Image

ഓണം യുവജനങ്ങള്‍ ഏറ്റെടുക്കട്ടെ: ഡോ. എ.കെ.ബി പിള്ള

സാംസി കൊടുമണ്‍ Published on 17 September, 2013
ഓണം യുവജനങ്ങള്‍ ഏറ്റെടുക്കട്ടെ: ഡോ. എ.കെ.ബി പിള്ള
വിചാരവേദി സെപ്‌റ്റംബര്‍ എട്ടാംതീയതി വൈകിട്ട്‌ 5.30-ന്‌ രാജു ഏബ്രഹാമിന്റെ വസതിയില്‍ കെ.സി.എ.എന്‍.എയില്‍ വെച്ച്‌ കൂടി.

ഡോ. എന്‍.പി ഷീല, മേരി ജോണ്‍ തോട്ടത്തിന്റെ `യാത്ര പറച്ചില്‍' എന്ന കവിത ചൊല്ലി. ഡോ. ജോയ്‌ ടി കുഞ്ഞാപ്പുവും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന്‌ കഴിഞ്ഞദിവസം കാര്‍ അപകടത്തില്‍ മരണമടഞ്ഞ സീതയ്‌ക്കും, മാമിന്റെ സ്ഥാപകനും ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനുമായിരുന്ന തോമസ്‌ ആന്റണിക്കും സദസ്‌ ആദരാഞ്‌ജലികള്‍ നേര്‍ന്നു.

സാംസി കൊടുമണ്‍ സ്വാഗത പ്രസംഗത്തിനുശേഷം `ഓണം ഇന്നലെ ഇന്ന്‌ നാളെ' എന്ന വിഷയത്തെ അധികരിച്ച്‌ ഒരു ചെറു ലേഖനം വായിക്കുകയുണ്ടായി. ഓണം എന്നും ഇന്നലെകളുടേതായിരുന്നു. കാരണം ഓര്‍മ്മയിലാണ്‌ നമ്മുടെ ഓണം. `മാവേലി നാടു വാണിടുംകാലം....കള്ളവുമില്ല ചതിയുമില്ല'. എന്നാല്‍ ഇന്ന്‌ കള്ളവും ചതിയും മാത്രമുള്ള ഒരു കാലത്തില്‍ നിന്നുകൊണ്ട്‌ നാം ഓണത്തെ അടയാളപ്പെടുത്തുമ്പോള്‍, ഇന്നലെകളിലെ ഓണം ഓര്‍മ്മയില്‍ തഴച്ചുനില്‍ക്കുന്നു. അത്‌ നല്ല ഓര്‍മ്മകളാണ്‌. കുട്ടിക്കാലത്തെ തന്റെ ഓര്‍മ്മകളിലെ ഓണം അദ്ദേഹം സദസ്യരുമായി പങ്കുവെച്ചു. മാറിവരുന്ന കാലത്തിലെ ഓണം കമ്പോളങ്ങള്‍ ഒരുക്കുന്ന ഓണക്കിറ്റുകളിലേക്ക്‌ ചുരുങ്ങുന്നു. നാളെ നമ്മുടെ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം പങ്കെടുത്ത ഓണക്കാലത്തെപ്പറ്റി ഓര്‍ക്കുകയും തങ്ങളുടേതായ ഓണം കൊണ്ടാടുകയും ചെയ്യുമെന്ന്‌ പ്രത്യാശിച്ചു. ചെറു സംഘങ്ങളായി പ്രവാസി മലയാളി സമൂഹം പിരിഞ്ഞ്‌ ഓണം ആഘോഷിക്കുമ്പോള്‍ എല്ലാ മലയാളികളേയും ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക സംഘടനകള്‍ നടത്തുന്ന ഓണത്തിന്റെ ഇടം കുറഞ്ഞുവരുന്നതിലെ ആശങ്കയും തന്റെ ലേഖനത്തില്‍ സാംസി ചൂണ്ടിക്കാണിച്ചു.

അദ്ധ്യക്ഷന്‍ രാജു ഏബ്രഹാം ഒരു ചോദ്യത്തോടെയാണ്‌ തന്റെ പ്രസംഗം ആരംഭിച്ചത്‌. നന്മയുടെ സംരക്ഷണമാണ്‌ അവതാരങ്ങളുടെ ലക്ഷ്യം എങ്കില്‍ വിഷ്‌ണു എന്തിന്‌ ഇത്രയേറെ നീതിനിഷ്‌ഠനായ മഹാബലിയെ നിഗ്രഹിച്ചു? കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച, നാടാകെ ജാതിമത ഭേദമെന്യേ ആഘോഷിച്ചിരുന്ന ഓണത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം നീരേറ്റുപുറം വള്ളംകളിയായിരുന്നു എന്നദ്ദേഹം അനുസ്‌മരിച്ചു. ഓണം ഇന്ന്‌ വെറും ഒരു ചടങ്ങായി മാറിയിരിക്കുന്നു. ഓണത്തിന്റെ ഒരുമ നഷ്‌ടമായിരിക്കുന്നു.

സദ്‌ജനങ്ങളുടെ പ്രതിസന്ധിയില്‍ അവതാരങ്ങള്‍ നിവാരണത്തിനായി അവതരിക്കുന്നു. ഒരേ പിതാവില്‍ നിന്നും ഭിന്ന സ്‌ത്രീകളില്‍ പിറന്ന ദേവന്മാരും അസുരന്മാരും എന്നും കലഹത്തിലായിരുന്നു. ദേവലോകത്തെ പോലും എടുത്ത്‌ അമ്മാനമാടാന്‍ കരുത്തുള്ള അസുരന്മാരുടെ കുരുത്തക്കേടുകളില്‍ പൊറുതിമുട്ടിയപ്പോള്‍, ജിതി എന്ന ദേവന്മാരുടെ അമ്മ ആയിരം വര്‍ഷം തപസു ചെയ്‌ത്‌ വിഷ്‌ണുവിനെ പ്രസാദിപ്പിച്ച്‌ വാമനനായി അവതരിക്കുകയായിരുന്നു. അഹങ്കാരം എവിടെയുണ്ടോ അവിടെ നാശം സുനിശ്ചിതം. ഡോ. എന്‍.പി ഷീല അദ്ധ്യക്ഷന്റെ സംശയനിവാരണത്തിനെന്നപോലെ പറഞ്ഞു. തന്റെ കുട്ടിക്കാലത്തെ ഓണ ഓര്‍മ്മകളിലും, ഓണക്കളികളിലെ പ്രത്യകതകളും എടുത്തുകാട്ടി. ഇന്ന്‌ പൂക്കളം നഷ്‌ടപ്പെട്ട ഫ്‌ളാറ്റ്‌ സംസ്‌കാരത്തിലേക്ക്‌ കേരളം മാറുന്നു. ഭാവി ഇരുളടഞ്ഞതോ? സ്വര്‍ഗ്ഗകാലം വരുന്നതേയുള്ളൂ. മര്‍ത്യകരങ്ങളാല്‍ അസാദ്ധ്യമായത്‌ ഒന്നുമേ ഇല്ല പാരില്‍. ഡോ. ഷീല പ്രത്യാശിച്ചു. എല്ലാവരിലും നന്മ കാണാന്‍ ഉത്‌ബോധിപ്പിച്ചുകൊണ്ട്‌, മാവേലിയെ വികൃതമായി അവതരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജീവിതത്തിന്റെ ചാക്രിക സ്വഭാവത്തെ ശാസ്‌ത്രീയ അടിസ്ഥാനത്തില്‍ വിശകലനം ചെയ്‌തുകൊണ്ടാണ്‌ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു ആരംഭിച്ചത്‌. എത്ര പറഞ്ഞാലും തീരാത്ത ഓരാഘഷമാണ്‌ ഓണം. മിത്തിനെ അതിജീവിച്ച ഒരുത്സവമാണ്‌ ഓണം. ഓണം ഒരു സങ്കല്‍പ്പമാണ്‌. ഓണം ഒരു വികാരമാണ്‌. ഗൃഹാതുരതയോടെയല്ലാതെ ഓണത്തെ ഓര്‍ക്കാന്‍ കഴിയില്ല. ഓക്കോടി, ഓണച്ചന്ത, കുമ്മാട്ടിക്കളി, പുലിക്കളി, ഓണത്തല്ല്‌, ഇനി ഓണനിലാവ്‌, ഓണക്കാഴ്‌ച...അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവെച്ചു. ശാസ്‌ത്രത്തിന്റെ വളര്‍ച്ചയില്‍ നാളെ നമ്മുടെ ലോകം എങ്ങനെയായാരിക്കുമെന്ന്‌ പ്രവചനങ്ങള്‍ക്കപ്പുറമാണ്‌. രാസായുധങ്ങളുടെ ഈ ലോകത്ത്‌ നമ്മള്‍ ഭയചകിതരായി കഴിയുമ്പോള്‍, മാവേലി എന്ന നന്മയെ പാതാളത്തില്‍ കുഴിച്ചുമൂടിയാലും, ഒരു ചാക്രമിയ ചലനത്തിലൂടെ അത്‌ മടങ്ങിവരും. വൈലോപ്പിള്ളിയുടെ രണ്ടു വരികള്‍ ചൊല്ലി കുഞ്ഞാപ്പു ഉപസംഹരിച്ചു.

ഓണം കേരളീയരുടെ മാത്രമോ? ബി.സി ആറാം നൂറ്റാണ്ടോടെ ബുദ്ധമതക്കാര്‍ ഓണത്തെ കേരളത്തില്‍ കൊണ്ടുവന്നതാകാം. തൃക്കാക്കര ക്ഷേതമാകാം ഓണത്തിന്റെ ഉത്ഭവസ്ഥാനം. വാമനനും ബലിയും കേരളത്തിനു പുറത്തും ആഘോഷിക്കപ്പെടുന്നു. കേരളത്തില്‍ മഹാബലി നാടുവാണിരുന്നു എന്നു പറയുന്നതില്‍ ആധികാരികതയില്ല. ജോണ്‍ വേറ്റം തന്റെ ചിന്തകളും നിഗമനങ്ങളും ഈ രീതിയില്‍ അവതരിപ്പിച്ചു. ഇന്ന്‌ ഓണം വിവിധ സംഘടനകള്‍ നടത്തുമ്പോള്‍, അതില്‍ അറിഞ്ഞോ അറിയാതെയോ വിഭാഗീയത നിഴലിക്കുന്നില്ലേ എന്ന്‌ അദ്ദേഹം ചോദിച്ചു. കേരളത്തിലെ ഓണം വഴിമാറിപ്പോകുന്നു. കുറ്റകൃത്യങ്ങള്‍ പെരുകുന്ന കേരളത്തിലെ ഓണം ഒരു പ്രഹസനമായി മാറുന്നില്ലേ?

ജാതിമത ഭേദമില്ലാതെ ഓണം ഒരു ബാല്യകാലത്തിന്റെ ഓര്‍മകള്‍ അയവിറക്കി ബാബു പാറയ്‌ക്കല്‍ ഓണസ്‌മരണയില്‍ മുഴുകി. പച്ചക്കറികളാല്‍ സമൃദ്ധമായിരുന്ന ഓണം ഇന്ന്‌ ബിരിയാണിക്ക്‌ വഴിമാറുന്നത്‌, കേരളത്തിന്റെ മുഖമോ എന്ന്‌ അദ്ദേഹം വളരെ ദുഖത്തോടെ ആശങ്കപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറികള്‍ ഇറക്കുമതി ചെയ്‌തില്ലെങ്കില്‍ മലയാളിയുടെ ഓണം എവിടെ?

അമിതമായ രാസവളപ്രയോഗത്താല്‍, വിഷലിപ്‌തമായ പച്ചക്കറികള്‍ ഓരോ മലയാളിയും അവന്റെ ഓണക്കറികളില്‍ ലളിതചിത്തരായി ചേര്‍ക്കുമ്പോള്‍, മലയാളിയുടെ അലസതയും അപകര്‍ഷതയും തുറന്നുകാട്ടപ്പെടുകയാണ്‌. മദ്യമാണ്‌ ഓണം. കണക്കുകള്‍കൊണ്ട്‌ അദ്ദേഹം പറഞ്ഞു. വരുംകാല ഓണത്തെക്കുറിച്ചുള്ള ആശങ്കകളുണ്ടെങ്കില്‍ തന്നെ, എല്ലാം നന്നായി വരും എന്ന്‌ പ്രതീക്ഷിക്കാം. വിചാര വേദി ഇങ്ങനെ ഒരു ചര്‍ച്ച സംഘടിപ്പിച്ചതില്‍ ബാബു പാറയ്‌ക്കല്‍ തന്റെ സന്തോഷം രേഖപ്പെടുത്തി.

ഡോ. എ.കെ.ബി പിള്ളയുടെ പ്രസംഗം വളരെ സാരഗര്‍ഭമായിരുന്നു. വര്‍ണ്ണ വര്‍ഗ്ഗ ഭേദമില്ലാതെ ഓണത്തിനു യുവജനങ്ങളെ പങ്കെടുപ്പിക്കണമെന്നും അവരിലൂടെയാണ്‌ വരുംതലമുറയിലെ ഓണം അതിജീവിക്കേണ്ടതെന്നും ഡോ. പിള്ള ഊന്നിപ്പറഞ്ഞു. ജോര്‍ജ്‌ കോടകുളഞ്ഞി ഒരു ഹാസ്യകവിത ചൊല്ലി തന്റെ ഓണവിചാരങ്ങള്‍ അറിയിച്ചു.

ജോണ്‍ മാത്യു ഹൂസ്റ്റണില്‍ നിന്നും അയച്ചുതന്ന `ഓണത്തിനു സര്‍ക്കാര്‍ കൊടുത്ത മോചനം' എന്ന ലേഖനം സാംസി കൊടുമണ്‍ വായിച്ചു. ജന്മി-മേലാള വര്‍ഗ്ഗത്തില്‍ നിന്നും ഓണത്തെ നമ്മുടെ ഗവ. കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച്‌, ഓണത്തെ ജനകീയമാക്കിയത്‌ ഒരു വിപ്ലവനടപടിയായി ജോണ്‍ മാത്യു തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കാലചക്രത്തിന്റെ പ്രയാണദിശയില്‍ പഴയകാല ഓണനിറവ്‌ വീണ്ടും വരുമെന്ന പ്രതീക്ഷയില്‍ എല്ലാവര്‍ക്കും നല്ല ഓണം ആശംസിച്ച്‌ ഒമ്പതരയോടെ യോഗം പിരിഞ്ഞു.
ഓണം യുവജനങ്ങള്‍ ഏറ്റെടുക്കട്ടെ: ഡോ. എ.കെ.ബി പിള്ള
Join WhatsApp News
andrews millennium bible 2013-09-17 18:11:11
ഒന്നാം ഓണം പൊന്നോണം
രണ്ടാം ഓണം പുല്ലോണം
മുന്നം ഓണം പട്ടിണി ഓണം
നാലാം ഓണം പട്ടി ഓണം


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക