Image

സൈനിക പദവി: മോഹന്‍ലാലിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന്‌

Published on 12 October, 2011
സൈനിക പദവി: മോഹന്‍ലാലിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന്‌
കോട്ടയം: ചലച്ചിത്ര നടന്‍ മോഹന്‍ലാല്‍ സൈനിക പദവി ദുരുപയോഗിച്ചതു സംബന്ധിച്ചു രാഷ്‌ട്രപതിക്കും പ്രതിരോധമന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്‌ ചൂണ്ടിക്കാട്ടി. സൈനിക പദവി ദുരുപയോഗം സംബന്ധിച്ചു പരാതി ഉണ്ടെങ്കില്‍ പരിശോധിക്കാമെന്നുള്ള പ്രതിരോധമന്ത്രിയുടെ പ്രസ്‌താവനയോടു പ്രതികരിക്കുകയായിരുന്നു എബി. 2009-ലെ സ്വാതന്ത്ര്യദിനത്തിലാണ്‌ മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ ആഭരണക്കടയുടെ പരസ്യത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്‌. തുടര്‍ന്നു 2010 ജൂണ്‍ 1-നു രാഷ്‌ട്രപതിക്കു ഇതു സംബന്ധിച്ചു ഫൗണ്ടേഷന്‍ പരാതി നല്‍കി. രാഷ്‌ട്രപതി അന്വേഷണത്തിനായി 2010 ജൂണ്‍ മൂന്നിനു PRSEC/E/2010/08864 നമ്പര്‍ പരാതി പ്രതിരോധ മന്ത്രാലയത്തിനു കൈമാറുകയും ചെയ്‌തു. പ്രതിരോധവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി അരുണ്‍കുമാര്‍ ബാലിനായിരുന്നു ചുമതല. തുടര്‍ന്നു നടപടിയുണ്ടായില്ലെന്നു മാത്രമല്ല ലെഫ്‌റ്റനന്റ്‌ കേണല്‍ പദവി വിപണനത്തിനായി ലാല്‍ തുടര്‍ന്നും ദുരുപയോഗിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2011 ഏപ്രില്‍ എട്ടിനു പാലായില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ എത്തിയ പ്രതിരോധമന്ത്രിക്ക്‌ പരാതി നല്‍കി. 21-നു ഇതു സംബന്ധിച്ച മറുപടിയും എ.കെ. ആന്റണി നല്‍കിയിട്ടുണ്ട്‌.

എന്നിട്ടും പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന വിധത്തിലുള്ള പ്രസ്‌താവന ഖേദകരമാണ്‌. ദേശസ്‌നേഹപരമെന്നു പറയുന്ന കച്ചവട സിനിമകളില്‍ പ്രതിഫലം പറ്റി അഭിനയിച്ചതിനു മോഹന്‍ലാലിനു സൈനിക പദവി നല്‍കിയത്‌ അനുചിതമാണെന്നു ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ദുരുപയോഗം പകല്‍പോലെ സത്യമാണെന്നിരിക്കെ കണ്ടെത്താന്‍ ഭൂതകണ്ണാടി തിരയേണ്ട കാര്യമില്ല. മോഹന്‍ലാലിനു പദവി നല്‍കിയതുമൂലം എത്രപേര്‍ സൈന്യത്തില്‍ എത്തിയെന്നു പ്രതിരോധമന്ത്രാലയം വ്യക്തമാക്കണം. സൈനികരെ കേവലം പ്രചാരണത്തിന്റെ പേരില്‍ റിക്രൂട്ട്‌ ചെയ്യുന്നത്‌ അപകടകരമാണ്‌. കാര്‍ഗിലിലും മുംബൈ ഭീകരാക്രമണത്തില്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരെ മുന്‍നിര്‍ത്തിയാവണം സൈന്യത്തില്‍ ആളെ കണ്ടെത്താമെന്നും ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു. ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന മദ്യപരസ്യം, നികുതി വെട്ടിപ്പ്‌ തുടങ്ങിയവയിലൂടെ ദുര്‍മാതൃകയായ മോഹന്‍ലാലിനു ഒരു നിമിഷംപോലും പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. അടിയന്തിരമായി ലഫ്‌റ്റനന്റ്‌ കേണല്‍ പദവി തിരിച്ചെടുത്തു പദവി ദുരുപയോഗം ചെയ്‌ത ലാലിനെതിരെ നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. പേരിനൊപ്പം പത്മശ്രീ ചേര്‍ക്കരുതെന്ന നിബന്ധന നിലവിലിരിക്കെ ഇതു ദുരുപയോഗം ചെയ്യുന്ന ലാലിനെതിരെ നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
സൈനിക പദവി: മോഹന്‍ലാലിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക