Image

ജോജോ ജോണിന്റെ അറസ്റ്റ്‌: ഇന്ത്യന്‍ സമൂഹം പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നു

Published on 26 August, 2013
ജോജോ ജോണിന്റെ അറസ്റ്റ്‌: ഇന്ത്യന്‍ സമൂഹം പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നു
നാനുവെറ്റ്‌, ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍ നദിയിലെ ബോട്ട്‌ അപകടത്തെ തുടര്‍ന്ന്‌ ജോജോ ജോണിനെ അറസ്റ്റ്‌ ചെയ്‌ത്‌ പൗരാവകാശങ്ങള്‍ നിഷേധിച്ചതില്‍ ഇന്ത്യന്‍ സമൂഹം ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. ജോജോയ്‌ക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണി ഓഫീസിനു മുന്നില്‍ പ്രതിക്ഷേധ റാലി സംഘടിപ്പിക്കാനും ജോജോയ്‌ക്കെതിരായ കേസ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഒപ്പുശേഖരണം നടത്താനും കാരാവല്ലി റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ജോജോയുടെ പിതാവ്‌ ജോണ്‍ യോഹന്നാന്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഹൃദയസ്‌പൃക്കായി അവതരിപ്പിച്ചു. രാത്രി പത്തുമണിയോടെയാണ്‌ ജോജോ ഓടിച്ചിരുന്ന ബോട്ട്‌ പാലംപണിക്കുള്ള സാമിഗ്രികളുമായി കിടന്ന ബാര്‍ജില്‍ ചെന്നിടിച്ചത്‌. ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ രണ്ടുപേര്‍ തെറിച്ചുപോയി. ജോജോ അടക്കം നാലുപേരും പരിക്കേറ്റ്‌ ബോട്ടില്‍ ബോധരഹിതരായി കിടന്നു. കുറെ കഴിഞ്ഞ്‌ അവരിലൊരാള്‍ക്ക്‌ ബോധം തെളിഞ്ഞപ്പോഴാണ്‌ പോലീസിനെ വിളിച്ചത്‌.

ബാര്‍ജ്‌ കിടക്കുന്നത്‌ തങ്ങളാരും കണ്ടില്ലെന്ന്‌ അവര്‍ മൊഴിനല്‍കിയിട്ടുണ്ട്‌. അതുപോലെ തങ്ങളാരും കാര്യമായി മദ്യപിച്ചിരുന്നില്ലെന്നും അവര്‍ വക്തമാക്കി. എന്നിട്ടും ജോജോയെ അറസ്റ്റ്‌ ചെയ്‌തു. മദ്യപിച്ചതായി തോന്നി എന്നാണ്‌ കാരണം പറഞ്ഞത്‌. ഗുരുതരമായി പരിക്കേറ്റിട്ടും ആശുപത്രിയില്‍ കട്ടിലിനോട്‌ ചേര്‍ത്ത്‌ ചങ്ങലയ്‌ക്കിട്ടു. തന്മൂലം ശരീരത്തില്‍ വ്രണമുണ്ടായി.

പുലര്‍ച്ചെ നാലരയോടെ ബോധം തെളിഞ്ഞ ജോജോ വീട്ടുകാരെ വിവരം അറിയിക്കാന്‍ പറഞ്ഞിട്ടും അതിനു തയാറായില്ല. പിറ്റേന്ന്‌ പത്തുമണിയോടെ പള്ളിയിലെ പിക്‌നിക്കിനു പോകാന്‍ ഒരുങ്ങുമ്പോഴാണ്‌ തങ്ങള്‍ വിവരം അറിയുന്നത്‌. ആശുപത്രിയിലെത്തിയപ്പോള്‍ കാണാന്‍ പോലീസ്‌ സമ്മതിച്ചില്ല. കോടതിയുടെ അനുവാദം വേണമെന്നു പറഞ്ഞു. മൂന്നാം ദിവസമാണ്‌ ജോജോയെ കാണാന്‍ കഴിഞ്ഞത്‌. സുഹൃത്തായ ഒരു അറ്റോര്‍ണിയെ ജോജോ അപ്പോഴേക്കും റൂമിലേക്ക്‌ വിളിച്ചുവരുത്തിയിരുന്നു.

ആശുപത്രിയില്‍ ജഡ്‌ജിയെ വിളിച്ചുവരുത്തിയാണ്‌ രണ്ടരലക്ഷം ഡോളര്‍ ജാമ്യത്തുക നിശ്ചയിച്ചത്‌. തുടര്‍ന്ന്‌ വെഹിക്കുലര്‍ നരഹത്യയ്‌ക്ക്‌ കേസെടുത്തു. കൊലപാതക കേസുകളില്‍ പോലും സംഭവിക്കാത്തത്ര ധൃതിയിലുള്ള നടപടികളാണ്‌ ഉണ്ടായത്‌. പക്ഷെ ഒടുവില്‍ സ്വന്തം ജാമ്യത്തില്‍ കോടതി ജോജോയെ വിട്ടയയ്‌ക്കുകയായിരുന്നു. ഇനിയിപ്പോള്‍ സെപ്‌റ്റംബര്‍ 25-ന്‌ ഗ്രാന്റ്‌ ജൂറി കൂടുമെന്നു പറയുന്നു.

മാധ്യമങ്ങള്‍ ഒരു ഭീകരനെപ്പോലെയാണ്‌ ജോജോയെ ചിത്രീകരിച്ചത്‌. ഏതാനും ദിവസം വീടിനു ചുറ്റും മാധ്യമപ്പടയായിരുന്നു. അതിനാല്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ട സ്ഥിതിപോലും വന്നു.

പാലംപണികളുടെ കരാറുകാരുടേയും സ്റ്റേറ്റ്‌ അധികൃതരുടേയും വീഴ്‌ചകള്‍ മറയ്‌ക്കാനാണ്‌ ജോജോ ജോണിനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നതെന്ന്‌ യോഗത്തിനു മുന്‍കൈ എടുത്ത ജസ്റ്റീസ്‌ ഫോര്‍ ഓള്‍ സംഘടനയുടെ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍ പറഞ്ഞു. റോഡിനു നടുവില്‍ വലിയൊരു കുഴി കുഴിക്കുന്നതിനോടാണ്‌ വേണ്ടത്ര ലൈറ്റില്ലാതെ ബാര്‍ജ്‌ കിടന്നതിനെ കൂവള്ളൂര്‍ ഉപമിച്ചത്‌. കുഴിയുണ്ടെന്നു മുന്‍കൂട്ടി അറിയിക്കുകയും, മതിയായ ലൈറ്റ്‌ സ്ഥാപിക്കുകയുമൊക്കെ ചെയ്യേണ്ട ഉത്തരവാദിത്വം സ്റ്റേറ്റ്‌ നിര്‍വഹിച്ചില്ല.


ഇന്നസന്റ്‌ ഉലഹന്നാന്‍ ആമുഖമായി കേസിനെപ്പറ്റി വിവരിച്ചു. ഇന്ത്യന്‍ സമൂഹം ഒന്നായി നില്‍ക്കുകയും ഇത്തരം സംഭവങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി രംഗത്തുവരികയും വേണമെന്നു റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ പറഞ്ഞു. തന്നാല്‍ കഴിയുന്ന എല്ലാ സഹായവും അവര്‍ വാഗ്‌ദാനം ചെയ്‌തു.

പള്ളികളും മതസ്ഥാപനങ്ങളുമൊക്കെ ആളുകളെ ഭിന്നിപ്പിക്കുന്നതല്ലാതെ അവര്‍ക്ക്‌ ശരിയായ നേതൃത്വം നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന്‌ അലക്‌സ്‌ വിളനിലം കോശി പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിനു നേതൃത്വം നല്‍കുന്നത്‌ റവറണ്ട്‌മാരാണ്‌. നമ്മുടെ സമൂഹത്തില്‍ അവര്‍ പള്ളികള്‍ പണിയുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നങ്ങളോ വിഷമതകളോ ഒന്നും അവര്‍ക്ക്‌ പ്രശ്‌നമല്ല.

നമ്മുടെ സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിക്കാന്‍ ഒട്ടും കാലതാമസം വരുത്തെരുതെന്നും അതിനായി വൈകാതെ പ്രതിക്ഷേധ റാലി നടത്തണമെന്നും തോമസ്‌ ടി. ഉമ്മന്‍ നിര്‍ദേശിച്ചത്‌ യോഗം ഹര്‍ഷാരവത്തോടെ എതിരേറ്റു.

ഒരു പിതാവിന്റെ വേദനയെന്തെന്ന്‌ നാമിപ്പോള്‍ കേട്ടുവെന്നും ഇത്തരം അവസ്ഥ ഇന്ത്യക്കാരനായതുകൊണ്ടുമാത്രം ഉണ്ടാകുന്ന സ്ഥിതി വരരുതെന്നും മലയാളം പത്രം എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജേക്കബ്‌ റോയി പറഞ്ഞു.

നമ്മുടെ വീട്ടില്‍ സംഭവിക്കുന്നതുവരെ അനങ്ങാതിരിക്കുന്ന സ്വഭാവമാണ്‌ നമുക്കുള്ളതെന്ന്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ നാഷണല്‍ സെക്രട്ടറി മധു രാജന്‍ ചൂണ്ടിക്കാട്ടി. മധ്യമ രംഗത്തും മറ്റെല്ലാ രംഗത്തും മുഖ്യാധാരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു വേദി തന്നെ ഉണ്ടാവണമെന്നും മധു രാജന്‍ നിര്‍ദേശിച്ചു.

കേസ്‌ എന്ന നിലയില്‍ കാര്യത്തെ ഗൗരവത്തോടെ കാണണമെന്നും ആദ്യമായി ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയുമായി സംസാരിക്കേണ്ടതുണ്ടെന്നും പി.ടി. തോമസ്‌ പറഞ്ഞു. മൊയ്‌തീന്‍ പുത്തന്‍ചിറ, കേരളാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ സെബാസ്റ്റ്യന്‍, വര്‍ഗീസ്‌ ഉലഹന്നാന്‍, അജിന്‍ ആന്റണി, ജോസ്‌ ജോര്‍ജ്‌ തുടങ്ങിയവര്‍ സംസാരിച്ചു.


ജോജോ ജോണിന് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും താഴെ പറയുന്നവരെ ഉള്‍പ്പെടുത്തി ഒരു ആക്ഷന്‍ കമ്മിറ്റിയുടെ രൂപീകരിച്ചു.
ഇന്നസെന്റ് ഉലഹന്നാന്‍(ചെയര്‍മാന്‍): 646 542 4070,
അലക്‌സ് എബ്രഹാം (സെക്രട്ടറി) : 845 729 4423,
കുരിയാക്കോസ് തരിയന്‍ (ട്രഷറര്‍ ) : 845 358 1195,
നാരായണന്‍ രവീന്ദ്രന്‍ (ലീഗല്‍ അഡൈ്വസര്‍) : 917 539 2815,
അജിന്‍ ആന്റണി (യുവജന പ്രതിനിധി) : 845 642 9417. കോ-ഓര്‍ഡിനേറ്റര്‍മാര്‍ : വിശ്വനാഥന്‍ കുഞ്ഞുപിള്ള, ബോസ് കുരുവിള, ജേക്കബ് റോയ്, അലക്‌സ് തോമസ്, സണ്ണി കല്ലൂപ്പാറ, ജോസഫ് കുരിയപ്പുറം, രാജു യോഹന്നാന്‍, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, തോമസ് കെ. ജോര്‍ജ്, മത്തായി പി. ദാസ്, റവ. ഡോ. വര്‍ഗീസ് എബ്രഹാം, തോമസ് മാത്യു, വര്‍ഗീസ് ഉലഹന്നാന്‍, ജോണ്‍ തോമസ്, തമ്പി പനയ്ക്കല്‍, മാത്യു കോരുത്, ജോയി ഇട്ടന്‍, കെ. കെ. ജോണ്‍സണ്‍, സാബു ഇത്താക്കന്‍, അലക്‌സ് വി. കോശി, ജോര്‍ജ് താമരവേലില്‍, റോയി ചെങ്ങന്നൂര്‍, ഷിബു എബ്രഹാം
ജോജോ ജോണിന്റെ അറസ്റ്റ്‌: ഇന്ത്യന്‍ സമൂഹം പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നു
Join WhatsApp News
truth seeker 2013-08-27 11:36:10
Only emalayalee tells the truth. Only truth will succeed
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക