Image

തിരുവോണം- ഒരു തിരിഞ്ഞുനോട്ടം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 14 September, 2013
തിരുവോണം- ഒരു തിരിഞ്ഞുനോട്ടം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
മുറ്റത്തെ വലിയ വരിക്കപ്ലാവിന്‍ കൊമ്പില്‍ പിരിച്ച കയറു കെട്ടിയുണ്ടാക്കിയ ഊഞ്ഞാലില്‍ചില്ലാട്ടം പറന്നുയര്‍ന്ന ഒരു കൊച്ചു കുട്ടിയായി ഒരു നിമിഷം മാറുമ്പോള്‍ ഒരായിരം മധുര സ്‌മരണകള്‍ മിന്നത്തെളിയുകയാണ്‌. മലയാള മണ്ണില്‍ ബാലകൗമാരങ്ങള്‍ കഴിച്ച ഓരോ മലയാളിയുടെയും മനസ്സില്‍ നിറദീപമായ്‌ വര്‍ണ്ണപ്രപഞ്ചം വിരിയിക്കുന്ന സുന്ദരസ്വപ്‌നമാണ്‌ പൊന്നിന്‍ ചിങ്ങത്തിലെ പൊന്നോണം. പൊന്‍കതിര്‍ ചൂടിയ വയലേലകള്‍ വിളവു പകുത്തു നല്‍കിക്കഴിഞ്ഞ്‌ സ്വസ്‌തസുഷുപ്‌തിയില്‍ മയങ്ങവേ കൊക്കുകള്‍ക്കും കുരുവികള്‍ക്കും കരയില്‍ മലയാള മക്കള്‍ക്കും ഓണാഘോഷം. കൊയ്‌ത്തു കഴിഞ്ഞ്‌ കളപ്പുരകളും പത്തായങ്ങളും നിറഞ്ഞു, പണിയാളരുടെയും വീട്ടില്‍ ധാന്യം എത്തി, എവിടെയും ഒരു ശാന്തതയും സംതൃപ്‌തിയും. അത്തം മുതല്‍ പത്താം ദിവസത്തെ ഓണാഘോഷങ്ങളുടെ ഒരുക്കം തുടങ്ങും. പ്രകൃതി പോലും പൂക്കള്‍ വാരി വിതറി തൊടികളെ അലങ്കൃതമാക്കുമ്പോള്‍ അത്തപ്പൂക്കളം തീര്‍ക്കാന്‍ കുട്ടികള്‍ കൂടകളുായി തൊടികളില്‍ ഓടിനടക്കും. ആതിരരാവും പൂവിറുക്കലും പൂക്കളം തീര്‍ക്കലും വീടും പരസരവും റോഡുവരെയും ചെത്തിമിനുക്കലും, ചാണകം മെഴുകിയ വീടുകള്‍ പുതിയതായി മെഴുകിയൊരുക്കിയും സിമന്റു തറകള്‍ കഴുകിവൃത്തിയാക്കിയും ആകെ ക്കൂടി ശുചിത്വം നിറഞ്ഞ അന്തരീക്ഷം. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്നതിനാല്‍ വീടു നിറയെ കുട്ടികള്‍, എല്ലാവര്‍ക്കും ഓണക്കോടിയെടുക്കും. ഓണക്കച്ചവട മേളവും, അടിയാളന്മാരുടെ അവല്‍പ്പൊതിക്കാഴ്‌ചയില്‍ ഓണക്കോടി, നെല്ല്‌, തേങ്ങാ, എണ്ണ, പണം എന്നിവ കൊടുക്കുന്നതു കൗതുകത്തോടെ നോക്കിനില്‍ക്കുന്നതും, ഓണക്കോടിയണിയാനുള്ള ബാലമനസ്സുകളുടെ ആവേശവും, ഉപ്പേരി കൊറിച്ച്‌ ഊഞ്ഞാലാട്ടവും, തിരുവോണ ദിവസം അതിരാവിലേ കുട്ടികളെല്ലാം ദേഹം മുഴുവന്‍ എണ്ണ പുരട്ടി പുഴയിലുള്ള നീരാട്ടവും, തളത്തില്‍ നിരത്തിയിട്ട പായില്‍ നിലത്തിരുന്ന്‌ അല്‍പം മടക്കിയ തൂശനിലയില്‍ വിളമ്പുന്ന ഭക്ഷണം ഗൃഹനാഥന്റെ പ്രാര്‍ത്ഥനയോടെ കഴിക്കുന്നതും, മധുരമുള്ള ഓര്‍മ്മകളാണിന്ന്‌. ഇറച്ചി, മീനുകള്‍ ഇല്ലാതെ പതിമൂന്നു കൂട്ടം കറികളും രണ്ടു മൂന്നു തരം പ്രഥമനുകളും കൂട്ടിയുള്ള സദ്യ, കൂട്ടുകാരുമൊത്ത്‌ ഓണക്കളികള്‍, ഗ്രാമത്തിന്റെ പലവിധത്തിലുള്ള മറ്റു വിനോദങ്ങള്‍ എല്ലാം കാലയവനികയില്‍ മാഞ്ഞുപോയി.

ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ സന്തോഷസമൃദ്ധിയില്‍ ഉല്ലസിക്കുന്ന ആ സുദിനം ഇന്നത്തെ തലമുറയ്‌ക്ക്‌ ഒരു പ്രഹേളികയാണ്‌്‌. വൈദ്യുതിയും പൈപ്പുവെള്ളവും കടന്നു വരാത്ത ഗ്രാമാന്തരീക്ഷത്തില്‍, പരന്നു കിടക്കുന്ന പാടശേഖരങ്ങളും, കളങ്കമില്ലാത്ത ഇളംകാറ്റും, വെളുപ്പാന്‍ കാലത്തെ പൂങ്കോഴി കൂവലും, ദിവാന്തനേരത്തെ രാമരാമാലാപവും പ്രാര്‍ത്ഥനാ മന്ത്രണങ്ങളും, മുട്ടെത്തും മുന്നും തലപ്പാളയുമായി കാരിരുമ്പിന്‍ കരുത്താര്‍ന്ന മെയ്‌വഴക്കമുള്ള ചെറുമന്മാരും, മുണ്ടും ജമ്പറുമിട്ട്‌ പാടത്തും കരയിലും പണിയെടുക്കുന്ന ചെറുമക്കിടാത്തികളുടെ തുടുത്ത സൗന്ദര്യം നുകര്‍ന്ന്‌ കരയില്‍ കുടചൂടി നില്‍ക്കുന്ന തമ്പ്രാക്കന്മാരുടെയും കൊച്ചു തമ്പ്രാക്കന്മാരുടെയും നയനസംതൃപ്‌തിയും, കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിലെ വാശിയേറിയ മരമടി മത്സരം ഗ്രാമത്തിന്റെ തന്നെ ഉത്സവമായി ആഘോഷിച്ചിരുന്നതും മധുവൂറുന്ന അനുഭൂതികളായി ഇന്നും ശേഷിക്കുന്നു. തകര്‍ന്നുപോയ പേരുകേട്ട തറവാടുകള്‍ കാലത്തിന്റെ കല്‍പടവുകളില്‍ ദുഃഖസ്‌മൃതികളായി തങ്ങിനില്‍ന്നു.

* * * * * * *
കാലവും കോലവും മാറി, ഗ്രാമം പട്ടണാദേശത്തില്‍ മാഞ്ഞുപോകുന്നു, കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി, കോളജുവിദ്യാഭ്യാസം സര്‍വ്വജനലഭ്യതയായി, വിദ്യാഭ്യാസം കഴിയുന്നതോടുകൂടി യുവാക്കള്‍ പുറംനാടുകളായ ഗള്‍ഫ്‌, അമേരിക്ക മുതലായ വിദൂരദേശങ്ങളിലേയ്‌ക്ക്‌ പ്രവാസികളായി മാറിക്കഴിഞ്ഞു, കെട്ടിപ്പൊക്കിയ കൂറ്റന്‍ മട്ടുപ്പാവുകള്‍ കിളിയൊഴിഞ്ഞ കൂടുകളാകുന്നു, ചിലഭവനങ്ങളില്‍ വൃദ്ധമാതാപിതാക്കള്‍ശേഷിക്കുന്നുണ്ടാവാം, പറന്നു പൊങ്ങിപ്പോകാന്‍ പറ്റാത്ത ചിലരൊക്കെ കേരളമണ്ണില്‍ ശേഷിക്കുന്നു, ഓണം കേരളമണ്ണില്‍ അനാഥവും പ്രവാസികളില്‍ സനാഥവുമാണിന്ന്‌. പാക്കറ്റുകളില്‍ ഒതുങ്ങുന്ന ഓണസദ്യയുടെ രുചിയില്‍ കൈരളീമക്കളും ഇന്ന്‌ തൃപ്‌തിയടയേണ്ടവിധം ഗതിവിഗതികള്‍ മാറിക്കൊണ്ടിരിക്കുന്നു. ജോലിക്കാരായ വീട്ടമ്മമാര്‍ക്ക്‌ അടുക്കളയില്‍ സദാ സമയം കിടന്നു പാചകം മുതലായവക്കയ്‌ിന്നെവിടെ സമയം? കേരളത്തില്‍ പുറത്തു പോയാല്‍ ആചാരാനുഷ്‌ഠാനങ്ങളും ആഘോഷങ്ങളും മലയാളി സംഘടനകളുടെ കുത്തകയായി മാറിക്കഴിഞ്ഞു. സെപ്‌റ്റമ്പര്‍ 16 നാണല്ലോ ഓണം എന്നു പറയുമ്പോള്‍ അമേരിക്കയില്‍ എന്നും ഓണമല്ലേ, പിന്നെന്തു പ്രത്യേകത എന്ന്‌ ചോദിക്കുന്ന മലയാളികളാണ്‌ ഏറെയും. ജന്മനാടിന്റെ പൈതൃകം നഷ്ടപ്പെടാതെ, ആചാരങ്ങളുടെ വൈശിഷ്‌ഠ്യം വിദേശത്താണെങ്കില്‍ത്തന്നെയും പുതിയ തലമുറയ്‌ക്കു പകര്‍ന്നു നല്‍കേണ്ടത്‌ മാതാപിതാക്കളുടെ ധര്‍മ്മമാണ്‌. പക്ഷേ ആധുനികതയുടെ അതിപ്രസരത്തില്‍ മൂല്യങ്ങള്‍ തേഞ്ഞുമാഞ്ഞു പോകുമ്പോള്‍, കടന്നുപോന്ന വഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോള്‍, ഞാന്‍ ആരാണ്‌്‌, എങ്ങനെ ഇത്രടം എത്തി എന്ന ചിന്തിക്കുമ്പോള്‍, നാം കൂടുതല്‍ വിനീതരാകേണ്ടതാണ്‌. വൃക്ഷങ്ങള്‍ എത്ര ഉയരത്തില്‍ വളര്‍ന്നാലും ഇലകള്‍ വേരുകളെ തേടിച്ചെല്ലും. എന്നാല്‍ മലയാളികളായ പലരും സ്വന്തം വേരുകള്‍ മറക്കുന്നുവെന്ന്‌ വൃഥാഭിനയം നടത്തുവാന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം വ്യക്തിത്വവും അസ്ഥിത്വവും നഷ്ടപ്പെടുകയാണ്‌്‌, നഷ്ടപ്പെടുത്തുകയാണ്‌്‌.

ഓണവും വിഷുവും ക്രിസ്‌തുമസും ഒക്കെ മറവിയുടെ മാറാലയില്‍ മറയപ്പെട്ടു പോകാതെ, പാശ്ചാത്യ വിഭൂതിയില്‍ മറയ്‌ക്കപ്പെട്ടു പോകാതെ ആ പുരാവൃത്തം തലമുറകളിലേയ്‌ക്ക്‌ കൈമാറുവാന്‍ ഓരോ കുടുംബവും സംഘടനകളും ശ്രമിക്കുന്നുവെങ്കില്‍ അവ കെടാവിളക്കുകളായി പരിഗണിക്കും.

എന്നെ ഞാനാക്കിയൊരെന്‍ ഗ്രാമചേതന എന്നാത്മതന്ത്രിയിലെ നിത്യമര്‍മ്മരമായ്‌ വിലയിക്കവേ, സ്വത്വബോധവും, സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന തിരുവോണാശംസകള്‍ കൈരളീമക്കള്‍ക്ക്‌ നേരട്ടെ!

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ (yohannan.elcy@gmail.com)
തിരുവോണം- ഒരു തിരിഞ്ഞുനോട്ടം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക