Image

സ്റ്റീവ് ജോബ്‌സിന്റെ ജീവിതം ഇനി വെള്ളിത്തിരയിലും(അങ്കിള്‍സാം)

Published on 10 October, 2011
സ്റ്റീവ് ജോബ്‌സിന്റെ ജീവിതം ഇനി വെള്ളിത്തിരയിലും(അങ്കിള്‍സാം)
സ്റ്റീവ് ജോബ്‌സിന്റെ ജീവിതം ഇനി വെള്ളിത്തിരയിലും

ലോസ് ഏയ്ഞ്ചല്‍സ് : കഴിഞ്ഞ ദിവസം അന്തരിച്ച ആപ്പള്‍ മുന്‍ അധ്യക്ഷന്‍ സ്റ്റീവ് ജോബ്‌സിന്റെ ജീവിതം വെള്ളിത്തിരയിലുമെത്തുന്നു. സ്റ്റീവിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതിന്റെ ഭാഗമായി സോണി പിക്‌ചേഴ്‌സ് അദ്ദേഹത്തിന്റെ ആത്മകഥ എഴുതിയ വാള്‍ട്ടര്‍ ഐസാക്‌സണുമായി ചര്‍ച്ച തുടങ്ങി. സ്റ്റീവ് ജോബ്‌സുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാല്‍പതോളം തവണ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഐസാക്‌സണ്‍ അദ്ദേഹത്തിന്റെ ആത്മകഥ തയ്യാറാക്കിയത്.

'ഐ സ്റ്റീവ്' എന്നാണ് പുസ്തകത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ഈ മാസം 24നാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഇതിനുശേഷം സിനിമയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് സോണി പിക്‌ചേഴ്‌സിന്റെ തീരുമാനം. 'സ്പീഡ്' , 'സേവിംഗ് പ്രൈവറ്റ് റ്യാന്‍ ', 'സോഴ്‌സ് കോഡ്' തുടങ്ങിയ വിഖ്യാത ചിത്രങ്ങളുടെ നിര്‍മ്മാതാവായ മാര്‍ക് ഗോഡനാണ് സ്റ്റീവിനെക്കുറിച്ചുള്ള ചിത്രം നിര്‍മിക്കുന്നത്. ആരായിരിക്കും സ്റ്റീവ് ജോബ്‌സിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക എന്ന കാര്യം ഇപ്പോഴും സസ്‌പെന്‍സാണ്.

തലച്ചോര്‍ മൂക്കിന് മുമ്പേ മണം തിരിച്ചറിയുന്നുവെന്ന് പഠനം.
വാഷിംഗ്ടണ്‍ : മൂക്കിലൂടെയാണ് മനുഷ്യന്‍ മണം തിരിച്ചറിയുന്നതെന്ന ധാരണ തെറ്റാണെന്ന് പഠനം. പരിചിത മണങ്ങള്‍ മൂക്ക് തിരിച്ചറിയുന്നതിനു മുമ്പേ തലച്ചോര്‍ തിരിച്ചറിയുന്നുവെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി ന്യൂറോണ്‍ ജേര്‍ണര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പരിചിത മണങ്ങളുടെ കാര്യത്തില്‍ മാത്രമെ തലച്ചേര്‍ മൂക്കിനെ കടത്തിവെട്ടുന്നുള്ളൂ.

ഉദാഹരണമായി ഒരു റോസാ പുഷ്പത്തിന്റെ മണം മൂക്കിനു മുമ്പെ തലച്ചോര്‍ തിരിച്ചറിയും. എന്നാല്‍ കേടുവന്ന പാലിനെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ റോസാ പുഷ്പത്തെപ്പോലെ നമ്മുടെ തലച്ചോറില്‍ പതിഞ്ഞിട്ടില്ല എന്നതു തന്നെ. പരിചിതമായ കാര്യങ്ങള്‍ കാണുമ്പോഴെ അവയുടെ മണം തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ തലച്ചോറില്‍ നടക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

മിഷേല്‍ ഒബാമയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തയ്യാറെന്ന് വൂഡി അലന്‍

ലോസ്ഏയ്ഞ്ചല്‍സ്: അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമയെ തന്റെ അടുത്ത സിനിമയില്‍ അഭിനയിപ്പിക്കാന്‍ തയ്യാറാണെന്ന് പ്രശസ്ത സംവിധായകന്‍ വൂഡി അലന്‍ . മിഷേല്‍ സമ്മതിക്കുകയാണെങ്കില്‍ അവരെ അഭിനയിപ്പിക്കാന്‍ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പത്‌നി കാര്‍ലാ ബ്രൂണിയെ മുമ്പ് തന്റെ സിനിമയില്‍ അഭിനയിപ്പിച്ചിട്ടുള്ള അലന്‍ പറഞ്ഞു.

അലന്റെ 'മിഡ്‌നൈറ്റ് ഇന്‍ പാരീസ്' എന്ന ചിത്രത്തിലാണ് കാര്‍ലാ ബ്രൂണി അഭിനയിച്ചത്. ഒരു അത്താഴവിരുന്നിടെയാണ് ബ്രൂണിയെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചതെന്ന് അലന്‍ പറഞ്ഞു. ഇതുപോലെ മിഷേലുമൊത്ത് ചിലവഴിക്കാന്‍ ഒരവസരം ലഭിച്ചാല്‍ സിനിമയല്‍ അഭിനയിക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടോ എന്ന് ചോദിക്കാന്‍ തനിക്ക് മടിയില്ലെന്നും മൂന്നു തവണ ഓസ്‌ക്കാര്‍ അവാര്‍ഡ് നേടിയിട്ടുള്ള വൂഡി അലന്‍ വ്യക്തമാക്കി.

ഗൂഗിള്‍ ഏറ്റവും ആകര്‍ഷക തൊഴിലുടമ
ന്യൂയോര്‍ക്ക് : തൊഴിലന്വേഷകരെ ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനമെന്ന ബഹുമതി ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്. മാനേജ്‌മെന്റ്, എന്‍ജിനീയറിംഗ് ബിരുദധാരികള്‍ വേവ്വേറെ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. അമ്പതു സ്ഥാപനങ്ങളുടെ പട്ടികയില്‍ മൂന്നാം തവണയാണ് ഗൂഗിള്‍ ഒന്നാമതെത്തിയത്.

ബ്രസീല്‍ , കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍ , റഷ്യ, സ്‌പെയിന്‍ , ബ്രിട്ടന്‍ , അമേരിക്ക എന്നിവിടങ്ങളിലെ 1,60,000 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. രണ്ടാം സ്ഥാനം ഐബിഎമ്മിനും, മൂന്നാം സ്ഥാനം മൈക്രോ സോഫ്റ്റിനും ലഭിച്ചു. ബിഎംഡബ്ല്യൂ, ഇന്റല്‍ , സോണി, ആപ്പിള്‍ , ജിഇ, സീമെന്‍സ്, പ്രോക്ടര്‍ ആന്റ് ഗാംബിള്‍, എച്ച്പി, സിസ്‌കോ, ഒറാക്കിള്‍ , നോക്കിയ, ഡെല്‍ , ലെനോവോ തുടങ്ങിയവയാണ് പിന്നീടുള്ള കമ്പനികള്‍ . മാനേജ്‌മെന്റ് ബിരുദധാരികളുടെ സര്‍വേയില്‍ മൈക്രോ സോഫ്റ്റിന് ആറാം സ്ഥാനമാണ്. പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ , ജെപി മോര്‍ഗന്‍ , ആപ്പിള്‍ , ഗോഡ്മാന്‍ സാഷെ, കോക്കകോള, സിറ്റി, പെപ്‌സി തുടങ്ങിയവ പിന്നീടു വരുന്നു.

ഇ-ബുക്ക് റെന്റല്‍ സേവനവുമായി ആമസോണ്‍

വാഷിംഗ്ടണ്‍ : പ്രമുഖ പ്രസാധകരായ ആമസോണ്‍ ഇ-ബുക്ക് റെന്റല്‍ സേവനം ആരംഭിക്കുന്നു. നെറ്റ്ഫ്‌ളിക്‌സിന്റെ മീഡിയ റെന്റിംഗ് സേവന മാതൃകയിലാണ് ആമസോണിന്റെ ഇ-ബുക്ക് റെന്റല്‍ സേവനം നിലവില്‍ വരിക. ഇതുസംബന്ധിച്ച് വിവിധ പ്രസാധകരുമായി ആമസോണ്‍ ചര്‍ച്ച നടത്തിവരികയാണ്. സേവനത്തില്‍ പങ്കാളിയാവാന്‍ ആഗ്രഹിക്കുന്ന പ്രസാധകര്‍ക്ക് മികച്ച പ്രതിഫലമാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്.

ഉപയോക്താക്കള്‍ക്ക് വാര്‍ഷിക ഫീസ് നല്‍കി പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുന്ന രീതിയിലാണ് ഇ-ബുക്ക് റെന്റല്‍ സര്‍വീസ് നിലവില്‍ വരിക. ആമസോണിന്റെ പുതിയ സേവനം പുസ്തക വില്‍പനയെ സാരമായി ബാധിക്കുമെന്ന ആശങ്കയും ചില പ്രസാധകര്‍ക്കുണ്ട്. എങ്കിലും യുവതലമുറയ്ക്കിടയില്‍ ഏറെ പ്രചാരമുള്ള ഇ-ബുക്ക് റീഡിംഗിന് പുതിയ മാനം നല്‍കാന്‍ തന്നെയാണ് ആമസോണിന്റെ തീരുമാനം.

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ചൂടു പിടിയ്ക്കുന്നു

വാഷിംഗ്ട
ണ്‍ ‍: കുത്തകകളുടെ ആര്‍ത്തിക്കും രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്കുമെതിരെ അമേരിക്കയില്‍ ഒരു സംഘം യുവാക്കള്‍ ആരംഭിച്ച 'ഒക്യുപൈ വാള്‍സ്ട്രീറ്റ്' പ്രക്ഷോഭം ബഹുജന മുന്നേറ്റമായി ശക്തിപ്രാപിക്കുന്നു. പ്രക്ഷോഭത്തിന്റെ 21-ാം ദിവസമായ ഞായറാഴ്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ ഇരച്ചു കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വാഷിംഗ്ടണിലെ പ്രസിദ്ധമായ ദേശീയ വ്യോമ, ബഹിരാകാശ മ്യൂസിയം ഒരു ദിവസത്തേക്ക് അടച്ചിട്ടു. ഇരുന്നൂറോളം വരുന്ന പ്രക്ഷോഭകാരികളാണ് സ്മിത്‌സോണിയന്‍ മ്യൂസിയത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്.

ഉള്ളില്‍ കടക്കണമെങ്കില്‍ പ്രതിഷേധത്തിന്റെ ചിഹ്നങ്ങളൊന്നും പേറരുതെന്ന മ്യൂസിയം അധികൃതരുടെ നിര്‍ദേശം പാലിക്കാന്‍ ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ക്കു നേരേ പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമരത്തിന്റെ ഭാഗമായിരുന്നു ഇതെന്നു സംഘാടകര്‍ പറഞ്ഞു. പ്രക്ഷോഭകേന്ദ്രമായ സുക്കോട്ടി പാര്‍ക്കില്‍ നിന്ന് ആയിരത്തോളം പേര്‍ വാഷിംഗ്ടണ്‍ സ്‌ക്വയര്‍ പാര്‍ക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

മൂന്നാഴ്ച പിന്നിട്ട പ്രക്ഷോഭത്തില്‍ യുവാക്കള്‍ക്കൊപ്പം പ്രായമായവരും ആവേശപൂര്‍വം പങ്കെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനവുന്നത്. വിദ്യാഭ്യാസ വായ്പ പെരുകി പഠനം തന്നെ പെരുവഴിയിലായ വിദ്യാര്‍ഥികളും തൊഴിലില്ലാത്ത ചെറുപ്പക്കാരും ഭവനവായ്പ ജീവിതം മുട്ടിച്ച ഫാക്ടറി തൊഴിലാളികളും അണിനിരന്ന സമരത്തിന് വിയറ്റ്‌നാം യുദ്ധത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരും പിന്തുണയുമായെത്തി. രാജ്യത്തെ പ്രധാന മ്യൂസിയത്തില്‍ കടക്കാന്‍ ശ്രമിച്ച പൗരന്‍മാര്‍ക്കു നേരേ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതിനെതിരെ പലഭാഗത്തു നിന്നും പ്രതിഷേധമുയരുന്നുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ് അമേരിക്കയെന്ന് വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ചാവേസ് കുറ്റപ്പെടുത്തി.

സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവായ പോള്‍ ക്രൂഗ്മാന്‍, വിഖ്യാത ചലച്ചിത്രകാരന്‍ മൈക്കിള്‍ മൂര്‍ തുടങ്ങിയവരുടെ പിന്തുണ സമരത്തിന് കൂടുതല്‍ സ്വീകാര്യത സൃഷ്ടിച്ചിട്ടുണ്ട്. അതിനിടെ മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ പ്രസിദ്ധപത്രമായ 'വാള്‍സ്ട്രീറ്റ് ജേണലിന്റെ' പേരിനോട് സാമ്യമുള്ള 'ഒക്യുപൈ വാള്‍സ്ട്രീറ്റ് ജേണല്‍' എന്ന പത്രം പ്രക്ഷോഭകാരികള്‍ പുറത്തിറക്കിത്തുടങ്ങിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എ.പി.യിലും ന്യൂസ് വീക്ക് മാസികയിലും പ്രവര്‍ത്തിച്ചിരുന്ന മൈക്കിള്‍ ലെവിലിനാണ് ഇതിന്റെ പത്രാധിപസ്ഥാനം. ഇന്റര്‍നെറ്റു വഴിയും സമരക്കാര്‍ പ്രചാരണം നടത്തുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്താല്‍ നിലതെറ്റിയ ഒബാമ ഭരണകൂടത്തിന് വെല്ലുവിളിയുയര്‍ത്തുന്ന തരത്തിലാണ് സമരത്തിന്റെ മുന്നേറ്റം. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സാമ്പത്തിക രാഷ്ട്രീയ അജന്‍ഡ നിശ്ചയിക്കുന്ന വിധം സമരത്തിന്റെ ഗതി മാറുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

പുതുതലമുറ ചിപ്പുമായി അമേരിക്കന്‍ ഇന്ത്യക്കാരന്‍

വാഷിംഗ്ടണ്‍ : കുറഞ്ഞ വൈദ്യുതി ഉപയോഗവും കൂടുതല്‍ കാര്യക്ഷമതയുമുള്ള കമ്പ്യൂട്ടര്‍ ചിപ്പ് വികസിപ്പിച്ച് ഇന്ത്യക്കാരന്‍ ലോക ശ്രദ്ധ നേടുന്നു. ഖരഗ്പുര്‍ ഐ.ഐ.ടി.യിലെ പൂര്‍വവിദ്യാര്‍ഥിയായ രാജ് ദത്താണ് അമേരിക്കയുടെ എഫ്-35 ഫൈറ്റര്‍ വിമാനങ്ങളിലെ ആപ്ലിക്കേഷനുകള്‍ക്ക് പോലും സഹായകമായേക്കാവുന്ന സാങ്കേതികവിദ്യയുമായി രംഗത്തെത്തിയത്.

പുതിയ ചിപ്പ് ഉപയോഗിച്ചു നിര്‍മിക്കുന്ന കമ്പ്യൂട്ടര്‍ പ്രൊസസറുകള്‍ക്ക് നിലവിലുള്ളവയെ അപേക്ഷിച്ച് 90
ശതമാനംവരെ കുറച്ചു വൈദ്യുതി മതിയാകും. പ്രവര്‍ത്തനവേഗം 60 ശതമാനം വരെ ഉയരുകയും ചെയ്യും. ഭാരവും വലിപ്പവും കുറയും. ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ യു.എസ്. പ്രതിരോധവകുപ്പ് കമ്പനിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. എഫ്-35 ഫൈറ്റര്‍ വിമാനങ്ങളില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചുവരികയാണ്.

നിലവിലുള്ള സെമി കണ്ടക്ടറുകളില്‍ ഇലക്‌ട്രോണുകളുപയോഗിച്ചാണ് വിവരങ്ങള്‍ കൈമാറുന്നത്. ഇലക്‌ട്രോണിനുപകരം ഫോട്ടോണുകളുപയോഗിച്ച് ഡാറ്റ കൈമാറ്റം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് രാജ് വികസിപ്പിച്ചത്. ഈ സാങ്കേതിക വിദ്യയുപയോഗിക്കുന്ന ചിപ്പുകളില്‍ താപമുണ്ടാകില്ല. സാധാരണ ചിപ്പുകളില്‍ താപം തടയാനുള്ള സംവിധാനം ചെലവേറിയതാണ്.

ചെമ്പിന്റെ ഉപയോഗം കുറയ്ക്കാനും അതുവഴി ചിപ്പുകളില്‍ കൂടുതല്‍ ട്രാന്‍സിസ്റ്ററുകള്‍ ഉള്‍പ്പെടുത്താനും കഴിയും. തന്റെ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം ഈയിടെ വാഷിങ്ടണില്‍ വെച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് രാജ് ധരിപ്പിച്ചിരുന്നു. എ.പി.ഐ.സി. കോര്‍പ്, ഫോട്ടോണിക് കോര്‍പ് എന്നിവയുടെ ചെയര്‍മാനും സി.ഇ.ഒ.യുമാണ് രാജ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക