Image

ഗ്യാസ് സ്റ്റേഷനില്‍ മലയാളികളുടെ മലക്കറി കൃഷി.

എ.സി.ജോര്‍ജ് Published on 11 October, 2011
ഗ്യാസ് സ്റ്റേഷനില്‍ മലയാളികളുടെ മലക്കറി കൃഷി.

ഹ്യൂസ്റ്റണ്‍ : ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡില്‍ ചെറിയാന്‍ സക്കറിയാ-ഡെയ്‌സി ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ജെ.ആന്‍ഡ് സി. മൊബൈല്‍ ഗ്യാസ് സ്റ്റേഷനിലാണ് മലയാളി തനിമയാര്‍ന്ന ഈ മലക്കറി കൃഷിത്തോട്ടം. മലയാളികളുടെ അനേക വ്യാപാരസ്ഥാപനങ്ങളുള്ള സ്റ്റാഫോര്‍ഡിലെ മര്‍ഫിറോസിലാണ് ഈ മൊബേല്‍ ഗ്യാസ് സ്റ്റേഷന്‍ . വാഹനങ്ങള്‍ക്ക് ഗ്യാസ് അടിയ്ക്കാന്‍ എത്തുന്നവര്‍ക്ക് ഈ കേരളീയ കൃഷിതോപ്പ് ഏറ്റവും കൗതുകരമാണ്. ഇവിടത്തെ കുടിയേറ്റക്കാരായ ഭാരതീയര്‍ മാത്രമല്ല സായപ്പും മദാമ്മയും ഒക്കെ ഈ കേരളീയ മലകൃഷിയെ ഉറ്റു നോക്കാറുണ്ട്. പല ചെടിയിനങ്ങള്‍ ഇവിടെയുണ്ടെങ്കിലും ഗ്യാസ് സ്റ്റേഷന്‍ ഉടമകളായ ചെറിയാന്‍ സക്കറിയാകകും ഡെയ്‌സിക്കും ഏറ്റവും പ്രിയം പാവല്‍ കൃഷിയോടും ചേനകൃഷിയോടുമാണ്. ചേനത്തണ്ടും ചെറുപയറുമാണ് അവരുടെ ഇഷ്ടഭോജ്യം. ഗ്യാസ് അടിയ്ക്കാന്‍ വരുന്നവര്‍ക്കു മാത്രമല്ലാ ആവശ്യപ്പെടുന്ന ഏവര്‍ക്കും ഉള്ളതു പോലെ ചേനയും പാവക്കായും സൗജന്യമായി അവര്‍ നല്‍കും. ഈ ഗ്യാസും അതിന്റെ തീപിടിച്ച വിലയും ബിസിനസും ഒരു ഗൗരവമേറിയ ആനക്കാര്യം തന്നെയാണെങ്കിലും അതിനിടയില്‍ വളരെ ലളിതമായ ഈ "ചേന"ക്കാര്യവും ഈ ദമ്പതിമാര്‍ വിവരിക്കും.

1980
ലാണ് ചെറിയാന്‍ സക്കറിയായും ഡെയ്‌സിയും അമേരിക്കയിലെ ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ റോക്ക്‌ലാന്റ് കൗണ്ടിയിലെ നാവുനറ്റിലേയ്ക്ക് കുടിയേറിയത്. ന്യൂയോര്‍ക്ക് സിറ്റിയിലെ വാള്‍സ്ട്രീറ്റിലെ ഒരു ബാങ്കിംഗ് സ്ഥാപനത്തില്‍ 15 കൊല്ലത്തോളം ജോലി നോക്കി. പിന്നീട് റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ നാനുവറ്റ് മാളില്‍ ചെറിയൊരു ഗ്രോസറി ഷോപ്പും ഇന്ത്യന്‍ റിഫ്രഷ്‌മെന്റ് സ്റ്റാളും ആരംഭിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ കൊടിയ തണുപ്പും മഞ്ഞുവീഴ്ചയും അവര്‍ക്കു ദുസ്സഹമായതോടെ പുതിയ മേച്ചില്‍ സ്ഥലമായ ഹ്യൂസ്റ്റനിലേക്ക് കൂടുമാറ്റം നടത്തി. ഹ്യൂസ്റ്റനിലെത്തി ഒത്തിരി പ്രതിസന്ധികളെ തരണം ചെയ്ത്, കഠിനാധ്വാനം ചെയ്ത് കൊച്ചു കൊച്ചു ബിസിനസ്സിലൂടെ 17 വര്‍ഷത്തെ ഹ്യൂസ്റ്റന്‍ താമസത്തിനു ശേഷം ഒരു ചെറിയ ബിസിനസ് സാമ്രാജ്യം തന്നെ ചെറിയാന്‍ സക്കറിയാ-ഡെയ്‌സിമാര്‍ നേടിയെടുത്തു. ന്യൂ മാര്‍ട്ട് ഗ്രൂപ്പ് ഓഫ് ബിസിനസ്, ജെ.ആന്‍ഡ് സി. മൊബൈല്‍ ഗ്യാസ് സ്റ്റേഷന്‍, യുണൈറ്റഡ് ഫുഡ് സ്റ്റോര്‍ , ഗോ ഫോര്‍ ഇറ്റ് ഫുഡ്‌സ്റ്റോര്‍ , പ്ലാസാ ഷോപ്പിംഗ് സെന്റര്‍ , സൈല്‍ ഓഫ് സക്‌സസ് ഇന്‍വെസ്റ്റേര്‍സ്, സ്പീഡി സ്റ്റോഫ് തുടങ്ങി നിരവധി ബിസിനസ് അവര്‍ക്ക് സ്വന്തമായിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ വഴി ധാരാളം പേര്‍ക്ക് ഇവര്‍ തൊഴിലും നല്‍കുന്നുണ്ട്. ഏഴു ദിവസവും പ്രഭാതത്തില്‍ 4 മണിക്ക് ചെറിയാന്‍ സക്കറിയായുടെ പ്രവര്‍ത്തിദിനം ആരംഭിക്കുകയായി. അതു രാത്രി 10 മണി വരെ നീളും. അടി ഉറച്ച ദൈവവിശ്വാസിയായി ഈ പത്തനംതിട്ട ജില്ലക്കാരന്‍ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ദൈവകൃപയാലുണ്ടായ സംതൃപ്തി മാത്രം. ജിസന്‍ ചെറിയാന്‍ , ക്രിസ് ചെറിയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണവര്‍ക്ക്. ഉന്നത ബിരുദധാരികളായ അവരിരുവരും രണ്ടു കോര്‍പ്പറേഷനുകളില്‍ ഉന്നത ജോലി അലങ്കരിക്കുന്നു. രണ്ടാമത്തെ മകന്‍ ക്രിസ് ചെറിയാന്‍ ഹ്യൂസ്റ്റനിലെ നല്ലൊരു ബാസ്‌ക്കറ്റ് ബോള്‍ പ്ലെയര്‍ കൂടിയാണ്.

പത്തനംതിട്ട ജില്ലയിലെ ഒരു കൃഷിവല കുടുംഹത്തില്‍ ജനിച്ച ചെറിയാന്‍ സക്കറിയാ എവിടെ പോയാലും എന്തു വ്യാപാരം നടത്തിയാലും ആ വന്നവഴി-കാര്‍ഷിക വഴി-മറക്കാറില്ലാ എന്നതിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് അദ്ദേഹത്തിന്റെ ഈ പെട്രോള്‍ ബങ്കിലെ- ഗ്യാസ് സ്റ്റേഷനിലെ മലയാള-മലക്കറി കൃഷി. ചൊറിയുന്ന ചേനയാണ് അദ്ദേഹത്തിന് ഏറ്റവും പഥ്യം. ന്യൂയോര്‍ക്കിലെ വാസസ്ഥലത്തും വീട്ടുവളപ്പിലും ചട്ടികളിലുമായി വിവിധ ഇനം വിത്തുകള്‍ കേരളത്തില്‍ നിന്ന് കൊണ്ടുവന്ന് ഇവര്‍ കൃഷി ചെയ്തിരുന്നു. കൃഷിയെ പറ്റി സംസാരിക്കുമ്പോള്‍ ഇവര്‍ക്ക് നൂറ് നാവാണ്.

ഗ്യാസ് സ്റ്റേഷനില്‍ മലയാളികളുടെ മലക്കറി കൃഷി.
തന്റെ ഗ്യാസ് സ്റ്റേഷനിലെ ചേനകൃഷിയുടെ ഇടയില്‍ ചേന തണ്ടില്‍ പിടിച്ച് ചെറിയാന്‍ സക്കറിയാ
ഗ്യാസ് സ്റ്റേഷനില്‍ മലയാളികളുടെ മലക്കറി കൃഷി.
ഗ്യാസ് സ്റ്റേഷനിലെ കൃഷിതോപ്പില്‍ ഇടത്തുനിന്ന് ലേഖകന്‍ - എ.സി.ജോര്‍ജ്, ബിസിനസ് ഉടമ ചെറിയാന്‍ സക്കറിയായോടൊപ്പം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക