Image

മലയാളത്തിന്റെ നഷ്ടപ്പെട്ട നീലാംബരി

കെ.കെ.ജോണ്‍സണ്‍ Published on 30 May, 2011
മലയാളത്തിന്റെ നഷ്ടപ്പെട്ട നീലാംബരി
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയും ലോകപ്രശസ്ത കവയിത്രിയുമായ മാധവിക്കുട്ടി എന്ന കമലാദാസ് കടന്നു പോയിട്ട് രണ്ടു വര്‍ഷം തികയുന്നു. മാധവിക്കുട്ടി എന്ന പേരില്‍ ഇംഗ്ലീഷിലും അറുപതു വര്‍ഷത്താളം അവര്‍ ഭാരതീയ സാഹിത്യമണ്ഡലത്തില്‍ ജ്വലിച്ചു നിന്നു. മനസ്സിന്റെ നന്മയും നിഷ്‌കളങ്കതയും സത്യസന്ധമായി തന്റെ കഥകളിലൂടെയും കവിതകളിലൂടെയും ആവിഷ്‌കരിച്ചതിന്റെ പേരില്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും മാനസികപീഡനങ്ങള്‍ക്കും നടുവിലൂടെയാണ് അവര്‍ ജീവിച്ചത്. കാപട്യങ്ങളും പൊയ്മുഖങ്ങളുമില്ലാതെ ഇത്രയും സത്യസന്ധമായി രചനകള്‍ നടത്തിയിട്ടുള്ള മറ്റൊരു സാഹിത്യകാരി ഇന്‍ഡ്യയില്‍ ഉണ്ടായിട്ടില്ല. സ്ത്രീ പുരുഷബന്ധങ്ങളിലെ സമസ്യകള്‍, വ്യവസ്ഥിതികള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട് എരിഞ്ഞുതീരേണ്ടിവരുന്ന സ്ത്രീ ജീവിതങ്ങള്‍, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അഭിവാഞ്ച, നഷ്ടപ്പെട്ട ബാല്യത്തിന്റെ നന്മകള്‍, വാര്‍ദ്ധക്യത്തിന്റെ ഏകാന്തതയും ദുഃഖങ്ങളും തുടങ്ങിയവയാണ് മാധവിക്കുട്ടിയുടെ രചനകളിലെ പ്രധാന പ്രമേയങ്ങള്‍.

തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി ബാലാമണി അമ്മയുടെയും മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്ന വി.എം. നായരുടെയും മകളായി 1934 ല്‍ കമല ജനിച്ചു. പ്രിയപ്പെട്ടവര്‍ കമലയെ ആമി എന്നു വിളിച്ചു. പ്രസിദ്ധ സാഹിത്യകാരനായിരുന്ന നാലപ്പാട്ട് നാരയണമേനോന്‍ അമ്മാവന്‍. റിസര്‍വ് ബാങ്കില്‍ ഉന്നത ഉദ്യോഗസ്ഥനും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഇന്‍ഡ്യയിലെ ചീഫ് കണ്‍സല്‍ട്ടന്റുമായിരുന്ന മാധവദാസ് ആയിരുന്നു ഭര്‍ത്താവ്.

അക്കാദമിക് ബിരുദങ്ങളില്ലെങ്കിലും അഗാഥമായ വായനയിലൂടെ അവര്‍ ഇംഗ്ലീഷ് ഭാഷയിലും മലയാളത്തിലും അസാധാരണമായ അറിവു നേടി. എട്ടാമത്തെ വയസ്സു തുടങ്ങി അമ്മാവനായ നാലപ്പാട്ട് നാരായണമേനോന്‍ വിവര്‍ത്തനം ചെയ്ത വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍'പോലുള്ള ക്ലാസിക്കുകള്‍ വായിക്കാന്‍ തുടങ്ങി. പത്താം വയസ്സില്‍ 'അവളുടെ വിധി' എന്ന പേരില്‍ മാതൃഭൂമി ബാലപംക്തിയില്‍ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു.

പ്രശസ്തരായ എഴുത്തുകാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും കമലയുടെ എഴുത്തിലേക്കുള്ള വഴി പരവധാനി വിരിച്ചതൊന്നുമായിരുന്നില്ല. മുത്തശ്ശിയുടെ വാത്സല്യചിറകിന്‍ കീഴില്‍ മഴവില്ലിനേയും പൂമ്പാറ്റകളേയും സ്വപ്നം കണ്ടുനടന്നിരുന്ന കമലയ്ക്ക് പതിനാലാം വയസ്സില്‍ നടത്തപ്പെട്ട വിവാഹം ഒരാഘാതമായിരുന്നു. ഒമ്പതാം തരത്തില്‍ കണക്കിന് മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ ഒരു ശിക്ഷ പോലെ നടത്തപ്പെട്ടതാണ് തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള ആളുമായുള്ള വിവാഹമെന്നു അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം കല്‍ക്കട്ട, ഡെല്‍ഹി, ബോംബെ പോലെയുള്ള നഗരങ്ങളില്‍ മാറിമാറിയുള്ള ജീവിതം, ഇളം പ്രായത്തിലെ മാതൃത്വം, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തുടങ്ങിയവയ്‌ക്കൊന്നും മാധവിക്കുട്ടിയിലെ എഴുത്തുകാരിയെ തളര്‍ത്താനാവുമായിരുന്നില്ല. ഗൃഹജോലികളെല്ലാം തീര്‍ത്ത് ഭര്‍ത്താവും കുട്ടികളും ഉറങ്ങികഴിയുമ്പോള്‍ ഊണുമേശയില്‍ ഇരുന്നുതന്നെ പുലരുവോളം അവര്‍ എഴുതിയിരുന്നു. വിശ്രമമില്ലാത്ത ജീവിതചര്യ അവരുടെ ആരോഗ്യത്തേയും സാരമായി ബാധിച്ചു.

കല്‍ക്കട്ട ജീവിതത്തിനിടയില്‍ പ്രസിദ്ധീകരിച്ച 'കല്‍ക്കട്ടയിലെ വേനല്‍' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം വളരെ അധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ്‌കൃതികള്‍ക്കുള്ള 'കെന്റ് അവാര്‍ഡ്' ഈ കൃതി നേടി. സമര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ദ ലസ്റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്‌ളേ ഹൗസ്, കലക്റ്റട് പോയംസ് തുടങ്ങിയവയാണ് ഇംഗ്ലീഷില് പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങള്‍.

'എന്റെ കഥ' എന്ന പേരില്‍ മലയാള നാട് വാരികയില്‍ പ്രസിദ്ധീകരിച്ച ആത്മകഥ മലയാളത്തില്‍ മാത്രമല്ല ഇന്‍ഡ്യയൊട്ടുക്കും തന്നെ കോളിളക്കം സൃഷ്ടിച്ച ഗ്രന്ഥമാണ്. പതിനഞ്ച് വിദേശ ഭാഷകളിലേക്ക് ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'നരിച്ചീറുകള്‍ പറക്കുമ്പോള്‍, പക്ഷിയുടെ മരണം, എന്റെ സ്‌നേഹിത അരുണ, തരിശുനിലം, മാനസി, ചന്ദനമരങ്ങള്‍, മനോമി, നീര്‍മാതളം പൂത്തകാലം തുടങ്ങി അനവധി പുസ്തകങ്ങള്‍ മലയാളത്തിലും പ്രസിദ്ധീകരിച്ചു.
കെന്റ് അവാര്‍ഡ് കൂടാതെ ഏഷ്യന്‍ പോയട്രി പ്രൈസ്, ആശാന്‍ വേള്‍ഡ് പ്രൈസ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ചന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി അനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

മാധവിക്കുട്ടി ഒരു സാഹിത്യകാരി മാത്രമല്ല ഒരു നല്ല ചിത്രകാരിയും ഒരു മാദ്ധ്യമ കോളമിസ്റ്റും കൂടിയായിരുന്നു. ഇലസ്‌ട്രേറ്റഡ് വീക്കിലിയുടെ പോയട്രി എഡിറ്റര്‍, 'പോയറ്റ്' മാസികയുടെ ഓറിയന്റ് എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, കേരള ഫോറസ്ട്രി ബോര്‍ഡ് ചെയര്‍മാന്‍ എന്നി പതവികളും വഹിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ മരണശേഷം ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ സംരക്ഷകനായ ഒരു സുഹൃത്തിനു വേണ്ടി അവര്‍ ആഗ്രഹിച്ചു. അതിനായി ഒരു മതം മാറ്റത്തിനും അവര്‍ നിര്‍ബന്ധിതയായി. അങ്ങനെ മാധവിക്കുട്ടി കമലാസുരയ്യയായി. പക്ഷേ ആഗ്രഹിച്ചതു പോലെയായിരുന്നില്ല തുടര്‍ന്നുള്ള കാര്യങ്ങള്‍. മതം മാറ്റം താന്‍ ചെയ്ത ഏറ്റവും അബദ്ധമായിരുന്നു എന്ന് തന്റെ സുഹൃത്തും കനേഡിയന്‍ എഴുത്തുകാരിയുമായ മെരിലിന്‍ വൈസ്‌ബോര്‍ഡിനോട് ജീവിതാന്ത്യത്തില്‍ അവര്‍ തുറഞ്ഞു പറഞ്ഞിരുന്നു.

ജീവിതത്തിന്റെ അവസാനകാലം തന്റെ മകനോടൊപ്പം പൂനയിലാണ് അവര്‍ താമസിച്ചത്. 2009 മേയ്യ 31 ന് പൂനയില്‍ വച്ച് അന്തരിച്ച അവരുടെ ശരീരം കേരളത്തില്‍ കൊണ്ടുവന്ന് തിരുവനന്തപുരം പാളയം ജൂമാമസ്ജിദില് സംസ്‌കരിച്ചു.
മലയാളത്തിന്റെ നഷ്ടപ്പെട്ട നീലാംബരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക