Image

മല്‍സ്യതൊഴിലാളിയുടെ മരണം; നിര്‍ധന കുടുംബം കടക്കെണിയില്‍

Published on 08 October, 2011
മല്‍സ്യതൊഴിലാളിയുടെ മരണം; നിര്‍ധന കുടുംബം കടക്കെണിയില്‍
മനാമ: മല്‍സ്യതൊഴിലാളിയുടെ മരണത്തോടെ അനാഥമായ കുടുംബം പ്രവാസി സമൂഹത്തിന്‍െറ കാരുണ്യത്തിന്‌ കാത്തിരിക്കുന്നു. മുഹറഖില്‍ മല്‍സ്യതൊഴിലാളിയായ കോഴിക്കോട്‌ പയ്യോളി സായ്വിന്‍െറകാട്ടില്‍ അബ്ദുറഹ്മാന്‍ (43) പെരുന്നാള്‍ ദിവസം പുലര്‍ച്ചെയാണ്‌ ഹൃദയാഘാതം മൂലം മരിച്ചത്‌. പെരുന്നാള്‍ നമസ്‌കാരത്തിന്‌ പള്ളിയില്‍ പോകാന്‍ സുഹൃത്തുക്കള്‍ വിളിക്കാന്‍ ചെന്നപ്പോഴാണ്‌ മരിച്ചുകിടക്കുന്നത്‌ കണ്ടത്‌.

24 വര്‍ഷമായി ബഹ്‌റൈനിലുള്ള അബ്ദുറഹ്മാന്‍െറ 60 ദിനാര്‍ ശമ്പളം കൊണ്ടാണ്‌ ഭാര്യ റംലയും മൂന്ന്‌ പെണ്‍മക്കളുമുള്ള കുടുംബം കഴിഞ്ഞിരുന്നത്‌. അപ്രതീക്ഷിതമായി ഏക വരുമാനമാര്‍ഗം നിലച്ചതോടെ കുടുംബം അതി ദയനീയ സ്ഥിതിയിലാണ്‌. ഡിഗ്രിക്ക്‌ പഠിക്കുന്ന മകള്‍ ശഹര്‍ബാനുവിന്‍െറയും ഒമ്പതാം ക്‌ളാസില്‍ പഠിക്കുന്ന ശര്‍ഫീനയുടെയും പഠനം തുടരാന്‍ കഴിയാത്ത നിലയിലാണ്‌. മൂത്ത മകള്‍ ഷാലിമയെ വിവാഹം ചെയ്‌തക്കാനും ചെറിയൊരു വീടുണ്ടാക്കാനും അബ്ദുറഹ്മാന്‍ വലിയ തുകയുടെ കടക്കാരനായി. ബാങ്കിലും പുറത്തുമുള്ള ഈ കടം വീട്ടാനായിരുന്നു പിന്നീടുള്ള അധ്വാനം മുഴുവന്‍. 60 ദിനാര്‍ ശമ്പളത്തില്‍ നിന്ന്‌ കുടുംബത്തിന്‍െറ നിത്യ ചെലവു കഴിച്ച്‌ കടത്തിലേക്ക്‌ നീക്കിവക്കാന്‍ ഒന്നും ശേഷിച്ചിരുന്നില്ല. ഈ കടം മുഴുവന്‍ ഇപ്പോള്‍ നിര്‍ധന കുടുംബത്തിന്‍െറ ചുമലിലായിരിക്കുകയാണ്‌. ബാങ്ക്‌ വായ്‌പ ഉടന്‍ അടക്കാത്തപക്ഷം ജപ്‌തി ഭീഷണിയിലുമാണ്‌. പ്രായപൂര്‍ത്തിയായ പെണ്‍മക്കളുള്ള ഈ കുടുംബം ഇപ്പോള്‍ നല്ല മനസ്സുള്ളവരുടെ സഹായത്തിലാണ്‌ കഴിയുന്നത്‌. ഇത്‌ എത്രനാള്‍ തുടരാനാകുമെന്ന്‌ ഭാര്യ റംലക്ക്‌ ഉറപ്പില്ല.

അബ്ദുറഹ്മാന്‍െറ കുടുംബത്തിന്‍െറ ദയനീയ സ്ഥിതി അറിഞ്ഞ്‌ മുഹറഖിലെ 38 ബോട്ടുകളിലെ മല്‍സ്യതൊഴിലാളികള്‍ ഓരോ ബോട്ടില്‍നിന്നും നിശ്ചിത തുക പിരിച്ച്‌ അയച്ചുകൊടുത്തിരുന്നു. തുച്ഛവരുമാനക്കാരായ മല്‍സ്യതൊഴിലാളികളുടെ മാതൃകാപരമായ ഈ കൂട്ടായ്‌മയുടെ സഹായമാണ്‌ ഏറെ നാള്‍ ഈ കുടുംബത്തിന്‌ പിടിച്ചുനില്‍ക്കാന്‍ ബലം നല്‍കിയത്‌.

അബ്ദുറഹ്മാന്‍െറ കുടുംബത്തെ സഹായിക്കാന്‍ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന്‌ കൂട്ടായ്‌മ രൂപവത്‌കരിച്ചിട്ടുണ്ട്‌. കരിം കുളമുള്ളതില്‍, ഇ.സി അബ്ദുറഹ്മാന്‍, വി.കെ അശ്‌റഫ്‌, ഇ അബ്ദുറഹ്മാന്‍, ഹസ്സന്‍ ഹാജി, സി. അശ്‌റഫ്‌, വി അശോകന്‍, കെ.യു ലത്തീഫ്‌, അബ്ദുല്‍ റഷീദ്‌, എസ്‌.കെ അലി, അബ്ദുല്‍ ഖാദര്‍, പി.ആര്‍ അഹമ്മദ്‌, പി.പി ഷബീര്‍, സി.എച്ച്‌ ശുക്കൂര്‍, വി.എം ബഷീര്‍, കുഞ്ഞമ്മദ്‌ ഹാജി, ശറഫുദ്ദീന്‍ മാരായമംഗലം എന്നിവരാണ്‌ സഹായത്തിനുവേണ്ടിയുള്ള കൂട്ടായ്‌മയിലുള്ളത്‌.
അബ്ദുറഹ്മാന്‍െറ ഭാര്യ റംലയുടെ പേരില്‍ നാട്ടില്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക