Image

ഡാലസിലെ ഓണ വിശേഷങ്ങള്‍ (മീനു എലിസബത്ത്‌)

മീനു എലിസബത്ത്‌ Published on 07 September, 2013
ഡാലസിലെ ഓണ വിശേഷങ്ങള്‍ (മീനു എലിസബത്ത്‌)
സെപ്‌റ്റംബര്‍ മാസം വന്നു. കൂടെ ഓണവും. ചാനലുകള്‍ പൂവിളി തുടങ്ങിയിട്ട്‌ കുറെ ദിവസങ്ങളായി.

കൊച്ചുകേരളത്തില്‍ വിലക്കയറ്റം ഒരു മാറാവ്യാധിപോലെ പടര്‍ന്നു പിടക്കുന്നു. പച്ചക്കറികളുടെ അന്യായവിലയാണ്‌ കുറെ ദിവസങ്ങളായി കേള്‍ക്കുന്ന പ്രധാന വാര്‍ത്ത. തമിഴ്‌നാട്ടില്‍ നിന്നും ചുളുവിലയ്‌ക്ക്‌ പച്ചക്കറി വാങ്ങി, , കേരളത്തിലത്‌ ലോകത്തെങ്ങുമില്ലാത്ത വിലക്ക്‌ വില്‌ക്കുന്നുവെനനാണ്‌ കച്ചവടക്കാരെക്കുറിച്ചുള്ള ആരോപണം.

ഓണസദ്യ ഒരുക്കുവാന്‍ സാധാരണക്കാര്‍ ഇപ്രാവശ്യം കുറെ പാട്‌ പെടുമെന്ന്‌ പത്രങ്ങളും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, സ്ഥിതിഗതികള്‍ ഓണമാകുമ്പോഴേക്കും മാറി മറയുമെന്നും വില കുറയുമെന്നും കേരള മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ഉറപ്പു നല്‌കുന്നുണ്ട്‌.

ഈ വാര്‍ത്തകളെല്ലാം കണ്ടു കഴിയുമ്പോള്‍ നമ്മള്‍ വിദേശ മലയാളികളിവിടെയിരുന്നു നെടുവീര്‍പ്പിടും. ഓണത്തിന്‌ ഇതുപോലെ വിലക്കയറ്റം വന്നാല്‍ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എങ്ങനെ ഓണമാഘോഷിക്കുമെന്നോര്‍ത്താണ്‌ മിക്കപേര്‍ക്കും വിഷമം. സ്വഭാവികം.

പക്ഷെ നമ്മള്‍ ആധിപിടിക്കേണ്ട കാര്യമില്ല. ബിപിഎല്ലുകാര്‍ക്ക്‌ സര്‍ക്കാര്‍ പ്രത്യേക സ്റ്റാളുകളും ബൂത്തുകളും തുടങ്ങും. അല്ലാത്തവരെല്ലാം കാര്യങ്ങള്‍ അടിപൊളിയായി നടത്തിക്കോളും.

സത്യത്തില്‍, ഓണവും മാവേലിയുമെല്ലാം നമ്മുടെ കൂടെ അമേരിക്കയ്‌ക്കും പേര്‍ഷ്യക്കും പോന്നിട്ട്‌ നാളെത്രയായി. കേരളത്തില്‍, വലിയ പട്ടണങ്ങളിലും ചാനലുകളിലും മാത്രമേ ഇന്ന്‌ ഓണവും പൂക്കളവും ഊഞ്ഞാലാട്ടവും ഒള്ളു.

പട്ടണങ്ങളിലെ വീടുകളിലൊന്നും സ്‌ത്രീകള്‍ ഓണസദ്യ ഉണ്ടാക്കി നേരം കളയാറില്ല. ഉപ്പേരി മുതല്‍ പായസം വരെ അടങ്ങുന്ന പായ്‌ക്കറ്റ്‌ ഓണ സദ്യ വാങ്ങുവാന്‍ കിട്ടും. പോയി വാങ്ങുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുവന്നു തരും. ഇല പോലും അവര്‍ കൊണ്ടു വരും. കൈയും കഴുകി നാം ഉണ്ണാന്‍ തയാറായാല്‍ മാത്രം മതി.

ഗൃഹാതുരത്വം ഒരു അവകാശമായി കൊണ്ട്‌ നടക്കുന്ന വിദേശ മലയാളികള്‍, (ഗള്‍ഫ്‌, അമേരിക്ക, യുറോപ്പ്‌) ഒരു മാസത്തില്‍ കൂടുതലായി ഓണത്തിനുള്ള തയാറെടുപ്പ്‌ തുടങ്ങിയിട്ട്‌. മലയാളികളുള്ള എല്ലാ വലിയ, ചെറിയ പട്ടണങ്ങളിലും ആള്‍ക്കാര്‍ മാവേലിയെ വരവേല്‌ക്കാനായി ഒരുങ്ങിക്കഴിഞ്ഞു.

നേഴ്‌സുമാരൊക്കെ നേരത്തെ അവധിക്ക്‌ അപേക്ഷ കൊടുത്തു. അസോസിയേഷനുകള്‍ ഉള്ളിടത്തും, ഇല്ലാത്തിടത്തും സെപ്‌റ്റംബര്‍ ആദ്യ വാരം മുതല്‍ എല്ലാ വാരാന്ത്യങ്ങളിലും വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്‌തു കൊണ്ടിരിക്കുന്നു.

മിക്കയിടത്തും സ്‌ത്രീകള്‍ തിരുവാതിരയും, മറ്റു ഡാന്‍സുകളും എത്രയോ ദിവസങ്ങളായി പരിശീലനം തുടങ്ങിക്കഴിഞ്ഞു. യു ട്യുബിലെ തിരുവാതിര വീഡിയോകള്‍ക്ക്‌ എന്താ ഒരു ഡിമാന്റ്‌്‌?!!. ലോകത്തിന്റെ ഏതു കോണിലും മലയാളി ഓണം നടത്തിയ വീഡിയോകള്‍ യു ട്യുബിലുണ്ട്‌. നന്ദി യു ട്യൂബ്‌ നന്ദി. നിങ്ങളീ ഭൂമിയിലില്ലായിരുന്നെങ്കില്‍?!!.. ഗൂഗിളിനെക്കുറിച്ചും അങ്ങനെ തന്നെ പറഞ്ഞു പോകും. വന്ദനം അറിവിന്‍ പൊരുളേ, ഗൂഗിള്‍ മഹാഗുരോ !!!

ഞങ്ങളുടെ മാര്‍ത്തോമ്മാ പള്ളിയിലെ യുവജനസഖ്യക്കാര്‍ മുന്‍കൈയെടുത്ത്‌ നാട്ടില്‍ വീടില്ലാത്തവര്‍ക്ക്‌ വീട്‌ വെച്ച്‌ കൊടുക്കുവാനായി നടത്തുന്ന ഒരു ഫണ്ട്‌ റെയിസിംഗിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടിയില്‍ തിരുവാതിര കളിക്കാന്‍ എന്നെയും ക്ഷണിച്ചു.

കേട്ടപ്പോള്‍ എനിക്കൊരു ഞെട്ടലുണ്ടായെങ്കിലും സമചിത്തത വീണ്ടെടുത്ത്‌ ഞാന്‍ അവരോട്‌ ഉള്ള സത്യം പറഞ്ഞു. എനിക്ക്‌ ഡാന്‍സിന്റെ യാതൊരു ബാലപാഠവും അറിയില്ലെന്ന്‌്‌. ഞാന്‍ ഒരു `dansily challenged ആയ ഒരു ജീവിയാണെന്നും, എന്നെ പഠിപ്പിച്ചെടുക്കുവാന്‍ വളരെ പാടുപെടുമെന്നും എല്ലാം വളരെ വിനയത്തോടെ പറഞ്ഞു നോക്കി. പക്ഷെ പിള്ളേര്‍ വിടാന്‍ ഭാവമില്ല.

`അല്ല ചേച്ചി..ഞങ്ങള്‍ക്ക്‌ ആളില്ലാഞ്ഞിട്ടാ , ചേച്ചി, വെറുതെ ഒന്ന്‌ വന്നു നിന്ന്‌ ആള്‌ തികച്ചാല്‍ മതി...സ്റ്റെപ്പ്‌ ഒന്നും വലിയ പാടില്ല, വളരെ ഈസിയായി പഠിക്കാവുന്നതേയുള്ളു. പിള്ളേര്‍ എന്നെ ആശ്വസിപ്പിച്ചു.

`നിങ്ങള്‍ ചെയ്യുന്നതെന്തെന്ന്‌നിങ്ങള്‍ അറിയുന്നില്ല മക്കളെ, അമേരിക്കയില്‍ വന്നപ്പോള്‍ മുതല്‍ ഞാനിതു പോലെ പലയിടത്തും ഡാന്‍സും തിരുവാതിരയും കളിക്കാന്‍ പോയിട്ടുണ്ടെങ്കിലും ഒരൊറ്റ സ്റ്റേജില്‍ പോലും മര്യാദയ്‌ക്ക്‌, മുഴുവന്‍ സ്റ്റെപ്പും തെറ്റാതെ കളിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല എന്ന സത്യം പറയണമെന്നുണ്ടായിരുന്നെങ്കിലും,(ദുര) അഭിമാനം അതിനെന്നെ അനുവദിച്ചില്ല.

ലിറ്റില്‍ റോക്കിലെ എന്റെ സുഹൃത്തുക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഞാന്‍ ഡാന്‍സ്‌ ചെയ്യാന്‍ പഠിച്ചിട്ടില്ല. ആദ്യമൊക്കെ എന്നെ തിരുവാതിരക്ക്‌ വിളിച്ചിരുന്നു. അന്നു ഞങ്ങള്‍ ആകെ ഇരുപതു കുടുംബങ്ങള്‍ തികച്ചില്ല.

പിന്നിട്‌ കമ്പ്യൂട്ടര്‍ കുഞ്ഞുങ്ങളെല്ലാം നാട്ടില്‍ പോയി കല്യാണം കഴിച്ച്‌ ഡാന്‍സ്‌ പഠിച്ചിട്ടുള്ള നല്ല മിടുക്കി പെണ്‍ പിള്ളേര്‍ വന്നപ്പോള്‍ പിന്നിട്‌ ഒരിക്കലും എന്നെ ആരും തിരുവാതിരയ്‌ക്കോ ഡാന്‍സിനോ വിളിച്ചിട്ടില്ല.. നേരമില്ലാ നേരത്ത്‌, എന്നെപ്പോലെ ഡാന്‍സ്‌ അറിയാത്ത സാധനങ്ങളെ പഠിപ്പിച്ചെടുക്കുവാന്‍ ആര്‍ക്ക്‌ നേരം?

എന്തായാലും എന്റെ പ്രിയ ഭര്‍ത്താവിനോട്‌ ഞാന്‍ അന്നു തന്നെ ഈ കാര്യം ചര്‍ച്ച ചെയ്‌തു. അതി ഭീകരമായ എന്തോ വാര്‍ത്ത കേട്ടതു പോലെയായിരുന്നു അദ്ദേഹത്തിന്റെ മുഖഭാവം. വളരെ കാര്യമായി അദ്ദേഹം എന്നോട്‌ പരിപാടിയുടെ ഡേറ്റ്‌ ചോദിക്കുന്നത്‌ കേട്ടപ്പോള്‍ എനിക്ക്‌ സന്തോഷമായി.

പക്ഷെ, `എനിക്കക്ക്‌ ഓഫ്‌ ആണ്‌, പക്ഷെ, നീ തിരുവാതിര കളിക്കുവാണേല്‍ ഞാന്‍ വരുന്നേ ഇല്ല... എനിക്ക്‌ അത്‌ കാണാനുള്ള ശക്തിയില്ല...തന്നെയല്ല, എന്റെ പെണ്ണെ, നീ കളിച്ച്‌ കളിച്ചു, വല്ല പിള്ളേരുടേം മേത്തോട്ടെങ്ങാനും ഉരുണ്ടു വീണാല്‍...അതുങ്ങടെ പൊടി കാണത്തില്ല, നമ്മളെ വല്ലോരും സു ചെയ്യും കേട്ടോ. അത്‌ കൊണ്ട്‌, എന്റെ പൊന്നു കുഞ്ഞ്‌..വീട്ടിലെങ്ങാനും ഇരി.... ചിരിച്ചു കൊണ്ടാണെങ്കിലും തമാശയ്‌ക്കാണെങ്കിലും പറഞ്ഞത്‌ ഇതൊക്കെയാണ്‌.

അദ്ദേഹത്തെ ഞാന്‍ കുറ്റം പറയില്ല. ഇത്‌ കഴിഞ്ഞും ഞങ്ങള്‍ക്കിവിടെ ജീവിക്കണമല്ലോ എന്നാണ്‌ പുള്ളിയുടെ പേടി.

എന്തായാലും പിള്ളേര്‌ വിളിച്ചതല്ലേ, അവര്‍ക്കാളില്ലാത്തതല്ലേ, ഒരു മാസം പോയി തിരുവാതിര ഡാന്‍സ്‌ കളിച്ചാല്‍ നാലഞ്ചു പൗണ്ട്‌ തടി ആയിനത്തില്‍ പോയി കിട്ടുമല്ലോ എന്നെല്ലാമോര്‍ത്തു ഞാന്‍ പോകാമെന്ന്‌്‌ ഉറപ്പിച്ചു. ഡാന്‍സ്‌ പ്രാക്‌ടീസിനു ചെന്നപ്പോഴല്ലെ, അറിയുന്നത്‌ അവിടെ, ഞാനൊഴികെ എല്ലാവരും ഡാന്‍സ്‌ അല്‌പ്പമെങ്കിലും പഠിച്ചിട്ടുള്ളവരാണ്‌.

വളരെ തന്മയത്വത്തോടെ, മെയ്വഴക്കത്തോടെ, താരയെന്ന സുന്ദരി, ഡാന്‍സിന്റെ സ്റ്റെപ്പുകള്‍ കാണിച്ചു തരുമ്പോള്‍ ഞാനൊഴികെ എല്ലാ പേരും അത്‌ വളരെ പെട്ടെന്ന്‌ തന്നെ ഹൃദിസ്ഥാക്കി.. ആദ്യമൊക്കെ, താര കൊച്ചു പിള്ളേരെ, കൈ പിടിച്ച്‌ ക്ഷ, ള്ള എന്നെഴുതിക്കുന്നത്‌ പോലെ, എന്റെ കൂടെ നിന്ന്‌, ഓരോ സ്റ്റെപ്പും, കൈയിലും കാലിലുമെല്ലാം പിടിച്ചു ചെയ്യിച്ചു നോക്കി...

എവിടെ..കയ്യൊക്കുന്നിടത്ത്‌ കാലു വല്ല വഴിക്കും, പോകും. കാലൊക്കുന്നിടത്ത്‌ കൈയ്‌ അതിന്റെ തോന്നിയ വഴിക്കും പോകും...പാവം താരസുന്ദരി . എന്തായാലും, ഫോണിന്റെ ക്യാമറയില്‍ എല്ലാ ദിവസവും, താര എന്ന ഗുരുവിന്റെ നടന വൈഭവം റിക്കാര്‍ഡു ചെയ്‌തു കൊണ്ട്‌ വന്നു, വീട്ടില്‍ പ്രാക്‌ടീസ്‌ ചെയ്‌തു നോക്കിയാണ്‌ ഞാന്‍ ഒരു മാതിരി പഠിച്ചു വെച്ചിരിക്കുന്നത്‌. പാവം പിള്ളേര്‍ എന്നെ പഠിപ്പിച്ചു പഠിപ്പിച്ച്‌ മടുത്തു. ഇനി വരുന്ന പോലെ വരട്ടെ എന്നാണവരുടെ ചിന്ത. ഈശരോ രക്ഷതു...

ഡാലസിലെ ഓണക്കാലങ്ങള്‍ക്ക്‌ എടുത്തു പറയത്തക്ക ചില പ്രത്യേകതകളാക്കെയുണ്ട്‌്‌. വലിയൊരു ആകര്‍ഷണം ശ്രീ മാളിയേക്കല്‍ സണ്ണിചേട്ടന്റെ ഇന്ത്യാ ഗാര്‍ഡന്‍ ഹോട്ടലിലെ കിടിലന്‍ ഓണസദ്യയാണ്‌. ഒട്ടും അതിശയോക്തിയില്ലാതെ തന്നെ പറയാം. അതൊരു അനുഭവം തന്നെയാണ്‌.

ഓണസദ്യയുടെ പതിമൂന്നു കൂട്ടം കറികളും രുചിയൂറുന്ന പലതരം പായസങ്ങളും ഉണ്ടാക്കാന്‍ അറിയാന്‍ വയ്യാത്തവരും നേരമില്ലാത്തവരുമായ എല്ലാവര്‍ക്കും സണ്ണിയുടെ ഈ ഓണസദ്യ ഒരു അനുഗ്രഹം തന്നെ.

കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഒരു ഞായറാഴ്‌ച കുടുംബമായി ഓണസദ്യ കഴിക്കാന്‍ പോയതിന്റെ രുചി, ഇന്നും നാവില്‍ നിന്നും മായുന്നില്ല. എന്താ കറികളുടെ ഒരു സ്വാദ്‌..നാട്ടില്‍ വെച്ചുപോലും ഇത്ര രുചികരമായ ഒരു ഓണ സദ്യ ഞാന്‍ കഴിച്ചതായി ഓര്‍മയില്ല.. എല്ലാ വിഭവങ്ങളും രുചിയില്‍ മത്സരിക്കുന്നു.

സണ്ണി അങ്കിളിന്റെ ഹോട്ടലിലെ ഓണ സദ്യയെക്കുറിച്ച്‌ മക്കള്‍ കുറെ ദിവസമായി ചോദിക്കാന്‍ തുടങ്ങിയിട്ടു. മലയാളംപത്രത്തിന്റെ വായനക്കാര്‍ ആരെങ്കിലും ഈ വരുന്ന വാരാന്ത്യങ്ങളില്‍ ഡാലസില്‍ വരുന്നുുണ്ടെങ്കില്‍ തീര്‍ച്ചയായും, ഇന്ത്യാ ഗാര്‍ഡനില്‍ വന്ന്‌ ഓണസദ്യ ഉണ്ണാന്‍ മറക്കരുതേ. ഇല്ലെങ്കില്‍ നിങ്ങള്‍ക്കാണ്‌ നഷ്‌ടം.

അതുപോലെ തന്നെ, വളരെ പ്രത്യേകത നിറഞ്ഞ ഒരു കലാനുഭവമാണ്‌ ഡാലസിലെ കേരള അസോസിയേഷനും എന്‍ എസ്‌ എസ്സുകാരും പ്രത്യേക തീയതികളില്‍ നടത്തുന്ന ഓണാഘോഷങ്ങള്‍. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനായ കേരളാ അസോസിയേഷന്‍ കലാപരിപാടികളില്‍ മേന്മ പുലര്‍ത്തുമ്പോള്‍, എന്‍. എസ്‌ എസുകാരുടെ ഓണസദ്യയുടെ രുചി ഡാലസുകാര്‍ക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഇനി അങ്ങോട്ട്‌ ഒക്‌ടോബര്‍ അവസാനം വരെ നമ്മള്‍ അമേരിക്കന്‍ മലയാളികള്‍ ഓണം ആഘോഷിച്ചെന്നിരിക്കും. അതൊക്കെ നമ്മള്‍ നമ്മുടെ സൗകര്യം പോലെ ചെയ്യും. ഓണം ആഘോഷിക്കാന്‍ മാത്രമായി നമ്മള്‍ ചിലപ്പോള്‍ ഒരു പുതിയ സംഘടനയുണ്ടാക്കിയെന്നുമിരിക്കും.

ആരൊക്കെ ഓണം ആഘോഷിച്ചാലും ഞങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ സന്തോഷം. ഈ ഓണമൊന്നുമില്ലെങ്കില്‍ ഞങ്ങള്‍ ശീമാട്ടിയില്‍ നിന്നും ജയലഷ്‌മിയില്‍ നിന്നും ആലുക്കാസില്‍ നിന്നും വാങ്ങിക്കൊണ്ടുവന്നു വെച്ചിരിക്കുന്ന വിലയേറിയ ഓണക്കോടികളൊക്കെ എന്നാ ചെയ്യും.? ആണുങ്ങള്‍ക്ക്‌ ആ പേരിലെല്ല, പകല്‍ രണ്ടു സ്‌മോളടിക്കാനൊക്കെ പറ്റു ?!! .....അതുകൊണ്ട്‌്‌ അടുത്ത ക്രിസ്‌മസ്‌ വരെ ഓണം ആഘോഷിച്ചാലും നമ്മള്‍ അമേരിക്കാന്‍ മലയാളികള്‍ക്ക്‌ സന്തോഷം.

എന്തായാലും, പാര്‍ട്ടിക്കു പോയി സ്‌മോളടിച്ചു വരുന്ന പുരുഷ പ്രജകള്‍, ദയവു ചെയ്‌ത്‌ വണ്ടിയോടിക്കരുതേ. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഒരു പട്ടണത്തില്‍, ഓണാഘോഷം കഴിഞ്ഞ്‌ കള്ളു കുടിച്ചു വണ്ടിയോടിച്ചു വന്ന ഗൃഹനാഥന്‍ ഉണ്ടാക്കിയ അപകടത്തില്‍ അയാള്‍ക്ക്‌ നഷടമായത്‌ കുടുംബം മുഴുവനുമാണ്‌.

ക്രിസ്‌മസ്‌ കാലത്തെ പോലെ ഇത്‌ ഓര്‍മിപ്പിക്കുവാനോ, കള്ളുകുടിച്ചു വണ്ടിയോടിക്കുന്നവരെ വീട്ടില്‍ കൊണ്ട്‌്‌ ചെന്നു വിടുവാന്‍ പ്രത്യേക സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ നമ്മള്‍ അന്യോന്യം കാത്തു കൊള്ളുക. കൂടുതല്‍ ഓണവിശേഷങ്ങളുമായി അടുത്ത ആഴ്‌ച തത്സമയത്തിലൂടെ കാണാമെന്ന പ്രത്യാശയോടെ. (കടപ്പാട്‌: മലയാളം പത്രം)

See also last year's article

http://www.emalayalee.com/varthaFull.php?newsId=31521&page=1
ഡാലസിലെ ഓണ വിശേഷങ്ങള്‍ (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക