Image

“മക്കളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്”: അന്താരാഷ്ട്ര പഠനശിബിരം വത്തിക്കാനില്‍

Published on 30 August, 2013
“മക്കളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്”: അന്താരാഷ്ട്ര പഠനശിബിരം വത്തിക്കാനില്‍


വത്തിക്കാന്‍ : മക്കളുടെ വളര്‍ച്ചയില്‍ അച്ഛനും അമ്മയ്ക്കും ഉള്ള പങ്കിനെ സംബന്ധിച്ച ഒരു അന്താരാഷ്ട്ര പഠനശിബിരം മെയ് 29ന് വത്തിക്കാനില്‍ നടക്കും. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് “മക്കളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്: അപൂര്‍ണ്ണമായ സ്നേഹം” എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തുന്ന പഠനശിബിരത്തിന് നേതൃത്വം നല്‍കുന്നത്. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആസ്ഥാനകേന്ദ്രമായ കലിസ്റ്റസ് മന്ദിരമാണ് സമ്മേളനവേദി. സാമൂഹ്യ ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ദര്‍, ശിശുപരിപാലകര്‍, നിയമവിദഗ്ദര്‍, മനശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍ തുടങ്ങി കുടുംബജീവിതത്തിന്‍റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ദര്‍ പഠനശിബിരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
മനുഷ്യ സ്നേഹം അപൂര്‍ണ്ണമാണെങ്കിലും കുടുംബമാണ് സ്നേഹത്തിന്‍റെ പ്രഥമ വിദ്യാലയം. മാനുഷിക ബന്ധങ്ങളുടെ പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഈ അടിസ്ഥാന വിദ്യാലയത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കാനും കുടുംബന്ധങ്ങളിലെ പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും ഈ പഠന ശിബിരം സഹായകമാകുമെന്ന് കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍സോ പാല്യ പ്രത്യാശ പ്രകടിപ്പിച്ചു.








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക