Image

മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി-

Published on 19 August, 2013
മുട്ടത്ത് വര്‍ക്കിയുടെ ആദ്യ കൃതി-
സാഹിത്യ ക്ഷേത്രത്തില്‍ ആത്മാഞ്ജലിയുമായി ഞാന്‍ പ്രവേശിക്കുകയാണ്. അവിടെ പള്ളിക്കൊള്ളുന്ന കൈരളീദേവി പ്രസാദിച്ച് സസ്മിതം എന്നെ കടാക്ഷിച്ചനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷ. എനിക്കുവേറെയും പുഷ്പപൂജകള്‍ സമര്‍പ്പിക്കുവാനുണ്ട്. ആസൗന്ദര്യദേവതയുടെ തൃച്ചേവടികളില്‍ വിശ്വോത്തരന്മാരായ കവികളുടെയും ചിത്രകാരന്മാരുടെയും ഗായകന്മാരുടെയും ശില്പികളുടെയും മോഹനങ്ങള്‍ ഭാവനകളെ ഉത്തജിപ്പിച്ച രാജകന്യക, വാത്മീകിയേയും കാളിദാസനേയും സൃഷ്ടിച്ച എന്റെ പ്രിയപ്പെട്ട ജന്മഭൂമിയുടെ ആര്‍ഷസംസ്‌കാരത്തിന് ഏറ്റവും യോജിച്ച ഒരു ഉല്‍കൃഷ്ട കാവ്യവിഷയമാണെന്ന് എനിക്കു യോജിച്ച ഒരു ഉല്‍കൃഷ്ട കാവ്യവിഷയമാണെന്ന് എനിക്കു തോന്നി. ആനന്ദധാമമായ ആ 'ജഗദംബിക' യുടെ പാദകമലങ്ങളില്‍ ഭക്തിനിര്‍ഭരമായ ഹൃദയത്തോടുകൂടി എന്നും കൂപ്പുകൈ സമര്‍പ്പിക്കേണ്ടതാണെന്നും എനിക്കു തോന്നി. അങ്ങനെയാണ് ഈ “ആത്മാഞ്ജലി” ഉണ്ടായത്. ഇതില്‍ അറിവിന്റെ കുറവുകൊണ്ടും യുവസഹജമായ അപാകതകൊണ്ടും വന്നുപോയിട്ടുള്ള പോരായ്മകള്‍ക്ക് സഹൃദയര്‍ സദയം മാപ്പുനല്‍കണമെന്നപേക്ഷ.

ഏതൊരു മഹാമനസ്‌കനാണ് സാഹിത്യവേദിയില്‍ എനിക്ക് അനുസ്യൂതമായ പ്രേത്സാഹനം  നല്‍കിക്കൊണ്ടിരിക്കുന്നത്. ഏതൊരു വിമര്‍ശകകേസരിയാണ് ഈ ആത്മാഞ്ജലി യെ ലോകസകക്ഷം അവതരിപ്പിക്കുന്നത്, എന്റെ വന്ദ്യഗുരുവായ ആ സാഹിത്യാചാര്യന്‍, ശ്രീ.എം.പി. പോള്‍. എം.ഏ-യ്ക്ക് കൃതജ്ഞതാപുരസ്‌കാരമായ എന്റെ വിനീതനമസ്‌കാരം!

ഗ്രന്ഥകര്‍ത്താവ്

1
വേദാന്തപ്പൊരുളായ്, പ്രപഞ്ചമഖിലം
തിങ്ങുന്ന ചൈതന്യമായ്,
നാദബ്രഹ്മജമായ്, മനുഷ്യവടിവായ്,
പ്രേമത്തിടമ്പായ്, സദാ
പൂതാനന്ദനികേതമായ്, വിലസുമെന്‍
പ്രാണേശനാമേശുവിന്‍
പാദംചേര്‍ന്നു ജയിച്ചിടുന്ന ജനനീ!
തൃക്കാല്‍കിതാ! കൂപ്പുകൈയ്!

2

തേഞ്ചോരും പദഭങ്ഗിയോടു മതുലാ-
ലംകാരമോടും, ശുകം
കൊഞ്ചുംപോലെതിരാഗമോടു… മഴകായ്
ഗൂഢാര്‍ത്ഥജാലത്തൊടും
ചെഞ്ചെമ്മേ ജഗദീശനാം കവികുലോ-
ത്തംസം രചിച്ചൂ, രസം
നെഞ്ചിന്നേറ്റമിയറ്റുമാ മിറയമാം
ലോകൈകകാവ്യാമൃതം.

3

പൊന്നോമല്‍ പുലര്‍കാലവായുമുരളീ-
ഗീതങ്ങള്‍ പാടുന്നതും,
നന്നായ് പുഷ്പവനങ്ങള്‍തോറുമണിയായ്
പൂവല്ലി പൂക്കുന്നതും,
എന്നും വെള്ളിവിളക്കുകള്‍ക്കുസമമായ്
താരങ്ങള്‍ ശോഭിപ്പതും
കന്ന്യാരത്‌നവിഭൂഷയാം ജനനിതന്‍
പാദങ്ങള്‍ പൂജിപ്പതാം.

(തുടരും )



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക