Image

ഒരു കുടയുടെ സഞ്ചാരം-(നോവല്‍: ഭാഗം രണ്ട്)- റെജീഷ് രാജന്‍

റെജീഷ് രാജന്‍ Published on 30 August, 2013
ഒരു കുടയുടെ സഞ്ചാരം-(നോവല്‍: ഭാഗം രണ്ട്)- റെജീഷ് രാജന്‍


'ഇത് സാറിന്റെ കുടയാണോ ? ' പ്യൂണ്‍ ശിവന്‍ ഇന്‍ഷുറന്‍സ് അഡ്വൈസര്‍ വിനോദ് ജോര്‍ജിനോടു ചോദിച്ചു.
'എവിടെ നോക്കട്ടെ', കുട എടുത്തു നോക്കി വിനോദ് ജോര്‍ജ് പറഞ്ഞു 'അല്ല എന്റെയല്ല, ഇതെവിടെയാ കണ്ടത് ?'
'ദോ ഈ പേ സ്ലിപ് കൌണ്ടര്‍, അവിടെ ആരെങ്കിലും മറന്നു വെച്ചതാവും. ഏതായാലും സാറ് കയ്യില്‍ വെച്ചോ. ആരെങ്കിലും ചോദിച്ചു വന്നാല്‍ സാറ് അത് എടുത്തു കൊടുത്താല്‍ മതി.' ശിവന്‍ പറഞ്ഞു.
'ഇനി ആര് വരാന്‍ ? ബാങ്ക് ഇപ്പോള്‍ അടയ്ക്കും. ഇനി തിങ്കളാഴ്ച എങ്ങാനും ഇതന്വേഷിച്ചു ആള് വന്നാലായി. ഏതായാലും ഞാന്‍ ഇത് മേശയ്ക്കടിയില്‍ വെച്ചേക്കാം.' വിനോദ് പറഞ്ഞു.

ശിവന്‍ തിരികെ പോയപ്പോള്‍ വിനോദ് ആ റോസ് കളര്‍ കുട ചുമ്മാ ഒന്ന് എടുത്തു നോക്കി. കുടയുടെ കളര്‍ വിനോദിന് വല്ലാതെ ഇഷ്ടപ്പെട്ടു. തിങ്കളാഴ്ച ഇതന്വേഷിച്ചു  ആരും വന്നില്ലെങ്കില്‍ ഇത് സ്വന്തമായി ഉപയോഗിക്കാം എന്ന് തന്നെ തീരുമാനിച്ചു. കുട ചുമ്മാ നിവര്‍ത്തി നോക്കി അത് മൊത്തത്തില്‍ ഒന്ന് വീക്ഷിക്കുന്നതിന്റെ ഇടയിലാണ് കുടയുടെ ചുവടെ ഏതാണ്ട് മധ്യ ഭാഗത്തായി മഞ്ഞ നിറത്തിലുള്ള എംബ്രോയിഡറി വര്‍ക്ക് വിനോദ് ശ്രദ്ധിച്ചത്. ''With lots of love, Renuka' ' എന്ന് ഭംഗിയുള്ള അക്ഷരങ്ങളില്‍ തുന്നി വെച്ചിരിക്കുന്നു.
അപ്പോള്‍ ഈ കുട ഒരു പ്രസന്റ്‌റ് ആണല്ലേ. ഒന്നുകില്‍ കാമുകി കാമുകന് വേണ്ടി വാങ്ങിച്ചതാവം. അല്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിനു കൊടുക്കാന്‍ വേണ്ടി വാങ്ങിയ ഒരു വിവാഹ വാര്‍ഷിക സമ്മാനം ആവാം. അപ്പോള്‍ പിന്നെ ഞാന്‍ ഈ കുട സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് ശരിയല്ല. വിനോദ് ആ കുട മേശക്കടിയില്‍ വെച്ചു.
'അതെ ആ മാനേജര്‍ സാറിനെ തിരക്കുന്നുണ്ട്. വേഗം ചെല്ലാന്‍ പറഞ്ഞു.' ശിവന്‍ ഇതും പറഞ്ഞു മേശപ്പുറത്തിരുന്ന ഒഴിഞ്ഞ ചായ കപ്പുമായി സ്ഥലം വിട്ടു.
'ഇയാല്‍ക്കിനി എന്ത് പണ്ടാരമാ വേണ്ടത് ?, നേരത്തെ വീട്ടില്‍ പോകാനും സമ്മതിക്കൂലെ ? ' മനസ്സില്‍ പ്രാകിക്കൊണ്ട് വിനോദ് മാനേജറിന്റെ ക്യാബിനില്‍ പ്രവേശിച്ചു.

'ഇരിക്കു മിസ്റ്റര്‍ വിനോദ്, so, how are things going on? Any improvement in current target?'
'സര്‍ നമ്മള്‍ ഇത് ഇന്നലെ ഡിസ്‌കസ് ചെയ്തതാണല്ലോ. അന്നേരം കണക്കു പ്രകാരം ഒന്‍പതു പേരെ ആണ് ഞാന്‍ ഈ മാസം പുതുതായി ചേര്‍ത്തത്. ഈ ഒരു ദിവസത്തിനിടയില്‍ പുതുതായി വേറെ ആരും ചേര്‍ന്നിട്ടുമില്ല.'
'എന്ന് പറഞ്ഞാല്‍ എങ്ങനാ ? കാശല്ലേ, അല്ലാതെ ചക്ക ചുള ഒന്നുമല്ലല്ലോ മാസം ഒന്നാം തിയ്യതി ശമ്പളം ആയിട്ടങ്ങോട്ടു എണ്ണി തരുന്നത് ? അതിനുള്ള ആത്മാര്‍ഥത എങ്കിലും കാണിച്ചു കൂടെ ?' മാനേജര്‍ ജോസിന്റെ ശബ്ദം കുറെ കൂടി ഉച്ചത്തില്‍ ആ ക്യാബിനില്‍ മുഴങ്ങി.
'സര്‍ ഇങ്ങനെ ഒക്കെ സംസാരിച്ചാല്‍ ഞാന്‍ എന്താ പറയുക. ' വിനോദ് കൈ മലര്‍ത്തി കുറെ നേരം മിണ്ടാതിരുന്നു.

'What happened to you vinod ? ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ ഇവിടെ ജോയിന്‍ ചെയ്ത ആ സമയം ഞാന്‍ ഇപ്പഴും ഓര്‍ക്കുന്നു. ഒരു തുടക്കക്കാരന്‍ ആയിരുന്നിട്ടും കൂടി വെറും രണ്ടു മാസം കൊണ്ട് നിങ്ങള്‍ അമ്പതു പുതിയ ആള്‍ക്കാരെ ചേര്‍ത്ത്, ആ വര്‍ഷത്തെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡും വാങ്ങിച്ചു. അതേ മനുഷ്യന്‍ ആണ് ഇപ്പോള്‍ ഒരു മാസം പത്തു പേരെ പോലും ചേര്‍ക്കാന്‍ പറ്റാതെ എന്റെ മുന്നില്‍ ഇളിഭ്യനായി ഇരിക്കുന്നത്.' ജോസ് തുടര്‍ന്നു.
ഇത്രയുമൊക്കെ പറഞ്ഞിട്ടും വിനോദ് പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ജോസ് തുടര്‍ന്നു, 'Mister vinod, you should do something about this. Otherwise I will be forced to take action against you'

'സര്‍ ഒരു വര്‍ഷം മുമ്പത്തെ സിറ്റുവേഷന്‍ അല്ല ഇപ്പഴത്തെ സിറ്റുവേഷന്‍. അന്ന് ജോയിന്‍ ചെയ്ത സമയത്ത് എനിക്ക് ധാരാളം കോണ്ടാക്റ്റ്‌സ് ഉണ്ടായിരുന്നു. കോണ്ടാക്റ്റ്‌സ് ലിസ്റ്റില്‍ ഏറിയ പങ്കും എന്റെ ബന്ധുക്കളും പിന്നെ കുറെ സുഹൃത്തുക്കളും ഒക്കെ ആയിരുന്നു. ഇവരെയെല്ലാം തന്നെ ഞാന്‍ കാന്‍വാസ് ചെയ്തു ഓരോ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എടുപ്പിച്ചു കഴിഞ്ഞു. ഇനി പുതിയൊരു ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുമായി ഇവരുടെ അടുക്കലേക്ക് ചെന്നാല്‍ അവരെന്നെ ഓടിക്കും. പുതിയ വല്ല പണക്കാരെ ചാക്കിട്ടു പിടിക്കാം എന്ന് വെച്ചാല്‍, ഇപ്പോള്‍ പഴയ മാതിരി ഒന്നുമല്ല. ഡട, ഋൗൃീുല, അങ്ങനെ എല്ലായിടത്തും മാന്ദ്യം അല്ലെ, ഇത് പേടിച്ചു കാശുള്ളവന്‍ പോലും ഇപ്പോള്‍ മണി ഇന്‍വെസ്റ്റ് ചെയ്യാന്‍ മടിക്കുന്നു. സാറിനൊരു കാര്യം അറിയാമോ? ഇപ്പോള്‍ പഴയ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ഇവരൊന്നും ഇപ്പോള്‍ എന്റെ കാള്‍ കണ്ടാല്‍ ഫോണ് എടുക്കുന്നില്ല. ഞാന്‍ വല്ല പുതിയ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുമായി വന്നു ഇവരെ ശല്യപ്പെടുത്തും എന്ന് പേടിച്ചാ.'




'ഇതൊന്നും ഒരു എക്‌സ്‌ക്യൂസ് അല്ല വിനോദ്. പഴയ കോണ്ടാക്റ്റ്‌സ് എല്ലാം തീര്‍ന്നെങ്കില്‍ പുതിയ കോണ്ടാക്റ്റ്‌സ് കണ്ടെത്തുകയാണ് വേണ്ടത്. പഴയ തന്ത്രങ്ങളൊന്നും ഇനി ചെലവാകില്ല. You have still not realised this. You should devise new methods and strategies, you should apply innovation, and be more proactive. You should achieve consistency in performance and add value to this firm. '


'എന്റെ ദൈവമേ, ദാ പിന്നെയും തുടങ്ങി എവിടുന്നോ കാണാപാഠം പഠിച്ചോണ്ട് വന്ന കുറെ ഇംഗ്ലീഷ് വാക്കുകള്‍ എടുത്തിട്ട് അലക്കുക' വിനോദ് മനസ്സില്‍ ഓര്‍ത്തു, ' അവന്റമ്മേടെ ഒരു ഇന്നൊവേഷന്‍, സ്ട്രാറ്റെജി, വാല്യൂ, പ്രോയാക്ടീവ്, മണ്ണാങ്കട്ട. ഇയാള്‍ രണ്‍ജി പണിക്കരുടെ വല്ല ബന്ധുവാണോ ഇങ്ങനെ തോന്നും പടി ഇംഗ്ലീഷ് പദങ്ങള്‍ എടുത്തിട്ട് പ്രയോഗിക്കാന്‍?'
വിനോദ് കാര്യമായി പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ജോസ് ഈ സംഭാഷണം ഇനി അധികം ദീഘിപ്പിക്കെണ്ടതില്ല എന്ന് തീരുമാനിച്ചു.
'മിസ്റ്റര്‍ വിനോദ്, എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല. ഏതായാലും ഈ മാസം തീരാന്‍ ഇനി ഒരാഴ്ച കൂടി അല്ലെയുള്ളൂ.



Do whatever you can and get me results either by hook or by crook. That's all for now.'
വിനോദ് എഴുന്നേറ്റു തിരിച്ചു പോകാന്‍ തുടങ്ങുന്നതിനിടയില്‍, പെട്ടെന്ന് ജോസ് തിരികെ വിളിച്ചു.
'ആ പിന്നെ വിനോദ്, ഒരു കാര്യം പറയാന്‍ വിട്ടു പോയി. വരുന്ന തിങ്കളാഴ്ച ഒരു സെമിനാര്‍ ഉണ്ട്. How to sell yourself -   ഇതാണ് വിഷയം. ആ ശിവ് ഖേര ഫൌണ്‍ഡേഷന്‍, അതിലെ ഒരു പ്രമുഖന്‍ വണ് മിസ്റ്റര്‍ റെനിത് മാര്‍ട്ടിന്‍, പുള്ളിയാണ് സ്പീക്കര്‍. ഞാന്‍ തന്നെയും പ്രകാശിനെയും അയക്കാന്‍ ആണ് തീരുമാനിച്ചേക്കുന്നത്. 
'ഓ ഐ സീ ' വലിയ ആവേശമൊന്നും ഇല്ലാതെ വിനോദ് ചോദിച്ചു, 'ഏതാ സ്ഥലം? എപ്പഴാ സമയം പറഞ്ഞേക്കുന്നത്?'

'ഹോട്ടല്‍ റെനൈസന്‍സ്, പാലാരിവട്ടം, sharp 10 AM. . അറിയാല്ലോ തിങ്കളാഴ്ച രാവിലെ സിറ്റി ട്രാഫിക് വളരെ കൂടുതല്‍ ആണെന്ന്. ദാ പാസ് വെച്ചോ. പ്രകാശിന്റെ പാസ് ഞാന്‍ നേരത്തെ കൊടുത്തു. പുള്ളിക്കാരന്‍ ആലുവയില്‍ നിന്നും വന്നോളും. ആ പിന്നെ അവര്‍ സ്‌പോന്‍സര്‍ ചെയ്യുന്ന ഫ്രീ ബുഫേ ലഞ്ചും ഉണ്ട്. അതിനു ഈ പാസ് കാണിച്ചാല്‍ മതിയാവും.'

'ഓ ഫ്രീ ലഞ്ച് ഉണ്ടോ?' അത് വരെ മ്ലാനമായിരുന്ന വിനോദിന്റെ മുഖത്ത് പെട്ടെന്നൊരു പ്രകാശം തെളിഞ്ഞു.
'അതെ ഉണ്ട്. പിന്നൊരു കാര്യം അവിടെ പോകുന്നത് ഒരു തീറ്റ മത്സരത്തിനല്ല എന്നോര്‍മ വേണം. അവിടെ സെമിനാര്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് അതില്‍ നിന്നും തനിക്കും ഈ കമ്പനിക്കും കൂടെ യൂസ്ഫുള്‍ ആയിട്ട് എന്തെങ്കിലും ടിപ്‌സ് കിട്ടുമോ എന്ന് നോക്ക്.'


'പിന്നെ കോപ്പാ, കിട്ടിയത് തന്നെ.', ക്യാബിന്‍ വിടുമ്പോള്‍ വിനോദ് മനസ്സിലോര്‍ത്തു.
സ്വന്തം മേശപ്പുറം അടുക്കി പെറുക്കി വെക്കുന്നതിന്റെ ഇടയില്‍ ശിവന്‍ വന്നു. പുള്ളിയുടെ കൂടെ വിനോദിന്റെ സഹ പ്രവര്‍ത്തകന്‍ പ്രകാശും ഉണ്ടായിരുന്നു.
'ഹാ സാറിതുവരെ പോയില്ലേ? അടയ്ക്കാന്‍ സമയം ആയി. വാ നമുക്കൊരുമിച്ച് ഇറങ്ങാം. ഇതും പറഞ്ഞു കൊണ്ട് ശിവന്‍ ജനാലയ്ക്കരികില്‍ കാത്തിരുന്നു. മേശപ്പുറം അടുക്കി വെച്ചു വിനോദ് ഇറങ്ങാനായി എഴുന്നേറ്റപ്പോള്‍ ജനാലയ്ക്കിടയിലൂടെ വെറുതെ പാളി നോക്കിയ പ്രകാശ് പറഞ്ഞു.
'ദേ മഴ വീണ്ടും പെയ്യാന്‍ തുടങ്ങി. നവംബര്‍ കഴിയാറായി, എന്നിട്ടും ഈ തുലാ വര്‍ഷം അവസാനിക്കാനുള്ള ലക്ഷണം ഒന്നും കാണുന്നില്ല' .
'ചതിച്ചല്ലോ, കഴിഞ്ഞ രണ്ടു ദിവസം മഴ പെയ്യാത്ത കാരണം ഞാന്‍ ഇന്ന് എന്റെ കുട എടുത്തില്ല. എന്നാല്‍ പിന്നെ ഈ മറന്നു വെച്ച കുട തന്നെ ആശ്രയം.' ഇതും ചിന്തിച്ചു കൊണ്ട് വിനോദ് മേശക്കടിയില്‍ നിന്നും ആ റോസ് കളര്‍ കുട പുറത്തെടുത്തു ശിവന്റെയും പ്രകാശിന്റെയും കൂടെ പുറത്തിറങ്ങി. 
'അതെ ശിവേട്ടാ, ഞാന്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞേ വരൂ, അപ്പോള്‍ അന്ന് ആരെങ്കിലും ഈ കുട അന്വേഷിച്ചു വരികയാണെങ്കില്‍ എന്റെ നമ്പര്‍ കൊടുത്തു എന്നെ കോണ്ടാക്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ മതി. ഏറ്റോ?' വിനോദ് ചോദിച്ചു.
'ശരി, ചെയ്‌തേക്കാം', ശിവന്‍ പറഞ്ഞു.
'നമുക്ക് താഴത്തെ കടയില്‍ നിന്ന് ഓരോ ഫ്രഷ് ജ്യൂസ് കുടിച്ചു പിരിയാം, എന്താ?' പ്രകാശ് ചോദിച്ചു.
'ആയിക്കോട്ടെ', ശിവനും വിനോദും സമ്മതിച്ചു.

ജ്യൂസ് കുടിക്കുന്നതിന്റെ ഇടയില്‍ പ്രകാശ് ചോദിച്ചു, 'അല്ല വിനോദ്, എന്തായിരുന്നു മാനേജരുടെ കാബിനില്‍ ഒരു ഡിസ്‌കഷന്‍ ?'
'പതിവ് പോലെ തന്നെ, ചീത്ത വിളി, ഫയറിംഗ്, പിന്നെ കുറെ രണ്‍ജി പണിക്കര്‍ ഡയലോഗുകള്‍  പ്രൊ ആക്ടീവ്, ഇന്നൊവേഷന്‍, സ്ട്രാറ്റെജി, കസ്റ്റമര്‍, മണ്ണാങ്കട്ട. എല്ലാം ദിവസവും രാവിലെ എഴുന്നേറ്റു ഈ ഗായത്രി മന്ത്രം ഒക്കെ ചൊല്ലുന്നത് പോലെ ഇന്നൊവേഷന്‍, ഇന്നൊവേഷന്‍ എന്ന് ജപിച്ചോണ്ടിരുന്നാല്‍ ഇന്നൊവേഷന്‍ ആകുമോ?'

'പിന്നെ വിനോദ്, താന്‍ ഊണ് കഴിക്കാന്‍ പോയപ്പോള്‍ തന്റെ ഡെസ്‌ക്കിലെ ഫോണ്‍ റിംഗ് ചെയ്തു. ഞാനാ അറ്റന്‍ഡ് ചെയ്തത്. ആ സലിം ആയിരുന്നു കക്ഷി, താന്‍ അയാളെ പറ്റിച്ചെന്നും താന്‍ പറഞ്ഞ പോളിസി എടുത്തു അയാളുടെ കുറെ കാശ് പോയെന്നും പറഞ്ഞു തന്നെ തെറി വിളിക്കുന്നുണ്ടായിരുന്നു. ആക്ച്വലി എന്താണ് ഉണ്ടായത്?'



'അത് പിന്നെ അയാള്‍ എന്റെ അടുത്ത് വന്നു മെഡിക്ലെയിം പോളിസി വേണം എന്ന് പറഞ്ഞു. അയാള് പറഞ്ഞ പ്രകാരം ഞാന്‍ ഒരു പോളിസി എടുപ്പിക്കുകയും ചെയ്തു. ഈ മെഡിക്ലെയിം ഇന്‍ഷുറന്‍സ്, കാര്‍ ഇന്‍ഷുറന്‍സ് പോലെ പൈസ അടച്ചാല്‍ തിരിച്ചു കിട്ടില്ല എന്ന വിവരം പുള്ളിക്ക് അറിയില്ലായിരുന്നു. ഞാന്‍ അതൊട്ട് പുള്ളിയോട് പറയാനും പോയില്ല. അയാള്‍ക്ക് വിവരം ഇല്ലാത്തത് എന്റെ കുഴപ്പം ആണോ? '
'കാശ് തിരിച്ചു കിട്ടില്ല എന്ന കാര്യം തനിക്കയാളോട് പറയാമായിരുന്നില്ലേ?'
'അത് പറഞ്ഞാല്‍ പിന്നെ അയാള് പോളിസി എടുക്കുമോ? ഇവിടെ എങ്ങനെ എങ്കിലും ടാര്‍ഗറ്റ് തികയ്ക്കാന്‍ പെടാ പാട് പെടുമ്പോള്‍ ഞാന്‍ അങ്ങനെ ഒരു മണ്ടത്തരം ചെയ്യുമോ? '
'അത് പോലെ വേറൊരുത്തന്‍, താന്‍ കഴിഞ്ഞ തിങ്കളാഴ്ച ലീവ് ആയിരുന്നപ്പോള്‍ തന്നെ ഡെസ്‌കില്‍ കാണാഞ്ഞു തന്നെ കുറെ തെറിയും വിളിച്ചു പോയി. ഡേവീസ്
എന്നോ മറ്റോ പേര് പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.'
'ഓ അങ്ങോര്, അതൊരു യുണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുമായി ബന്ധപ്പെട്ടാ. അയാള് വിചാരിച്ചു ആദ്യത്തെ ഒരു കൊല്ലം മാത്രം അതില് പൈസ അടച്ചാല്‍ മതിയെന്ന്. മൂപ്പര് സുമാര്‍ ഒരു ലക്ഷം രൂപ അതിലിട്ടു. പുള്ളി പിന്നീടാണ് അറിയുന്നത് ഇത് പോലെ ഇനി കുറഞ്ഞത് നാല് കൊല്ലം കൂടി തുടര്‍ച്ചയായി അതില്‍ ഒരു ലക്ഷം രൂപ ഇന്‍വെസ്റ്റ് ചെയ്തുകൊണ്ടേ ഇരിക്കണം എന്ന്. ഇനിയിപ്പോള്‍ പുള്ളിക്ക് ഇനി പൈസ മൊത്തമായി പിന്‍വലിക്കണമെങ്കില്‍ പോലും ആ പ്ലാനില്‍ തുടര്‍ച്ചയായി നാല് കൊല്ലം ഇന്‍വെസ്റ്റ് ചെയ്തതിനു ശേഷം പറ്റു. അത് മാത്രവുമല്ല ആദ്യത്തെ വര്‍ഷം അയാള് ഇട്ട തുകയുടെ നാല്പതു ശതമാനം നമ്മുടെ കമ്പനി പ്രോസസ്സിംഗ് ഫീ എന്ന പേരും പറഞ്ഞു അങ്ങ് എടുക്കും. ആ പാവം പോളിസി സ്‌റ്റേറ്റ്‌മെന്റ് കണ്ടു ഞെട്ടി കാണും. രൂപ അറുപതിനായിരം മാത്രമേ പോളിസി സ്‌റ്റേറ്റ്‌മെന്റില്‍ കാണിച്ചിട്ടുള്ളൂ.'
ഇത്തരം പോളിസി നൂലാമാലകള്‍ ഒക്കെ വിശദമായി പറഞ്ഞു കൊടുത്തിട്ട് വേണ്ടേ ഒരാളെ ചേര്‍ക്കാന്‍ ? ഈ രീതിയില്‍ ആള്‍ക്കാരെ പറഞ്ഞു പറ്റിക്കുന്നതില്‍ തനിക്കൊരു മനസ്സാക്ഷിക്കുത്തും തോന്നുന്നില്ലേ?', പ്രകാശ് ചോദിച്ചു.
'എന്റെ മാഷേ, ആരെയും പറ്റിക്കാതെ ഹരിശ്ചന്ദ്രന്‍ ആയിട്ട് ഇക്കാലത്ത് ജീവിക്കാന്‍ പറ്റുമോ? ചിലര്‍ സര്‍ക്കാരിനെ വഞ്ചിക്കുന്നു, മറ്റു ചിലര്‍ ഭാര്യയെ വഞ്ചിക്കുന്നു, ഞാന്‍ ജീവിക്കാന്‍ വേണ്ടി കസ്റ്റമറിനെ വഞ്ചിക്കുന്നു. ആരെയെങ്കിലും കൊന്നിട്ടായാലും വേണ്ടില്ല, വല്ല വിധേനെയും ടാര്‍ഗറ്റ് തികയ്ക്കണം. അതിനു അല്‍പ സ്വല്പം തട്ടിപ്പ് പ്രയോഗിച്ചേ പറ്റു. പിന്നെ നിക്ഷേപകര്‍ക്ക് വിവരമില്ലാത്തത് എന്റെ കുറ്റമല്ല. അവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുക എന്നത് എന്റെ പ്രൊഫഷനിന്റെ ഒരു ഭാഗമാണ്.'

'ഇങ്ങനെ പോയാല്‍ മിക്കവാറും ഈ നിക്ഷേപകര്‍ എല്ലാവരും കൂടി ചേര്‍ന്ന് നിനക്ക് ക്വട്ടെഷന്‍ തരും.'
'ശരിയാ, എനിക്കും അങ്ങനെ ഒരു ഭയം ഇല്ലാതില്ല. അതിരിക്കട്ടെ, ആ മാനേജര്‍ എന്നെ കൂടാതെ നിന്നോടും മറ്റേ ആ തിങ്കളാഴ്ചത്തെ സെമിനാര്‍ അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞത് എന്തിനാണെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല. അക്കൌണ്ട്‌സ് സെക്ഷനില്‍ ജോലി ചെയ്യുന്ന നിനക്ക് ഈ സെയില്‍സ്  പരിപാടിയുമായി യാതൊരു ബന്ധവും ഇല്ലല്ലോ?'
'എനിക്കും അത് തന്നെയാ പിടി കിട്ടാത്തത്. ഇനി സൂത്രത്തില്‍ എന്നെയും കൂടി പിടിച്ചു സെയില്‍സ് വിഭാഗത്തിലേക്ക് മാറ്റാനുള്ള മാനേജറിന്റെ ഗൂദ്ധ നീക്കം വല്ലതുമാണോ? ഏതായാലും ഞാനില്ല അങ്ങോട്ട്, എനിക്ക് നാട്ടുകാരുടെ തെറി കേള്‍ക്കാനൊന്നും വയ്യ. ഞാന്‍ അവിടെ അക്കൌണ്ട്‌സ് സെക്ഷനില്‍ മനസ്സമാധാനത്തോടെ ഇരുന്നു ക്രെഡിറ്റും ഡെബിറ്റും ബാലനസ് ചെയ്തു ജീവിച്ചോളാം. '
'അതേ, സംസാരിച്ചു നേരം പോയി, ഇപ്പോള്‍ ഇറങ്ങിയാല്‍ എനിക്ക് ഒന്നരേടെ സ്മിത ബസില്‍ കയറി വീട്ടില്‍ പോകാം. ഞാന്‍ ഇറങ്ങാന്‍ പോവാ. തിങ്കളാഴ്ച കാണാം.', ശിവന്‍ പറഞ്ഞു.
'വാ നമുക്കും ഇറങ്ങാം, അപ്പോള്‍ തിങ്കളാഴ്ച, ഹോട്ടല്‍ റെനൈസന്‍സ്, അവിടെ വെച്ച് കാണാം.' ഇതും പറഞ്ഞു വിനോദ് സ്ഥലം വിട്ടു.


(തുടരും)

ഒരു കുടയുടെ സഞ്ചാരം-(നോവല്‍: ഭാഗം രണ്ട്)- റെജീഷ് രാജന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക