Image

സായിഗ്രാമിന്‌ അമല അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2011
സായിഗ്രാമിന്‌ അമല അവാര്‍ഡ്‌

മയാമി: ഫ്‌ളോറിഡയിലെ മയാമി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലവ്‌ ആന്‍ഡ്‌ അക്‌സപ്‌റ്റന്‍സ്‌ (AMALA) `അമല' വര്‍ഷംതോറും കേരളത്തിലെ ജീവകാരുണ്യ സാമൂഹ്യക്ഷേമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ള എട്ടാമത്‌ ജീവകാരുണ്യ സാമൂഹ്യസേവനത്തിനുള്ള അവാര്‍ഡ്‌ ശ്രീ സത്യസായ്‌ ഓര്‍ഫനേജ്‌ ട്രസ്റ്റ്‌ - കേരളയുടെ സായിഗ്രാമിന്‌ ലഭിച്ചു.

ഈവര്‍ഷം ലഭിച്ച 143 നാമനിര്‍ദ്ദേശങ്ങളില്‍ നിന്ന്‌ സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ്‌ അബ്‌ദുള്‍ ഗഫൂര്‍ ചെയര്‍മാനും, തേവര എസ്‌.എച്ച്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത്‌ സി.എം.ഐ, മുന്‍ ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ പി. വിജയലക്ഷ്‌മി മേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ്‌ സായിഗ്രാമിനെ തെരഞ്ഞെടുത്തത്‌.

1996 മുതല്‍ തിരുവനന്തപുരം കേന്ദ്രമാക്കി കേരളത്തിലുള്ള അനാഥര്‍, അശരണര്‍, വൃദ്ധര്‍, ശാരീരിക-മാനസീക വൈകല്യങ്ങളുമായി വെല്ലുവിളികളെ നേരിടുന്നവര്‍, വൃക്കരോഗികള്‍ എന്നിവരുടെ സംരക്ഷണയ്‌ക്കും, ചികിത്സയ്‌ക്കും മറ്റ്‌ മേഖലകളിലുമായി നല്‍കുന്ന സേവനങ്ങള്‍ പരിഗണിച്ചാണ്‌ ശ്രീ സത്യസായ്‌ ഓര്‍ഫനേജ്‌ ട്രസ്റ്റ്‌-കേരളയുടെ ഫൗണ്ടറും എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറുമായ കെ.എന്‍. ആനന്ദകുമാര്‍ നേതൃത്വം നല്‍കുന്ന സായിഗ്രാമത്തെ ഇത്തവണത്തെ അവാര്‍ഡിന്‌ അര്‍ഹമാക്കിയത്‌.

സെപ്‌റ്റംബര്‍ 19-ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ തിരുവനന്തപുരത്തെ ഹോട്ടല്‍ ക്ലാസിക്‌ അവന്യൂവില്‍ വെച്ച്‌ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യവകുപ്പ്‌ മന്ത്രി കെ.വി. തോമസില്‍ നിന്നും കെ. എന്‍. ആനന്ദകുമാര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി. ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്‌ (റിട്ടയേര്‍ഡ്‌) അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഫാ. ജയിംസ്‌ തയ്യില്‍ സി.എം.ഐ, ഡിജോ കാപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അമല അവാര്‍ഡ്‌ കമ്മിറ്റി കോര്‍ഡിനേറ്റര്‍ എം.പി. ആന്റണി സ്വാഗതവും, രഞ്‌ജിത്‌ കുമാര്‍ കൃതജ്ഞതയും പറഞ്ഞു. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

25001 രൂപയും പ്രശസ്‌തിപത്രവും.ഫലകവും അടങ്ങുന്നതാണ്‌ അമല അവാര്‍ഡ്‌.

പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ജോയി കുറ്റിയാനി.

സായിഗ്രാമിന്‌ അമല അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക