Image

വിളവെടുപ്പിന്‍െറ സമൃദ്ധി കഴിഞ്ഞ ഈന്തപ്പനകള്‍ക്ക്‌ ശുചീകരണത്തിന്‍െറ കാലം

Published on 08 October, 2011
വിളവെടുപ്പിന്‍െറ സമൃദ്ധി കഴിഞ്ഞ ഈന്തപ്പനകള്‍ക്ക്‌ ശുചീകരണത്തിന്‍െറ കാലം
ദോഹ: വിളവെടുപ്പിന്‍െറ സമൃദ്ധി കഴിഞ്ഞ ഈന്തപ്പനകള്‍ക്ക്‌ ഇത്‌ ശുചീകരണത്തിന്‍െറ കാലം. കായ്‌ഫലം തീര്‍ന്ന പനകള്‍ വൃത്തിയാക്കുന്ന ജോലികള്‍ എങ്ങും തുടങ്ങിക്കഴിഞ്ഞു. പഴക്കുലകളേന്തിയ പനകള്‍ മധുരം കിനിയുന്ന കാഴ്‌ചയായിരുന്നു. വിളവെടുപ്പ്‌ കഴിഞ്ഞ പനകള്‍ക്കും ചന്തം തോന്നിക്കുന്ന വിധത്തിലുള്ളതാണ്‌ ഇപ്പോള്‍ നടക്കുന്ന ശുശ്രുഷാ ജോലികള്‍.

പനകള്‍ വൃത്തിയാക്കുന്നതിന്‍െറ ഭാഗമായുള്ള ജോലികളില്‍ പ്രധാനം ഉണങ്ങിയ ഓലകള്‍ വെട്ടിമാറ്റലാണ്‌. വളരെ ശ്രദ്ധ വേണ്ട ജോലിയാണിത്‌. പരാഗണം നടത്താനും കായ്‌ച്ചുതുടങ്ങിയാല്‍ പഴക്കുലകള്‍ വൃത്തിയാക്കാനും വിളവെടുപ്പ്‌ കഴിഞ്ഞ പനയുടെ പട്ടവെട്ടി വെടിപ്പാക്കാനും പ്രത്യേക പരിശീലനം സിദ്ധിച്ച തൊഴിലാളികളുണ്ട്‌. ഫെബ്രുവരി മുതല്‍ കായ്‌ച്ചു തുടങ്ങിയ പനകളിലെ കുലകള്‍ പച്ചനിറത്തിലുള്ള വല കൊണ്ട്‌ പൊതിഞ്ഞ്‌ പൊടിക്കാറ്റില്‍ നിന്നും പക്ഷികളില്‍ നിന്നും സംരക്ഷിക്കുന്നതും ഇവരാണ്‌. ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ നിരവധിയാണ്‌. ഈ സിസണില്‍ ഇവര്‍ക്ക്‌ നല്ല ജോലിത്തിരക്കാണ്‌. ഉയരമുള്ള പനകളില്‍ വലിയ കോണികള്‍ വെച്ചും പ്രത്യേക അരപ്പട്ട കെട്ടിയുമാണ്‌ കയറുന്നത്‌. കയര്‍ കൊണ്ട്‌ നിര്‍മിച്ച ഈ ബെല്‍റ്റ്‌ ഹിജാം എന്നും മുതലാഹ്‌ എന്നും അറിയപ്പെടുന്നു. ഓലകള്‍ വെട്ടുന്നതോടൊപ്പം അവയുടെ മടലുകളും ഒരേപോലെ വെട്ടി പനകളെ കൂടുതല്‍ ആകര്‍ഷണീയമാക്കും.

പൈപ്പ്‌ വഴി കടക്കല്‍ വെള്ളം എത്താത്ത പനകളില്‍ രാത്രികാലങ്ങളില്‍ വലിയ ടാങ്കറുകളില്‍ വെള്ളം എത്തിച്ചാണ്‌ നനക്കുന്നത്‌. ഖത്തറിന്‍െറ തെരുവുകളെ മനോഹരമാക്കുന്ന ഈന്തപ്പനകളുടെ ഇത്തരം പരിചരണങ്ങള്‍ക്കായി ലക്ഷക്കണക്കിന്‌ റിയാല്‍ അധികൃതര്‍ ചെലവഴിക്കുന്നുണ്ട്‌. പനയുടെ കടക്കലുള്ള പുല്‍ച്ചെടികളും മറ്റും വെട്ടിമാറ്റുന്നതിനൊപ്പം പുതുതായി പൊട്ടിമുളച്ച തൈകള്‍ കേടുകൂടാതെ മുറിച്ചു മാറ്റി മറ്റിടങ്ങളില്‍ നടുകയാണ്‌ പതിവ്‌. ഇങ്ങനെ പറിച്ചു നടുന്ന തൈകളില്‍ നിന്ന്‌ നല്ലത്‌ തെരഞ്ഞെടുത്താണ്‌ റോഡരികിലും പാര്‍ക്കുകളിലും മറ്റ്‌ പൊതുസ്ഥലങ്ങളിലും വെച്ചുപിടിപ്പിക്കുന്നത്‌. മുനിസിപ്പാലിറ്റിക്ക്‌ കീഴിലെ അഗ്രികള്‍ച്ചര്‍ വിഭാഗമാണ്‌ ഇത്തരം ജോലികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ഇതിനായി പച്ച യൂണിഫോമണിഞ്ഞ തൊഴിലാളികളെ റോഡില്‍ പുലര്‍ച്ചെ മുതല്‍ കാണാം. റൗണ്ട്‌എബൗട്ടുകളിലും പാര്‍ക്കുകളിലും പൂന്തോട്ടങ്ങള്‍ തയ്യാറാക്കുന്നതും ഇവരാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക