Image

അന്ധവിശ്വാസങ്ങള്‍ നീതിബോധമുള്ള സമൂഹത്തെ വഴി തെറ്റിക്കും: മാര്‍ ജോസഫ് പെരുന്തോട്ടം

Published on 21 September, 2013
അന്ധവിശ്വാസങ്ങള്‍ നീതിബോധമുള്ള സമൂഹത്തെ വഴി തെറ്റിക്കും: മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: അന്ധവിശ്വാസങ്ങള്‍ ധര്‍മനിഷ്ഠയും നീതിബോധവും ദൈവഭയവുമുള്ള തലമുറയെ വഴി തെറ്റിക്കുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതാ വിശ്വാസ വര്‍ഷ സമാപനത്തോടനുബന്ധിച്ചു പിതൃവേദി, മാതൃജ്യോതിസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഫെയ്ത്ത്ബുക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷത്തില്‍ അധിഷ്ഠിതമായ ജീവിതത്തിലൂടെ കുടുംബ, സാമൂഹിക ബന്ധങ്ങള്‍ ദൃഢപ്പെടുത്തുവാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും ആര്‍ച്ച് ബിഷപ് ഉദ്‌ബോധിപ്പിച്ചു.

അതിരൂപതാ ഡയറക്ടര്‍ ഫാ.സിറിയക് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോസ് കൈലാത്ത്, ലാലി ഇളപ്പുങ്കല്‍, ബെറ്റ്‌സി ഷാജി, ജെയിംസ് വട്ടപ്പറമ്പില്‍, ജോണ്‍സി കാട്ടൂര്‍, ജോസി ആന്റണി, സാലു തോമസ്, സോഫി ജോസഫ്, സൂസന്നാമ്മ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. 

പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ തീയതികളില്‍ ഇടവകതലത്തില്‍ കുടുംബ നവീകരണ കണ്‍വന്‍ഷന്‍, ഫാമിലി എക്‌സിബിഷന്‍, നാടക മത്സരം, വയോജന സംഗമം, ദമ്പതീ കൂട്ടായ്മ, മദ്യവിരുദ്ധ ബോധവല്‍ക്കരണം, സംവാദം, ബൈബിള്‍ ക്വിസ്, പ്രീകാനാ മാതൃ-പിതൃ സംഗമങ്ങള്‍, വിശുദ്ധ ഗ്രന്ഥവായനാ ദിനാചരണം, കുട്ടികളുടെ ദിനാചരണം, ജീവകാരുണ്യ ദിനം, കുടുംബ പ്രാര്‍ഥനാ ദിനം, സൗഖ്യദിനം, സ്മൃതി ദിനം, ശുചീകരണം തുടങ്ങിയ കര്‍മ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നെതന്ന് അതിരൂപതാ ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 29ന് അതിരൂപതയിലെ 260 ഇടവകകളില്‍ ഫെയ്ത്ത്ബുക്ക് കര്‍മ പദ്ധതികളുടെ ഉദ്ഘാടനം നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക