കരയില്‍ നടന്ന 83-ാമത് പുനരൈക്യ വാര്‍ഷിക പരിപാടികള്‍ക്കുവേണ്ട സഹായസഹകരണങ്ങള്‍ നല്‍കിയ വിവിധ സഭാസമൂഹങ്ങള്‍, മതവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ എന്നിവരോടുള്ള നന്ദി സുന്നഹദോസ് അറിയിച്ചു. വിവിധ സഭാതല കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍, ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ നാമകരണനടപടികളുടെ പുരോഗതി, ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന സഭാമക്കള്‍ക്കുവേണ്ടിയുള്ള അജപാലന ശുശ്രൂഷ, ആരാധനക്രമ അനുഷ്ഠാനങ്ങളുടെ പരിഷ്‌കൃതപതിപ്പിന്റെ പ്രസിദ്ധീകരണം തുടങ്ങിയ വിഷയങ്ങള്‍ സുന്നഹദോസ് ചര്‍ച്ച ചെയ്തു.

സിറിയ, ഇറാക്ക്, ഈജിപ്ത് എന്നിവിടങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനു നേരെ നടക്കുന്ന പീഡനത്തിലും മനുഷ്യാവകാശ ലംഘനത്തിലും സൂന്നഹദോസ് ഉത്കണ്ഠ രേഖപ്പെടുത്തുകയും അവിടത്തെ സഭാ അധികാരികളോടുള്ള ഐക്യദാര്‍ഢ്യവും പ്രാര്‍ഥനയും അറിയിക്കുകയും ചെയ്തു. 

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസിനു പുറമേ ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റോം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഏബ്രഹാം മാര്‍ യൂലിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് എന്നിവര്‍ പങ്കെടുത്തു. 
 

രാജ്യത്തിന്റെ വികസനത്തിനു ഭിന്നതകള്‍ മറന്നു യോജിച്ചു പ്രവര്‍ത്തിക്കുക: മലങ്കര കത്തോലിക്കാ സഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക