Image

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published on 11 October, 2011
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: നിര്‍മല്‍ മാധവ് പ്രശ്‌നവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടുണ്ടായ പൊലീസ് വെടിവെപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. എ പ്രദീപ്കുമാറാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കൂത്തുപ്പറമ്പ് വെടിവെയ്പിന് ശേഷം നടന്ന ഏറ്റവും ഭീകരമായ സംഭവമാണ് കോഴിക്കോട്ട് നടന്നതെന്ന് പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി. അസിസ്റ്റന്റ് കമ്മീഷണര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് വെടിവെക്കുകയായിരുന്നു.

എന്നാല്‍ നിര്‍മ്മലിന് പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മുഖ്യമന്ത്രി ഒരു നിസ്സഹായനായ വിദ്യാര്‍ഥിക്ക് പഠിക്കാന്‍ സാഹചര്യമുണ്ടാക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. വെടിവെയ്പിനെക്കുറിച്ച് ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കിട്ടിയ ശേഷം നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ അകാരണമായി വെടിവെച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പരിക്കേറ്റ പോലീസുകാരെ ആസ്പത്രിയിലെത്തിക്കാന്‍ പോലും അനുവദിക്കാത്ത സമരമുറ വേണമോ എന്ന് ചിന്തിക്കണമെന്ന് ചോദിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് മുദ്രവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. വെടിവെച്ച പോലീസുകാരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളി തുടര്‍ന്നു. പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക