Image

കണ്ണാടി മാളിക (കവിത-ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 28 August, 2013
കണ്ണാടി മാളിക (കവിത-ഷാജന്‍ ആനിത്തോട്ടം)
ആകാശത്തിനു ചുവട്ടില്‍,
അതിരുകളില്ലാത്ത ലോകത്ത്,
അയാള്‍ തനിച്ചായിരുന്നു--------------

നഷ്ടസ്വപ്നങ്ങളും മോഹഭംഗങ്ങളും
നെരിപ്പോട്‌  പോലെ അയാളില്‍ മുനിഞ്ഞുകത്തി
അയാളുടെ ചിന്തകളില്‍ പ്രതീക്ഷയുടെ തീനാളമില്ലായിരുന്നു
ഏകാന്തത അയാള്‍ക്കു ചുറ്റും വന്മതിലുകള്‍ തീര്‍ത്തു
വെളുവെളുത്ത, വെട്ടിത്തിളങ്ങുന്ന കണ്ണാടിഗോപുരങ്ങള്‍!

ആകാശത്തിന് ചുവട്ടില്‍,
അതിരുകളില്ലാത്ത ലോകത്ത്,
അവള്‍ തനിച്ചായിരുന്നു--------

മൗനനൊമ്പരങ്ങളും  കനലടങ്ങിയ കിനാക്കളും
അവള്‍ക്കു ചുറ്റും ശ്മശാന ഭീതി പരത്തി.
അവളുടെ സ്വപ്നങ്ങള്‍ നനഞ്ഞ തൂവലുകളെപ്പോലായിരുന്നു
ഏകാന്തത അവള്‍ക്കു ചുറ്റും വമ്പന്‍ മതിലുകള്‍ തീര്‍ത്തു
വെട്ടിത്തിളങ്ങുന്ന, വെളുവെളുത്ത കണ്ണാടി സ്തൂപങ്ങള്‍ !

ഒരിക്കല്‍, ഒരു ഹേമന്തകാലത്ത് -------
മഴവില്‍ പ്രഭ വിസ്മയക്കാഴ്ചയൊരുക്കിയ സന്ധ്യയില്‍
മഴത്തുള്ളിക്കിലുക്കം തട്ടിയുണര്‍ത്തിയപ്പോള്‍
മുമ്പിലെ പ്രതിബിംബങ്ങളില്‍ അവര്‍ കണ്ടറിഞ്ഞു-------

"നിനക്കു ഞാനും എനിയ്ക്ക് നീയും
നമുക്ക് പാര്‍ക്കാന്‍ ഈ വലിയ ലോകം!"
തിരിച്ചറിവിന്റെ നിര്‍വൃതിയില്‍,
അവര്‍ പരസ്പരം കൈകോര്‍ത്തു
വന്മതിലുകള്‍ തകര്‍ന്നു വീണു
ഒറ്റപ്പെടലിന്റെ വാല്മീകങ്ങള്‍ പൊടിഞ്ഞുടഞ്ഞു……..

ആകാശത്തിന്റെ ചുവട്ടില്‍,
അതിരുകള്‍ നിറഞ്ഞ ലോകത്ത്,
ആള്‍ക്കൂട്ടത്തിലവര്‍ അലിഞ്ഞു ചേര്‍ന്നു !





Join WhatsApp News
BLOGAN LAL 2013-08-28 13:59:42
വാല്മീകങ്ങള്‍ എന്നത് തെറ്റ് ആണ് വല്മീകം ആണ് ശരി വാല്മീകി എന്ന് എഴുതാം. വല്മത്തില് നിന്ന് ജനിച്ചവന് എന്ന് അർഥം വല്മീകം ആണ് ശരി(ചിതല്പുറ്റ് എന്ന് അർഥം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക