Image

പൂച്ചപ്പേടി -(കഥ: ലൈലാ അലക്‌സ്)

ലൈലാ അലക്‌സ് Published on 12 August, 2013
പൂച്ചപ്പേടി -(കഥ: ലൈലാ അലക്‌സ്)

ഏയ്ഞ്ചല… എന്ന അവരുടെ മാലാഖപ്പേരിന് ഒട്ടും ഇണങ്ങുന്നതായിരുന്നില്ല അവരുടെ ഓമനയായ ആ പൂച്ചയുടെ മട്ട്…

രക്തദാഹിയായ ഒരു പുലിയുടെ ക്രൂരതയായിരുന്നു അതിന്റെ മുഖത്ത്… ചാരനിറത്തില്‍, തടിച്ച വരകളുള്ള അതിന്റെ ഉടലില്‍ ബലമുള്ള ലോഹക്കമ്പികള്‍ പോലെയുള്ള രോമങ്ങള്‍ …

നേര്‍ത്ത ചുണ്ടുകള്‍ മുരണ്ടകലുമ്പോള്‍ , അവയ്ക്കിടയിലൂടെ കാണാവുന്ന കൂര്‍ത്ത കോമ്പല്ലുകള്‍ …
പതിഞ്ഞ മൂക്കിനുതാഴെ, കാച്ചിപ്പഴുപ്പിച്ച സ്റ്റീല്‍ക്കമ്പികള്‍പോലെ മീശരോമങ്ങള്‍…. ക്രൗര്യം കത്തിനില്‍ക്കുന്ന പച്ചക്കണ്ണുകള്‍ …

ഇമയനക്കാതെ, ആ പച്ചക്കണ്ണുകള്‍ തുറുപ്പിച്ചുള്ള നോട്ടം….
അതു കാണുമ്പോള്‍, ഹൗ….നട്ടെല്ലിലൂടെ ഒരു മരവിപ്പ് അരിച്ചുകയറുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്…

പൂച്ചകളെ ഭയമുള്ള ആളൊന്നുമല്ല ഞാന്‍ 'എലുറോഫോബിയ' എന്ന പൂച്ചപ്പേടി ബാധിച്ചവര്‍ ലോകത്തില്‍ അത്ര വിരളമല്ല എന്നും നെപ്പോളിയന്‍, ഹിറ്റ്‌ലര്‍ എന്ന വമ്പന്മാര്‍പോലും ഈ പേടി ബാധിച്ചിരുന്നവരായിരുന്നു എന്നും എനിക്കറിയാം. അത്തരം പേടിയൊന്നും എനിക്ക് ഉള്ളതായി തോന്നിയിരുന്നില്ല ഇതുവരെയും…

എന്തുകൊണ്ട് ആ ജന്തു എന്നെ ഇത്രമേല്‍ ഭയപ്പെടുത്തുന്നത് എന്ന് എനിക്കറിയില്ല.

ഏയ്ഞ്ചല എന്റെ അയല്‍ക്കാരിയായി വന്നിട്ട് വര്‍ഷങ്ങളായി. ആദ്യമായി അവരെ കാണുമ്പോള്‍ പേരുപോലെതന്നെ ഒരു മാലാഖയായിരുന്നു അവര്‍. ആപ്പിള്‍പോലെ തുടുത്ത ഉടലും സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളും എപ്പോഴും ചിരിക്കുന്ന മുഖവുമായി… എവിടെവച്ചു കണ്ടാലും കൈകളുയര്‍ത്തി വീശി 'ഹായ്' പറയാന്‍ അവര്‍ മറക്കുമായിരുന്നില്ല.

ഏയ്ഞ്ചലയെ സാധാരണയായി ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോഴാണ് കാണാറുണ്ടായിരുന്നത്. എന്നാല്‍ അവര്‍ റിട്ടയര്‍മെന്റ് എടുത്തശേഷം ആ പതിവു തെറ്റി. വല്ലപ്പോഴുമേ അവരെ ഈയിടെ കാണാറുള്ളൂ. എന്തോ രോഗമായതിനാലാണ് അവര്‍ ഇത്രനേരത്തേ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചതെന്ന് എന്റെ തൊട്ടടുത്ത യൂണിറ്റിലെ സാറാ എന്നോടു പറഞ്ഞിരുന്നതിനാല്‍ കൂടുതലായി ഒന്നും എനിക്കറിയില്ലായിരുന്നു. അവരുടെ റിട്ടയര്‍മെന്റിനോട് അടുത്ത നാളുകളിലാണ് ആ പൂച്ചയെ അവര്‍ കൂടെക്കൂട്ടിയത് എന്നു തോന്നുന്നു. റിട്ടയര്‍മെന്റിന്റെ വിരസത മാറ്റാനാവണം ആയിടയ്ക്ക് തീരെ ചെറിയ ഒരു പൂച്ചക്കുട്ടിയെ അവരുടെ കൂടെ ഒന്നുരണ്ടു തവണ കണ്ടത് ഞാന്‍ ഓര്‍ക്കുന്നുമുണ്ട്. പക്ഷേ, അത് ഒരു സാധു, സാധാരണ പൂച്ചക്കുട്ടി എന്നതില്‍കവിഞ്ഞ് ഒന്നും എനിക്കന്ന് അതിനെക്കുറിച്ച് തോന്നിയിരുന്നില്ല.

എന്നെ അതിശയിപ്പിക്കുന്ന വസ്തുത: എനിക്ക് ഈ പൂച്ചയോടു മാത്രമേ ഭയമുള്ളൂ എന്നതാണ്… എനിക്ക് പൂച്ചകളെ എന്നല്ല, ഒരു ജന്തുക്കളെയും ഇഷ്ടമല്ല എന്നതു സത്യം തന്നെ. എന്നുവെച്ച്, ഇങ്ങനെ ഒരു ഭയം ഒരിക്കലും ഒന്നിനോടും തോന്നിയിരുന്നില്ല.

അതിനെ കാണണമെന്നു തന്നെയില്ല. ഒട്ടും നിനച്ചിരിക്കാതെ ചില നേരങ്ങളില്‍ തീരെയും ശബ്ദമുണ്ടാക്കാതെ അത് എന്റെ മനസ്സിലേക്ക് കടന്നുവന്ന് എന്റെ സ്വസ്ഥത തകര്‍ത്തുകളയും.
ഈ അവസ്ഥ ഒട്ടും സാധാരണമല്ലെന്നും ഏതോ മാനസികരോഗം ആയേക്കുമോ എന്നും എനിക്കുതന്നെ തോന്നിത്തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തും സൈകിയാട്രിസ്റ്റുമായ വിമലയോടു പറഞ്ഞു.
“ആ പൂച്ച… അത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു…”

“അതിനെന്താ… താന്‍ അതിന്റെ അടുത്തേക്ക് പോകേണ്ട…”

'നോ…വിമലാ….ഐ ആം ടെറിഫൈഡ് അഫ് ഇറ്റ്… ലൈക് ഇറ്റ് വോസ് സം മോണ്‍സ്റ്റര്‍ ഔട്ട് ഫര്‍ മൈ ബ്ലഡ്…'

വിമല ഉറക്കെ ചിരിച്ചു.

'നമുക്ക് എല്ലാവര്‍ക്കും ഇല്ലേ ചില ഫോബിയോ? അത് നമ്മുടെ ജീവിതത്തില്‍ ഇന്റര്‍ഫിയര്‍ ചെയ്യുമ്പോഴേ പ്രശ്‌നമാവുന്നുള്ളൂ…'

ങും… അങ്ങനെ ഒരു പ്രോബ്ലം ഒന്നും തനിക്കുണ്ടെന്നു തോന്നുന്നില്ല.

വിമല നിസാരമായി ചിരച്ചുതള്ളി.

'പിന്നെ? ആ ജന്തുവിനെ എനിക്ക് എന്താണ് ഇത്ര ഭയം?'

അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ വിയര്‍ത്തുപോകുന്നു.'

'എന്നെക്കൊണ്ട് വല്ല മൂഡ് സ്റ്റബിലൈസറും പ്രിസ്‌ക്രൈബ് ചെയ്യിക്കാനുള്ള അടവാണോ….അല്ലാ, ഇപ്പോ, അതൊരു ഫാഷനല്ലേ?'

വിമല എന്നോടും ചോദിച്ചു.

ഞാനെന്തു പറയാനാണ്? എന്റെ ഏറ്റവും അടുത്ത സുഹൃത്തായ വിമലയെക്കൊണ്ടുപോലും വിശ്വസിപ്പിക്കാനാവുന്നില്ല എന്റെ പ്രശ്‌നം.. ഞാന്‍ വിമലയോടു തര്‍ക്കിക്കാനൊന്നും നിന്നില്ല.
കുറെയേറെ ദിവസങ്ങള്‍ ഏയ്ഞ്ചലയെ കാണാതിരുന്നപ്പോള്‍ ഞാന്‍ സാറായോടു ചോദിച്ചു 'ഏയ്ഞ്ചലയെ നീ കാണാറുണ്ടോ?'

'അറിഞ്ഞില്ലേ? ഷി ഈസ് വെരി ഇല്‍ …'

'ങേ? എന്താണ് അവരുടെ അസുഖം?'

'എന്തോ.. അവര്‍ വളരെ ക്ഷീണിതയാണെന്നു മാത്രമേ അറിയൂ…'

അവരെ ഒന്നു സന്ദര്‍ശിച്ചാല്‍ കൊള്ളാമായിരുന്നു എന്നു തോന്നിയെങ്കിലും ആ പൂച്ചയെ പേടിച്ച് ഞാന്‍ അതു വേണ്ടെന്നു വച്ചു.

അങ്ങനെയിരിക്കുമ്പോഴാണഅ ഏയ്ഞ്ചല ഹോസ്പിറ്റലാണെന്നു സാറാ എന്നോടു പറഞ്ഞത്. ആ അവസരം പാഴാക്കിയില്ല. ഹോസ്പിറ്റലില്‍ പൂച്ച ഉണ്ടാവില്ലല്ലോ. ഓഫീസില്‍ നിന്നും നേരെ അവരെ കാണാന്‍ പോയി.

ഞാന്‍ ചെല്ലുമ്പോള്‍, വിളറി മെലിഞ്ഞ് ആകെ ലക്ഷണംകെട്ട പരുവത്തിലായിരുന്നു അവര്‍. അവരുടെ നീലക്കണ്ണുകളുടെ  തിളക്കം പാടെ മങ്ങി. ചെളി പിടിച്ച പച്ച നിറമായിരുന്നു. മിനുപ്പ് നഷ്ടപ്പെട്ട മുഖത്താകെ രോമങ്ങളുടെ നേരിയ പാട… ഫേഷ്യലും വാകിസിങ്ങും ഒന്നും ചെയ്യാത്തതുകൊണ്ടാവും പുരികങ്ങളിലും മൂക്കിനുതാഴെയും കമ്പിപോലെ വഴക്കമില്ലാത്ത രോമങ്ങള്‍… തുടുത്ത ആപ്പിളിന്റെ നിറം മാറി, ഉടലാകെ രോഗത്തിന്റെ ചാരനിറം… അവരുടെ സ്ഥിതികണ്ട് എനിക്ക് സങ്കടം തോന്നി.

'ഏയ്ഞ്ചലാ.. ഹൗ ആര്‍ യൂ?'ഞാന്‍ കുശലം ചോദിച്ചു.

'ഹായ്…' അവരുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു.

'എന്താണ് നിനക്ക്? ഡോക്ടര്‍ എന്തു പറഞ്ഞു?'

'ഒന്നും പറഞ്ഞില്ല… ടെസ്റ്റുകള്‍ നടക്കുന്നതേയുള്ളൂ…'

 ഞാന്‍ അധികനേരം അവിടെ നിന്നില്ല…

മൂന്നുനാലു ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ രോഗത്തിന് ഒട്ടും കുറവില്ല എന്നു കേട്ടപ്പോള്‍ ഞാന്‍ വീണ്ടും അവരെ കാണാന്‍ പോയി. അവരുടെ നില കൂടുതല്‍ വഷളായിരുന്നു. അവരുടെ മുഖം പരന്നു കുറുകി. മൂക്കിനുതാഴെ രോമങ്ങള്‍ക്കു നീളം കൂടിയിരിക്കുന്നു. മെലിഞ്ഞുണങ്ങിയ ശരീരത്തിനാകെ ചാരനിറം…. വൃത്തികെട്ട പച്ചക്കണ്ണുകളിലെ കൃഷ്ണമണികള്‍ വരപോലെ… ആ പൂച്ചയുടെ അതേ കണ്ണകള്‍ …

ഞാന്‍ ഞെട്ടിപ്പോയി.

ഒരു പച്ചക്കണ്ണ് ഒന്നുതുറന്ന് എന്നെ ഒന്നുനോക്കിയിട്ട് അവര്‍ വശം ചരിഞ്ഞ് കിടന്ന കിടപ്പ് തുടര്‍ന്നു. അവിടെ നിന്നും പോന്നു. എന്റെ തോന്നലുകളും ഭയവും ഞാന്‍ ആരോടും പറഞ്ഞില്ല. പറഞ്ഞാല്‍, ആരും വിശ്വസിക്കയില്ല എന്നുമാത്രമല്ല, ഒളിഞ്ഞും തെളിഞ്ഞും എന്നെ പരിഹസിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുമല്ല, എനിക്ക് ആ പൂച്ചയോടുള്ള പേടിമൂലം ഉള്ള വെറും തോന്നലുകലാണിതൊക്കെ എന്നല്ലേയുള്ളൂ?

വീണ്ടും മൂന്നുനാലു ദിവസങ്ങള്‍ കൂടി കഴിഞ്ഞാവണം ഏയ്ഞ്ചല മരിച്ചു. അവരുടെ മക്കള്‍ ശവസംസ്‌കാരവും മററും കഴിഞ്ഞ് ആ അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നതെല്ലാം വില്‍ക്കുകയും ഭാഗംവയ്ക്കുകയും ചെയ്തു. ആ പൂച്ചയുടെ സംരക്ഷണമാകട്ടെ സാറാ ഏറ്റെടുക്കുകയും ചെയ്തു.
അതോടെ, എന്റെ സ്വസ്ഥത പാടേ നശിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്റെ തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റാണ് സാറായുടേത്. എപ്പോള്‍ ഞാന്‍ വാതില്‍ തുറന്നാലും ആ പൂച്ചയെ കാണാവുന്ന അത്ര അടുത്ത്…

എന്തായാലും ഈയിടെയായി ഞാന്‍ വളരെ കരുതലോടെയാണ് വീടിനു പുറത്തേക്കിറങ്ങുന്നതും പാര്‍ക്കിങ് ലോട്ടില്‍ കാറിനടുത്തേക്ക് ചെല്ലുന്നതും തിരികെ വന്ന് അപ്പാര്‍ട്ട്‌മെന്റിലേക്ക് കയറുന്നതും എല്ലാം. അകത്തു കയറിയാലുടന്‍, വാതിലടച്ച് ബോള്‍ട്ടിടും. ജനാലകളാണെങ്കില്‍, തുറക്കാറേയില്ല. ഇതും പോരാതെ, കട്ടിലിനു കീഴിലോ, ഫര്‍ണിച്ചറിന്റെ ഇടയിലോ എങ്ങാനും ആ ജന്തു പതുങ്ങിയിരുപ്പുണ്ടോ എന്നു പലപ്രാവശ്യം പരിശോധിക്കും.

ദിവസങ്ങള്‍ കഴിഞ്ഞുപോയി.

വൈകുന്നേരങ്ങളില്‍ വല്ലപ്പോഴും വിമല എന്നെ സന്ദര്‍ശിക്കാനെത്തുമ്പോള്‍, സാധാരണപോലെ, ഞങ്ങള്‍ ലോണിലോ, സ്വിമ്മിങ്ങ് പൂളിനടുത്തോ ഇരുന്ന് ഗ്ലോബല്‍ വാമിംഗിനെക്കുറിച്ചും, തുളഞ്ഞുപോകുന്ന ഓസോണ്‍ ലെയറിനെക്കുറിച്ചും ഉത്കണ്ഠപ്പെട്ടു. ഏയ്ഞ്ചലയെ കാണാന്‍ പോയപ്പോഴത്തെ അനുഭവം ഞാന്‍ അവളോടു പറയാന്‍ പോയില്ല. എന്തിനു പറയണം? അവള്‍ ചിരിക്കുകയേ ഉള്ളൂ…

എന്നാലും അപ്പോഴൊക്കെയും ഞാന്‍ ചുറ്റും നോക്കും. ആ ജന്തു അവിടെയെങ്ങാനും ഉണ്ടോ എന്ന്… അതിനെ നേരിട്ട് കണ്ടാല്‍, ഒരുപക്ഷേ, വിമലയ്ക്ക് എന്റെ പ്രശ്‌നം മനസ്സിലാക്കുമെന്ന് എനിക്കു തോന്നിയിരുന്നു. എന്നാല്‍, അത് അപ്പോഴൊന്നും ആ വഴി വന്നില്ല. എന്നല്ല, എന്റെയൊപ്പം മറ്റാരെങ്കിലും ഉള്ളപ്പോള്‍ ഒരിക്കലും ആ ജന്തുവോ അതിന്റെ യജമാനത്തിയോ എന്റെ മുമ്പില്‍ വന്നില്ല. ഞാന്‍ തനിയെ എപ്പോള്‍ പുറത്തേക്കിറങ്ങിയാലും ആ പൂച്ച എവിടെ നിന്നെങ്കിലും എന്റെ മുമ്പില്‍ വന്നുപെടും..

സഹികെട്ടപ്പോഴാണ്, ഞാന്‍ പോളിനോടു പറഞ്ഞത്, 'ദാറ്റ് ക്യാറ്റ് ഇസ് കില്ലിങ് മൈ പീസ് അഫ് മൈന്‍ഡ്..'

'ഹു വുഡ് ബി അഫ്രേഡ് അഫ് എ ക്യാറ്റ്?'
പോള്‍ ചിരച്ചു. എന്നെ കുറെക്കൂടെ ഇറുകെ പുണര്‍ന്നുകൊണ്ട് അയാള്‍ തുടര്‍ന്നു 'തിങ്ക് അഫ് ഇറ്റ്‌സ് വെല്‍വെറ്റ് കോട്ട്… ജസ്റ്റ് ലൈക് ദ് വെല്‍വെറ്റ് അഫ് യുവര്‍ സ്‌കിന്‍..'
അയാള്‍ എന്റെ മാറില്‍ മൃദുവായി മുഖം ഉരസി.

ഒരു നിമിഷം.

അയാളുടെ പതിഞ്ഞ മൂക്കിനു താഴെ കാച്ചിപ്പഴുപ്പിച്ച സ്റ്റീല്‍കമ്പികള്‍ പോലെയുള്ള മീശരോമങ്ങള്‍ …
ഓ മൈ ഗോഡ് അയാളെ ശക്തിയോടെ പിടിച്ചുതള്ളി. ഗൗണിന്റെ  അഴിഞ്ഞു കിടക്കുകയായിരുന്ന കുടുക്കുകള്‍ ഇട്ടുകൊണ്ട് ഞാന്‍ കിടക്കയില്‍നിന്നും ചാടിയെഴുന്നേറ്റു.'

'ഹേയ്…വാട് ഹാപെന്‍ഡ്?' പോള്‍ എന്നോടു ചോദിച്ചു.

'ഗെറ്റ് ഔട്.. ഗെറ്റ് ഔട് അഫ് മൈ ഹൗസ്…'  ഞാന്‍ അലറി.
'എന്തായിത്? എന്തുപറ്റി നിനക്ക്?'
പോള്‍ എന്റെ നേരെ കൈനീട്ടി.

'ഡോണ്ട് യു ടച്ച് മീ… ഞാന്‍ അയാളുടെ കൈകള്‍ തട്ടിമാറ്റി.'
'കാം ഡൗണ്‍ … സ്വീറ്റ് ഹാര്‍ട്… കാം ഡൗണ്‍ …'

പോള്‍ കിടക്കയില്‍നിന്നും എഴുന്നേറ്റു. അയാളുടെ അമ്പരപ്പ് എനിക്ക് മനസ്സിലാകാതെയിരുന്നില്ല.
പോള്‍ പിന്നെയും എന്തൊക്കെയോ പറയുന്നതും വിമലയെ ആയിരിക്കണം ഫോണില്‍ വിളിക്കുന്നതും ഞാന്‍ മുഴുവനായി കേട്ടില്ല. ദൂരെ നിന്നും അലറിപ്പാഞ്ഞു വരികയായിരുന്ന ഒരു ആംബുലന്‍സിന്റെ മണിയൊച്ചയായിരുന്നു എന്റെ കാതില്‍. എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായി അറിഞ്ഞുകൂടായിരുന്നു. എങ്കിലും ഏതോ ഭീകരമായ ആപത്താണ് എന്റെ മുമ്പിലെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ ഭീതിയുടെ അതിവേഗത്തോടെ സ്റ്റെയര്‍കേസിറങ്ങി വാതില്‍ തുറക്കുമ്പോള്‍ സാറായെ ആംബുലന്‍സിലേക്ക് കയറ്റുകയായിരുന്നു. മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍. അകലെ നിന്നാണെങ്കിലും എനിക്ക് വ്യക്തമായി കാണാമായിരുന്നു സാറായുടെ ചാരനിറം പടര്‍ന്ന ഉടല്‍, തിളക്കംമങ്ങി കലങ്ങിയ പച്ചക്കണ്ണുകള്‍ ….

ആ പൂച്ചയാകട്ടെ, സാറായുടെ അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ നിന്നുമാറി, എന്റെ അപ്പാര്‍ട്ട്‌മെന്റിനു മുമ്പില്‍, അതിന്റെ എരിയുന്ന കണ്ണുകള്‍ ഉള്ളിലേക്ക് നീട്ടി ഇരിക്കയും.

മരണത്തിന്റെ പെരുംതണുപ്പ് എന്റെ കാലിന്റെ പെരുവിരലില്‍ തൊട്ടു. രക്ഷപ്പെടാനൊരു പഴുതിനായി ഞാന്‍ ചുറ്റും നോക്കി…

ദൂരെനിന്നും വിമലയുടെ കാര്‍ ഗേറ്റുകടന്നുവരുന്നത് ഞാന്‍ കണ്ടു.

ആ കാറിന്റെ മുമ്പിലേക്ക് ഓടിയെത്തി ആ ചക്രങ്ങളുടെ ഇടയിലേക്ക് ഞാന്‍ എന്നെ ഒളിപ്പിക്കുമ്പോള്‍ പോളിന്റെ നിലവിളി എനിക്ക് കേള്‍ക്കാമായിരുന്നു. വിമലയടെയും…


പൂച്ചപ്പേടി -(കഥ: ലൈലാ അലക്‌സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക