Image

മണര്‍കാട് നട തുറന്നു; വണങ്ങാന്‍ പതിനായിരങ്ങള്‍

Published on 08 September, 2013
മണര്‍കാട് നട തുറന്നു; വണങ്ങാന്‍ പതിനായിരങ്ങള്‍
മണര്‍കാട്: വ്രതശുദ്ധിയുടെ പുണ്യത്തില്‍ നോമ്പുനോറ്റ മാതൃഭക്തര്‍ക്ക് ആത്മീയ നിര്‍വൃതിയും അനുഗ്രഹവും പകര്‍ന്നു മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ ഇന്നലെ നട തുറന്നു. 

വലിയ പള്ളിയിലെ പ്രധാന മദ്ബഹയുടെ മധ്യത്തിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന, പരിശുദ്ധ കന്യമറിയം ഉണ്ണിയേശുവിനെ കൈയിലേന്തിനില്‍ക്കുന്ന ചിത്രമാണു വിശ്വാസികള്‍ക്കു ദര്‍ശനപുണ്യം നല്‍കിയത്. 

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ ദര്‍ശനം എട്ടുനോമ്പിന്റെ ഏഴാംദിവസം പ്രാര്‍ഥനാവേളയിലാണു നടക്കുന്നത്. ദേവാലയത്തില്‍ ഏഴു ദിവസമായി നോമ്പും പ്രാര്‍ഥനയുമായി കഴിയുന്ന ഭക്തരെക്കൂടാതെ പരിശുദ്ധ അമ്മയുടെ അനുഗ്രഹവര്‍ഷം തേടി നാനാദേശങ്ങളില്‍നിന്ന് അനേകായിരങ്ങളാണു പള്ളിയങ്കണത്തില്‍ നിറഞ്ഞത്.

വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം നടന്ന മധ്യാഹ്നപ്രാര്‍ഥനയ്ക്കിടെ ഉയര്‍ന്ന അനേകായിരം കരങ്ങളും നാവുകള്‍ പ്രകീര്‍ത്തിച്ച സ്തുതിപ്പുകളും ദൈവസന്നിധിയിലെത്തിയ ഭക്തിസാന്ദ്രമായ നിമിഷത്തിലാണ് അമ്മയുടെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങള്‍ പ്രഭയാര്‍ന്ന ത്രോണോസില്‍ ദൃശ്യമായത്. 

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തിലായിരുന്നു തിരുക്കര്‍മങ്ങള്‍. രാവിലെ ശ്രേഷ്ഠ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. 

നടതുറന്നതോടെ പ്രഭ വിതറുന്ന ദിവ്യമാതാവിന്റെ പൂജ്യരൂപം ദര്‍ശിച്ച് അനുഗ്രഹം തേടുന്നതിനും കത്തീഡ്രലിലേക്കു വിശ്വാസികളുടെ വന്‍പ്രവാഹം തുടങ്ങി. അടുത്ത ശനിയാഴ്ച സായാഹ്നപ്രാര്‍ഥനയോടെ നട അടയ്ക്കും. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക