Image

മതവിശ്വാസങ്ങളോടുചേര്‍ന്ന സാമൂഹികബന്ധങ്ങള്‍ (ജോണ്‍ മാത്യു)

Published on 19 August, 2013
മതവിശ്വാസങ്ങളോടുചേര്‍ന്ന സാമൂഹികബന്ധങ്ങള്‍ (ജോണ്‍ മാത്യു)
അമേരിക്കയിലെ മലയാളികളുടെ ചര്‍ച്ചാസമ്മേളനങ്ങളില്‍ സാമൂഹിക ബന്ധങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടയ്‌ക്കിടെ ഉയര്‍ന്നുവരും. ഇതില്‍ ജാതിവ്യവസ്ഥിതിയെപ്പറ്റി പറയുമ്പോള്‍ ആര്‍ക്കാണ്‌ പുരോഗമനവാദിയല്ലാതാവാന്‍ കഴിയുക? എല്ലാ നിലയിലും ജാതീയമായ ആചാരങ്ങള്‍ വ്യക്തിപരമായി പാലിക്കുന്നുണ്ടെങ്കിലും പൊതുവേദിയില്‍ ഒരു വിപ്ലവകാരിയെന്ന്‌ അഭിനയം നടത്തിയേ തീരൂ!

ജാതിചിന്ത ഇന്ത്യയുടെയും, പ്രത്യേകിച്ച്‌ കേരളത്തിന്റെയും ശാപമാണെന്ന്‌ പറയാന്‍ അധികം ഗവേഷണമൊന്നും വേണ്ട. കയ്യടിയും കിട്ടും, തീര്‍ച്ച. എന്നാല്‍ ഈ ജാതിവ്യവസ്ഥിതിയെ ഇവിടെയൊന്ന്‌ ന്യായീകരിക്കാന്‍ നോക്കിയാല്‍, അപ്പോള്‍ പുരോഗമനവാദികളുടെ പ്രതികരണം എന്തായിരിക്കും?

പലരുടെയും മനസ്സിനെ ഇളക്കിമറിക്കാവുന്നതും ക്ഷോഭിക്കപ്പെടുന്നതുമായ വിഷയങ്ങളാണ്‌ മതം, ജാതി, രാഷ്‌ട്രീയം മുതലായവ. ഇതില്‍ ജാതിവ്യവസ്ഥ നിത്യസത്യമാണെന്നും, അങ്ങനെ ആയിത്തീരാന്‍ വിധിക്കപ്പെട്ടിരിക്കയാണെന്നും അത്‌ ദൈവകല്‌പിതമാണെന്നും അതുകൊണ്ടുതന്നെ മതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നുമാണ്‌ ബഹുഭൂരിപക്ഷം ജനങ്ങളും കരുതുന്നത്‌.

ഇവിടെ ജാതിവ്യവസ്ഥയല്ല പ്രശ്‌നം, മറ്റ്‌ പലതിനോടും ബന്ധപ്പെട്ട ആചാരങ്ങള്‍പ്പോലും മതവിശ്വാസത്തിന്റെ ഒഴിച്ചുകൂടാന്‍ പാടില്ലാത്തതായിത്തീരുകയും അത്‌ സംരക്ഷിക്കാന്‍ നാമൊക്കെ പാടുപെടുകയും ചെയ്യുന്നുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ആചാരങ്ങള്‍ കാലത്തിനൊത്ത പുരോഗതിയില്‍ സ്വയം മാറ്റപ്പെടുവാന്‍ പോലും അനുവദിക്കാതെയാണ്‌ ഈ പ്രതിഷേധങ്ങളിലുംകൂടി ഓര്‍ക്കണം.

ഒരു നാടിന്റെ സാമ്പത്തിക കെട്ടുറപ്പിന്‌ അതതുകാലത്തെ ആവശ്യമനുസരിച്ച്‌ ഉണ്ടായിവന്ന രീതികള്‍ക്ക്‌ സമൂഹത്തിന്റെ മൊത്തമായ അംഗീകാരം കിട്ടാന്‍ അവ ദൈവത്താല്‍ നിര്‍ദ്ദേശിക്കപ്പെട്ടതായി. പിന്നീട്‌ സ്വാഭാവികമായി അത്‌ മതവിശ്വാസത്തിന്റെയും ഭാഗമായി. ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പ്രായോഗികമായ നിലനില്‍പിനും സൗകര്യത്തിനും വേണ്ടി ഇതരമതവിശ്വാസികള്‍പ്പോലും ഈ ആചാരങ്ങള്‍ അംഗീകരിച്ചു. നാടോടുമ്പോള്‍ നടുവേ ഓടുക എന്ന തത്വം!

പല പ്രതീകങ്ങളും തങ്ങളുടേതുമാത്രമെന്ന്‌ അവകാശപ്പെട്ടുകൊണ്ടാണ്‌ മതങ്ങളും പ്രസ്ഥാനങ്ങളും അനുയായികളെ വരച്ചവരയില്‍ നിര്‍ത്തുന്നത്‌. തനതും വ്യത്യസ്‌തവുമായ വസ്‌ത്രധാരണരീതികള്‍ ഏര്‍പ്പെടുത്തിയും പ്രതീകങ്ങള്‍ ചാര്‍ത്തിയും വിവിധരീതിയില്‍ തൊപ്പിവെച്ചും വളയിട്ടും ചരടുകെട്ടിയും മാത്രമല്ല അംഗഭംഗം വരുത്തിയുമാണ്‌ ഏകമതീഭാവം പ്രകടിപ്പിക്കുന്നത്‌. ഇതെല്ലാം അദ്ധ്യാത്മീകതയുടെ ഭാഗമായി ഒരു കാലത്ത്‌ കൂട്ടിച്ചേര്‍ത്തത്‌ ഭൗതീകമായി ഏറെ ഊര്‍ജ്ജം പകര്‍ന്ന്‌ കൊടുക്കാനായിരുന്നിരിക്കാം, മത്സരബുദ്ധിയുണ്ടാവാനുമായിരിക്കാം. ചിലപ്പോള്‍ യുദ്ധത്തിലെ തിരിച്ചറിവിനും, കൂടാതെ പ്രാദേശികമായ നിലനില്‌പിന്റെ പ്രശ്‌നങ്ങളും ആയിരുന്നിരിക്കാം. എന്തായാലും ഈ ഏകരൂപത എത്ര അഭിമാനത്തോടെയാണ്‌ നാമൊക്കെ കാത്തുസൂക്ഷിക്കുന്നത്‌. പരമ്പരാഗതമായ രീതികള്‍ നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്‌തുകൊണ്ടാണ്‌ ഇന്നും പ്രസംഗങ്ങള്‍ അവസാനിപ്പിക്കാറ്‌. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരെന്നും മുഖത്തുനിന്നും ജനിച്ചവരെന്നും പ്രചരിപ്പിച്ചാല്‍ സമൂഹത്തിന്റെ മേലേക്കിടയില്‍ത്തന്നെ വിലസാമല്ലോ.

ഇതൊക്കെ വ്യക്തി സ്വാതന്ത്ര്യത്തില്‍പ്പെട്ടതല്ലേയെന്ന്‌ ചോദിച്ചാല്‍, ശരിയാണ്‌. പക്ഷേ സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ വരുംകാലങ്ങളില്‍ ഈ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന്റെ നേരെനോക്കി പൊട്ടിച്ചിരിച്ചേക്കാം.

ജാതിവ്യവസ്ഥ ഒരു പ്രത്യേക മതവിഭാഗത്തിന്റെ പ്രശ്‌നമല്ല, അത്‌ സമൂഹത്തെ മൊത്തമായി ബാധിക്കുന്നതാണ്‌. ഇതിനെ എതിര്‍ക്കുന്നുവെന്ന്‌ ഭാവിക്കുന്നവര്‍പ്പോലും തങ്ങള്‍ മേലോട്ടുള്ള ഏതോ ഒരു പടിയില്‍ നില്‌ക്കുന്നതായി രഹസ്യമായി അഭിമാനിക്കുന്നു. അവരുടെ എഴുത്തുകളും പ്രസംഗങ്ങളും മുകളില്‍നിന്നുള്ള അംഗീകാരത്തിനുള്ള പരിദേവനമാണ്‌. ഈ പരാതിപ്പെടുന്നവര്‍ മേലില്‍നിന്നുള്ള അംഗീകാരം കാംക്ഷിക്കുന്നതിനുപകരം താഴേപ്പടിയില്‍ നില്‌ക്കുന്നവരെ അങ്ങ്‌ അംഗീകരിച്ചാല്‍പ്പോരെ? ഇല്ല, അത്‌ പ്രതീക്ഷിക്കരുത്‌! ഇതുപോലെ സചേതനവും ലോലവുമായ ഒരു വിഷയത്തില്‍ എങ്ങനെ മനുഷ്യന്റെ മനസ്സ്‌ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടും.

ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സമൂഹത്തില്‍ വേരൂന്നിയ വ്യവസ്ഥിതിക്ക്‌ തൊഴില്‍ വിഭജനത്തിന്റെയും തൊഴിലുറപ്പിന്റെയും സദ്‌ ഉദ്ദേശങ്ങളുണ്ടായിരുന്നു. പക്ഷേ, ഇന്നത്തെ ചോദ്യം സാങ്കേതികമാറ്റങ്ങളുടെ വെളിച്ചത്തില്‍ ദൈവീകമെന്നു പറഞ്ഞ്‌ വേറിട്ടു നില്‌ക്കണോ എന്നാണ്‌, ജാതീയമായി സംഘടിച്ച്‌ അവകാശങ്ങള്‍ നേടണോ എന്നാണ്‌! ജാതി ഉന്മൂലനം ചെയ്യാന്‍ ജാതീയമായി സംഘടിക്കുന്നതിന്റെ വിരോധാഭാസവും കണക്കിലെടുക്കുക.

ലോകമെമ്പാടുമുള്ള വര്‍ഗ്ഗ വിവചനത്തെയും ജാതിവ്യവസ്ഥയെയും ഒന്നും മാറ്റിയെടുക്കാന്‍ ആര്‍ക്കും കഴിയുകയില്ല. എന്നാല്‍ പലരാജ്യങ്ങളിലും സമൂഹത്തെ ഇളക്കിമറിക്കപ്പെട്ടതായ വിപ്ലവചരിത്രമുണ്ട്‌. അതുപോലെ ഒരു സമഗ്രവിപ്ലവമാണ്‌ ഇന്ത്യയില്‍ ഇല്ലാതെപോയതെന്ന്‌ പറയുമ്പോള്‍ അത്‌ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന്‌ കരുതരുത്‌. കലാത്തിനുചേരാത്ത ആചാരങ്ങള്‍ മാറിക്കിട്ടണമെങ്കില്‍ എങ്ങനെയും ഒരു സമഗ്രവിപ്ലവം ആവശ്യമാണെന്ന്‌ ചൂണ്ടിക്കാണിക്കുകമാത്രമാണിവിടെ.
മതവിശ്വാസങ്ങളോടുചേര്‍ന്ന സാമൂഹികബന്ധങ്ങള്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക