Image

മലേറിയ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരം; ഗവേഷകസംഘത്തില്‍ രണ്‌ട്‌ മലയാളി ശാസ്‌ത്രജ്ഞരും

ജോസ്‌ കുമ്പിളുവേലില്‍ Published on 13 August, 2013
മലേറിയ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരം; ഗവേഷകസംഘത്തില്‍ രണ്‌ട്‌ മലയാളി ശാസ്‌ത്രജ്ഞരും
ലണ്‌ടന്‍: മലേറിയ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രതീക്ഷാനിര്‍ഭരമായ ഫലം. യുഎസ്‌ ഗവേഷകരാണ്‌ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത്‌. ഗവേഷകസംഘത്തില്‍ രണ്‌ട്‌ മലയാളി ശാസ്‌ത്രജ്ഞരുമുണ്‌ട്‌.

പതിനഞ്ചു പേരില്‍ നടത്തിയ പരീക്ഷണത്തില്‍ പന്ത്രണ്‌ടു പേരെയും രോഗത്തില്‍നിന്നു സംരക്ഷിക്കാന്‍ വാക്‌സിനു സാധിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ഉയര്‍ന്ന ഡോസുകള്‍ നല്‍കേണ്‌ടിവന്നു എന്നു മാത്രം.

ഈ ഗവേഷകസംഘത്തില്‍ രണ്‌ട്‌ മലയാളി ശാസ്‌ത്രജ്ഞരും ഉള്‍പ്പെടുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. മാവേലിക്കര സ്വദേശി ഡോ. ഏബ്രഹാം ഈപ്പന്‍, തൃശൂര്‍ സ്വദേശിനി അനിത മനോജ്‌ എന്നിവരാണ്‌ ഈ നിര്‍ണായക ദൗത്യത്തില്‍ പങ്കുചേര്‍ന്നത്‌.

മലേറിയയ്‌ക്കു കാരണമാകുന്ന പാരസൈറ്റുകളെ (പ്ലാസ്‌മോഡിയം പാരാസൈറ്റ്‌സ്‌) ജീവനോടെ കുത്തിവയ്‌ക്കുന്ന രീതിയാണ്‌ ഇതില്‍ അവലംബിക്കുന്നത്‌. മറ്റു പല വാക്‌സിനുകളിലും നിര്‍ജീവമായ രോഗാണുക്കളെ കുത്തിവയ്‌ക്കാറുണ്‌ട്‌. പുതിയ വാക്‌സിന്റെ കാര്യത്തില്‍ രോഗാണുവിനെ ദുര്‍ബലപ്പെടുത്തിയാണ്‌ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നത്‌.

സയന്‍സ്‌ ജേര്‍ണലില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്‌ട്‌. റേഡിയേഷന്‍ നടത്തിയ കൊതുകുകളുടെ കടി കൊണ്‌ടാല്‍ മലേറിയയ്‌ക്കെതിരേ പ്രതിരോധശേഷിയുണ്‌ടാകുമെന്ന്‌ നേരത്തേ കണ്‌ടെത്തിയിരുന്നു. എന്നാല്‍, ആയിരം കടിയെങ്കിലും കിട്ടിയാലേ ആവശ്യത്തിനു പ്രതിരോധമാകൂ എന്നതിനാല്‍ ഈ മാര്‍ഗം അപ്രായോഗികമായാണ്‌ വിലയിരുത്തപ്പെട്ടിരുന്നത്‌.

മലേറിയമൂലം 2010 ല്‍ മാത്രം 6.6 ലക്ഷം പേര്‍ മരിച്ചുവെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്കിലെ വെളിപ്പെടുത്തല്‍.

നിലവില്‍ ഗ്ലാക്‌സോ സ്‌മിത്ത്‌ക്ലൈനിന്റെ മൊസ്‌ക്വിറിക്‌സ്‌ എന്ന വാക്‌സിനാണ്‌ മലേറിയയെ പ്രതിരോധിക്കാന്‍ ഡോക്‌ടര്‍മാര്‍ ഉപയോഗിക്കുന്നത്‌. എന്നാല്‍ ഏറെ പരിമിതികളുള്ള ഈ വാക്‌സിന്‍ കുട്ടികളില്‍ അത്രയേറെ ഫലപ്രദമാവുന്നില്ല എന്നു നേരത്തെ കണ്‌ടെത്തിയിരുന്നു.

pfspz എന്ന നാമമാണ്‌ പുതിയ വാക്‌സിന്‌ നല്‍കിയിരിക്കുന്നത്‌.

മൊസ്‌ക്വിറിക്‌സ്‌ വാക്‌സിന്‍ പരാന്നജീവിയുടെ പ്രതലത്തില്‍നിന്നുള്ള പ്രോട്ടീനില്‍ നിന്നാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. എന്നാല്‍ പരാന്നജീവിയുടെ ചെറിയ രൂപമായ സ്‌പോറോസോയിറ്റ്‌സാണ്‌ പുതിയ വാക്‌സിന്റെ നിര്‍മ്മാണ ബിന്ദു.

അമേരിക്കന്‍ ബയോടെക്‌ സ്ഥാപനമായ സനാറിയയും ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റിയൂട്ടുമാണ്‌ വാക്‌സിന്‍ ഗവേഷണത്തിന്റെ പിന്നിലെ ചാലക ശക്തികള്‍.
മലേറിയ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരം; ഗവേഷകസംഘത്തില്‍ രണ്‌ട്‌ മലയാളി ശാസ്‌ത്രജ്ഞരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക