Image

മൊബൈല്‍ ഫോണ്‍ അണുബാധയ്‌ക്ക്‌ കാരണം; ആശുപത്രികള്‍ നിയന്ത്രണം വരുന്നു

Published on 17 August, 2013
മൊബൈല്‍ ഫോണ്‍ അണുബാധയ്‌ക്ക്‌ കാരണം; ആശുപത്രികള്‍ നിയന്ത്രണം വരുന്നു
തിരുവനന്തപുരം: ആശുപത്രികളില്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ക്ക്‌ മൊബൈല്‍ ഫോണില്‍ നിന്ന്‌ അണുബാധയേറ്റ്‌ മരണപ്പെടുന്ന സംഭവം കൂടുന്നതായി റിപ്പോര്‍ട്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ തിയേറ്ററുകളിലും മൊബൈല്‍ ഫോണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ രണ്ടു ദിവസത്തിനുള്ളില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ ആരോഗ്യമന്ത്രിക്ക്‌ നിവേദനം നല്‍കും.

അടുത്തിടെ മദ്ധ്യകേരളത്തിലെ പ്രശസ്‌തമായ ആശുപത്രിയിലെ ഐ.സി.യുവില്‍ നിരവധി രോഗികള്‍ക്ക്‌ അണുബാധയുണ്ടായി. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ വൃത്തിയുള്ള ഐ.സി.യുവില്‍ അണുബാധയുണ്ടായത്‌ അധികൃതരെ കുഴക്കി. മൊബൈല്‍ ഫോണായിരുന്നു വില്ലനെന്ന്‌ ഡോക്‌ടര്‍മാര്‍ സംശയിക്കുന്നു. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വമ്പന്‍ ആശുപത്രികളിലും അത്യാസന്ന വിഭാഗങ്ങള്‍, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ വിലക്കുണ്ട്‌.

ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിംഗ്‌ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലെ വിദഗ്‌ദ്ധര്‍ നടത്തിയ പഠനത്തില്‍ ആരോഗ്യമേഖലയിലെ 82 ശതമാനം ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലും അപകടകാരികളായ അണുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ലേബര്‍ റൂമുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ സര്‍ക്കാര്‍ നേരത്തേ നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത്‌ പാലിക്കപ്പെടുന്നില്ല. നവജാത ശിശുക്കളില്‍ അണുബാധയുണ്ടാകാനും മൊബൈല്‍ ഫോണുകള്‍ കാരണമാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക