Image

കൊതിയോടെ കാത്തിരുപ്പൂ (പഴയ കാല കവിതകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 12 August, 2013
കൊതിയോടെ കാത്തിരുപ്പൂ (പഴയ കാല കവിതകള്‍: സുധീര്‍ പണിക്കവീട്ടില്‍)
സ്‌നേഹമാണങ്ങേക്കെന്നെ
അറിഞ്ഞു ഞാനീകാര്യം
ഭദ്രമായ്‌ സൂക്ഷിക്കുന്നെന്‍
മനസ്സിന്‍ മണിച്ചെപ്പില്‍

നിര്‍വ്വചിക്കുവാനാവില്ലങ്ങ-
യോടെനിക്കുള്ള
സ്‌നേഹവും വിശ്വാസവും
എങ്കിലും നിശ്ശബ്‌ദ ഞാന്‍

പരസ്‌ത്രിയല്ലേ ഞാനെന്‍
കഴുത്തില്‍ തൂങ്ങുന്നൊണ്ടൊ-
രഞ്ചാറൂ പണമിട സ്വര്‍ണ്ണത്തില്‍
ഒരു ബന്ധം

കെട്ടിയോനെനിക്കെന്നും
അന്യനാണവനെന്റെ
ഹൃദയം കാണാത്തവന്‍
തനുവില്‍ രമിക്കുന്നോന്‍

സീതയും സാവിത്രിയും
ജനിച്ച മണ്ണില്‍ തന്നെ
പിറന്നു ഞാനെങ്കിലും
ഹതഭാഗ്യയായ്‌ കഷ്‌ടം

തിരിഞ്ഞു നോക്കീല്ല ഞാന്‍
രാവണന്മാരെ തീരെ
തനുവും മനവുമെന്‍ പതിക്കായ്‌
സൂക്ഷിച്ചോള്‍ ഞാന്‍

ശുദ്ധയായ്‌ പവിത്രയായ്‌
മുഴുവന്‍ മനസ്സുമായ്‌
ഭര്‍ത്രു സന്നിധിയില്‍ ഞാന്‍
ദേവിയെപോലെ ചെന്നു

അറിഞ്ഞില്ലവനെന്റെ
ഹൃദയതുടിപ്പുകള്‍
അവനോ പ്രിയം പണം
പിന്നെയെന്‍ ശരീരവും

വിധിയെ പഴിച്ചുകൊണ്ടാ
ശ്വസിക്കുവാനുമീ ജീവിതം
കണ്ണീരൊപ്പി ഒടുക്കിതീര്‍ക്കാനും
ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു

ജീവിത സംഘര്‍ഷത്തിന്‍
പാതയില്‍ ഞാന്‍ വീണപ്പോള്‍
എന്‍മിഴി നീരൊപ്പുവാന്‍
എന്തിനോ നീയന്നെത്തി

ദിവ്യമാം പ്രേമത്തിന്റെ
നെന്മണി കൊറിക്കുന്ന
വെള്ളരിപ്രാക്കള്‍ നീയെന്‍
മനസ്സില്‍ പറപ്പിക്ലു

അകലെ സ്‌നേഹത്തിന്റെ
താരകള്‍ മിന്നുന്നൊരു
നഭസ്സിന്‍ ഗന്ധര്‍വനായി
നീയെന്റെ കണ്ണില്‍ നില്‍പ്പു

മറക്കാനാവില്ലെന്നെ
മരണം ഗ്രസിച്ചാലും
ദേവ ദേവ നീയെന്റെ
പ്രാണനില്‍ തിളങ്ങുന്നോന്‍

അനുരാഗത്തിന്‍ നറും
തേന്‍ നിലാവെന്നെ കാട്ടി
ഉറക്കം കെടുത്തിയെന്‍
ഓര്‍മ്മയില്‍ ഉണര്‍ന്നു നീ

തൊഴുകയ്യാല്‍ ഞാനെന്റെ
ഇഷ്‌ടദേവനെപോലെ
അങ്ങയെ വന്ദിക്കുന്നു
ദര്‍ശനം കൊതിക്കുന്നു.

ഒന്നു സ്‌പര്‍ശിക്കുവാന-
ങ്ങെ തൊട്ടുതൊട്ടിരിക്കുവാന്‍
കൊതിപ്പൂ ഞാനെങ്കിലും
നിഷിദ്ധമല്ലേ ഭര്‍തൃമതിയാം എനിക്കവ

ഈശ്വരന്‍ വിലക്കിയ
കനിയും നീട്ടി വീണ്ടും
ഹവ്വയായി സ്‌ത്രീ ജന്മത്തില്‍
കളങ്കം ചാര്‍ത്തിച്ച ഞാന്‍

ചട്ടങ്ങള്‍ നമ്മെ മാറ്റി
നിര്‍ത്തുകില്‍ ചട്ടങ്ങളെ
മാറ്റുവാനാവില്ലല്ലോ
ദുര്‍ബ്ബലരല്ലേ നമ്മള്‍

എങ്കിലും ഹൃദയത്തിന്‍
തന്ത്രിയില്‍ മീട്ടാനൊരു
രാഗമായ്‌ എന്നും നമ്മള്‍ക്കോ-
ര്‍ക്കാമീ അനുരാഗം

ഇനിയും ജന്മങ്ങളീ ഭൂമിയില്‍
ദൈവം തന്നാല്‍
എന്മനം ചോദിക്കുന്ന
വരം - അങ്ങയെ മാത്രം

ശുഭം
Join WhatsApp News
oru vayanakkaran 2013-08-13 16:02:08
കവിതക്ക് പറ്റിയ പടം. കാവ്യ മാധവന്റെ ആശകൾ കൈകൂപ്പി നില്ക്കും മനോഹരമായ മിഴികളും കവിതയിലെ കോമള പദാവലിയും നല്ലോണം ചേരുന്നു.

പിന്നെ ഭർത്ത്രുമതിയായ ഒരു സ്ത്രീ കവിയെ പ്രേമിച്ചു എന്നൊക്കെ പറയുന്നത് വെറും കള്ളം. ഭാവന ചെയ്യാൻ  ലൈസനസ് ഒന്നും വേണ്ടല്ലോ.ഭാവന കാടു കേറി മനസ്സിലാവാത്ത കവിത എഴുതിവിടുന്നതിൽ ഭേദം ഇത്തരം ബഡായികളാണു.  കവിയുടെ ഭാഷ ഭംഗി ക്ഷ പിടിച്ചൂന്ന് കൂട്ടികോളു. അത് കൊണ്ടു ഇത്രയും കുറിക്കുന്നു,.

G. Puthenkurish 2013-08-13 20:27:17
ഒരു ജീവിത യാഥാർത്യത്തിന്റെ മനോഹരമായാ കാവ്യാവിഷ്കാരം. ആശയത്തിന്റെ ഒഴുക്ക്, ഭാഷയുടെ സൗകുമാര്യം എല്ലാം തന്നെ കവിതയുടെ മാറ്റ് കൂട്ടുന്നു. കാവ്യ മാധവന്റെ സാമ്പത്തിക ഭദ്രത അവരെ ഒരു ധനമോഹിയായ ഭർത്താവിൽ നിന്ന് മോചിതയാക്കി. പക്ഷെ അതിന് കഴിയാതെ മോഹങ്ങളേ ഉള്ളിൽ ഒതുക്കി കഴിയുന്ന എത്രയോ പേരുടെ കഥയാണ് കവി ഈ കവിതയിലൂടെ ചൊല്ലി കേൾ പ്പിക്കുന്നതു. കാലം പഴകിയാലും അവസ്ഥ ആവർത്തിക്ക പ്പെടുന്നു. ശ്രീ. സുധീർ പണിക്കവീട്ടിലിനു അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക