Image

മഴയില്‍ നീയും വെയിലില്‍ ഞാനും (മീനു എലിസബത്ത്‌)

Published on 10 August, 2013
മഴയില്‍ നീയും വെയിലില്‍ ഞാനും (മീനു എലിസബത്ത്‌)
വേനല്‍ അതിന്റെ മൂര്‍ധന്യത്തില്‍ താണ്ഡവനൃത്തമാടി നമ്മള്‍ അമേരിക്കന്‍ നിവാസികളെ കൊല്ലാക്കൊല ചെയ്യുകയാണ്‌.

ടെക്‌സസില്‍ പലയിടത്തും കഴിഞ്ഞ രണ്ടാഴ്‌ചകളായി താപനില നൂറില്‍ കൂടുതല്‍. പ്രായമുള്ളവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും സൂര്യാഘാതം മൂലം മരണം വരെ സംഭവിക്കുന്നതായുള്ള വാര്‍ത്തകള്‍ ദുഖത്തോടെ ചാനലുകാര്‍ സംപ്രേഷണം ചെയ്യുന്നു. കറന്റ്‌ ബില്ലടയ്‌ക്കാന്‍ നിവര്‍ത്തിയില്ലാത്ത പാവങ്ങള്‍ ശീതികരിണികള്‍ (AC) ഇല്ലാതെ ചൂടില്‍ വലയുന്നതും വാര്‍ത്തകളില്‍ സ്ഥലം പിടിക്കാറുണ്ട്‌. അതെ. അമേരിക്കയിലും ബില്ലടയ്‌ക്കാന്‍ നിവര്‍ത്തിയില്ലാത്ത എത്രയോ പേര്‍!

സാധാരണ അത്ര ചൂടില്ലാത്ത ന്യൂയോര്‍ക്ക്‌, ഷിക്കാഗോ നഗരങ്ങളിലും ഈ വര്‍ഷം ചൂട്‌ കടുകട്ടി തന്നെ. എല്ലാറ്റിനും കാരണം `ഗ്‌ളോബല്‍ വാമിങ്ങ്‌' എന്ന്‌ പ്രകൃതി നിരീക്ഷകര്‍ അടിവരയിട്ടു പറയാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ആര്‌ കേള്‍ക്കാന്‍!

ലോകകാലാവസ്ഥയില്‍ തന്നെ വലിയ വ്യതിയാനങ്ങളാണ്‌ ഈ ഒരു നൂറ്റാണ്ടുകൊണ്ട്‌ വന്നിട്ടുള്ളതെന്ന പഠനങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നു. EPA (United State Environmental Protection Agency) അടുത്തിടെ നടത്തിയ പഠനങ്ങളില്‍ 1901 മുതലാണ്‌ അമേരിക്കയുടെ 48 സംസ്ഥാനങ്ങളില്‍ താപനിലയിലുള്ള ഈ വ്യതിയാനം കണ്ടു തുടങ്ങിയതെന്നു പറയുന്നു. 1970 കളുടെ അവസാനം മുതല്‍ അമേരിക്കയുടെ താപനില വേനല്‍ക്കാലങ്ങളില്‍ വല്ലാതെ ഉയര്‍ന്നിരുന്നതായി കാണുന്നു.

1998 കഴിഞ്ഞപ്പോള്‍ മുതല്‌ക്കാണ്‌ പിടിച്ചാല്‍ കിട്ടാത്ത വേഗത്തില്‍ താപനിലയില്‍ മാറ്റങ്ങള്‍ വരാന്‍ തുടങ്ങിയത്‌ പോലും. ഇതില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായി രേഖപ്പെടുത്തിയത്‌ 2012 ആണ്‌ . എന്തായാലും 2013 ഉം ചൂടിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നാണ്‌ ഓരോ ദിവസവും കാലവസ്ഥാ പ്രവചനങ്ങള്‍ കാണുമ്പോള്‍ തോന്നാറുള്ളത്‌.

അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളും മഴയില്ലാതെ വേനല്‍ചൂടില്‍ വെന്തുരുകുമ്പോള്‍, നമ്മുടെ പാവം കൊച്ചു കേരളം മഴക്കെടുതിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലമുള്ള ദുരിതങ്ങള്‍ അനുഭവിക്കുകയാണ്‌. ഇടുക്കിയിലും അതുപോലെ കേരളത്തിന്റെ ഇതര ഭാഗങ്ങളിലും സങ്കടകരമായ അവസ്ഥയാണ്‌ .

മന്ത്രിമാര്‍ മിക്കപേരും ദുരിതാശ്വാസവുമായി എല്ലായിടത്തും ഓടി നടന്നു സഹായിക്കുന്നു. നല്ല കാര്യം. പക്ഷെ എത്ര സഹായിച്ച്‌ മഴയില്‍ ആള്‍ക്കാരെ കുളിപ്പിച്ചാലും, ഓടയില്‍ വീണ നാറ്റം അത്ര പെട്ടെന്നങ്ങു കഴുകിക്കളയാമെന്നു ഇവര്‍ ചിന്തിക്കുന്നുണ്ടോ ആവോ? ആരോ പറഞ്ഞതുപോലെ, ഏഴാറ്റില്‍ കഴുകിയാലും ചെയ്‌ത വൃത്തികേടുകളുടെ പാടുകള്‍ മായുമെന്നു തോന്നുന്നില്ല. അതവിടെ നില്‌ക്കട്ടെ.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി നാട്ടില്‍ പെയ്യാത്ത രീതിയിലുള്ള മഴയാണ്‌ ഈ വര്‍ഷം പെയ്യുന്നത്‌. പോയ വര്‍ഷങ്ങളിലെല്ലാം അവധിക്കു കുട്ടികളുമായി നാട്ടില്‍ ചെല്ലുമ്പോള്‍ മഴ ഇടയ്‌ക്കെപ്പോഴെങ്കിലും ഒന്ന്‌്‌ പെയ്‌താലായി. അതും പെട്ടെന്ന്‌ പെയ്യും, പെട്ടെന്ന്‌്‌ നിലക്കും. ചിലയിടങ്ങളിലൊന്നും മഴ പെയ്യുന്നേ ഉണ്ടായിരുന്നില്ല.

ഇന്ന്‌ ചാനലുകളില്‍ കേരളത്തിലെ നിര്‍ത്താതെയുള്ള മഴയുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഒന്നവിടേക്ക്‌ പറന്നെത്തി ആ മഴയൊന്നു നനഞ്ഞ്‌ ചെളിവെള്ളത്തില്‍ കാലിട്ടിളക്കി തെറിപ്പിച്ച്‌ ഒരു കൊച്ചു കുടയുമായി നനഞ്ഞ ഉടുപ്പോടെ വെള്ളം കയറിയ പറമ്പായ പറമ്പുകളിലെല്ലാം അലഞ്ഞു നടക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്‌്‌ മനസു തുടിച്ചു പോകുന്നു.

മഴക്കാലങ്ങള്‍ അന്നൊക്കെ കുട്ടികള്‍ക്ക്‌ ഉത്സവകാലങ്ങള്‍ തന്നെ. സ്‌കൂള്‍ തുറക്കാറാകുന്നതിന്റെ സന്തോഷം ഒന്ന്‌ വേറെ. ചില വര്‍ഷങ്ങളിലെങ്കിലും പുതിയ കുട കിട്ടുമെന്ന ആഹ്ലാദം. അന്ന്‌ ഫോറിന്‍ കുടകളൊക്കെ വന്നു തുടങ്ങുന്നതേ ഉള്ളു. കറുത്ത ശീലക്കുടകളാണ്‌ മിക്ക കുട്ടികള്‍ക്കും. ആദ്യത്തെ കുറെ ദിവസങ്ങളില്‍ പുതിയ കുടകള്‍ തുറക്കാന്‍ പ്രയാസമുണ്ട്‌്‌.

സൂക്ഷിച്ചില്ലങ്കില്‍ കൂര്‍ത്തു നില്‌ക്കുന്ന സ്റ്റീല്‍ ബട്ടണില്‍ കൊണ്ട്‌ കൈ മുറിഞെന്നു വരും. പുതിയ കുട കിട്ടിയാല്‍ ആദ്യം ചെയ്യുക അതില്‍ പേര്‌ തയ്‌ച്ച്‌ വെയ്‌ക്കുക എന്നതാണ്‌. പേരിന്റെ ആദ്യത്തെ അക്ഷരങ്ങളാവും മിക്കവാറും തയ്‌ക്കുക. ചെറുതായിരുന്നപ്പോള്‍ ഇത്‌ ചെയ്‌തു തന്നിരുന്നത്‌ അമ്മയാണ്‌. ചിലരുടെ കുടയില്‍ അവരുടെ മുഴുവന്‍ പേരും ഉണ്ടാവും. ഇതെല്ലാം ചെയ്‌താലും കുടയില്ലാത്ത ഏതേലും കള്ളനോ കള്ളിയോ സൂത്രത്തില്‍ കുട കട്ടുകൊണ്ട്‌ പോകും. പേര്‌ തയ്‌ച്ചിരിക്കുന്നതൊന്നും അവര്‍ക്ക്‌ പ്രശ്‌നമില്ല. കുട കളഞ്ഞ്‌ വീട്ടില്‍ വന്നാല്‍ വഴക്കും ചിലപ്പോള്‍ അടിയും ഉറപ്പ്‌.

മഴക്കാലങ്ങളില്‍ ഞങ്ങളുടെ വീടിന്റെ വാതില്‌ക്കലൂടെ ഒരു കൊച്ചു തോട്‌ തന്നെ രൂപപ്പെടും. എം.സി റോഡിനപ്പുറമുള്ള ഒരു ചെറിയ കുളം നിറഞ്ഞു കവിഞ്ഞു കുത്തിയൊലിച്ചു വരുന്ന വെള്ളം വീടിന്റെ മുന്‍വശത്തെ കൊച്ചു കനാലിലൂടെ ആര്‍ത്തൊഴുകി ഞങ്ങളുടെ വീടെത്തുമ്പോള്‍ വഴിയിലേക്ക്‌ കയറി കവിഞ്ഞൊഴുകാന്‍ തുടങ്ങും.

ഈ ഒഴുക്കില്‍ കുഞ്ഞുമീനുകള്‍ ധാരാളം ഒഴുകി വരും. എനിക്കും മനുവിനും സ്‌കൂള്‍ വിട്ടു വന്നാല്‍ ഒറ്റക്കളിയേയുള്ളൂ. വെള്ളത്തില്‍ക്കളി. കൂടെ അയല്‍പക്കത്തെ കൂട്ടുകാരായ മുത്തു, മണി , മുരളി, അനിത , ബേബി എല്ലാം കൂടും. തോര്‍ത്തോ, ചെറിയ ബക്കറ്റോ ആയാണ്‌ മീന്‍പിടിത്തം. കിട്ടുന്ന കുഞ്ഞു മീനുകളെ വെള്ളം നിറച്ച കുപ്പികളില്‍ ശേഖരിക്കും. ഇതിന്റെ കൂടെ വാല്‍മാക്രികള്‍ ധാരാളം കയറി വരും. അവയ്‌ക്ക്‌ വല്ലാത്ത വഴുവഴുപ്പാണ്‌. വട്ടാന്‍, കരിങ്ങന, പൂഞ്ഞാന്‍, മാനത്തുകണ്ണി ഇവയെല്ലാമാണു കുഞ്ഞു മീനുകള്‍. വെള്ളി പോലെ തിളങ്ങുന്ന പരലുകള്‍ ആര്‍ക്കും പിടി തരാതെ ഒറ്റപ്പോക്കാണ്‌. ഇടയ്‌ക്കൊക്കെ നീര്‍ക്കോലിക്കുഞ്ഞുങ്ങള്‍ ഞങ്ങളെ പേടിപ്പിക്കുവാനായി നീന്തി വരും. അതോടെ മത്സ്യബന്ധനം അല്‍പനേരത്തേക്ക്‌ നിലയ്‌ക്കും.

ഇതിനിടയില്‍ മഴ പെയ്യും. വീട്ടിലാരുമില്ലെങ്കില്‍ ഞങ്ങള്‍ നിന്ന്‌ നനയും. ഈ മഴക്കുളി മുതിര്‍ന്നവര്‍ കണ്ടാല്‍ വഴക്കുറപ്പ്‌. മഴയത്ത്‌ ഉണങ്ങിക്കിട്ടാത്ത തുണികളെക്കുറിച്ചാണ്‌ അമ്മയ്‌ക്ക്‌ വിഷമം. കണ്ണ്‌ തെറ്റിയാല്‍ ഞങ്ങള്‍ വീണ്ടും വെള്ളത്തിലിറങ്ങും. ഓരോ തവണയും നനഞ്ഞ ഉടുപ്പുകളുമായി വന്നുകയറുമ്പോള്‍ വഴക്ക്‌ കിട്ടിയത്‌ തന്നെ.

മഴക്കാലത്ത്‌ വളംകടി ഞങ്ങളുടെ നിത്യ സഹചാരിയായിരുന്നു. രാത്രിയില്‍ കാല്‍ വിരലുകളില്‍ നീറ്റലും, പുകച്ചിലും കൊണ്ട്‌ കരയുമ്പോള്‍ അമ്മയാണ്‌ എന്തോ മരുന്ന്‌്‌ കാലില്‍ തേച്ചു തരുന്നത്‌. ജന്‍ഷന്‍ വയലറ്റാവാണം. അതാണല്ലോ അന്നൊക്കെ ഈ തരം പ്രശ്‌നങ്ങള്‍ ക്കെല്ലാം ഒറ്റ മൂലി.

പക്ഷെ, കുറെയൊക്കെ നനയാനും മഴക്കളികള്‍ കളിക്കുവാനും ഞങ്ങളെ അപ്പന്‍ അനുവദിച്ചിരുന്നു. തിരികെ കയറിച്ചെല്ലുമ്പോള്‍ തല തുവര്‍ത്താന്‍ വരുന്ന അമ്മയോട്‌ അപ്പന്‍ പറയും. `കുറച്ചു വെള്ളമൊക്കെ അവിടെ ഇരിക്കട്ടെ, ഇങ്ങനെ വല്ലപ്പോഴും മഴയൊക്കെ നനഞ്ഞാലെ പിള്ളേര്‍ക്ക്‌ പനീം ചുമയും വരാതിരിക്കൂ'. അത്‌ സത്യമാണെന്ന്‌്‌ എനിക്ക്‌ അനുഭവത്തില്‍ നിന്നും തോന്നിയിട്ടുണ്ട്‌.

ഞങ്ങള്‍ ഇങ്ങനെ വെള്ളത്തില്‍ കളിച്ചും മഴക്കുളികള്‍ കുളിച്ചും തോട്ടില്‍ നീന്തിയും ചേറിലും ചെള്ളയിലും കളിച്ചു വളരുമ്പോള്‍, ഞങ്ങള്‍ക്ക്‌ താഴെയുണ്ടായ, ആ വീട്ടിലെ തന്നെ കസിന്‍സുകുട്ടികളെ അവരുടെ അമ്മമാര്‍ മഴ കൊള്ളിക്കാതെ , കാറ്റടിപ്പിക്കാതെ, തോട്ടിലും കായലിലും നീന്താന്‍ ഇറക്കാതെ പൊത്തിപ്പൊതിഞ്ഞു വളര്‍ത്തിയിരുന്നതും, അവര്‍ക്ക്‌ ഒരു കാറ്റടിച്ചാലോ, വെയില്‍ കൊണ്ടാലോ, മഴ അയല്‍വക്കത്തു കൂടെ പോയാലോ, എപ്പോഴും അസുഖങ്ങള്‍ പിടിച്ചിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. ഇന്നും നാട്ടില്‍ ചെല്ലുമ്പോള്‍ ഞങ്ങളുടെ മക്കള്‍ മഴ കാണുമ്പോള്‍ ചാടിയിറങ്ങി നനയുമ്പോള്‍ ഒപ്പം കൂടുന്ന അവരുടെ കുട്ടികളെ അവര്‍ ശാസിക്കുന്നത്‌ കാണുമ്പോള്‍ ഞാന്‍ ഒന്നും പറയാറില്ല. എല്ലാം നമ്മുടെ ശീലങ്ങളും ശീലക്കേടുകളും കൊണ്ടാണ്‌ വരുന്നത്‌.

ഞാന്‍ ഇന്നും ഈ പ്രമാണം അനുസരിക്കുന്നു. അമ്മ മക്കളെ ആദ്യമാദ്യം കുളിപ്പിക്കുമ്പോഴെല്ലാം വെള്ളം മുഴുവന്‍ അവരുടെ തലകളില്‍ നിന്നും തോര്‍ത്തിയിരുന്നില്ല. ജോനെസ്‌ബോറയില്‍ വെച്ചും മഴക്കാലങ്ങളില്‍ അവര്‍ സ്വിമ്മിംങ്ങ്‌ ഷോര്‍ട്ട്‌സ്‌ അണിഞ്ഞ്‌ മഴയത്തു കുളിക്കുമ്പോള്‍ ഞാനെന്റെ മഴക്കാലങ്ങള്‍ ഓര്‍ത്തെടുക്കുമായിരുന്നു. ചിലപ്പോള്‍ അവരെന്നെ മഴയിലേക്ക്‌ വലിച്ചിറക്കി കളിക്കാന്‍ ഒപ്പം കൂട്ടിയിരുന്നു..

ഓരോ നാട്ടിലും മഴയ്‌ക്ക്‌ ഓരോ താളമാണ്‌, ഭാവമാണ്‌, സ്വരമാണ്‌. കുട്ടനാട്ടിലെ മഴയുടെ സ്വരം അതൊന്നു വേറെ. പള്ളത്തെ ഞങ്ങളുടെ തറവാട്ടിലെ വടക്കെ തിണ്ണയിലിരുന്നു മഴത്തുള്ളികള്‍ നൃത്തം വെയ്‌ക്കുന്ന കായല്‍പ്പരപ്പിലേക്കും കണ്ണെത്താദൂരത്തോളം കിടക്കുന്ന പാടശേഖരങ്ങളിലേക്ക്‌ കണ്ണുംനട്ടിരിക്കുമ്പോള്‍ മഴയ്‌ക്ക്‌ നവവധുവിന്റെ ലജ്ജയാണ്‌.

മുട്ടുമഴയത്ത്‌ നീളന്‍ പാവടകള്‍ നനച്ച്‌ സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ പെയ്യുന്ന മഴയ്‌ക്കൊരു കൗമാരക്കാരിയുടെ നാണമാണ്‌. അയലത്തെ കൊച്ചു കൂട്ടുകാര്‍ക്കൊപ്പം തോട്ടില്‍ മഴക്കുളി കുളിച്ചപ്പോള്‍ മഴയ്‌ക്കൊരു കുസൃതിക്കുടുക്കയുടെ കുറുമ്പാണ്‌. മരങ്ങളിലൂടെ ഊര്‍ന്നിറങ്ങി പുരപ്പുറങ്ങളില്‍ തട്ടി ഉമ്മറപ്പടിയിലെ ഓടുപാത്തിയിലൂടെ, വരിവരിയായി, ഓടിന്റെ ഇടയിലൂടെ വേലി പോലെ അരിച്ചിറങ്ങുന്ന വീട്ടുമഴയ്‌ക്ക്‌ ഇറച്ചിലടിയുടെ തണുപ്പാണ്‌. രാത്രിയില്‍ പെയ്യുന്ന മഴയ്‌ക്ക്‌ മറ്റൊരു മുഖമാണ്‌. ഇരുട്ടിന്റെയും പേടിയുടെയും അജ്ഞാത ഭാവം.

മഴക്കാലങ്ങളിലേക്ക്‌ ചില തയാറെടുപ്പുകള്‍ മിക്ക വീട്ടുകാരും നടത്തും. പഞ്ഞമാസങ്ങളായിട്ടാണ്‌ മഴക്കാലങ്ങളെ മുതിര്‍ന്നവര്‍ കാണുക. കൃഷിയില്ല. മറ്റു വിളവുകള്‍ ഇല്ല. തെങ്ങില്‍ കായ പിടിത്തം കുറവ്‌. തെങ്ങുകളില്‍ കയറാന്‍ മന്നാന്മാര്‍ക്ക്‌ മടി. പറമ്പില്‍ പണിക്ക്‌ ആളെ കിട്ടാന്‍ പ്രയാസം. കിട്ടിയാല്‍ തന്നെ, തോരാത്ത മഴയത്ത്‌ എത്ര നേരം അവര്‍ പണിയും?

ഉള്ളവര്‍ മഴക്കാലങ്ങളിലേക്ക്‌ കരുതി വെയ്‌ക്കും. വല്ലതും ചോദിച്ചു വരുന്ന നിര്‍ഭാഗ്യവാന്മാരെക്കൂടെ കരുതിയാണ്‌ അന്നത്തെ വീട്ടമ്മമാര്‍ ഈ കരുതിവെയ്‌ക്കല്‍ ചെയ്‌തിരുന്നതെന്നും പറയാം. ചായ്‌പ്പുകളില്‍ ചേനയും കാച്ചിലും ശേഖരിക്കപ്പെടും.

വേനല്‍ക്കാലത്ത്‌ വലിയപ്പച്ചന്റെ സ്‌നേഹിതന്മാരായ കിഴക്കന്‍ ചേട്ടന്മാര്‍ സമ്മാനിക്കുന്ന ഉണക്കക്കപ്പയൊക്കെ മഴക്കാലത്താണ്‌ ചെലവാകുക. ചുട്ട കപ്പ, ഏത്തക്ക ഇവയൊക്കെ എന്റെ വലിയപ്പന്റെ വീട്ടിലെ മഴക്കാല ഡെലിക്കസികള്‍ ആയിരുന്നു.

മഴക്കാലങ്ങള്‍ വിശപ്പുകാലങ്ങള്‍ കൂടിയാണ്‌. അപ്പന്‍, ഞങ്ങളുടെ ഇറച്ചി വെട്ടുകാരന്‍ കുട്ടായിയോട്‌ പറഞ്ഞ്‌ മാടിന്റെ എല്ല്‌്‌ വാങ്ങിപ്പിക്കും. അപ്പന്റെ വീതമാണ്‌ മഴ സമയങ്ങളില്‍ ഈ എല്ല്‌ സൂപ്പ്‌ പാചകം. അല്‌പ്പം ദശയും കൊഴുപ്പുമെല്ലം നിറഞ്ഞ എല്ലുകള്‍ക്കൊപ്പം വലിയ കലങ്ങളില്‍ ഉപ്പും കുരുമുളകും, ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞിടും. എല്ല്‌ മൂടിക്കിടക്കാന്‍ പാകത്തില്‍ വെള്ളവും ഒഴിച്ച്‌ മണിക്കൂറുകളോളം വേവിച്ച്‌ മയപ്പെടുത്തും.

ഇത്‌ അരിച്ചെടുത്ത്‌ അതിലേക്ക്‌ നെയ്യില്‍ കടുക്‌ പൊട്ടിച്ച്‌ കുഞ്ഞുള്ളിയും, കറിവേപ്പിലയും കറുകറ വറുത്തിട്ട ഈ സൂപ്പ്‌ കോപ്പകളിലാണ്‌ വിളുമ്പുക. അപ്പന്‍ മരിക്കുന്നിടം വരെ കൊളസ്‌ട്രോള്‍ ഉണ്ടായിരുന്നില്ല എന്നത്‌ വേറെ കാര്യം .ഇടയ്‌ക്കൊക്കെ ഞാനിതുണ്ടാക്കുമെങ്കിലും ഇന്നുവരെ അപ്പനുണ്ടാക്കിയിരുന്ന ആ കിടിലന്‍ സൂപ്പിന്റെ രുചിയോട്‌ കിടപിടിക്കാനാവുമായിരുന്നില്ല.

മഴക്കാലം എപ്പോഴും മലയാലാളിക്ക്‌ എവിടെയൊക്കെ എന്തൊക്കെയോ ഓര്‍മപ്പൂക്കള്‍ വിരിയിക്കുന്നു. പുതുമഴ നനയുന്ന പുതുമണ്ണിന്റെ ഗന്ധം വീണ്ടും വീണ്ടും ആഞ്ഞു വലിച്ച്‌ മണക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ?

ഈര്‍പ്പത്തിന്റെയും നനവിന്റെയും, ഗന്ധമുള്ള, ഉണങ്ങാത്ത തുണികള്‍ വിരിച്ചിട്ടിരിക്കുന്ന വരാന്തകള്‍ ആര്‍ക്ക്‌ മറക്കാന്‍ കഴിയും, മഴക്കാലത്ത്‌, തിണ്ണയിലെ ചാരുകസേരകളില്‍ അലസമായിരുന്ന്‌ കടുംകാപ്പിയും കുടിച്ച്‌ വഴിയിലെ മഴയിലേക്ക്‌ കണ്ണ്‌ നട്ടിരുന്ന ഒരു കാലം. മരിക്കും വരെ ഇതെല്ലാം നമ്മുടെ മനസില്‍ ജീവനോടെ നില നില്‌ക്കും... വയലാര്‍ എഴുതിയതുപോലെ ...`ഓര്‍മ്മകള്‍...മരിക്കുമോ....ഓളങ്ങള്‍...നിലക്കുമോ.....`

നാട്ടില്‍ പെയ്യുന്ന മഴയില്‍ ഒരല്‌പമെങ്കിലും അമേരിക്കയിലും കൂടെ പെയ്‌തിരുന്നെങ്കില്‍ എന്ന ആശിച്ചു പോകുന്നു.
(Malayalam Pathram)
മഴയില്‍ നീയും വെയിലില്‍ ഞാനും (മീനു എലിസബത്ത്‌)മഴയില്‍ നീയും വെയിലില്‍ ഞാനും (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക