Image

മത,വര്‍ഗീയ പ്രീണനത്തിലൂടെ അധികാരത്തിലെത്താനുള്ള ശ്രമം ഭൂഷണമല്ലെന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

Published on 18 September, 2013
മത,വര്‍ഗീയ പ്രീണനത്തിലൂടെ അധികാരത്തിലെത്താനുള്ള ശ്രമം ഭൂഷണമല്ലെന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
തിരുവല്ല: മത, വര്‍ഗീയ പ്രീണനനയങ്ങളിലൂടെ അധികാരക്കസേര കരസ്ഥമാക്കാന്‍ കാട്ടുന്ന വിഭ്രാന്തി ജനാധിപത്യ സംവിധാനത്തിനു ഭൂഷണമല്ലെന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. മലങ്കര മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യം ഇന്നു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും ആശങ്ക പടര്‍ന്നിരിക്കുകയാണെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. നിരപരാധികളും മാന്യരുമായവരെ വ്യക്തിഹത്യ നടത്തുകയും അവരറിയാത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെടുകയും ചെയ്യുന്നത് നീതികരിക്കാനാകാത്തതാണ്. ആരോപണങ്ങളുമായി മുന്നിട്ടിറങ്ങുന്നവര്‍ ഇത്തരം ആരോപണങ്ങള്‍ക്കു വിധേയരായിട്ടുള്ളവരാണെന്നു കൂടിവരുമ്പോള്‍ രാഷ്ട്രീയം ലജ്ജാകരമായ സ്ഥിതിവിശേഷത്തിലേക്കു മാറുകയാണ്. ഇത്തരം പ്രവണതകള്‍ ജനാധിപത്യത്തിന്റെ പ്രതിഛായയെതന്നെ അപകടപ്പെടുത്തുകയാണ്. 

മൂല്യാധിഷ്ഠിതമായ ജനാധിപത്യ സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ ഭരണരംഗത്തുള്ളവരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുസമൂഹവും ബോധപൂര്‍വമായ നിലപാടുകള്‍ സ്വീകരിക്കപ്പെടുന്നതോടൊപ്പം വിവാദങ്ങള്‍ക്കു വേണ്ടി സമയവും സമ്പത്തും പാഴാക്കികളയാതെ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കു ശ്രദ്ധതിരിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടുകള്‍ അധ്യാപക സമൂഹത്തെ സാരമായി ബാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി അനുഭവിച്ച പ്രദേശത്തെ ഒരു ഗ്രാമം ദത്തെടുത്ത് മാര്‍ത്തോമ്മാ സഭ 25 വീടുകള്‍ നിര്‍മിച്ചു നല്‍കും. കുട്ടനാടന്‍ പ്രദേശങ്ങളിലും മലയോരത്തും വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് 25 വീടുകള്‍ക്കു സാമ്പത്തിക സഹായം നല്‍കും. നാലുദിവസം നീണ്ടുനില്‍ക്കുന്ന പ്രതിനിധി മണ്ഡലമാണ് ഇന്നലെ ആരംഭിച്ചത്. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, സഭയിലെ മറ്റ് എപ്പിസ്‌കോപ്പാമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. 

മത,വര്‍ഗീയ പ്രീണനത്തിലൂടെ അധികാരത്തിലെത്താനുള്ള ശ്രമം ഭൂഷണമല്ലെന്നു മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക