Image

ഡോളറേ, നീയേ രക്ഷതുഃ - ജോര്‍ജ് തുമ്പയില്‍

ഇ മലയാളി എക്‌സ്‌ക്ലൂസീവ്‌ Published on 27 August, 2013
ഡോളറേ, നീയേ രക്ഷതുഃ  - ജോര്‍ജ് തുമ്പയില്‍
ചുറ്റോടു ചുറ്റും വെള്ളം, ഒരു തുള്ളി പോലും കുടിക്കാന്‍ ഇല്ലെന്ന കുട്ടനാട്ടുകാരുടെ അവസ്ഥയിലാണ് ഇപ്പോള്‍ അമേരിക്കന്‍ മലയാളികളും. ഡോളറിന്റെ കുതിച്ചു കയറ്റം കണ്ട് കണക്ക് അറിയാത്തവരും കണക്ക് പഠിച്ചു പോകുന്നു. രാവിലെ മുതല്‍ ഫോണ്‍ വിളിച്ച് റേറ്റ് അറിഞ്ഞ് കണക്കു കൂട്ടി കൂട്ടി പത്തു വിരലും മതിയാവാതെ കാലുപിടുത്തവും തുടങ്ങിയിട്ടുണ്ടെന്നാണ് വിവിധ മലയാളി കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഈശ്വരാ, ഡോളറിന് 66 രൂപ! പത്തു ഡോളര്‍ തികച്ച് എടുക്കാനുണ്ടായിരുന്നെങ്കില്‍ നാട്ടില്‍ പത്തു സെന്റ് സ്ഥലം വാങ്ങിയിടാമായിരുന്നുവെന്നാണ് പലരുടെയും കരച്ചില്‍. ഇതു കേട്ടാല്‍ തോന്നും, നാട്ടില്‍ എല്ലാം ഫ്രീയായി കിട്ടുകയാണെന്ന്.
ദോഷം പറയരുതല്ലോ, പള്ളി പെരുന്നാളിനും കര്‍ത്താവിനുമുള്ള നേര്‍ച്ചയുടെ കാര്യത്തില്‍ അല്‍പ്പം ഇടിവ് വന്നിട്ടുണ്ടെന്നത് നേരാണ്, പക്ഷേ, ഡോളര്‍ നാട്ടിലേക്ക് അയയ്ക്കുന്ന കാര്യത്തില്‍ പലരും പത്തി വിടര്‍ത്തി നിന്നാണ് ആടുന്നത്. കിട്ടാവുന്നിടത്തു നിന്നൊക്കെ പലിശയ്ക്ക് ഡോളറു വാങ്ങിച്ച്, പട്ടിണി കിടന്ന് നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നുണ്ട്.
വെസ്റ്റേണ്‍ യൂണിയന്‍കാരും കോളടിച്ചിട്ടുണ്ട്. ഇനി എന്താകുമോ എന്തോ? എന്തായാലും ഒരു കാര്യം ഉറപ്പ്, ഡോളറിന്റെ ഈ ചാകര അധികം കാലം നില്‍ക്കാനൊന്നും പോണില്ലെന്ന് ഈയുള്ളവനും അറിയാം.. കാറ്റുള്ളപ്പോള്‍ ... സാധിക്കണമെന്നല്ലേ പഴമക്കാര്‍ പറയുന്നത്, രാവിലെ മുതല്‍ അതിനു വേണ്ടി വെളിക്ക് ഇറങ്ങി നടപ്പാണ്.
ഏതെങ്കിലും മലയാളിയെ കണ്ടാല്‍ അപ്പോള്‍ തന്നെ ഏതോ പ്രേതത്തെ കണ്ടതു മാതിരിയാണ് അവര്‍ അകത്തു ഓടി കയറി കതകടച്ച് കുറ്റിയിട്ട് അണ്ടര്‍ഗ്രൗണ്ടിലേക്ക് മുങ്ങി ഫോണ്‍ വോയ്‌സ് മെയ്‌ലിലേക്ക് മാറ്റിയിടുന്നത്. ആരെങ്കിലും ചത്തവിവരം പറയാന്‍ ചെന്നാലം ഡോളറു കടം ചോദിക്കാനാണെന്ന മട്ടിലാണ് ആള്‍ക്കാര് ഓടി രക്ഷപ്പെടുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു സമത്വം വന്നിട്ടുണ്ട്.
പണ്ടൊക്കെ മലയാളികള്‍ തമ്മിലായിരുന്നു പിച്ചയെടുത്തിരുന്നതെങ്കില്‍ ഇന്നത് സായ്‌പെന്നോ, സ്പാനിഷെന്നോ എന്തിന് കറുമ്പനെന്ന വ്യത്യാസം പോലുമില്ല. അല്ലെങ്കില്‍ തന്നെ ആവശ്യക്കാരനെന്തിന് ഔചിത്യം. കാര്യം നടക്കണം. അത്രയേള്ളു, അല്ല പിന്നെ. വേദാന്തം പറയുന്നവന് അവിടിരുന്നു പറഞ്ഞാ മതി, സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്തു കായ് പത്തു തിന്നാം എന്നാണല്ലോ പ്രമാണം.
അങ്ങനെയുള്ള അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഡോളറിനു വില കൂടിയിട്ടും ചിരിക്കാനോ ചിന്തിക്കാനോ പറ്റാത്ത അവസ്ഥയിലാണ് എല്ലാവരുമെന്നതാണ് യാഥാര്‍ത്ഥ്യം. കടം കൊടുത്തു കൊടുത്തു എല്ലാവരും ഏതാണ്ട് മുടിഞ്ഞു മുണ്ടക്കോലായി പാപ്പരായ മട്ടാണ്. അതു കൊണ്ടാണ് പറഞ്ഞത്, ആലിന്‍കായ് പഴുത്തപ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണെന്ന്.
ആ അവസ്ഥയിലാണ് ഇപ്പോള്‍ അമേരിക്കന്‍ മലയാളികള്‍. കയ്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. ഈശ്വരാ, ഇങ്ങനൊരു ഗതി ലോകത്തുള്ള ഒരു കുടിയേറ്റക്കാര്‍ക്കും കൊടുക്കരുതേ...

ഡോളറേ, നീയേ രക്ഷതുഃ  - ജോര്‍ജ് തുമ്പയില്‍
Join WhatsApp News
biju_ny 2013-08-27 10:19:15
എന്റെ 9 വയസ്സുകാരി മകളോട് ഞാൻ ഡോളർ റുപീ എക്സ്ചേഞ്ച് നെ പ്പറ്റി  ദിസ്കുസ് ചെയ്തു. കാര്യം അവൾക്കു മനസ്സിലായി. അവളൊരു ചോദ്യം ചോദിച്ചു. അപ്പോൾ അച്ഛാ ഇന്ത്യയിൽ അവർ എല്ലാത്തിനും അങ്ങ് വില കൂട്ടും, അപ്പോൾ പിന്നെ എന്താ ബെനെഫിറ്റ്?   എനിക്ക് മറുപടി ഉണ്ടായില്ല.
George Parnel 2013-08-27 17:51:43
Good message with humor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക