Image

ജൈവ ഇന്ധനത്തില്‍ ആദ്യ യാത്രാവിമാനം പറന്നു

Published on 10 October, 2011
ജൈവ ഇന്ധനത്തില്‍ ആദ്യ യാത്രാവിമാനം പറന്നു
ലണ്ടന്‍: പാചക എണ്ണ ഉപയോഗിച്ച്‌ ആദ്യമായി യാത്രാവിമാനം പറന്നു. 232 യാത്രക്കാരുമായി ബിര്‍മിങ്ങാമില്‍ നിന്ന്‌ ലാന്‍സറോട്ടിലേക്കാണ്‌ ബ്രിട്ടനിലെ തോംസണ്‍ എയര്‍വേയ്‌സിന്റെ ബോയിങ്‌ 757 വിമാനം പറന്നത്‌. ഹോട്ടലുകളില്‍ ഉപയോഗിച്ചശേഷം കളയുന്ന എണ്ണ വീണ്ടും സംസ്‌കരിച്ചെടുത്താണ്‌ ഇന്ധനമായി ഉപയോഗിച്ചത്‌.

ഇരട്ട എന്‍ജിനുള്ള വിമാനത്തിന്റെ ഒരു എന്‍ജിന്‌ സാധാരണ ഇന്ധനവും പുനഃസംസ്‌കരിച്ച പാചക എണ്ണയും പകുതിവീതം കലര്‍ത്തിയാണ്‌ ഉപയോഗിച്ചത്‌. ഈ ജൈവ ഇന്ധനത്തിന്‌ സാധാരണ വിമാന ഇന്ധനത്തേക്കാള്‍ അഞ്ച്‌ ഇരട്ടിയിലേറെ ചെലവു വരുമെങ്കിലും കാര്‍ബണ്‍ മലിനീകരണം കുറയ്‌ക്കാന്‍ സഹായിക്കുന്ന സുസ്‌ഥിര ജൈവ ഇന്ധനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന സന്ദേശം ലോകത്തിനു നല്‍കുന്നതിനു വേണ്ടിയാണ്‌ അധികച്ചെലവ്‌ വഹിച്ചതെന്ന്‌ തോംസണ്‍ എയര്‍വേയ്‌സ്‌ വക്‌താവ്‌ അറിയിച്ചു.

പൂര്‍ണമായും ജൈവ ഇന്ധനം ഉപയോഗിച്ചുള്ള വിമാന സര്‍വീസ്‌ അടുത്തവര്‍ഷം തുടങ്ങാനാവുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു.

ഇതേസമയം, ജൈവ ഇന്ധനം ഉപയോഗിക്കുന്നതു പ്രകൃതിയെ വീണ്ടും കൊള്ളയടിക്കാനുള്ള ശ്രമമാണെന്ന്‌ ആരോപിച്ച്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ തുണിയുരിഞ്ഞും ദേഹമാസകലം ചുവന്ന ചായം തേച്ചും പ്രതിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക