Image

രൂപ കുമിഞ്ഞുകൂടുന്നത്‌ റബ്ബര്‍ കര്‍ഷകനു ഗുണംചെയ്യും (കുര്യന്‍ പാമ്പാടി)

Published on 26 August, 2013
രൂപ കുമിഞ്ഞുകൂടുന്നത്‌ റബ്ബര്‍ കര്‍ഷകനു ഗുണംചെയ്യും (കുര്യന്‍ പാമ്പാടി)
ഭൂമിമലയാളത്തില്‍ മൂന്നേകാല്‍ കോടി ജനം ഉണ്ടെന്നാണ്‌ 2011ലെ സെന്‍സസ്‌ പറയുന്നത്‌. അതില്‍ 11,00,000 പേര്‍ അഞ്ച്‌ ഏക്കറില്‍ താഴെ റബ്ബര്‍ കൃഷി ചെയ്യുന്ന ചെറുകിടക്കാരാണെന്ന്‌ റബ്ബര്‍ ബോര്‍ഡും പറയുന്നു. ഒരു കിലോ റബ്ബറിന്റെ വില 24 രൂപയില്‍നിന്ന്‌ 210 രൂപ വരെ ഉയര്‍ന്ന സാഹചര്യത്തില്‍ റബ്ബര്‍ത്തോട്ടങ്ങളിലേക്ക്‌ ജനശ്രദ്ധ തിരിഞ്ഞു. ഡോളറിന്റെ മൂല്യം വര്‍ധിക്കുകയും കേരളത്തിലെ ബാങ്കുകളില്‍ രൂപ കുമിഞ്ഞുകൂടുകയും ചെയ്‌ത പശ്ചാത്തലത്തില്‍ റബ്ബറിനോടുള്ള ആഗോള മലയാളിയുടെ ആഭിമുഖ്യം പച്ചപിടിച്ചു നില്‍ക്കുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ധന്മാരുടെ പ്രതീക്ഷ. 2012ല്‍ ഗള്‍ഫിലെ വിദേശമലയാളികള്‍ 48,454 കോടി രൂപ കേരളത്തിലേക്ക്‌ അയച്ചുവെന്നാണ്‌ അധികൃതപക്ഷം.

രൂപ ധാരാളം കൈപ്പിടിയിലാകുമ്പോള്‍ അതെങ്ങനെ ലാഭകരമായി നിക്ഷേപിക്കാമെന്ന്‌ മലയാളികള്‍ ആലോചിക്കും. ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചതിനാല്‍ സ്വര്‍ണ്ണത്തിന്റെ വരവു കുറയും, പക്ഷേ കള്ളക്കടത്തു വര്‍ധിക്കും. മാത്രവുമല്ല, എണ്ണവിലയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ വില മാറിമറിയുന്ന ചരക്കാണു സ്വര്‍ണ്ണം. ആ നിലയ്‌ക്ക്‌ റിയല്‍ എസ്റ്റേറ്റില്‍ മുതല്‍മുടക്കുകയാവും ലാഭമെന്ന്‌ മലയാളി നിശ്ചയിക്കും. റിയല്‍ എസ്‌റ്റേറ്റ്‌ എന്നാല്‍ ബഹുനില മന്ദിരങ്ങളും ലക്ഷ്വറി വില്ലകളും മാത്രമല്ലല്ലോ. ആദായം ഉറപ്പാക്കാവുന്ന നാണ്യവിളയെന്ന നിലയില്‍ റബ്ബര്‍ത്തോട്ടങ്ങളില്‍ മുതല്‍മുടക്കാനുള്ള ന്യായം അതാണ്‌. റബ്ബറിന്റെ വില എങ്ങനെ നിന്നാലും സ്ഥലത്തിന്റെ റിയല്‍ എസ്റ്റേറ്റ്‌ മൂല്യം ഉയര്‍ന്നുകൊണ്ടേയിരിക്കും.

``ഞാന്‍ ഇരുപത്തഞ്ചു വര്‍ഷം വിദേശത്തായിരുന്നു. യൂറോപ്പിലെ ഏറ്റം സമ്പദ്‌സമൃദ്ധമായ വിയന്നയില്‍ യു.എന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ നേഴ്‌സും. ഒടുവില്‍ അവിടത്തെ ജീവിതം മടുത്ത്‌ നാട്ടിലേക്കു പോന്നു. വിലകുറഞ്ഞ സമയത്ത്‌ ഏന്തയാറിനക്കരെ എല്‍ ഡൊറാഡോ എസ്റ്റേറ്റ്‌ മുറിച്ചുവില്‍ക്കുന്നതായറിഞ്ഞ്‌ 25 ഏക്കര്‍ സ്ഥലം വാങ്ങി റബ്ബര്‍ റീപ്ലാന്റ്‌ ചെയ്‌തു. ഇപ്പോള്‍ അല്ലലൊന്നുമില്ലാതെ, നല്ലൊരു മാളികവീടും ഒരു ഇന്നോവയും ഒരു മഹീന്ദ്ര ജീപ്പും ഒരു ബുള്ളറ്റുമൊക്കെയായി സുഖമായി ജീവിക്കുന്നു. രണ്ട്‌ ആണ്‍കുട്ടികളില്‍ ഒരാള്‍ കോട്ടയത്ത്‌ മെഡിസിന്‍ പി.ജി ചെയ്യുന്നു. മറ്റെയാള്‍ എന്‍ജിനീയറിംഗില്‍ മാസ്‌റ്റേഴ്‌സിനും'' -പേഴുംകാട്ടില്‍ ജോര്‍ജ്‌ കുര്യന്‍ എന്ന ആഗോളമലയാളി, `ഈ മലയാളി' യോടു പറഞ്ഞു.

``രൂപയുടെ വില കുറഞ്ഞാല്‍ കയറ്റുമതി ലാഭകരമാകും. പക്ഷേ, ഇറക്കുമതിക്ക്‌ ചിലവേറും. റബ്ബര്‍ ഇറക്കുമതി പാടേ നിലച്ചുപോകും. അത്‌ ഇവിടത്തെ കൃഷിക്കാര്‍ക്ക്‌ ആത്യന്തികമായി ഗുണംചെയ്യും'' -വന്‍കിട പ്ലാന്ററും റബ്ബര്‍ ബോര്‍ഡ്‌ മെംബറുമായ ജോര്‍ജ്‌ ജെ. മാത്യു പറയുന്നു. ``ഇറക്കുമതിറബ്ബറിനു ചുമത്തുന്ന കിലോയ്‌ക്ക്‌ 20 രൂപ എന്ന സ്‌പെഷല്‍ ഡ്യൂട്ടി പഴയതുപോലെ 20 ശതമാനം ആക്കണമെന്നാണ്‌ ഞങ്ങളുടെ ആവശ്യം. ഗവണ്‍മെന്റ്‌ അതു സമ്മതിച്ചതുമാണ്‌; ഇതുവരെ നടപ്പാക്കിയിട്ടില്ല'' -അദ്ദേഹം കൂട്ടിക്കലിലെ വീടിനോടു ചേര്‍ന്നുള്ള മാതൃകാതോട്ടത്തില്‍ നിന്ന്‌ ഈ ലേഖകനോട്‌ ടെലിഫോണില്‍ പറഞ്ഞു.

ലോക്‌സഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു, കേന്ദ്രമന്ത്രിസഭാംഗത്വം `തലവര' യിലെ പിഴവുകൊണ്ട്‌ കൈവിട്ടുപോയ ആളാണ്‌ അപ്പച്ചന്‍ എന്ന ജോര്‍ജ്‌ ജെ. മാത്യു. റബ്ബര്‍വില അന്താരാഷ്‌ട്ര വിലകള്‍ക്ക്‌ ആനുപാതികമായേ ഉയരാവൂ എന്ന അഭിപ്രായക്കാരനാണ്‌ അപ്പച്ചന്‍. വില ഇവിടെ കൂടിയാല്‍ ടയര്‍ ഉള്‍പ്പെടെയുള്ള റബ്ബറധിഷ്‌ഠിത വസ്‌തുക്കള്‍ വിലകുറച്ച്‌ ഇന്ത്യയില്‍ `ഡംപ്‌' ചെയ്യാന്‍ ചൈനയ്‌ക്കു സാധിക്കും. അതു നമ്മുടെ വ്യവസായങ്ങളുടെ നടുവൊടിക്കും.

ഗള്‍ഫില്‍നിന്നു കുമിഞ്ഞുകൂടുന്ന രൂപ റിയല്‍ എസ്റ്റേററില്‍ നിക്ഷേപിക്കാനുള്ള അന്വേഷണം 30 ശതമാനം കണ്ടു വര്‍ധിച്ചതായി ചെന്നൈയില്‍നിന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബാംഗളൂരും ചെന്നൈയുമാണത്രേ വിദേശ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മേഖലകള്‍. കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി 40 ശതമാനത്തിലേറെ പേര്‍ പുതുതായി അന്വേഷിക്കുന്നുണ്ടത്രെ. എന്നാല്‍, ഇതത്ര ശരിയല്ലെന്നാണ്‌ ടൈംസ്‌ ഗ്രൂപ്പില്‍ത്തന്നെയുള്ള ഇക്കണോമിക്‌ ടൈംസിന്റെ ചെന്നൈയിലെ അസോഷ്യേറ്റ്‌ എഡിറ്ററായിരുന്ന ജോ എ. സ്‌കറിയ പറയുന്നത്‌.

``റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കിയ പല വമ്പന്മാരും കൂപ്പുകുത്തിക്കഴിഞ്ഞു. ഇതൊരു കുമിളപോലെയാണ്‌. ഇങ്ങനെ പോയാല്‍ ഡിട്രോയിറ്റില്‍ സംഭവിച്ചതുപോലെ, `ലോണ്‍ ബാധ്യത ഏറ്റെടുത്തോളൂ, പത്തു ഡോളറിനു വീടു വില്‌ക്കാനുണ്ട്‌' എന്നമട്ടിലുള്ള പരസ്യങ്ങള്‍ വരും'' -ജോ മുന്നറിയിപ്പു നല്‍കുന്നു.

അച്ചടിമാധ്യമത്തിന്റെ ഭാവിയില്‍ വിശ്വാസം നശിച്ച്‌ ജോ ടൈംസിലെ ജോലി രാജിച്ച്‌ കാഞ്ഞിരപ്പള്ളിക്കടുത്ത്‌ കൂവപ്പള്ളിയില്‍ ഫുള്‍ടൈം റബ്ബര്‍ കൃഷിക്കാരനായി മാറിയത്‌ ഈയടുത്തകാലത്താണ്‌. അദ്ദേഹം ടൈംസിനയച്ച രസകരമായ രാജിക്കത്ത്‌ `ഫ്രം ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ ടു റബ്ബര്‍ എസ്റ്റേറ്റ്‌' എന്ന പേരില്‍ പുസ്‌തകമാക്കി. ഈയിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ തിരുവനന്തപുരത്ത്‌ അതു പ്രകാശനം ചെയ്‌തത്‌.

``വന്‍കിട തോട്ടങ്ങള്‍ ആരും വില്‌ക്കാന്‍ പോകുന്നില്ല'' -എന്‍.ആര്‍.ഐകളുടെ മോഹത്തിനു തടയിട്ടുകൊണ്ട്‌ കാഞ്ഞിരപ്പള്ളിയിലെ മറ്റൊരു പ്ലാന്ററായ മാത്യു നിക്കോളാസ്‌ (ആനത്താനം ജിമ്മി) പറയുന്നു. അത്യാവശ്യമുള്ള ചെറുകിടക്കാര്‍ വിറ്റെന്നിരിക്കും. എന്‍.ആര്‍.ഐ.കള്‍ക്ക്‌ അവരുടെ പിറകേ കൂടാം. അത്‌ ചെറുകിട തോട്ടങ്ങളുടെ വില വര്‍ധിപ്പിക്കും. ഭൂമിയാണ്‌ ഏറ്റം നല്ല ഇന്‍വെസ്റ്റ്‌മെന്റ്‌ ഭൂമി ഇതുവരെ ആരെയും ചതിച്ചിട്ടില്ല -ജിമ്മി തറപ്പിച്ചു പറയുന്നു.

ഈ പശ്ചാത്തലത്തില്‍ റബ്ബറുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഒരാഗോള സമ്മേളനത്തിന്‌ കോട്ടയം ആസ്ഥാനമായ ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ്‌ ഒരുക്കം തുടങ്ങിയിരിക്കുന്നു. ഫെബ്രുവരിയില്‍ കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരിക്കും സമ്മേളനം നടക്കുക. സ്വാഭാവിക റബ്ബറുത്‌പാദക രാഷ്‌ട്രങ്ങളുടെ ആഗോള സമൂഹത്തിന്റെ (എ.എന്‍.ആര്‍.പി.സി) അദ്ധ്യക്ഷയായ റബ്ബര്‍ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ഷീലാ തോമസ്‌ ആണ്‌ ഇതിനു മുന്‍കൈയെടുക്കുന്നത്‌. നീണ്ട മഴക്കാലംകൊണ്ട്‌ കേരളത്തില്‍ 30,000 ടണ്ണിന്റെ ഉത്‌പാദനനഷ്‌ടമുണ്ടായിട്ടും പ്രതീക്ഷയോടെ ഉത്‌പാദനവളര്‍ച്ചയ്‌ക്ക്‌ ആക്കംകൂട്ടാന്‍ ശ്രമിക്കുന്ന റബ്ബര്‍ പ്രൊഡക്‌ഷന്‍ കമ്മീഷണര്‍ ഡോ. ജെ. തോമസ്‌ ഒപ്പമുണ്ട്‌.
രൂപ കുമിഞ്ഞുകൂടുന്നത്‌ റബ്ബര്‍ കര്‍ഷകനു ഗുണംചെയ്യും (കുര്യന്‍ പാമ്പാടി)രൂപ കുമിഞ്ഞുകൂടുന്നത്‌ റബ്ബര്‍ കര്‍ഷകനു ഗുണംചെയ്യും (കുര്യന്‍ പാമ്പാടി)രൂപ കുമിഞ്ഞുകൂടുന്നത്‌ റബ്ബര്‍ കര്‍ഷകനു ഗുണംചെയ്യും (കുര്യന്‍ പാമ്പാടി)രൂപ കുമിഞ്ഞുകൂടുന്നത്‌ റബ്ബര്‍ കര്‍ഷകനു ഗുണംചെയ്യും (കുര്യന്‍ പാമ്പാടി)രൂപ കുമിഞ്ഞുകൂടുന്നത്‌ റബ്ബര്‍ കര്‍ഷകനു ഗുണംചെയ്യും (കുര്യന്‍ പാമ്പാടി)രൂപ കുമിഞ്ഞുകൂടുന്നത്‌ റബ്ബര്‍ കര്‍ഷകനു ഗുണംചെയ്യും (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക