Image

ടി.പി വധക്കേസ്: കാരായി രാജനടക്കം 20 പ്രതികളെ വെറുതേവിട്ടു

Published on 10 September, 2013
ടി.പി വധക്കേസ്: കാരായി രാജനടക്കം 20 പ്രതികളെ വെറുതേവിട്ടു
കോഴിക്കോട്: റവല്യുഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍ അടക്കം 20 പ്രതികളെ വെറുതെവിട്ട് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണ കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടി ഉത്തരവായി. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയും വെറുതെ വിട്ടവരില്‍ പെടുന്നു. മതിയായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാത്ത 23 പ്രതികളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് 20 പ്രതികളെ വെറുതെ വിട്ടത്. എന്നാല്‍ മറ്റു മൂന്നു പ്രതികളുടെ അപേക്ഷ കോടതി തള്ളി. ഇന്ത്യന്‍ ശിക്ഷാ നിയമം 232 പ്രകാരം കുറ്റം ചുമത്തപ്പെട്ടവരാണ് ഈ പ്രതികള്‍. കേസിലെ 56 പ്രതികളില്‍ 23 പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ട് വിധിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.

15ാം പ്രതി അജേഷ്, 23-ാം പ്രതി, ഇ.എം ഷാജി, 26ാം പ്രതി കാരായി രാജന്‍, 32ാം പ്രതി സി.എം സുനിതന്‍, 34ാം പ്രതി പാപ്പൂട്ടി, 35ാം പ്രതി ഷോബി, 38ാം പ്രതി റോഷിത്, 40ാം പ്രതി സി.രാജന്‍, 43ാം പ്രതി കുമാരന്‍, 44ാം പ്രതി പി.വത്സണ്‍, 45ാം പ്രതി പി.സി ലാലു, 46ാം പ്രതി കെ.അനില്‍കുമാര്‍, 47ാം പ്രതി രഗീഷ്, 51ാം പ്രതി ഷിംജിത്ത്, 55ാം പ്രതി ശ്യാംജിത്ത്, 56ാം പ്രതി സരിന്‍ ശശി, 57ാം പ്രതി അശോകന്‍, 59ാം പ്രതി നാണപ്പന്‍, 75ാം പ്രതി മുകുന്ദന്‍, 76ാം പ്രതി ധനീഷ് എന്നിവരെയാണ് വെറുതെവിട്ടത്.

സാക്ഷികളെ കൊണ്ട് സംഘടിതമായി നടത്തിയ മൊഴിമാറ്റമാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് ആര്‍.എം.പി നേതാവ് എന്‍.വേണു ആരോപിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ആര്‍.എം.പി അറിയിച്ചു. എന്നാല്‍ സാക്ഷികള്‍ കൂറുമാറുകയല്ല, കോടതിയില്‍ സത്യം പറയുകയാണ് ചെയ്തതെന്ന് പ്രതിഭാഷം അഭിഭാഷകരില്‍ ഒരാളും സിപിഎം കണ്ണുര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ പി.ശശി ചൂണ്ടിക്കാട്ടി.

Join WhatsApp News
Keeramutty 2013-09-11 11:10:49
ടി.പി വധക്കേസ് കരാറായി: രാജനടക്കം 20 പ്രതികളെ വെറുതേവിട്ടു.

ഇതിങ്ങനെയേ ആകത്തുള്ളൂ എന്ന് ഏതുപൊട്ടനും അറിയാമായിരുന്നു.
(കീറാമുട്ടി)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക