Image

അധ്യാപകദിനം വരുമ്പോള്‍: ഡി. ബാബുപോള്‍

Published on 04 September, 2013
അധ്യാപകദിനം വരുമ്പോള്‍:  ഡി. ബാബുപോള്‍
ഇന്നലെ തലസ്ഥാന നഗരത്തിലെ ഒരു എയ്‌ഡഡ്‌ സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ഓണപ്പൂക്കളമിടാന്‍ പോയിരുന്നു. നഗരമധ്യത്തിലെങ്കിലും എന്‍െറ ബാല്യകാലസ്‌മരണകള്‍ ഉണര്‍ത്തിയ ഒരു പൂര്‍വാഹ്നം.

1946. തിരുവിതാംകൂര്‍ മഹാരാജ്യത്തില്‍ ഇടവത്തിലെ ആദ്യ തിങ്കളാഴ്‌ചയാണ്‌ പള്ളിക്കൂടങ്ങള്‍ തുറന്നിരുന്നത്‌. ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ആയിരുന്ന അച്ഛന്‌ പള്ളിക്കൂടത്തിന്‍െറ പറമ്പില്‍ തന്നെ മാനേജര്‍ വീട്‌ അനുവദിച്ചിരുന്നതിനാല്‍ ജനിച്ചപ്പോള്‍ മുതല്‍ പള്ളിക്കൂടത്തിന്‍െറ മണം പരിചിതമായി. അമ്മയും അധ്യാപികയായിരുന്നതിനാല്‍ അമ്മയുടെ കൂടെയാണ്‌ ആദ്യനാള്‍ പുറപ്പെട്ടതും. പരിഭ്രമം ഒന്നും ഉണ്ടായിരുന്നിരിക്കാനിടയില്‌ളെന്ന്‌ ചുരുക്കം.

അച്ഛന്‍ ഹെഡ്‌മാസ്റ്റര്‍ ആയിരുന്ന പള്ളിക്കൂടത്തില്‍ െ്രെപമറി വിഭാഗം ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ സര്‍ക്കാര്‍ സ്‌കൂളിലാണ്‌ ചേര്‍ന്നത്‌. അവിടെ ഏഴാംക്‌ളാസ്‌ വരെയാണ്‌ അന്ന്‌. `ഹയര്‍' എന്ന ഒമ്പതാംക്‌ളാസ്‌ പഠിച്ചവരായിരിക്കും ഹെഡ്‌മാസ്റ്ററും ഒന്നാം സാറും.

കുന്നത്തുനാട്‌ താലൂക്കിലെ രായമംഗലം പഞ്ചായത്തില്‍ കുറുപ്പംപടി മലയാളം സ്‌കൂള്‍. പ്രധാനകെട്ടിടത്തിന്‌ അടച്ചുപൂട്ടൊക്കെ ഉണ്ട്‌. ഇരുണ്ട മുറികളായിരുന്നു. പോരെങ്കില്‍ ഒരുതരം കറുത്ത ടാര്‍ അടിച്ചതാണ്‌ ഭിത്തി. ഇരുളില്‍ ഇരുട്ടേറ്റുന്ന ഇരുള്‍. വയ്‌ക്കോല്‍ മേഞ്ഞ കൂര. അടുത്ത്‌ ഒരു തുറന്ന കെട്ടിടം. അരഭിത്തിയേ ഉള്ളൂ. ക്‌ളാസുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന സ്‌ക്രീന്‍ ഒന്നും ഇല്ല. ഒന്നാം ക്‌ളാസിലെ രാമന്‍െറ മുതുകത്ത്‌ രണ്ടാം ക്‌ളാസിലെ സീതയുടെ മുതുക്‌ തട്ടാതിരിക്കാന്‍ ബെഞ്ചുകള്‍ അല്‍പം അകറ്റിയിട്ടിരുന്നു; അത്രതന്നെ.

ഒന്നാം മണിയടിക്കുമ്പോള്‍ ക്‌ളാസില്‍ കയറണം. രണ്ടാം മണി കഴിഞ്ഞാല്‍ വഞ്ചീശമംഗളം പാടും. അത്‌ മുതിര്‍ന്ന ക്‌ളാസിലെ ഗാനകോകിലങ്ങള്‍ മൂന്നുനാല്‌ പേര്‍. വഞ്ചിഭൂമിപതേ ചിരം, സഞ്ചിതാഭം ജയിക്കണം. മൂന്നാമത്തെ മണിയോടെ വേറെ ചില ശബ്ദങ്ങള്‍ കേള്‍ക്കാം. ഹെഡ്‌മാസ്റ്റര്‍ വലിയസ്വാമി സാര്‍ എന്ന കളമ്പാട്ടുമഠം അനന്തപത്മനാഭയ്യര്‍ രഘുപതി അയ്യര്‍ പ്രധാന കെട്ടിടത്തിന്‍െറ ജനാലപ്പാളികളില്‍ വടികൊണ്ട്‌ അടിക്കുന്നതാണ്‌ ഒന്നാമത്തെ ശബ്ദം. മുണ്ടും കോട്ടും തലപ്പാവുമാണ്‌ സാറിന്‍െറ വേഷം.

ആ `ജനലടി'യോടെ ആരവം ഒന്നൊതുങ്ങും. പിന്നെയാണ്‌ ക്‌ളാസിലെ അധ്യാപിക മേശപ്പുറത്ത്‌ ചൂരല്‍കൊണ്ട്‌ അടിക്കുന്നത്‌. ശബ്ദം രണ്ട്‌. സയലേനസ്‌ എന്ന വിളിയോടെ ഹാജര്‍പുസ്‌തകം തുറക്കപ്പെടുകയും പേരുകള്‍ വിളിക്കപ്പെടുകയും ചെയ്യുന്നു. ഇന്നത്തെ പോലെ പ്രെസന്‍റ്‌ സേര്‍, പ്രെസന്‍റ്‌ മാം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ഒന്നുമില്ല. ഹാഗ്ഗേജര്‍ എന്നാണ്‌ ഞങ്ങള്‍ പറയേണ്ടത്‌.

ഒപ്പം പഠിച്ച കുട്ടികളില്‍ മിക്കവരും ഓര്‍മയില്‍നിന്ന്‌ മറഞ്ഞു. പെരുമ്പാവൂരില്‍ ബീഡി തെറുത്തിരുന്ന പി.കെ. തോമസ്‌ ഒരിക്കല്‍ പിന്നില്‍നിന്ന്‌ വന്ന്‌ കെട്ടിപ്പിടിച്ച്‌ `ദ്‌ മ്പടെ ബാബ്വല്‌ളേ' എന്ന്‌ പറഞ്ഞപ്പോള്‍ പാലക്കാട്‌ കലക്ടറുടെ ഗണ്‍മാന്‍ ഞെട്ടിയത്‌ ഓര്‍മയുണ്ട്‌. കെ.എസ്‌.ആര്‍.ടി.സിയുടെ ചെയര്‍മാനെ മുഖം കാണിക്കാന്‍ ഡി.ടി.ഒ വരുമ്പോള്‍ ഒപ്പംവരുന്ന െ്രെഡവര്‍ മത്തായിയെ മറക്കാവതല്ല. അങ്ങനെ വരുമ്പോള്‍ കണ്ണുകാട്ടി പിരിയും; ഒറ്റക്ക്‌ വരുമ്പോള്‍ കസാല വലിച്ചിട്ടിരുന്ന്‌ നാട്ടുവര്‍ത്തമാനം പറയും. പിന്നെ മേലോട്ട്‌ പഠിച്ചവര്‍. ചീഫ്‌ എന്‍ജിനീയറായ രാജു, സൂപ്രണ്ടിങ്‌ എന്‍ജിനീയര്‍ ആയ കേശവന്‍, വ്യവസായ വകുപ്പില്‍ ജോയന്‍റ്‌ ഡയറക്ടറായ പൗലോസ്‌, പിന്നെ കുറേപ്പേര്‍ അധ്യാപകരായി: കനകം, തുളസി, ഏലിയാമ്മ, ശൂലപാണിവാര്യര്‍. ഇന്നലെ ഇവരെയൊക്കെ ഓര്‍ത്തു.

നഗരമധ്യത്തിലെ എയ്‌ഡഡ്‌ സ്‌കൂളില്‍ നഗരത്തിന്‍െറ കാപട്യങ്ങളില്ലാതെ ഓണപ്പൂക്കളം ഇട്ട കുട്ടികള്‍ ഓര്‍മകളെ ആറര പതിറ്റാണ്ട്‌ പിന്നാക്കം വലിച്ചു. അപ്പോള്‍ ഞാന്‍ എന്‍െറ അധ്യാപകരെയും ഓര്‍ത്തു.

പഴയകാലത്തേതുപോലെ ഏക ഗുരുവിന്‍െറ കീഴില്‍ വിദ്യാഭ്യാസം നടത്തുന്ന രീതിയല്ല ഇന്ന്‌ നമ്മുടേത്‌. അതിനാല്‍ െ്രെപമറി സ്‌കൂള്‍ മുതല്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ ജീവിതത്തില്‍ ഒന്നിലധികം അധ്യാപകരുടെ സ്വാധീനമുണ്ടാകും. എന്‍െറ കാര്യം പറയുകയാണെങ്കില്‍ െ്രെപമറി സ്‌കൂളിലും മിഡില്‍ സ്‌കൂളിലും ഹൈസ്‌കൂളിലുമെല്ലാം എന്നെ ഏറെ സ്വാധീനിച്ച അധ്യാപകരുണ്ട്‌. പല അധ്യാപകരും പല തരത്തിലാണ്‌ സാധീനിച്ചത്‌ എന്നുമാത്രം. അതുകൊണ്ടുതന്നെ ജീവിതത്തിലെ വഴിവിളക്കായി ഒരു അധ്യാപകനെ മാത്രം ചൂണ്ടിക്കാണിക്കുക സാധ്യമല്ല. എങ്കിലും എന്‍െറ സാഹിത്യവാസനയെയും മലയാള ഭാഷയെയും വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്‌ത മലയാളം അധ്യാപകനായ പി. വര്‍ഗീസ്‌ സാറിനെ ഞാനിപ്പോള്‍ ഹൃദയപൂര്‍വം ഓര്‍മിക്കുന്നു. എന്നിലെ സാഹിത്യ വാസനയെ ആദ്യം വളര്‍ത്തിയത്‌ അച്ഛനാണ്‌. പിന്നീട്‌ ഇക്കാര്യത്തില്‍ എനിക്ക്‌ കടപ്പാടുള്ളത്‌ വര്‍ഗീസ്‌ സാറിനോടും. എന്‍െറ ഭാഷാസ്‌നേഹത്തെയും താല്‍പര്യത്തെയും അദ്ദേഹം ഏറ്റവും ഗുണപരമായ രീതിയില്‍ സ്വാധീനിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി എം.ജി.എം ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായി അദ്ദേഹം എത്തുന്നത്‌ പാമ്പാടിയില്‍നിന്നാണ്‌. രണ്ട്‌ വര്‍ഷം എന്‍െറ അധ്യാപകനായിരുന്നു അദ്ദേഹം.

ഞാന്‍ സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞപ്പോള്‍ അവിടെനിന്നും സ്ഥലംമാറി പോവുകയും ചെയ്‌തു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്നെ പഠിപ്പിക്കാന്‍ എം.ജി.എം സ്‌കൂളിലേക്ക്‌ അദ്ദേഹം എത്തിയതുപോലെ തോന്നാറുണ്ട്‌. ദൈവത്തിന്‍െറ ഒരു വലിയ അനുഗ്രഹമായി ഞാനിതിനെ കാണുന്നു. എന്‍െറ രചനകളില്‍ പലപ്പോഴും ധാരാളം സംസ്‌കൃതപദങ്ങള്‍ അറിയാതെ കടന്നുവരാറുണ്ട്‌. ഒരു ഉള്‍പ്രേരണയിലെന്നപോലെ സംഭവിക്കുന്നതാണ്‌ ഇത്‌. ഈ സംസ്‌കൃത സ്വാധീനവും വര്‍ഗീസ്‌ സാര്‍ വഴി ലഭിച്ചതാണ്‌.
തിരുവനന്തപുരത്തെ യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന്‌ ഓണേഴ്‌സ്‌ പഠനം പൂര്‍ത്തിയാക്കിയ സാര്‍ ക്‌ളാസില്‍ ധാരാളമായി സംസ്‌കൃത വാക്കുകള്‍ ഉപയോഗിക്കുമായിരുന്നു. ഹൈസ്‌കൂള്‍ കാലം എന്നുപറയുന്നത്‌ മനസ്സിലേക്ക്‌ കടന്നുവരുന്ന അക്ഷരങ്ങളും ബിംബങ്ങളുമെല്ലാം ആഴത്തില്‍ പതിയുന്നൊരു കാലം കൂടിയാണല്‌ളോ. വര്‍ഗീസ്‌ സാറിന്‍െറ രൂപവും ഭാവവും അധ്യയന രീതിയും എന്‍െറ കൗമാര മനസ്സില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.

സാധാരണ രീതിയില്‍നിന്ന്‌ വ്യത്യസ്‌തമായാണ്‌ പാഠ്യവിഷയങ്ങള്‍ സാര്‍ അവതരിപ്പിച്ചിരുന്നത്‌. ഒരു ഉദാഹരണം പറഞ്ഞാല്‍ ഒരു കാവ്യഭാഗം ഉദ്ധരിച്ചിട്ട്‌ സന്ദര്‍ഭം വിവരിച്ച്‌ ആശയം വിശദമാക്കുക എന്ന ചോദ്യത്തിന്‌ ഉത്തരം എഴുതുമ്പോള്‍ വര്‍ഗീസ്‌ സാര്‍ പറഞ്ഞുതന്നിരുന്ന ഒരു കാര്യമുണ്ട്‌. `മഹാകവി ഉള്ളൂര്‍ രചിച്ചത്‌ എന്ന്‌ എഴുതാതെ ഉജ്ജ്വല ശബ്ദദാര്‍ഢ്യനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഉള്ളൂര്‍' എന്ന്‌ എഴുതണം. സാധാരണ മാനങ്ങളില്‍നിന്നും മാറിച്ചിന്തിക്കാനുള്ള ഒരു പ്രേരണ ഇതിലൂടെ എനിക്ക്‌ ലഭിക്കുകയായിരുന്നു. മലയാളഭാഷയില്‍ നല്ല വാക്കുകള്‍, ആര്‍ജവമുള്ള ഭാഷാപ്രയോഗങ്ങള്‍ നടത്തുവാന്‍ വര്‍ഗീസ്‌ സാര്‍ കുട്ടികളെ പഠിപ്പിച്ചു.

മൂന്നുനാല്‌ വര്‍ഷം മുമ്പ്‌ പാമ്പാടി പ്രദേശത്ത്‌ ഒരു ചടങ്ങില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ ഞാന്‍ വര്‍ഗീസ്‌ സാറിന്‍െറ വീട്ടില്‍ പോയിരുന്നു.സംഘാടകരോട്‌ അദ്ദേഹത്തെക്കുറിച്ച്‌ ചോദിച്ചറിഞ്ഞ്‌ വീട്‌ കണ്ടത്തെി പോവുകയായിരുന്നു. എത്രയോ കാലങ്ങള്‍ക്കുശേഷം വര്‍ഗീസ്‌ സാറിനെ ഞാന്‍ കാണുകയാണ്‌. സാറിന്‌ വയസ്സായിരിക്കുന്നു.

അന്നത്തെ കൗമാരക്കാരനില്‍നിന്ന്‌ ഞാനും എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും സാറിന്‍െറ കാല്‍ തൊട്ടുവന്ദിക്കുമ്പോള്‍ ഞാന്‍ പഴയ പത്താംക്‌ളാസുകാരന്‍ ബാബുവായി. കണ്ണുകളടച്ചു കൈകൂപ്പി നിന്നപ്പോള്‍ മലയാള ഭാഷയുടെ സൗന്ദര്യവും ശക്തിയും ആവാഹിച്ചെടുക്കുന്ന വര്‍ഗീസ്‌ സാര്‍ എനിക്കുമുന്നില്‍ ഏറെ ഉയര്‍ന്നുനിന്നു.

സാര്‍ ക്‌ളാസില്‍ പഠിപ്പിക്കുന്നതും കുട്ടികള്‍ക്കൊപ്പം മുളപ്പന്‍ചിറ എന്ന കുളത്തില്‍ നീന്തുന്നതും ഞാന്‍ കണ്ടു. കാലത്തിന്‍െറ സര്‍വത്രതന്ത്രങ്ങളെയും മാറ്റങ്ങളെയും തോല്‍പിച്ചുകൊണ്ട്‌ എന്‍െറ മുന്നില്‍ പഴയ തേജസ്സോടെ എന്‍െറ അധ്യാപകന്‍ നിന്നു. എന്‍െറ ഔദ്യോഗികമായ വളര്‍ച്ച ദൂരെനിന്നും കണ്ടിരുന്ന വര്‍ഗീസ്‌ സാര്‍ അരനൂറ്റാണ്ടിനിപ്പുറം നേരില്‍ കണ്ടപ്പോള്‍ എന്‍െറ തലയില്‍ കൈവെച്ച്‌ അനുഗ്രഹിച്ചു. പഴയ ശിഷ്യനെ കണ്ട കണ്ണുകള്‍ നിറയുന്നതും ഞാന്‍ കണ്ടു.

എന്‍െറ ശവസംസ്‌കാരവേളയില്‍ കേള്‍പ്പിക്കാനായി രേഖപ്പെടുത്തി വെച്ചിട്ടുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ ഞാന്‍ ഓര്‍മിക്കുന്ന ചില അധ്യാപകര്‍ എന്നെ പഠിപ്പിച്ചത്‌ മൂന്നും നാലും ക്‌ളാസുകളിലാണ്‌. അഞ്ചര വയസ്സില്‍ ആദ്യത്തെ പ്രസംഗം പറയാന്‍ പെരുമ്പാവൂരിലെ ഒരു പൊതുവേദിയില്‍ എന്നെ കയറ്റിനിര്‍ത്തിയിട്ട്‌ കൈവിട്ട സംസ്‌കൃതവിദ്വാന്‍ കുര്യന്‍സാര്‍. പേഷ്‌ക്കാറായാലും ആശാനെ മറക്കരുതെന്ന്‌്‌ ഒരു കഥ പറഞ്ഞ്‌ പഠിപ്പിച്ച മത്തായി സാര്‍. പില്‍ക്കാലത്ത്‌ ഐ.എ.എസ്‌ ജയിച്ചതിന്‌ ശേഷം ഡിപാര്‍ട്‌മെന്‍റല്‍ ടെസ്റ്റ്‌ എഴുതുമ്പോള്‍ പോലും ഞാന്‍ അനുഗ്രഹം തേടി പാദപൂജ നടത്തിയിരുന്ന എന്‍െറ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ വലിയസ്വാമി സാര്‍. ആലുവയില്‍ പ്രീയൂനിവേഴ്‌സിറ്റിക്ക്‌ പഠിക്കുമ്പോള്‍ ഒരിക്കല്‍ കെമിസ്‌ട്രിക്ക്‌ മാര്‍ക്ക്‌ കുറഞ്ഞപ്പോള്‍ പത്ത്‌ കൊല്ലം കഴിഞ്ഞ്‌ കലക്ടറാകാനുള്ളവനാണ്‌, ഒഴപ്പി നടക്കുന്നോ എന്ന്‌ ശാസിച്ച സ്‌നേഹധനനായ അനന്തരാമന്‍ സാര്‍. അവരൊക്കെ പഠിപ്പിച്ചതിന്‍െറ ആകത്തുകയില്‍നിന്ന്‌ ഞാന്‍ െ്രെപവറ്റായി പഠിച്ചെടുത്ത തോന്നിയവാസങ്ങള്‍ കിഴിക്കുമ്പോള്‍ കിട്ടുന്ന നീക്കി ബാക്കിയെ ഞാന്‍ ഗുരുകൃപ എന്ന്‌ വിളിക്കുന്നു. 1946 മുതല്‍ 1962 വരെ എന്നെ പഠിപ്പിച്ച ഗുരുജനങ്ങളെ ഈ അധ്യാപകദിനത്തില്‍ നമസ്‌കരിക്കട്ടെ ഞാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക