Image

ഓണക്കാല സിനിമകള്‍ നിരാശപ്പെടുത്തി

ജയമോഹനന്‍ എം Published on 16 September, 2013
ഓണക്കാല സിനിമകള്‍ നിരാശപ്പെടുത്തി
ഓണക്കാലം മലയാള സിനിമയുടെ ഉത്സവകാലം തന്നെയാണ്‌. നീണ്ട സ്‌കുള്‍ അവധിയും ഓണ ആഘോഷങ്ങളിലെ ചലച്ചിത്ര താത്‌പര്യങ്ങളും തീയറ്ററുകളെ ഉത്സവപറമ്പാക്കുന്ന ദിനങ്ങളാണ്‌ ഇപ്പോള്‍. എന്നാല്‍ ഇക്കുറി മലയാള സിനിമ വേണ്ടപോലെ ഓണം ആഘോഷിക്കുന്ന മട്ടില്ല. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഇക്കുറി ഓണച്ചിത്രവുമായി പ്രേക്ഷകരിലേക്ക്‌ എത്തിയിരുന്നില്ല. മമ്മൂട്ടിയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസായിരുന്നു കൂട്ടത്തിലെ ഏറ്റവും വലിയ ബിഗ്‌ ബജറ്റ്‌ സൂപ്പര്‍സ്റ്റാര്‍ ചിത്രം. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ്‌ ക്ലീറ്റസ്‌ തീയറ്ററുകളില്‍ കാഴ്‌ചവെച്ചത്‌.

ക്ലീറ്റസ്‌ ഒരു സംഭവമാണെന്ന്‌ മമ്മൂട്ടി സ്വയം ചാനലുകളായ ചാനലുകളിലെല്ലാം വന്നു പറയുന്നുണ്ടെങ്കിലും തീയറ്ററില്‍ ക്ലീറ്റസിനെ കാണാന്‍ പ്രേക്ഷകരില്ല എന്നതാണ്‌ സത്യം. വെറും സ്റ്റേജ്‌ ഷോ സ്‌കിറ്റിനെ ഓര്‍മ്മിപ്പിക്കുന്ന തിരക്കഥയും മമ്മൂട്ടിയുടെ അറുബോറന്‍ ഗെറ്റപ്പുമാണ്‌ ഈ ചിത്രത്തിന്‌ തിരിച്ചടിയായത്‌. മലയാള സിനിമ പണ്ടേക്കു പണ്ടേ ഉപേക്ഷിച്ച കോമഡി - ഇടി ഫോര്‍മുലയെ വീണ്ടുമെടുത്ത്‌ പരീക്ഷിക്കുകയാണ്‌ തിരക്കഥാകൃത്ത്‌ ബെന്നി.പി.നായരമ്പലവും സംവിധായകന്‍ മാര്‍ത്താണ്‌ഡനും ചെയ്‌തിരിക്കുന്നത്‌. എന്നാല്‍ ഇനി മലയാളത്തില്‍ ക്ലീഷേകള്‍ ചിലവാകില്ല എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാകുന്നു ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌ എന്ന ചിത്രം. മമ്മൂട്ടിക്ക്‌ പ്രായത്തിന്‌ ഇണങ്ങുന്ന വേഷങ്ങളിലേക്ക്‌ മാറണം എന്ന്‌ ഇനിയെങ്കിലും മമ്മൂട്ടി സ്വയം ഓര്‍മ്മിക്കുന്നത്‌ ഏറെ നന്നായിരിക്കും.

റിലീസ്‌ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്‌ എം.ടി വാസുദേവന്‌ നായര്‍ - ഹരിഹരന്‍ ടീമിന്റെ ഏഴാമത്തെ വരവ്‌ എന്ന ചിത്രമാണ്‌. ഇന്ദ്രജിത്ത്‌, വിനീത്‌, ഭാവന എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കടുവയുടെ ലൈവായ ചിത്രീകരണവും കാടിന്റെ പശ്ചാത്തലത്തിലെ ചിത്രീകരണവുമെല്ലാമായി ഏറെ ശ്രദ്ധേയമായിരുന്നു ഏഴാമത്തെ വരവെങ്കിലും ചിത്രം പ്രേക്ഷകര്‍ക്ക്‌ തീര്‍ത്തും നിരാശയാണ്‌ സമ്മാനിച്ചത്‌. സാധാരണ എം.ടി ഹരിഹരന്‍ ചിത്രങ്ങള്‍ സമ്മാനിക്കുന്ന ചലച്ചിത്രസ്‌പര്‍ശം ഏഴാമത്തെ വരവില്‍ ഉണ്ടായിരുന്നില്ല. എം.ടി ചിത്രങ്ങളെ തീവ്രവൈകാരിക സംഭാഷണങ്ങള്‍ പ്രതീക്ഷിച്ച പ്രേക്ഷകരെയും ചിത്രം നിരാശരാക്കി. കാടിന്റെ പശ്ചാത്തലവും വേണ്ട വിധം ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തില്‍ തീര്‍ത്തും പരാജയപ്പെട്ടു. ഭാവന, ഇന്ദ്രജിത്ത്‌, വിനീത്‌ എന്നിവരുടെ പ്രകടനത്തില്‍ തമ്മില്‍ ഭേദം ഇന്ദ്രജിത്തിന്റേത്‌ മാത്രം.

നഷ്‌ടദുഖത്തില്‍ ജീവിക്കുന്ന ഒരു സ്‌ത്രീയും അവളുടെ ജീവിതത്തിലെ രണ്ട്‌ പുരുഷന്‍മാരുടെ ആത്മസംഘര്‍ഷവുമാണ്‌ ഏഴാമത്തെ വരവ്‌ എന്ന ചിത്രത്തിലൂടെ എം.ടി പറയാന്‍ ശ്രമിച്ചത്‌. അഭിനേതാക്കള്‍ ഏറ്റെടുത്ത്‌ പ്രകടന മേന്മയിലൂടെ പ്രേക്ഷകരില്‍ എത്തിക്കേണ്ട ചിത്രമായിരുന്നുവിത്‌. എന്നാല്‍ അഭിനേതാക്കള്‍ ദുര്‍ബലമായപ്പോള്‍ എം.ടിക്കും ഹരിഹരനും സിനിമ കൈമോശം വന്നതുമാകാം. എന്തായാലും ഒരു ട്രയാഗിള്‍ ഇമോഷണല്‍ സ്റ്റോറി എല്ലാ രീതിയിലും പരാജയപ്പെട്ടു പോകുന്നു എഴാമത്തെ വരവില്‍.

ഒളിപ്പോരാളി എന്ന ചിത്രത്തിന്റെ പരാജയം സ്വയം ഏറ്റുപറഞ്ഞ ഫഹദിന്‌ വീണ്ടുമൊരു പരാജയം ഏറ്റിരിക്കുന്ന നോര്‍ത്ത്‌ 24 കാതത്തിലൂടെ. ഒരു റോഡ്‌ മൂവി സ്വഭാവത്തിലുള്ള ചിത്രം പക്ഷെ മാസ്‌ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതേയില്ല. ഫഹദ്‌ ഫാസിലിന്റെയും സ്വാതിയുടെയും അഭിനയ പ്രകടനം മാത്രമാണ്‌ ചിത്രത്തില്‍ എടുത്തു പറയാനുണ്ടായിരുന്നത്‌. അഭിനയ മികവുകൊണ്ട്‌ ഹരികൃഷ്‌ണന്‍ എന്ന കഥാപാത്രത്തെ ഫഹദ്‌ ഫാസില്‍ മികച്ചതാക്കി. എന്നാല്‍ ഒരു സിനിമയൊരുക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തുമായ അനില്‍ രാധാകൃഷ്‌ണ മേനോന്‍ പരാജയപ്പെട്ടു. വെറും ഇരുപത്‌ മിനിറ്റ്‌ ലഘുചിത്രമായി യുട്യൂബില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു പ്രമേയത്തെ സിനിമയാക്കി എന്നതാവും നോര്‍ത്ത്‌ 24 കാതത്തെക്കുറിച്ചുള്ള ഏറ്റവും നല്ല വിവരണം. ഫഹദ്‌ ഫാസിലിന്റെ അഭിനയ പ്രകടനം ഇഷ്‌ടപ്പെടുന്ന പ്രേക്ഷകര്‍ക്ക്‌ വേണമെങ്കില്‍ പരീക്ഷിച്ചു നോക്കാവുന്ന ചിത്രം മാത്രമാകുന്നു നോര്‍ത്ത്‌ 24 കാതം.

ഒരു ടിപ്പിക്കല്‍ ദിലീപ്‌ മസാലച്ചിത്രം എന്നതാണ്‌ ഓണത്തിനെത്തിയ ശ്രീംഗാരവേലന്‍. ഓണച്ചിത്രങ്ങളില്‍ തീയറ്ററില്‍ അല്‌പം ആള്‍ത്തിരക്ക്‌ സൃഷ്‌ടിച്ച ഒരേയൊരു ചിത്രവും ഇതു തന്നെ. എന്നാല്‍ സ്ഥിരം ദിലീപ്‌ ഷോ എന്നതില്‍ കവിഞ്ഞ്‌ ഒരു സിനിമയെന്ന നിലയില്‍ ഒന്നും അവകാശപ്പെടാനില്ല ശ്രീംഗാരവേലന്‍ എന്ന ചിത്രത്തിന്‌. മായമോഹിനി എന്ന ദിലീപ്‌ ഷോ ഒരുക്കിയ ജോസ്‌ തോമസ്‌, ഉദയകൃഷ്‌ണാ - സിബി.കെ.തോമസ്‌ ടീമാണ്‌ ശ്രീംഗാരവേലനും ഒരുക്കിയിരിക്കുന്നത്‌. ദിലിപിന്റെയും ലാലിന്റെ കോമഡി രംഗങ്ങള്‍ സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്‌. എന്നാല്‍ അതിനപ്പുറത്തേക്ക്‌ ഒരു സിനിമയെന്ന നിലയില്‍ തീര്‍ത്തും ദുര്‍ബലം തന്നെ ശ്രീംഗാര വേലന്‍.

കേരളാ കഫേ, അഞ്ചു സുന്ദരികള്‍ എന്നീ ലഘു ചിത്ര സമാഹാരങ്ങളുടെ ചുവുടുപിടിച്ച്‌ എത്തിയതാണ്‌ ഡി കമ്പിനി എന്ന ചിത്രം. മൂന്ന്‌ ചിത്രങ്ങളുടെ സമാഹാരമാണ്‌ ഡി കമ്പിനി. ആക്ഷന്‍ മൂഡിലുള്ളതാണ്‌ ഈ മൂന്ന്‌ ചിത്രങ്ങളും. പത്മകുമാറിന്റെ ബൊളീവിയന്‍ ഡയറി, ദീപന്റെ ഗ്യാങ്‌സ്‌ ഓഫ്‌ വടക്കുംനാഥന്‍, വിനോദ്‌ വിജയന്റെ ദിയ എന്നീവയാണ്‌ ഡി കമ്പിനിയിലെ ലഘു ചിത്രങ്ങള്‍. ആക്ഷന്‍മൂഡിലുള്ള ഛായാഗ്രഹണവും അവതരണവും ഒരുക്കി എന്നതിനപ്പുറം കേരളാ കഫേയോ അഞ്ചുസുന്ദരികളോ സമ്മാനിച്ച ഒരു ചലച്ചിത്ര അനുഭവം മുന്നോട്ടുവെക്കാന്‍ ഡി കമ്പിനിക്ക്‌ കഴിഞ്ഞില്ല. മൂന്ന്‌ ചിത്രങ്ങള്‍ തമ്മില്‍ ഇടകലരുന്ന ഒരു കോമണ്‍ ഘടകം കണ്ടെത്താനും ചിത്രത്തിന്റെ സംഘാടകര്‍ക്ക്‌ കഴിഞ്ഞിട്ടില്ല എന്നു മനസിലാകും ഡി കമ്പിനി കാണുമ്പോള്‍. അതുകൊണ്ടു തന്നെ ഒരു പരീക്ഷണം എന്നതിനപ്പുറം വിജയം നേടിയ ഒരു വേറിട്ട ചലച്ചിത്ര ആവികാരമാകാന്‍ ഡി കമ്പിനിക്ക്‌ കഴിയുന്നുണ്ടോ എന്ന്‌ ന്യായമായും സംശയിക്കാം.

ഓണച്ചിത്രങ്ങളായി എത്തേണ്ടിയിരുന്ന പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്‌ജും, ജോഷി സംവിധാനം ചെയ്‌ത സുരേഷ്‌ഗോപി ജയറാം ടീമിന്റെ സലാംകാഷ്‌മീരും റിലീസിംഗ്‌ നീട്ടിവെച്ചിരിക്കുകയാണ്‌. എങ്കിലും ഈ മാസം അവസാനത്തോടെ ഈ രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്‌. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ തമിഴ്‌ ചിത്രം ജില്ല അടുത്ത മാസം റിലീസിനെത്തുകയും ചെയ്യും. വിജയ്‌ക്കൊപ്പം ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ജില്ല പ്രേക്ഷകര്‍ക്ക്‌ ഏറെ ആവേശം പകരുമെന്ന്‌ തീര്‍ച്ച.
ഓണക്കാല സിനിമകള്‍ നിരാശപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക