Image

ഡാറ്റ എന്‍ട്രിയുടെപേരിലും തട്ടിപ്പ്; ലക്ഷങ്ങളുമായി യുവതി മുങ്ങിയതായി പരാതി

Published on 29 August, 2013
ഡാറ്റ എന്‍ട്രിയുടെപേരിലും തട്ടിപ്പ്; ലക്ഷങ്ങളുമായി യുവതി മുങ്ങിയതായി പരാതി
പറവൂര്‍ : ഡാറ്റ എന്‍ട്രി എഡിറ്റിങ്‌വര്‍ക്കുകള്‍ നല്‍കാമെന്നുപറഞ്ഞ് സെക്യൂരിറ്റി ഡെപ്പോസിറ്റുകള്‍ വാങ്ങി നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവതി മുങ്ങിയതായി പരാതി. തട്ടിപ്പിനിരയായവര്‍ ബുധനാഴ്ച വടക്കേക്കര പോലീസ്‌സ്റ്റേഷനില്‍ പരാതി നല്‍കി.

വടക്കേക്കര പഞ്ചായത്തിലെ അണ്ടിപ്പിള്ളിക്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സൂര്യകൃഷ്ണ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന സ്ഥാപനം നടത്തിയിരുന്ന കണ്ണൂര്‍സ്വദേശിനിയായ യുവതി തട്ടിപ്പ്‌നടത്തിയെന്നാണ് പരാതി.

കോട്ടുവള്ളി കൈതാരം സ്വദേശി ഷെറീഫിന്റെ കൈയില്‍നിന്ന് 1,40,000 രൂപ ഡെപ്പോസിറ്റ്‌വാങ്ങി വഞ്ചിച്ചുവെന്ന കേസ് പോലീസ് അന്വേഷിച്ചുവരുന്നു. ഇത്തരത്തില്‍ 13ലക്ഷം രൂപ തട്ടിയതായി കാട്ടി 15ഓളം പേര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തോളംപേര്‍ തട്ടിപ്പിനിരയായിട്ടുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്.

വീട്ടിലിരുന്ന് കമ്പ്യൂട്ടര്‍ വര്‍ക്കുകളും ഡാറ്റാ എഡിറ്റിങ്ങും എന്‍ട്രിയും മറ്റും നല്‍കാമെന്ന് പരസ്യംനല്‍കി ആളുകളെ വഞ്ചിച്ചതായാണ് പരാതി. ആദ്യം വര്‍ക്കുകള്‍ നല്‍കുന്നവര്‍ക്ക് പറഞ്ഞപണം നല്‍കും. കൂടുതല്‍ വര്‍ക്കുകള്‍ നല്‍കുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. ഇതിന് യുവതി ചെക്കും നല്‍കും. ഇതായിരുന്നു രീതി. കൂടുതല്‍ വര്‍ക്കുകള്‍ ഏല്പിച്ചവരില്‍നിന്നും വന്‍തുകകള്‍ ഡെപ്പോസിറ്റ് ഇനത്തില്‍ സ്വീകരിച്ചിരുന്നു.

1000 പേജ് വര്‍ക്ക്‌ചെയ്യുന്നതിന് 7,500 രൂപ ക്രമത്തിലാണ് ജോലി ഏല്പിച്ചിരുന്നത്. വീട്ടിലിരുന്നുതന്നെ ജോലിചെയ്യാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ഒട്ടേറെ വീട്ടമ്മമാര്‍ വഞ്ചിക്കപ്പെട്ടതായാണ് പോലീസിന് കിട്ടിയിട്ടുള്ള വിവരം.

ബോളിവുഡ്‌നടി കരീനാകപൂറിന്റെ ജീവചരിത്രം എഡിറ്റുചെയ്യാനും യുവതി ചിലരെ ഏല്പിച്ചിരുന്നതായി പറയുന്നു.

അണ്ടിപ്പിള്ളിക്കാവില്‍ നടത്തിയിരുന്ന സ്ഥാപനം അടച്ചുപൂട്ടി മറ്റൊരിടത്തു തുടങ്ങിയതായാണ് പലരേയും അറിയിച്ചിരുന്നത്. പലയിടത്തും മാറിമാറി വാടകയ്ക്ക് താമസിച്ചായിരുന്നു സ്ഥാപനത്തിലെത്തിയിരുന്നത്. പി.പി. പ്രമീളയെന്നാണ് പേര് പറഞ്ഞിരുന്നതെന്ന് പരാതിയിലുണ്ട്. മാല്യങ്കര സ്വദേശിയുമായി പ്രണയവിവാഹം നടത്തിയ ഇവര്‍ കണ്ണൂര്‍ സ്വദേശിനിയെന്നാണ് പരിചയപ്പെടുത്തിയിരുന്നത്.

Join WhatsApp News
Shenha 2013-08-29 10:37:15
If anyone come say anything, don't give money unless you inquire it.  Use our commons sense Indians are wise people, then how they are cheated...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക