Image

പ്രണയച്ചിങ്ങം (കവിത: ഷാജന്‍ ആനിത്തോട്ടം)

Published on 14 September, 2013
പ്രണയച്ചിങ്ങം (കവിത: ഷാജന്‍ ആനിത്തോട്ടം)
പുതുമഴയില്‍ കുതിര്‍ന്ന ഈറന്‍മണ്ണിന്റെ ഗന്ധം
അന്തരീക്ഷത്തില്‍ പരക്കവെ
ഇറ്റുവീഴുന്ന മഴത്തുള്ളികളുടെ കിലുകിലുക്കം
മുത്തുമണികളുടെ ചിരികള്‍ പോലുയരുമ്പോള്‍
മുല്ലവള്ളി തേന്മാവിനോട്‌ ചോദിച്ചു-
`ചിങ്ങം വന്നു ചങ്ങാതീ, ഓണത്തിന്‌ നീ ഒരുങ്ങിയോ'

വിരിമാറിന്റെ വിശാലതയില്‍
പടര്‍ന്നുകയറിയ പരാശ്രയ സഖി
സൗഹൃദത്തിന്റെ കാലപ്പഴക്കത്തില്‍
കൊഞ്ചാനും ഹസിയ്‌ക്കാനും നേടിയ സ്വാതന്ത്ര്യം

താരള്യത്തിന്റെ തഴുകലുകള്‍ക്ക്‌
സംരക്ഷകന്റെ ഊര്‍ജ്ജം മടക്കി നല്‍കുമ്പോഴും
തേന്മാവിന്റെ ചുണ്ടില്‍ വിരിഞ്ഞത്‌ നിന്ദാഹാസം!
ഉയര്‍ന്നത്‌ ശബ്‌ദരഹിതമായൊരു നിലവിളി

ദളമര്‍മ്മരങ്ങള്‍ക്കൊപ്പം ചുടുനിശ്വാസത്തിന്റെ കനലുകള്‍
അളമുട്ടിയവന്റെ ദീനരോദനം പോലെ...
മുളങ്കാടുകളുടെ മുരള്‍ച്ചകള്‍ക്കു മുമ്പില്‍
ഇളംകാറ്റിന്റെ നിസ്സഹായതയറിഞ്ഞു മുല്ലവള്ളി

പെയ്‌തൊഴിഞ്ഞ
രാത്രിമഴയുടെ പ്രശാന്തതയോടെ
മെല്ലെമെല്ലെ തേന്മാവ്‌ വിങ്ങലുകളിറക്കി വച്ചു
നഷ്‌ട സ്വപ്‌നങ്ങളുടെ ചില്ലുജാലകം മിഴിനീരാല്‍ തുടയ്‌ക്കവെ
ഓര്‍മ്മകള്‍ക്കു സ്‌മാരകശിലകളുടെ മാര്‍ബിള്‍ തിളക്കം!!

കാലുഷ്യത്തിന്റെ അഗ്നിത്തിരകളിറക്കിവെച്ചു
ഗദ്‌ഗദത്തിന്റെ വേലിയിറക്കത്തോടെ തേന്മാവ്‌ വിലപിച്ചു
`കര്‍ക്കിടകത്തിന്റെ കലാപത്തിനൊടുവിലും
ചിങ്ങവും ഓണവും വരുമെന്ന സ്വപ്‌നമിനിയുമെന്തിന്‌?'

അത്തപ്പൂക്കളമിപ്പോളെവിടെ....
ഒത്തുചേരലിന്റെ ആഹ്ലാദമെവിടെ....
കൊട്ടും കുരവയും മുത്തുക്കുടകളും മത്താപ്പൂവും
കുട്ടികള്‍ മുഴുവന്‍ ഓടിനടക്കും തൊടികളുടമെവിടെ

എന്റെ ശിഖരങ്ങളിലില്ല ആ ഊഞ്ഞാലുകള്‍
നിന്റെ കുടുന്നയിലുണ്ടോ ആ പഴയ പൂമൊട്ടുകള്‍?
കൊന്നയും തെച്ചിയും മന്ദാരവും തുമ്പയുമുണ്ടോ
അന്നത്തെ മേളവും ആര്‍പ്പുവിളികളുമിപ്പോഴുണ്ടോ?

ഓണപ്പാട്ടുകള്‍ മൂളാനാര്‍ക്കിവിടെ നേരം
നാണം വിറ്റും നാടുഭരിക്കുന്നവരുടെ കാലം!
കൊല്ലും കൊലയും വെല്ലുവിളികളും
ഇല്ലം ചുടലും ഇടിച്ചുനിരത്തലുമെവിടെയുമിപ്പോള്‍!!

പ്രണയം പൂത്തുലയും ചിങ്ങനിലാവെവിടെ മുല്ലേ...
മരണഗന്ധം പരത്തും നിലവിളി മാത്രമുള്ള സന്ധ്യയെന്തേ?
ശവദാഹങ്ങള്‍ക്കെങ്കിലും ലഭിക്കട്ടെ ഇനിയെന്റെ ദേഹം
അവസാനമായൊരു ചുംബനം, അതുമാത്രമിനി മോഹം!!!

വിങ്ങുന്ന മാറില്‍ തലചായ്‌ച്ചുകൊണ്ട്‌
മുല്ലവള്ളി മന്ത്രിച്ചു-
`ഇല്ല, വിടില്ല നിന്നെ ഞാന്‍...
നീയെന്റെ നാഥന്‍,ഞാന്‍ നിന്റെ തോഴി
വേണ്ട നമുക്കിനി വേണ്ടാത്ത ഓര്‍മ്മകള്‍!
നിനക്കു ഞാനുണ്ട്‌, എനിക്കു നീയുണ്ട്‌
നമുക്കിനിയെന്നും മനസ്സില്‍ തിരുവോണം'!!
പ്രണയച്ചിങ്ങം (കവിത: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക