Image

മാടപ്രാവേ... വാ... (ക്യാമ്പസ്‌ കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 16 September, 2013
മാടപ്രാവേ... വാ... (ക്യാമ്പസ്‌ കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)
ഇ-മലയാളി ആരംഭിക്കുന്ന പുതിയ പംക്‌തി `ക്യാമ്പസ്സ്‌ കഥകള്‍'. എഴുതുക, നിങ്ങളുടെ അനുഭവങ്ങള്‍, ഓര്‍മ്മകള്‍, വെറുതെ ചില ക്യാമ്പസ്സ്‌ വാര്‍ത്തകള്‍, പ്രണയവും നര്‍മ്മവും കലര്‍ന്ന സംഭവങ്ങള്‍.. ശ്രീ സുധീര്‍ പണിക്കവീട്ടില്‍ തന്റെ സഹപാഠിയായിരുന്ന സി. ആന്‍ഡ്രൂസ്സിന്റെ പ്രണയാനുഭവങ്ങള്‍ എഴുതുന്നു.

സായാഹ്നത്തിലെ നിഴലുകള്‍ നീളുകയും രാവിന്റെ കരിമ്പടം ഓരോന്നായി ഊര്‍ന്ന്‌വീഴുകയും ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ഒരു നഷ്‌ട്‌ബോധത്തിന്റെ വിഷാദമുണ്ടാകാം. കാപ്പിക്കപ്പുകളും വീഞ്ഞുക്കോപ്പകളും നാലുമണിപൂക്കളും, നിലക്കാത്ത സീരിയലുകളും, മൂവികളും സാന്ത്വനവുമായി അപ്പോള്‍ എത്തുമെങ്കിലും കണ്ണുകള്‍ വിദൂരതയിലേക്ക്‌ ആഴ്‌ന്നിറങ്ങികൊണ്ടിരിക്കും. അടിവച്ചടിവച്ച്‌ പകല്‍ പോയിമറഞ്ഞവഴിയിലേക്ക്‌ അലക്ഷ്യമായിനീളുന്ന അത്തരം ശൂന്യതയില്‍ വെറുതെ ഇരിക്കാന്‍ ശ്രമിച്ചാലും അസ്വസ്‌ഥമാകുന്ന മനസ്സ്‌കേട്ടു മറന്നപാട്ടുകളുടെ ഈരടികള്‍ തേടിപോകാറുണ്ട്‌- കഹിദൂര്‍ ജബ്‌ ദിന്‍ഢല്‍ ജായെ (ആനന്ദ്‌ എന്ന പഴയ ഹിന്ദി ചിത്രത്തിലെ ഗാനം) `ഏറെദൂരം പകല്‍ എത്തികഴിയുമ്പോള്‍ ലജ്‌ജയില്‍ മുങ്ങിയ നവവധുവിനെ പോല്‍ ഇരുട്ടിന്റെ മറവില്‍ ഒളിച്ച്‌ പതുങ്ങിപതുങ്ങി നിശബ്‌ദയായിസന്ധ്യവരുന്നു. എന്റെ ചിന്തകളുടെ മുറ്റത്ത്‌ അപ്പോള്‍ ആരോസ്വപ്‌നങ്ങളുടെ ദീപം തെളിയിക്കുന്നു.' പാട്ടിന്റെ അര്‍ത്ഥത്തിലും മധുര സംഗീതത്തിലും മുഴുകുമ്പോള്‍ അനുഭവപ്പെടുന്ന അനുഭൂതി സ്വര്‍ഗ്ഗീയമാണ്‌. മനസ്സിലും അപ്പോള്‍ പിന്നിട്ട യൗവ്വനനാളുകള്‍ ദൂരെതെളിയുന്നു.ല്‌പഒരിക്കലും തിരിട്ട്‌ കിട്ടാത്തആനാളുകളിലേക്ക്‌ ഒന്നു മുങ്ങിതപ്പാന്‍ ശ്രമിക്കുമ്പോള്‍ കൂട്ടിനെത്തുന്നു എനിക്ക്‌പ്രിയമുള്ളവന്‍ ആന്‍ഡ്രൂസ്‌. ടെലഫോണ്‍ കമ്പികളില്‍ പിടിച്ചു കൊണ്ട്‌,ഇമ്പമുള്ള ശബ്‌ദവീചികള്‍ പൊഴിച്ചുകൊണ്ട്‌,സുഹൃത്തുക്കള്‍ക്ക്‌ തമ്മില്‍തമ്മില്‍ പരേന്ദ്രിയജ്‌ഞാനം(Telepathy ) ഉണ്ടെത്രെ. നമ്മള്‍ അവരെപ്പറ്റി ചിന്തിക്കുമ്പോള്‍ അവരറിയുന്നു. പ്രത്യേകിച്ച്‌ ഉറ്റ സുഹ്രുത്തുക്കള്‍ക്ക്‌. വൈകീട്ടു എന്താ പരിപാടിയെന്ന്‌ മോഹന്‍ലാലിന്റെ പരസ്യചിത്രം ചോദിക്കുന്നതിനുമുമ്പെ കൂട്ടുകാരുടെ ചുണ്ടില്‍ അതുണ്ടായിരുന്നു.

യൗവ്വനനാളുകളിലേക്ക്‌ തിരിച്ചുപോകാനുള്ള മായാവിമാനവുമായി, അത്‌പറത്തികൊണ്ട്‌ ആന്‍ഡ്രൂസ്‌ വരുന്നു. `എന്താ പരിപാടി' `ഇന്നെവിടെ പോകണമെന്നചോദ്യത്തോടെ'ഞങ്ങളുടെ സങ്കല്‍പ്പവിമാനം പറന്നുയരുകയായി. മാമ്പൂവിരിയുന്ന രാവുകളില്‍ മാതളം പൂക്കുന്ന രാവുകളില്‍ ഒരു പൂവ്വ്‌തേടി നടന്ന യൗവ്വനത്തിന്റെ അസുലഭ കാലഘട്ടം. ആദ്യത്തെനോട്ടത്തില്‍ ഏതൊപെണ്‍കുട്ടിയുടെ കാലടികള്‍ കണ്ട്‌വെറുതെ ഓരോ മോഹങ്ങള്‍ കൊളുത്തി ആ വെളിച്ചത്തില്‍ പകല്‍ കിനാവുകള്‍ കണ്ട കാലം. അത്‌എത്രയോ പുറകിലെന്നറിയാതെ ഈ സായം സന്ധ്യയില്‍ വീണ്ടും കോളേജ്‌ കുമാരന്മാരാകന്‍ തുടിക്കുന്നമനസ്സ്‌. കുറച്ച്‌ നേരത്തേക്ക്‌ ഞങ്ങള്‍ പരിസരം മറന്ന്‌ കഴിഞ്ഞകാലത്തിലേക്ക്‌പറന്ന്‌ കൊണ്ടിരിക്കുന്നു. അപ്പോള്‍ എനിക്ക്‌പത്തൊമ്പതും ആന്‍ഡ്രൂസ്സിനു പത്തൊമ്പതരയും വയസ്സാകുന്നു. ആ ചിന്തതന്നെ ഞങ്ങളില്‍ രോമാഞ്ചം ഉണ്ടാക്കുന്നു. എന്തുസുഖമാണീ നിലാവ്‌, എന്തുരസമാണീ സന്ധ്യ, അരികില്‍ നീവരുമ്പോള്‍ എന്ന്‌ പാടിവരുന്നു അപ്പോള്‍ ഒരു സുന്ദരിപെണ്ണ്‌.(വര്‍ഷങ്ങള്‍ക്ക്‌ശേഷം കൈതപ്രം അതെഴുതിയപ്പോള്‍ ആന്‍ഡൂസ്സിനു അതുഭുതമായി.അതേക്കുറിച്ച്‌ പറയാന്‍ എന്നെവിളിച്ചു. ഞാന്‍ പറഞ്ഞു കവികള്‍ എല്ലാം അറിയുന്നു.)ഓര്‍മ്മകളുടെ പൊട്ടിപോയ ഒരുപാട്‌ പട്ടങ്ങളുടെ ചരടില്‍തൂങ്ങിവരുന്ന അവളെപറ്റി ഈ ഏഴാം കടലിന്നക്കരെ വളരെ കൊല്ലങ്ങള്‍ക്ക്‌ശേഷം ഫോണിലൂടെ അയാള്‍ ചോദിക്കുന്നു, സുരേഷ്‌ ഗോപി സ്‌റ്റയിലില്‍ഃ ഓര്‍മ്മയുണ്ടോ ആ മുഖം. അത്‌ നമ്മുടെ കറിയാച്ചന്റെ പെങ്ങളല്ലേ? ശോശകുട്ടി..ഒരു പാട്‌ലഡു അപ്പോള്‍ ഞങ്ങളുടെ മനസ്സില്‍പൊട്ടുന്നു.കോളേജ്‌ കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ ഒരു അരയന്നം പോലെവെളുത്ത ആ പെണ്‍കുട്ടി നടന്നു വരുമ്പോള്‍ ആണ്‍പിള്ളേരുടെ മനസ്സെന്ന പൊയ്‌കയില്‍ ഒത്തിരി പരല്‍മീനുകള്‍ ഓടികളിക്കും. അവള്‍ക്ക്‌കൊത്താന്‍ പരുവത്തില്‍ അവ ശ്വാസം പിടിച്ച്‌്‌ അനങ്ങാതെ നില്‍ക്കുമ്പോള്‍ ഇടി്‌മിന്നല്‍പോലെ ഒരു കടാക്ഷം ആന്‍ഡ്രൂസ്സിനുമാത്രം എറിഞ്ഞ്‌ കൊടുത്ത്‌ അവള്‍ നടക്കുന്നു.പിന്നെവല്‍ക്കലം ഉടക്കി എന്ന്‌ നടിച്ച്‌ ശകുന്തള നിന്നപോലെ (കോളേജിന്റെ ഇടനാഴിയില്‍ ദര്‍ഭമുനകൊണ്ട്‌ നില്‍ക്കാന്‍ വയ്യല്ലോ)സാരിത്തലപ്പിന്റെ തുമ്പ്‌കോവണിയില്‍ കുടുക്കിനിന്ന്‌ ഒരു നോട്ടം കൂടികൊടുക്കുന്നു. അപ്പോഴെക്കും അവിടെകൂടി നില്‍ക്കുന്ന ആണ്‍കുട്ടികളെല്ലാവരും കൂടി ഒത്തിരി എരിവുള്ള കറികൂട്ടിയപോലെ `ശ്ശ്‌.' എന്ന്‌ നീട്ടിവലിക്കുന്നു.അപ്പോഴാണു എം.എ.ക്ക്‌ പഠിക്കുന്ന ചേച്ചിമാരുടെ വരവു്‌. അവര്‍ ഒരു തരം വല്യേച്ചികളിക്കുമപ്പോള്‍. എന്തിനാപിള്ളേരേ വായില്‍ നോക്കി സമയം കളയുന്നത്‌, വല്ലതും പഠിക്കരുതോ? അവരില്‍ ചന്ദനകുറിതൊട്ട, മുടിപിന്നിയിട്ട, കുട-ഞാത്തിയിട്ട ഒരു ശാലീന സുന്ദരിമാത്രം ഒരു ചേച്ചിയെപോലെ, കൂട്ടുകാരിയെ പോലെ അവിടെ നിന്നുസംസാരിക്കും. ആ സുന്ദരി ചേച്ചിയുടെ കണ്മുനകള്‍ ഉന്നം വക്കുന്നതും സുന്ദരനായ ആന്‍ഡ്രൂസ്സിനെയാണ്‌്‌. പാരഡി രാജാക്കന്മാരായി ക്യാമ്പസ്സില്‍ വിലസിനടക്കുന്നവര്‍ ഉടനെപാടും.`നിന്നിലലിഞ്ഞ്‌പോയ്‌ എന്റെ കിനാവുകള്‍സുന്ദരനായ ആന്‍ഡ്രൂസ്സേ' ഞങ്ങളുടെ കൂട്ടത്തിലെ ഒരു എഴുത്തുകാരന്‍ അവരുടെ സൗന്ദര്യം എപ്പോഴും വര്‍ണ്ണിച്ചുകൊണ്ടിരുന്നു. അതിനുപ്രേമം എന്നാണുപേരെന്ന്‌ ആന്‍ഡ്രൂസ്സ്‌ രഹസ്യമായി അയാളോട ്‌പറഞ്ഞനാള്‍ മുതല്‍ അയാള്‍ക്കു അവരെ കാണുമ്പോള്‍ പരവേശം തുടങ്ങി. ചന്ദനമണമൂറും നിന്‍ദേഹമലര്‍വല്ലി എന്നുമെന്‍ വിരിമാറില്‍പടരുമല്ലോ എന്നയാള്‍ മൂളാന്‍ തുടങ്ങി.അയാളുടെ കഥകളും കവിതകളും പ്രേമത്തിന്റെഅതിമധുരം വിളമ്പി.

സംസാരിക്കുന്നതിനടയില്‍ ഞങ്ങള്‍ക്ക്‌ വഴിതെറ്റി. ആന്‍ഡ്രൂസ്സെനീ എവിടെയെന്ന ചോദ്യം മുപ്പത്‌ വര്‍ഷങ്ങളുടെ ഭിത്തികള്‍തട്ടിമറിച്ചു.പതിനേഴ്‌താണ്ടിയ പെണ്‍കിടാങ്ങള്‍ മന്മഥന്റെ രഥചക്രമുരുളുന്ന വഴികളിലൂടെ പുസ്‌തകകെട്ടും നെഞ്ചിലേറ്റിനടന്നു വരുമ്പോള്‍ കണികാണാനെന്നോണം ഉയരമുള്ള ആന്‍ഡ്രൂസ്സ്‌ അവരെനോക്കിനില്‍ക്കയായിരുന്നു.വാലിട്ടെഴുതിയ ഒത്തിരി കണ്ണുകള്‍ ഒരുമിച്ച്‌്‌ കണ്ട്‌ അയാള്‍ മദോന്മത്തനാകുന്നു..അപ്പോഴാണു കവിഹ്രുദയമുള്ള കൂട്ടുകാരനെ അന്വേഷിക്കുന്നത്‌. അയാള്‍ അപ്പോള്‍ കാളിദാസനെ കടം മേടിക്കും. പെണ്‍കുട്ടികളുടെ കണ്ണുകളുടെ സൗന്ദര്യം കണ്ട്‌ ആന്‍ഡ്രൂസ്‌ പാടുന്ന കാളിദാസ ശ്ശോകം നൂയോര്‍ക്കിലെ ഒരു വൈകിയ സായാഹ്നത്തില്‍ വീണ്ടും കേള്‍ക്കുമ്പോള്‍ കാലം ഞങ്ങള്‍ക്ക്‌ അടിയറവക്കുന്നപോലെയുള്ള ഒരനുഭൂതി കൈവരുന്നു.ഃ`ബാലേ, തവ മുഖാംബുജേദ്രുഷ്‌ട്യം ഇന്ദീവരദ്വയം.അപ്പോഴാണു തേനീച്ചയാര്‍ക്കുന്ന പോലെപെണ്‍കുട്ടികള്‍ പരിഭ്രാന്തരാകുന്നത്‌. ആരുടെ മുഖം - താമരപൂവ്വ്‌ പോലെ, അതില്‍ കരിങ്കൂവ്വളപൂപോലുള്ള കണ്ണുകള്‍. ആരുടെ? പൂവ്വാലസംഘം പതിവുപോലെ അവരുടെ പാട്ട്‌ ആരംഭിക്കുന്നു.' കണ്ടുരണ്ട്‌ കണ്ണു, കതകിന്‍ പിന്നില്‍ നിന്ന്‌`.ആ കോലാഹലം കണ്ട്‌ ഒരാള്‍ അകലെനിന്ന്‌ നടന്നുവരുന്നുണ്ട്‌. എപ്പോഴും ഗൗരവമുഖം മൂടിയുള്ള ക്ലാര. അവളുടെ അപ്പന്‍ മജിസ്‌ട്രേറ്റാണെന്ന അഹംഭാവത്തിനുപുറമേ അവള്‍ക്ക ്‌സുന്ദരിയാണെന്നു ഗമയും. അവള്‍ക്ക്‌ ആന്‍ഡ്രൂസ്സ്‌ അവളുടെ സ്വന്തമാണെന്നാണു വിചാരം. അവള്‍വരുന്നത്‌ കണ്ട്‌ മറ്റ്‌ പെണ്‍കുട്ടികള്‍ ഒഴിഞ്ഞ്‌പോകാന്‍ തുടങ്ങി.. ആന്‍ഡ്രൂസ്സിന്റെ പട്ടമഹിഷി വരുന്നേ എന്ന്‌പിള്ളേര്‍ അപ്പോള്‍ ആര്‍പ്പ്‌വിളിക്കും. ദാവുണി ചുറ്റിയ പ്രി-ഡിഗ്രിക്കാരി പെണ്‍കുട്ടികള്‍ അകലെ മരത്തിന്റെ ചുവട്ടില്‍നിന്നും ആകാംക്ഷയോടെ നോക്കിനില്‍ക്കും. ഇന്നത്തെപ്പോലെ ഫാഷ്യലും, പുരികം ചെത്തിമിനുക്കലും, തുടങ്ങിയുള്ള തട്ടിപ്പിലൂടെ ഭംഗി വരുത്തികൂട്ടാത്ത ക്രുത്രിമത്വമില്ലാത്ത മൂക സൗന്ദര്യങ്ങള്‍. എന്നിട്ടും അവര്‍ അഴകിന്റെ ദേവതമാരായി വിളങ്ങി. ആ കിശലയ കിശോരികളും ഒളികണ്ണാല്‍ ആന്‍ഡ്രൂസ്സിനു കടാക്ഷപ്രസാദങ്ങള്‍ നീട്ടി കൊടുത്തിരുന്നു. എന്നാല്‍അവര്‍ക്കും ക്ലാരയെ പേടിയായിരൂന്നു. ആണ്‍കുട്ടികള്‍ക്ക്‌ ക്ലാരയോട്‌ പകയായിരുന്നു. ആന്‍ഡ്രൂസ്സിനെ ഒഴികെ ആരേയും ക്ലാര ശ്രദ്ധിച്ചിരുന്നില്ല. അത്‌കൊണ്ട്‌മറ്റുള്ള ആണ്‍കുട്ടികള്‍ അവളെ` രാമായണത്തിലെ സീത' എന്നുവിളിച്ചു. നിന്നെരാവണന്‍ കട്ടുകൊണ്ട്‌പോകുമെന്ന്‌ അവര്‍ കളിയാക്കി. ക്ലാര അതെല്ലാം സന്തോഷത്തോടെ കേട്ടു.

ക്ലാര വന്നാല്‍ ഉടനെ ആന്‍ഡ്രുസ്സും കൂട്ടുകാരായ ഞങ്ങള്‍ രണ്ടുപേരും കൂടി ക്യാന്റീനിലേക്ക്‌നടത്തമാണു. അവളെ കുറിച്ച്‌ കവിത കുറിച്ചുകൊടുക്കുന്നത്‌കൊണ്ട്‌ അവള്‍ക്ക്‌ ഞങ്ങളെ കാര്യമാണ്‌. ക്യാന്റീനില്‍ ചെല്ലുമ്പോള്‍ പൗലോസ്‌ ചേട്ടന്‍ പറയും : പഴം പൊരിയുണ്ട്‌ മക്കളെ എടുക്കട്ടെ. എടുക്കൂ പൗലോസേട്ടാ..ക്ലാര കൂടെയുള്ളത്‌ കണ്ടില്ലേ? നാട്ടിലെ പണചാക്കിന്റെ മകളല്ലേ? പൗലോസ്സ്‌ചേട്ടന്‍ അത്‌കേട്ട്‌ ചിരിച്ചുകൊണ്ട്‌പറയും.കാര്യമൊക്കെ ശരി ആ പെണ്‍കൊച്ചിനെ ചതിക്കരുത്‌ ആന്‍ഡ്രൂസ്സേ... ആന്‍ഡ്രൂസ്സിന്റെ മുഖം അപ്പോള്‍വാടും. ക്ലാരക്ക്‌ ഒരു കൂസലുമുണ്ടാകില്ല. പിന്നേ.. ഇവന്‍ ചതിച്ചാല്‍ ഞാന്‍ മഠത്തില്‍ ചേരുകയോ, ആത്മഹത്യചെയ്യുകയൊ ഒന്നും ചെയ്യില്ല. അന്തസ്സായിട്ട്‌ ആണ്‍പിള്ളേരെ ആരെങ്കിലും കല്യാണം കഴിക്കും. ആ കല്യാണത്തിനു ഇവനെ ക്ഷണിക്കും എന്നിട്ട്‌ ഇവനു ഒരു വള ഞാന്‍ സമ്മാനിക്കും. ആണത്വമില്ലത്താത്തവന്‍ എന്നുവിളിക്കുകയും ചെയ്യും. അങ്ങനെ ഒന്നും വേണ്ടിവന്നില്ല. മദനോത്സവം സിനിമ കഥ പോലെ ക്ലാരക്ക്‌ അസുഖം വന്ന്‌ കിടപ്പിലായി.ആസ്‌പത്രി കിടക്കയില്‍വച്ച്‌ അവള്‍ പറഞ്ഞു.ഞാന്‍ മരിക്കയില്ല, മന്തകോടിയണിഞ്ഞ്‌ ഒരു മണവാട്ടിയായി അല്ല ശുഭ്രവസ്ര്‌തങ്ങള്‍ അണിഞ്ഞ്‌ ഒരു മാലാഖയായി ഞാന്‍ ആന്‍ഡ്രുസ്സിനൊപ്പം ഉണ്ടാകും. പക്ഷികളില്‍ എനിക്കിഷ്‌ടമുള്ളപ്രാവായി ഞാന്‍ പറന്നുനടക്കും. അവളുടെ കവിളുകള്‍ കണ്ണുനീര്‍കൊണ്ട്‌ നനഞ്ഞിരുന്നു. ജീവിതം നമ്മളോടു എന്നും ക്രൂരത കാട്ടുന്നു എന്ന്‌ ആവേശത്തോടെ ഞങ്ങളുടെ ഇടയിലെ എഴുത്തുകാരന്‍ ഉച്ചത്തില്‍വിളിച്ച്‌ കൂവി. ദിവസങ്ങള്‍ക്ക്‌ശേഷം ക്ലാരയുടെ അപ്പന്‍ അവളെ ചികിത്സ്‌ക്കായി അമേരിക്കയിലേക്ക്‌ കൊണ്ട്‌പോയി.അവളേയും വഹിച്ചുകൊണ്ട്‌പറന്ന്‌ പോയ വിമാനത്തിന്റെ ശബ്‌ദം മാത്രം പിന്നെ ഞങ്ങളുടെ ചെവിയില്‍ മുഴങ്ങികൊണ്ടിരുന്നു. ക്ലാരസുഖം പ്രാപിച്ചോ, മരിച്ചോ എന്നറിയാതെ കാലം കടന്നുപോയി. ക്യാന്റീനിലെ പൗലോസ്സ്‌ചേട്ടനും അവിടത്തെ ചുമരിന്‍മുകളില്‍പറന്നിറങ്ങുന്നപ്രാവുകളും ക്ലാരയെപ്പറ്റിചോദിച്ചു. പഞ്ഞികെട്ടുകള്‍പോലെനീലാകാശത്തില്‍പറന്നുനടക്കുന്നമേഘങ്ങളും ക്ലാരയെ ഓര്‍മ്മിപ്പിച്ചു. മാടപ്രാവേ വാ ഒരു കൂട്‌ കൂട്ടാന്‍ വാ... എന്ന്‌പാടി ആന്‍ഡ്രൂസ്‌ വിഷാദമൂകനായി നടന്നു.കുറേക്കാലം.

ഈ സായംസന്ധ്യയില്‍പൂക്കളെതഴുകിവരുന്ന കാറ്റിന്റെസുഗന്ധം പോലെ ഓര്‍മ്മകള്‍ ഉണരുന്നു. എല്ലാ സന്തോഷങ്ങളും എന്തുകൊണ്ടാണു ദു:ഖത്തില്‍ കലാശിക്കുന്നത്‌ എന്ന്‌ ഞങ്ങള്‍ പരസ്‌പരം ചോദിക്കുന്നു. ഉത്തരമിക്ലാത്ത ആ ചോദ്യത്തിനു മുന്നില്‍ ഞങ്ങള്‍ നിശ്ശബ്‌ദരാകുന്നു. ഫോണ്‍ താഴെവക്കുന്നു
മാടപ്രാവേ... വാ... (ക്യാമ്പസ്‌ കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക