Image

മജീദാകാന്‍ മമ്മൂട്ടി, സുഹറയാകാന്‍ " ഇഷാ തല്‍വാര്‍,

അനില്‍ പെണ്ണുക്കര Published on 22 August, 2013
മജീദാകാന്‍ മമ്മൂട്ടി, സുഹറയാകാന്‍ " ഇഷാ തല്‍വാര്‍,

"പ്രിയപ്പെട്ട മജീദ് വായിച്ചറിയുന്നതിന്, സ്വന്തം ഉമ്മ എഴുതുന്നത്. മിനിയാന്ന് വെളുപ്പിന് നമ്മുടെ സുഹ്‌റ മരിച്ചു. അവളുടെ വീട്ടില്‍ കിടന്ന്. എന്റെ മടിയില്‍ തലവച്ച്. പള്ളിപ്പറമ്പില്‍ ബാപ്പയുടെ ഖബറിനടുത്താണ് സുഹ്‌റയെ മറവുചെയ്തത്. രണ്ട് മാസമായി സുഖക്കേടായി കിടപ്പിലായിരുന്നു. മരിക്കുന്നതിന് മുമ്പ് നിന്റെ പേരു പറഞ്ഞു. നീ വന്നോ എന്ന് പലതവണ ചോദിച്ചു."

ആ കത്തു വായിച്ച് സുഹ്‌റ മരിച്ചു എന്ന പരമമായ സത്യത്തിനു മുന്നില്‍ മജീദ് പകച്ചു നിന്നു പോയി…

ലോകം അവസാനിച്ച പേലെ…

ബാല്യകാലസഖിയിലെ ഈ മുഹൂര്‍ത്തം മജീദിനെ മാത്രമല്ല നമ്മെയെല്ലാം വിഷമിപ്പിക്കുന്നു.
ഭൂമിയില്‍ മനുഷ്യരുള്ളിടത്തോളം കാലം ഉണ്ടാകാന്‍ സാധ്യതയുള്ള രണ്ട് കഥാപാത്രങ്ങള്‍…
സുഹ്‌റയും…മജീദും..

മജീദായി മമ്മൂട്ടി വരുമ്പോള്‍ എന്താകും കഥ?
നാടകം, ടിവി മാധ്യമം എന്നീ രംഗത്തുനിന്നും സിനിമാരംഗത്തേക്ക് വരുന്ന പ്രമോദ് പയ്യന്നൂരിന്റെ ഒരു തപസ്യ കൂടിയാണ് ബേപ്പൂര്‍ സുല്‍ത്താന്റെ ബാല്യകാല സഖി.

അനശ്വര പ്രണയ ദുരന്തത്തിന്റെ കഥ വെള്ളിത്തിരയിലെത്തുമ്പോള്‍ പ്രമോദ് പയ്യന്നൂരിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ മലയാളത്തിലെ ലെജന്‍ഡുകളും.

രണ്ട് പതിറ്റാണ്ടിനു ശേഷം കെ. രാഘവന്‍ മാഷ് സംഗീതസംവിധായകനാകുന്നു. യേശുദാസ് മാഷിന്റെ സംഗീതത്തില്‍ നാടകാചാര്യന്‍ കെ.ടി.മുഹമ്മദ് എഴുതിയ ഗാനം ആലപിക്കുന്നു. ബഷീറിന്റെ കഥയിലെ കഥാപാത്രമായി മമ്മൂട്ടി എത്തുന്നത് ഇത് രണ്ടാം തവണ. മതിലുകള്‍ക്ക് ശേഷം ചരിത്രമാകാന്‍ മജീദാകാന്‍ മമ്മൂട്ടി തയ്യാറെടുത്തു കഴിഞ്ഞു.

ബഷീറീന്റെ കൃതിയില്‍ നിന്നും ഒട്ടും ചോര്‍ത്തലില്ലാതെയാണ് ബാല്യകാല സഖി ഒരുക്കുന്നത്. നാടുവിട്ട് കല്‍ക്കത്തയിലെത്തുന്ന മജീദിലൂടെയാണ് കഥ തയ്യാറാകുന്നത്. ബംഗാളിലെ നാല്പതുകളുടെ രാഷ്ട്രീയവും സിനിമ ചര്‍ച്ച ചെയ്യും. തീവ്രദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടിയെ മജീദ് പ്രണയിക്കുന്നു. ഈ പ്രണയത്തിലൂടെയാണ് മജീദ് സുഹ്‌റയെ ഓര്‍ക്കുന്നത്.
കല്‍ക്കത്തയിലെ ചൂടില്‍ നിന്ന് മലയാളത്തിന്റെ കുളിരിലേക്കും പ്രണയത്തിലേക്കുമുള്ള മജീദിന്റെ തിരിച്ചു വരവാണഅ പ്രമോദ് പയ്യന്നൂരിന്റെ മജീദും, ബാല്യകാലസഖിയും.

ബഷീറിന്റെ ചില കൃതികളിലെ കഥാപാത്രങ്ങളും സിനിമയില്‍ വരുന്നു. എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, ഉണ്ടക്കണ്ണന്‍ അന്ത്രു, സൈനബ ഇവരെല്ലാം ബാല്യകാലസഖിയില്‍ കഥാപാത്രങ്ങളായി വരും. തട്ടത്തിന്‍ മറയത്തിലെ നായിക ഇഷാ തല്‍വാറാണ് സുഹ്‌റ. കൂടാതെ പ്രമോദ് കേരളത്തിലുടനീളം നടന്ന് കണ്ടെത്തിയ നൂറിലധികം പുതുമുഖങ്ങളും ബഷീറിന്‍രെ കഥാപാത്രങ്ങളാകുമ്പോള്‍ ഇമ്മിണി ബല്യ സിനിമയായി ബാല്യകാലസഖി വരും.

പി. ഭാസ്‌കരന്‍, ഓ.എന്‍.വി, കാവാലം നാരായണപണിക്കര്‍, ശ്രീകുമാരന്‍ തമ്പി, കെ.ടി. മുഹമ്മദ് എന്നിവരുടെ ഗാനങ്ങല്‍ക്ക് കെ.രാഘവന്‍ മാഷ്, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീതം നല്‍കി, യേശുദാസ്, പി. ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പാടുന്നു.

ബഷീറിന്റെ മജീദ് മമ്മൂട്ടിയിലൂടെ പുനര്‍ജനിക്കുന്നത് കാണാന്‍ മലയാളി കാത്തിരിക്കുമ്പോള്‍ നാടക, ടിവി മാധ്യമരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട പ്രമോദ് പയ്യന്നൂര്‍ എന്ന സംവിധായകനെ തേടുകയാണ് മലയാളി സിനിമാ പ്രേക്ഷകര്‍.


മജീദാകാന്‍ മമ്മൂട്ടി, സുഹറയാകാന്‍ " ഇഷാ തല്‍വാര്‍,
മജീദാകാന്‍ മമ്മൂട്ടി, സുഹറയാകാന്‍ " ഇഷാ തല്‍വാര്‍,
മജീദാകാന്‍ മമ്മൂട്ടി, സുഹറയാകാന്‍ " ഇഷാ തല്‍വാര്‍,
മജീദാകാന്‍ മമ്മൂട്ടി, സുഹറയാകാന്‍ " ഇഷാ തല്‍വാര്‍,
മജീദാകാന്‍ മമ്മൂട്ടി, സുഹറയാകാന്‍ " ഇഷാ തല്‍വാര്‍,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക