Image

എസ്. എഫ്. ഐ മാര്‍ച്ചില്‍ സംഘര്‍ഷം: ഒട്ടേറെ പേര്‍ക്ക് പരിക്ക്‌

Published on 10 October, 2011
എസ്. എഫ്. ഐ മാര്‍ച്ചില്‍ സംഘര്‍ഷം: ഒട്ടേറെ പേര്‍ക്ക് പരിക്ക്‌
കോഴിക്കോട്: നിര്‍മ്മല്‍ മാധവ് പ്രശ്‌നത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. അനധികൃതമായി പ്രവേശനം നല്‍കിയ നിര്‍മ്മല്‍ മാധവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ തുടങ്ങിയ ഉപരോധ സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഏകദേശം ഒരു മണിക്കൂറോളം വെസ്റ്റ് ഹില്ലിലെ കോളജ് പരിസരത്ത് തെരുവുയുദ്ധം തന്നെയായിരുന്നു.

സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി ബിജുവിന് തലയ്ക്ക് പരിക്കേറ്റു. ബിജുവിനെ ആദ്യം കോഴിക്കോട് ബീച്ച് ആസ്പത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ.കെ പ്രവീണിന് കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റു. തലയില്‍ ആഴത്തില്‍ മുറിവേറ്റ പ്രവീണിനെ കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

കോളേജ് കവാടത്തിന് പുറത്ത് ഉപരോധം നടക്കുന്നതിനിടെ നിര്‍മ്മല്‍ മാധവ് കോളേജില്‍ കടന്നതായി സൂചന വന്നതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് തള്ളിക്കയറി. തുടര്‍ന്ന് ഇവരെ തുരത്താന്‍ പോലീസ് ലാത്തിവീശി. പോലീസിന് നേരെ പ്രവര്‍ത്തകര്‍ വ്യാപമായ കല്ലേറ് നടത്തി. പോലീസും എസ്.എഫ്.ഐക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്.

പി ബിജു അടക്കമുള്ള എസ്.എഫ്.ഐ നേതാക്കളെ പോലീസ് തല്ലിച്ചതച്ചു. ബിജുവിന്റെ തലയില്‍ ലാത്തിയടിയേറ്റു. ചോരയില്‍ കുളിച്ച ബിജുവിനെ സഹപ്രവര്‍ത്തര്‍ താങ്ങിയെടുത്താണ് ആസ്പത്രിയിലേക്ക് നീക്കിയത്. ഇതിനിടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. രണ്ട് റൗണ്ട് കണ്ണീര്‍വാതകവും പ്രയോഗിച്ചു. വിദ്യാര്‍ഥികളുടെ കൂട്ടത്തിലേക്ക് വരെ പോലീസ് ഗ്രനേഡ് എറിഞ്ഞു.

ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമെത്തിയ രക്ഷകര്‍ത്താക്കള്‍ക്ക് വരെ പരിക്കേറ്റു. പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച ബീച്ച് ആസ്പത്രിയിക്ക് പുറത്തും പോലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. നഗരത്തില്‍ ഒരു സ്വകാര്യ ബസ്സിന് നേര്‍ക്കും കല്ലേറുണ്ടായി. ഒരു പോലീസ് ജീപ്പ് എറിഞ്ഞു തകര്‍ത്തു. ഏതാനും ചില പോലീസുകാര്‍ക്കും കല്ലേറില്‍ സാരമായി പരിക്കേറ്റു. 16 പോലീസുകാരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക