Image

കവി വിജയലക്ഷ്‌മിയ്‌ക്ക്‌ പത്മപ്രഭാ പുരസ്‌കാരം

Published on 08 September, 2013
കവി വിജയലക്ഷ്‌മിയ്‌ക്ക്‌ പത്മപ്രഭാ പുരസ്‌കാരം
കല്‍പ്പറ്റ: പ്രശസ്‌ത കവി വിജയലക്ഷ്‌മിക്ക്‌ ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം ലഭിച്ചു. 75,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. ഒക്ടോബര്‍ നാലിന്‌ കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ ഭാരതീയ ജ്ഞാനപീഠം ഡയറക്ടര്‍ രവീന്ദ്ര കാലിയ പുരസ്‌കാരം സമ്മാനിക്കും. മലയാളം സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ പത്മപ്രഭാ സ്‌മാരക പ്രഭാഷണം നടത്തുമെന്ന്‌ സ്‌മാരകട്രസ്റ്റ്‌ ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു.

സി.വി. ബാലകൃഷ്‌ണന്‍ അധ്യക്ഷനും വി.കെ. ശ്രീരാമന്‍, റഫീക്ക്‌ അഹമ്മദ്‌ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു.

വിജയലക്ഷ്‌മി എറണാകുളം സെന്‍റ്‌ തെരേസാസ്‌ കോളേജില്‍നിന്ന്‌ ജന്തുശാസ്‌ത്രത്തില്‍ ബിരുദവും എറണാകുളം മഹാരാജാസ്‌ കോളേജില്‍നിന്ന്‌ മലയാളസാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദവും നേടി.

മൃഗശിക്ഷകന്‍, തച്ചന്റെ മകള്‍, മഴതന്‍ മറ്റേതോ മുഖം, ഹിമസമാധി, അന്ത്യപ്രലോഭനം, ഒറ്റമണല്‍ത്തരി, അന്ധകന്യക, മഴയ്‌ക്കപ്പുറം, അന്ന അഹ്മത്തോവയുടെ കവിതകള്‍ (വിവര്‍ത്തനം), ജ്ഞാനമഗ്‌ദലന എന്നിവയാണ്‌ പ്രധാന കവിതാസമാഹാരങ്ങള്‍.

ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, അങ്കണം സാഹിത്യപുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വൈലോപ്പിള്ളി അവാര്‍ഡ്‌, ഉള്ളൂര്‍ സ്‌മാരകപുരസ്‌കാരം, വി.ടി. ഭട്ടതിരിപ്പാട്‌ പുരസ്‌കാരം, പി. കുഞ്ഞിരാമന്‍ നായര്‍ സ്‌മാരകപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.
കവി വിജയലക്ഷ്‌മിയ്‌ക്ക്‌ പത്മപ്രഭാ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക