Image

മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഒക്‌ടോബര്‍ 16ന്‌ റോമില്‍ സ്വീകരണം

ജോസ്‌ കുമ്പിളുവേലില്‍ Published on 12 October, 2011
മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഒക്‌ടോബര്‍ 16ന്‌ റോമില്‍ സ്വീകരണം
റോം: സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സിനഡിനാല്‍ തെരഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ റോമില്‍ ഉജ്വല സ്വീകരണം നല്‍കുന്നു. റോമിലെ സീറോ മലബാര്‍ സഭാമക്കളുടെ നേതൃത്വത്തിലാണ്‌ സ്വീകരണപരിപാടി ഒരുക്കുന്നത്‌.

ഒക്‌ടോബര്‍ 16 ന്‌ (ഞായര്‍) പ്രാദേശിക സമയം രാവിലെ 11.30 സ്വീകരണ പരിപാടികള്‍ക്ക്‌ തുടക്കമാവും. തുടര്‍ന്ന്‌ 12 ന്‌ സാന്‍ ജൊവാന്നി ലാറ്ററന്‍ ബസലിക്കയില്‍ നടക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ്പുമാരായ മാര്‍ ജോര്‍ജ്‌ വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ തോമസ്‌ ചക്യേത്ത്‌, മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, മാര്‍ ജോസഫ്‌ പെരുന്തോട്ടം എന്നിവരും റോമിലെ മലയാളികളായ വൈദികരും സഹകാര്‍മികരായിരിക്കും.

മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പായുമായി കൂടിക്കാണാന്‍ പിതാവ്‌ ഒക്‌ടോബര്‍ 11 ന്‌ റോമിലെത്തി. 17 ന്‌ (തിങ്കള്‍) രാവിലെ 11 നു ശ്രേഷഠ മെത്രാപ്പോലീത്താ കേരളത്തിലെ പിതാക്കന്മാര്‍, സീറോ മലബാര്‍ സഭാപ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം കൂടിക്കാഴ്‌ച നടത്തുന്നത്‌.

റോമിലെത്തിയ ആലഞ്ചേരി പിതാവിന്‌ സ്വീകരണ ചടങ്ങിനെ കൂടാതെ തിരക്കിട്ട പരിപാടികളാണുള്ളത്‌. വൈദിക വിദ്യാര്‍ഥി സംഗമം, അല്‍മായ പ്രതിനിധി സംഗമം, സന്യാസിനി സംഗമം, വൈദിക സംഗമം എന്നിവയില്‍ പിതാവിന്റെ സാന്നിദ്ധ്യം ശ്രേഷ്‌ഠത നിറയ്‌ക്കുന്നു.

സീറോ മലബാര്‍ സഭാ പ്രോക്കുറേറ്റര്‍ ഫാ.സ്റ്റീഫന്‍ ചിറപ്പണത്ത്‌ ആണ്‌ സ്വീകരണ പരിപാടിയുടെ കണ്‍വീനര്‍. ഫാ.ജസ്റ്റിന്‍ കോയിപ്പുറം സിഎംഐ (സന്യാസപ്രതിനിധി), ഫാ.ബിപിന്‍ തറയില്‍ (ക്‌നാനായ പ്രതിനിധി), ഫാ. റോയ്‌ വട്ടക്കാട്ട്‌ (മാര്‍ത്തോമ്മാ യോഗം) എന്നിവര്‍ ജോയിന്റ്‌ കണ്‍വീനേഴ്‌സും, വിവിധ കമ്മറ്റി കണ്‍വീനര്‍മാരായി ടോമി മൂര്‍ത്തിക്കല്‍, വിന്‍സന്റ്‌ ചക്കാലമറ്റം, ഷിബു വൈപ്പന, ജോര്‍ജ്‌ വാക്കയില്‍, ജോസ്‌മോന്‍ കമ്മട്ടില്‍, ടോമി കളത്തൂര്‍, മേരി ജോര്‍ജ്‌ പാറേക്കാടന്‍ എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

സ്വീകരണപരിപാടികളിലും ദിവ്യബലിയിലും പങ്കെടുത്ത്‌ അവര്‍ണനീയമായ ദാനത്തിന്‌ കര്‍ത്താവിന്‌ നന്ദി പറയുന്നതിനും ശ്രേഷ്‌ടപിതാവിനെ നേരില്‍കണ്‌ട്‌ ആശംസകള്‍ പങ്കുവയ്‌ക്കുന്നതിനും ഏവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക