Image

വിസ്‌മയക്കാഴ്‌ചകളൊരുക്കി ദോഹ പാര്‍ക്ക്‌ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു

Published on 14 October, 2011
വിസ്‌മയക്കാഴ്‌ചകളൊരുക്കി ദോഹ പാര്‍ക്ക്‌ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു
ദോഹ: വൈവിധ്യമാര്‍ന്ന വിനോദങ്ങളുടെയും കലാ, സാംസ്‌കാരിക പരിപടികളുടെയും വിസ്‌മയക്കാഴ്‌ചകളുമായി ദോഹക്ക്‌ ഉല്‍സവലഹരി സമ്മാനിച്ച്‌ ദോഹ പാര്‍ക്കിന്‌ തുടക്കമായി. വര്‍ണപ്പകിട്ടും കലയുടെ പ്രൗഢിയും നിറഞ്ഞുനിന്ന ചടങ്ങുകളോടെ ഇന്നലെ വൈകിട്ട്‌ ആറ്‌ മണിക്കാണ്‌ ദോഹ എക്‌സിബിഷന്‍ സെന്‍റര്‍ പരിസരത്ത്‌ ഈ ഉല്ലാസലോകം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്‌.

ഉദ്‌ഘാടനത്തിന്‌ മുന്നോടിയായി കോര്‍ണിഷില്‍ നിന്ന്‌ ദോഹ പാര്‍ക്ക്‌ വേദിയിലേക്ക്‌ നിറപ്പകിട്ടാര്‍ന്ന പരേഡ്‌ നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ പ്രകടനങ്ങളുമായി ട്രെയ്‌ലറുകളാണ്‌ പരേഡില്‍ അണിനിരന്നത്‌. എക്‌സിബിഷന്‍ സെന്‍ററിലെ വേദിയില്‍ ഖത്തറിന്‍െറ തനത്‌ നൃത്തരൂപമായ അര്‍ധയുടെ അകമ്പടിയോടെ പരേഡിനെ സ്വീകരിച്ചു.

ഖത്തര്‍ ടൂറിസം അതോറിറ്റി സംഘടിപ്പിച്ചിരിക്കുന്ന ദോഹ പാര്‍ക്ക്‌ ആറാഴ്‌ച നീണ്ടുനില്‍ക്കും. 30,000 ചതുരശ്രമീറ്റര്‍ സ്ഥലത്ത്‌ സജ്ജീകരിച്ചിട്ടുള്ള പാര്‍ക്കില്‍ 35 റൈഡുകളാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഇവയില്‍ ഒമ്പതെണ്ണം ഇതാദ്യമായാണ്‌ ദോഹയില്‍ അവതരിപ്പിക്കുന്നത്‌. ഇതിന്‌ പുറമെ വിവിധ രാജ്യക്കാരെയും പ്രായക്കാരെയും ലക്ഷ്യമിട്ട്‌ വ്യത്യസ്‌ത കലാവിരുന്നുകളും മറ്റ്‌ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌. പാര്‍ക്ക്‌ സനര്‍ശിക്കുന്നവര്‍ക്കായി 107 കടകളും 24 റെസ്‌റ്റോറന്‍റുകളുമാണ്‌ ഇവിടെ തയാറാക്കിയിട്ടുള്ളത്‌. രണ്ട്‌ ടെന്‍റുകളിലായാണ്‌ പ്രധാന പരിപാടികള്‍ അരങ്ങേറുക. 1100 പേര്‍ക്കിരിക്കാവുന്ന ആദ്യ ടെന്‍റില്‍ നാടകങ്ങളും മറ്റ്‌ കലാപരിപാടികളും അരങ്ങേറും. 1500 പേര്‍ക്കിരിക്കാവുന്ന രണ്ടാമത്തെ ടെന്‍റ്‌ സര്‍ക്കസ്‌ കലാകാരന്‍മാരുടെ വിസ്‌മയിപ്പിക്കുന്ന അഭ്യാസപ്രടകനങ്ങള്‍ക്ക്‌ വേദിയാകും. സര്‍ക്കസ്‌ കാണുന്നതിനുള്ള ടിക്കറ്റ്‌ നിരക്ക്‌ സാധാരണ വിഭാഗത്തില്‍ 95 റിയാലും ഗോള്‍ഡ്‌ വിഭാഗത്തില്‍ 295 റിയാലും വി.വി.ഐ.പി വിഭാഗത്തില്‍ 495 റിയാലുമാണ്‌. ഫെറിസ്‌ വീല്‍, റോളര്‍ കോസ്റ്റര്‍, മിനി സ്‌കൂട്ടര്‍, ഡ്രോപ്‌ ടവര്‍, ഗോ കാര്‍ട്ട്‌ തുടങ്ങിയവ റൈഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പാര്‍ക്കിലേക്ക്‌ പ്രവേശനം സൗജന്യമാണെങ്കിലും റൈഡുകള്‍ ഉപയോഗിക്കുന്നതിന്‌ ഇനമനുസരിച്ച്‌ അഞ്ച്‌ റിയാല്‍ മുതല്‍ 25 റിയാല്‍ വരെയാണ്‌ ടിക്കറ്റ്‌ നിരക്ക്‌.

കുട്ടികള്‍ക്കായി ദിവസവും കാര്‍ണിവല്‍, സര്‍ക്കസ്‌ പ്രദര്‍ശനം, നാടന്‍കലാപരിപാടികള്‍, ഖത്തറിന്‍െറ തനത്‌ കലകള്‍, മുഖം ചായമിടല്‍, ഹെന്ന എന്നിവയും വിവിധ മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്‌. യൂറോപ്‌, റഷ്യ, ഈജിപ്‌ത്‌, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌ സര്‍ക്കസ്‌ സംഘത്തിലുള്ളത്‌. ഇന്ത്യ, ജോര്‍ദാന്‍, ഫിലിപ്പൈന്‍സ്‌, ഈജിപ്‌ത്‌, ലബനാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന്‌ ഖത്തറിലുള്ള പ്രവാസികള്‍ക്ക്‌ വിനോദങ്ങളുടെ പുതിയ ലോകം തുറക്കുന്നതായിരിക്കും ദോഹ പാര്‍ക്ക്‌ എന്ന്‌ പാര്‍ക്കിന്‍െറ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഇസാം അയോവിക്‌ പറഞ്ഞു. വെള്ളിയാഴ്‌ചകളില്‍ ഉച്ച കഴിഞ്ഞ്‌ മൂന്ന്‌ മുതല്‍ പുലര്‍ച്ചെ രണ്ട്‌ വരെയും മറ്റ്‌ ദിവസങ്ങളില്‍ രാവിലെ ഒമ്പത്‌ മുതല്‍ ഉച്ചക്ക്‌ ഒന്ന്‌ വരെയും ഉച്ചകഴിഞ്ഞ്‌ മൂന്ന്‌ മുതല്‍ രാത്രി പന്ത്രണ്ട്‌ വരെയുമാണ്‌ പാര്‍ക്കിലെ സന്ദര്‍ശന സമയം.
വിസ്‌മയക്കാഴ്‌ചകളൊരുക്കി ദോഹ പാര്‍ക്ക്‌ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക