Image

സ്മാര്‍ത്തവിചാരം സരിതവിചാരം (കഥ-ബാബു പാറയ്ക്കല്‍)

Published on 09 August, 2013
സ്മാര്‍ത്തവിചാരം  സരിതവിചാരം (കഥ-ബാബു പാറയ്ക്കല്‍)
സോളാര്‍ വിവാദം തുടങ്ങിയതില്‍ പിന്നെ ചാനലുകള്‍ക്കു ചാകരയാണ്. അതുകൊണ്ട് ആരൊക്കെയോകൂടി പുതിയതായി ഒരു ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ എന്നോടാവശ്യപ്പെട്ടു. അപ്പോഴാണ്് തിരുവനന്തപുരത്ത് പെട്ടെന്നു കോടീശ്വരനായ ഒരു മനുഷ്യന്റെ കാര്യമറിഞ്ഞത്. അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാനായി ഒരു അപ്പോയിന്റ്‌മെന്റ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും ഒരുവിധം ഒപ്പിച്ചു.
“ കൃത്യസമയത്തെത്തണം. അനുവദിച്ചതില്‍ കൂടുതല്‍ സമയം എടുക്കാന്‍ പാടില്ല.“  അദ്ദേഹത്തിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടായി. പറഞ്ഞ സമയത്തു തന്നെ അദ്ദേഹം നിര്‍ദ്ദേശിച്ച സ്ഥലത്തു ചെന്നു. കാഴ്ചയില്‍ 60 വയസിനു മുകളിലാണു പ്രായം. അമേരിക്കയില്‍ നിന്നും കുറെ വര്‍ഷങ്ങള്‍ക്കു ശേഷം സ്ഥിരമായി നാട്ടിലേക്കു മടങ്ങിയ മലയാളി. നാട്ടിലെത്തിയിട്ടും രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഭാര്യ ഇപ്പോഴും അമേരിക്കയില്‍ ജോലി ചെയ്യുന്നു. താമസിയാതെ അവരും നാട്ടിലേക്കു മടങ്ങുകയാണത്രേ.
“ താങ്കളുടെ പേര് ? “
“ വര്‍ക്കി.”
“ വര്‍ക്കിസാറിനോട് ഏതാനും ചോദ്യങ്ങള്‍ ചോദിച്ചുകൊള്ളട്ടേ ? “
“ എന്നെ എല്ലാവരും ഡോക്ടര്‍ വര്‍ക്കി എന്നാണു സംബോധനചെയ്യുന്നത്.”
“നിങ്ങള്‍ ഡോക്ടറാണോ ?”
ഞാന്‍ ഡോക്ടറാകാന്‍ പഠിച്ചിട്ടുമൊന്നമില്ല. എന്നാല്‍ ഇന്നു ഞാന്‍ തിരുവനന്തപുരത്ത് ഉന്നത സര്‍ക്കിളിലുള്ള എല്ലാവര്‍ക്കും പ്രിയങ്കരനായ ഡോക്ടറാണ്. “ “ അതെങ്ങനെ ? എങ്ങനെയാണു നിങ്ങള്‍ ആഴ്ചകള്‍ കൊണ്ടു കോടീശ്വരനായത് ?”
“ എന്റെ കഥ ഞാന്‍ ചുരുക്കിപ്പറയാം.“
“ ആവട്ടെ. “
വര്‍ക്കി എന്നാണു ജനം വിളിച്ചിരുന്നത്. ഏതോ ഒരു ചെറിയ കമ്പനിയില്‍ കുറച്ചുനാള്‍ ജോലി ചെയ്തതല്ലാതെ വേറെ ജോലിയൊന്നുമില്ലായിരുന്നു.
ഭാര്യ നഴ്‌സാണ്. അതുകൊണ്ട് പണത്തിനു പഞ്ഞമുണ്ടായില്ല. നാട്ടില്‍ വന്നിട്ടും ഭാര്യ പണമയച്ചുകൊണ്ടിരുന്നു. അന്നു കടയില്‍ നിന്നപ്പോള്‍ കിട്ടിയ ചെറിയ ചില അിറവുകള്‍ ഫലം ചെയ്തു. അറിവും ചെറുതല്ലല്ലോ !
അല്പം കൂടി വിശദമാക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ വര്‍ക്കി തുടര്‍ന്നു.

ഈയിടെയായി ടി. വി ഓണ്‍ ചെയ്താല്‍ സോളാര്‍ പ്രശ്‌നം മാത്രമാണു വിഷയം. അങ്ങനെയിരിക്കെ ഒരു ദിവസം കേട്ടു, സരിത കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരിക്കുന്നുവെന്ന്. അതില്‍ എന്തായിരിക്കുമെന്നറിയാന്‍ അധികാരശ്രേണിയിലുള്ളുവെന്നും മാധ്യമങ്ങളും ഒരുപോലെ നെട്ടോട്ടമോടുകയാണ്. അന്നു രാത്രി വര്‍ക്കി ഉറങ്ങാന്‍ കിടന്നു. അല്പം കഴിഞ്ഞപ്പോള്‍ ഷെല്‍ഫിലിരുന്ന ഒരു പുസ്തകം വര്‍ക്കിയുടെ തലയിലേക്കു വീണു. ഐസക് ന്യൂട്ടണ്‍ന്റെ തലയില്‍ ആപ്പിള്‍ വീണതുപോലെയായിരുന്നു അത്. വര്‍ക്കി ആ പുസ്തകമെടുത്തു പുറം ചട്ടയിലേക്കു നോക്കി. “ ധാത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം ആയിരുന്നു അത് . വെറുതെയെടുത്ത് മൂന്നുനാലുപേജുകള്‍ വായിച്ചുകഴിഞ്ഞപ്പോഴേക്കും പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ന്നു. പുസ്തകം മടക്കിവച്ചിട്ട് നേരം വെളുത്തുവരുന്നതേയുള്ളൂ. ഈയിടെയായി ഏതു വായ്‌നോക്കി എന്തു വിളിച്ചു പറഞ്ഞാലും ' ബ്രേക്കിംഗ് ന്യൂസ് ' ആയി കാണിക്കുന്ന ടി. വി. ചാനലിലേക്കു വര്‍ക്കി വിളിച്ചു.

“ ഞാന്‍ സരിതയുടെ അമ്മാവനാണു വിളിക്കുന്നത്. “   

“ എന്താണു സാര്‍, എന്തെങ്കിലും വിശേഷിച്ച് ? “

“ ഉണ്ട്, സരിതയുടെ രഹസ്യമൊഴിയില്‍ സരിത ജഡ്ജിയോടാവശ്യപ്പെട്ടിരിക്കുന്ന കാര്യം ….”

“ പറയൂ, പറയൂ…. എന്താണു സാര്‍ ? “

 “ സരിത സ്മാര്‍ത്തവിചാരമാണാവശ്യപ്പെട്ടിരിക്കുന്നത്.”

“സ്മാര്‍ത്തവിചാരമോ ? അതെന്താണു സാര്‍ ? “

“നീയൊക്കെ എന്നു മുതലാടാ മാധ്യമ പ്രവര്‍ത്തകനായത് ? പത്രപ്രവര്‍ത്തനത്തിന് ആദ്യമായി വേണ്ടത് വിശാലമായ വായനയാണ്. വിവിരമുണ്ടാകണം.”
“ പറയൂ, പറയൂ സാര്‍ …..”

“നിങ്ങളുടെ ഓഫീസില്‍ വിവരമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ചോദിച്ചു മനസ്സിലാക്കുക. ഇല്ലെങ്കിലും ഇതു 'ബ്രേക്കിംഗ് ന്യൂസ'് ആയി കൊടുക്കാമല്ലോ. “
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ടി. വി. യില്‍ 'ബ്രേക്കിംഗ് ന്യൂസ് '  വന്നു.

“ സരിത രഹസ്യമൊഴിയില്‍ സ്മാര്‍ത്തവിചാരം ആവശ്യപ്പെട്ടിരിക്കുന്നു. “
ഇന്റര്‍വ്യൂ ഷൂട്ടുചെയ്തു കൊണ്ടിരുന്നെങ്കിലും സ്മാര്‍ത്തവിചാരം എന്താണെന്നെനിക്കും മനസ്സിലായില്ല.

“എന്താണു ഡോക്ടര്‍ ഡോക്ടര്‍ സ്മാര്ത്തവിചാരം ?”

“ അതു നിങ്ങള്‍ക്കറിയാമെന്നുള്ള കാര്യം എനിക്കറിയാം. എങ്കിലും ഇന്റര്‍വ്യൂ അല്ലേ, ഞാന്‍ പറയാതെ നിങ്ങള്‍ക്കു കാണിക്കാന്‍ പറില്ലല്ലോ. കേട്ടോളൂ.”
വര്‍ക്കി വായിച്ച പുസ്തകത്തിനുള്ളിലേക്കു ചേക്കേറി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ നിലനിന്ന ഒരന്വേഷണ രീതിയാണ് സ്മാര്‍ത്തവിചാരം.  നമ്പൂതിരി ഇല്ലങ്ങളിലാണ് ബ്രാഹ്മണ സമൂഹം ഈ രീതി അവലംബിച്ചത്. അന്തര്‍ജനം പരപുരുഷബന്ധത്തിലേര്‍പ്പെട്ടുവെന്നു കാര്യമായ സംശയമുണ്ടായാല്‍ രാജാവിന്റെ പക്കല്‍ പരാതി ബോധിപ്പിക്കണം. പ്രത്യക്ഷത്തില്‍ തെളിവുണ്ടെന്നു ബോധ്യപ്പെട്ടാല്‍ രാജാവ് ഒരു കമ്മീഷനെ നിയമിക്കുന്നു. നാലു വക്കീലന്‍മാരും ഒരു ജഡ്്ജിയും പൊതുക്കാര്യ പ്രസക്തനായ ഒരു  ബ്രാഹ്മണനും ആയിരിക്കും കമ്മീഷന്‍ അംഗങ്ങള്‍. ഇതില്‍ ജഡ്ജിയെയാണ്  സ്മാര്‍ത്തന്‍ എന്നു വിളിക്കുന്നത്. ആദ്യമായി ചോദ്യം ചെയ്യുന്നു. ഈ അവസരത്തില്‍ ഇവര്‍ മുഖാമുഖം കാണാതെയാണ് സംസാരിക്കുന്നത്. മുറിയുടെ ജനാലയ്ക്കരികിലോ വാതിലിന്റെ  ഒരു വശത്തായോ സ്മാര്‍ത്തന്‍ കസേരയിലിരിക്കും. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അന്തര്‍ജനം അകത്തിരുന്നു മറുപടി പറയണം. ഈ ചോദ്യം ചെയ്യല്‍ മണിക്കൂറുകളോ ദിവസങ്ങളോ ആഴ്ചകളോ നീണ്ടു നിന്നേക്കാം. ഈ അവസരത്തില്‍ സ്ത്രീയെ ശാരീരികമായ പീഡനത്തിനും വിധേയ ആക്കിയേക്കാം. കുറ്റം സമ്മതിക്കുന്നതുവരെ ഇതു തുടരും  ചിലപ്പോള്‍ മുറിയിലേക്ക് എലി, പാമ്പ് മുതലായവയെ കുത്തിവിടും. സ്ത്രീകൂട്ടം  സമ്മതിച്ചുകഴിഞ്ഞാല്‍ സ്മാര്‍ത്തന്‍ അവരെ മുഖാമുഖം കാണുന്നു. പിന്നീട്, ആ സ്ത്രീ ശാരീരികമായി ബന്ധപ്പെട്ടിട്ടുള്ള പുരുഷന്മാരുടെ പേരു പറഞ്ഞാല്‍ പോരാ, തെളിവു സഹിതം സമര്‍ത്ഥിക്കണം . എന്താണു തെളിവെന്നല്ലേ, അവരുടെ ശരീരത്തില്‍ അതായത് ഗൃഹ്യഭാഗങ്ങളിലും മറ്റുമുള്ള മറുകോ മറ്റു പാടുകളോ ഒക്കെയാണ് കാര്യമായ തെളിവുകള്‍ ! അങ്ങനെ ഒരു പുരുഷന്റെ പേരു തെളിവു സഹിതം പറഞ്ഞു  കഴിഞ്ഞാല്‍ അയാളെ കൂടുതല്‍ ജാരന്മാരുണ്ടെങ്കില്‍ ഓരോരുത്തരെയായി പരിശോധനയ്ക്കു വിധേയരാക്കുന്നു.

ഇനിയാരുമില്ലെന്നുറപ്പാകുന്നതുവരെ ഈ തെളിവെടുപ്പു തുടര്‍ന്നു കൊണ്ടേയിരിക്കും. പിന്നീടു
രാജാവിനെ വിവരം അിറയിക്കും. എന്നിട്ട് ഇവരുടെ ശിരസു മുണ്ഢനം ചെയ്ത് സമൂഹത്തില്‍ നിന്നും ഭ്രഷ്ട് കല്പിച്ച് പുറത്താക്കുന്നു. പലപ്പോഴും കുടുംബത്തിനുണ്ടാകാവുന്ന നാണക്കേടു കാരണം സ്ത്രീകള്‍ പുരുഷന്മാരുടെ പേരുകള്‍ പറയുകയില്ല.
ഇതിനു വിരാമമിട്ടതു ധാത്രിക്കുട്ടിയാണ്.

“ ധാത്രിക്കുട്ടിയോ, അതാരാണ് ?”

സ്മാര്‍ത്തവിചാരത്തെപ്പറ്റി പറയുമ്പോള്‍ ധാത്രിക്കുട്ടിയുടെ കഥ കൂടി പിഞ്ഞില്ലെങ്കില്‍ പൂര്‍ണ്ണമാകില്ല.

കല്പകശേരി മനയിലെ സാവിത്രി എന്ന സുന്ദരിക്കുട്ടിയെ ഓമനപ്പേരു വിളിച്ചത് ധാത്രിക്കുട്ടി എന്നായിരുന്നു. എല്ലാവരുടെയും ഓമനയായിരുന്നെങ്കിലും പതിനെട്ടു വയസുപോലും ആകുന്നതിനു മുന്‍പ് അവളെ വേളി കഴിച്ചയച്ചു. ചെമ്മന്‍ തട്ടയിലെ കുരിയേടത്തു മനയില്‍ രാമന്‍ നമ്പൂതിരിയാണു വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ പ്രായം അറുപതുവയസിനു മുകളിലായിരുന്നു. ധാത്രിക്കുട്ടിയുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുവാനോ സംതൃപ്തിപ്പെടുത്താനോ നമ്പൂതിരിക്കു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ചര്‍ച്ചക്കാരായ മറ്റു നമ്പൂതിരിമാരും സമൂഹത്തിന്റെ മുമ്പില്‍ മാന്യന്മാരായി ഉന്നത പദം അലങ്കരിക്കുന്ന പലരും ഈ അവസരം മുതലെടുത്തു. സാവിത്രി അന്തര്‍ജനമെന്ന ധാത്രിക്കുട്ടിക്ക് നമ്പൂതിരിമാരുടെയിടയില്‍ ഹരമായി മാറി. ഗായത്രി മന്ത്രങ്ങളുടെ തരംഗങ്ങള്‍ തട്ടിയുണര്‍ത്തിയിരുന്ന ബ്രാഹ്മണ ഇല്ലത്തിലെ അകത്തളങ്ങളില്‍ കാമകേളിയൂടെ ശീല്‍ക്കാര ശബ്ദങ്ങള്‍ മാറ്റൊലിക്കൊണ്ടു. രാമന്‍ നമ്പൂതിരി സ്മാര്‍ത വിചാരത്തിനുവേണ്ടി രാജാവിനെ മുഖം കാണിച്ചു. അനുവാദം ലഭിച്ചു. ആദ്യം അധികമൊന്നും മിണ്ടിയില്ലെങ്കിലും  ക്രമേണ ധാത്രിക്കുട്ടി മൗനം വെടിഞ്ഞു. പേരുകള്‍ ഓരോന്നായി പുറത്തായി. ധാത്രിക്കുട്ടി കൊടുത്ത അടയാളങ്ങള്‍ സ്മാര്‍ത്തന്‍ എന്ന ജഡ്ജിയടങ്ങുന്ന ആറു പേരുടെ പാനല്‍ പരിശോധിച്ചു കൃത്യമായി തെളിഞ്ഞു. വിചാരണ ഏഴുമാസം  നീണ്ടുനിന്നു. 30 നമ്പൂതിരിമാര്‍, 10 അയ്യര്‍മാര്‍. 13 അമ്പലവാസികള്‍, 11 നായന്‍മാര്‍ ! 64 പേരുടെ പേരുകളും അടയാളങ്ങും കിറുകൃത്യമായിരുന്നു. ഒടുവില്‍ ധാത്രിക്കുട്ടി സ്മാര്‍ത്തനോടു പറഞ്ഞു, 'ഇനി ഒരാളുകൂടിയുണ്ട്.”

അതാരായിരിക്കും  എന്നതായിരുന്നു നാട്ടിലെ സംസാര വിഷയം. സമൂഹത്തിലെ ഉന്നതശ്രേണിയില്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളായി നടന്ന മാന്യന്മാരുടെയൊക്കെ തൊലിയുരിച്ചുകാണിച്ച ധാത്രിക്കുട്ടി ഇനി ആളുടെ പേരായിരിക്കും പറയുക ? സ്മാര്‍ത്തന്‍ വിചാരണ ഒരാഴ്ചത്തേക്കുകൂടി നീട്ടിവച്ചു. അടുത്തുള്ള നമ്പൂതിരിമാര്‍ക്കൊക്കെ ഉറക്കമില്ലാതായി. ഒടുവില്‍ വിചാരണ നിശ്ചയിച്ചിരുന്നതിന്റെ തലേന്നു വൈകീട്ട് രാജാവു കല്പന പുറപ്പെടുവിച്ചു. “ ധാത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം അവസാനിപ്പിച്ചിരിക്കുന്നു ! “

ആരോ പറഞ്ഞു, ധാത്രിക്കുട്ടിയുടെ ലിസ്റ്റില്‍ 65-ാമത്തെ ആള്‍ രാജാവാണത്രേ !
അതില്‍ സത്യമുണ്ടോ എന്നു പരിശോധിക്കുവാന്‍ രാജാവിന്റെ അസ്ഥാനത്തു  മറുകുണ്ടോ മറ്റു വല്ല പാടുമുണ്ടോയെന്നു നോക്കാന്‍ ആര്‍ക്കാണു ധൈര്യം ? മിറച്ച്  സ്മാര്‍്ത്തവിചാരം അവസാനിപ്പിക്കാന്‍ ധാത്രിക്കുട്ടി കണ്ട കൗശലമാണ് എങ്കിലോ ?  രാജാവ് നിരപരാധിയാണെങ്കില്‍ അതു തെളിയിക്കാന്‍ മറ്റുള്ളവരുടെ മുമ്പില്‍ നഗ്നനായി നില്‍ക്കുവാന്‍  ഏതു രാജാവാണു തയ്യാറാവുക!  അങ്ങനെ ആ വിചാരണ അവസാനിപ്പിച്ചു. അതിനെതിരായി അന്നു തെക്കേ ഇന്ത്യയുടെ മുഴുവന്‍ അധികാരപരിധി സ്മാര്‍ത്തവിചാരം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതിനു ജൂലായ് 13 ന് സ്മാര്‍ത്തവിചാരം അസാധുവാക്കിക്കൊണ്ടു വന്ന ഹൈക്കോടതി വിധി ഈ ആചാരത്തിനു വിരാമമിട്ടു.

എന്നാല്‍ ഇന്ന് ആ വിധി റദ്ദാക്കിക്കൊണ്ട് സത്യം തെളിയിക്കാന്‍ വേണ്ടി വീണ്ടും ഒരിക്കന്‍കൂടി സ്മാര്‍ത്തവിചാരം അനുവദിക്കണമെന്നാണ് സരിതയുടെ അഭ്യര്‍ത്ഥന. ബ്രേക്കിംഗ് ന്യൂസ് വന്നു കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ചാനലില്‍ നിയമ വിദഗ്ധരുടെ പാനല്‍ വന്നു. മദ്രാസ് ഹൈക്കോടതിയുടെ വിധി കേരളാ ഹൈക്കോടതിക്കു റദ്ദുചെയ്യാന്‍ അധികാരമില്ലെന്നൊരാള്‍ വാദിച്ചപ്പോള്‍ ഇത്രയും വിവാദമായ സോളാര്‍ പ്രശ്‌നം കണക്കിലെടുത്ത് പ്രത്യേകമായ ഈ സാഹചര്യത്തില്‍ സത്യം കണ്ടെത്തുവാന്‍ വേണ്ടി ഒരിക്കല്‍ കൂടി അതനുവദിക്കാന്‍ കോടതിക്കധികാരമുണ്ടെന്നു മറ്റൊരു വിദഗ്ധന്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം കണ്ടു കോടതിയില്‍ ജഡ്ജി ഇരുന്നു ചിരിച്ചപ്പോള്‍ ചില ചാനലുകള്‍ 'സ്മാര്‍ത്തവിചാരം' അനുവദിച്ചേക്കുമെന്നു പ്രഖ്യാപിച്ചു.
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പലരും വിരുന്നു വിയര്‍ത്തു. ബാത്ത്‌റൂമില്‍ പോയി കണ്ണാടിവെച്ച് വല്ലയിടത്തും മറുകുണ്ടോ എന്നു പരിശോധിച്ചു. പലര്‍ക്കും
ഇരിക്കപ്പൊറുതിയില്ലാതായി. അപ്പോഴാണ് വര്‍ക്കി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ചെറുപ്പത്തില്‍ പഠിക്കാതെ ക്ലാസില്‍ ചെന്നതിന് വര്‍ക്കിക്ക് അദ്ധ്യാപകന്റെ ചൂരല്‍ കഷായം കിട്ടിയത് തുടയില്‍ പാടായി അവശേഷിച്ചിരുന്നു. വര്‍ക്കിയുടെ അപ്പന്റെ ആയുര്‍വ്വേദ ചികില്‍സയിലാണ് ആ പാടു നിശേഷം മാഞ്ഞുപോയത്. ആ കൂട്ടു ബുദ്ധിയിലുണ്ടായിരുന്ന വര്‍ക്കി ഒരു സ്‌പെഷ്യല്‍ ക്ലിനിക്കു തുറന്നു. മുമ്പില്‍ ഒരു വലിയ ബോര്‍ഡും വച്ചു. ' ശരീരത്തിലെ പാടുകള്‍ മായിച്ചുകളയും !”
ആദ്യത്തെ ഒന്നു രണ്ടു ദിവസം കാര്യമായി ആരും എത്തിയില്ല. എന്നാല്‍ ഈ ക്ലിനിക്കിന്റെ കാര്യം കാട്ടുതീ പോലെ പരന്നു. പിന്നീട് ആവശ്യക്കാരുടെ പ്രവാഹമായിരുന്നു. എം.എല്‍.എ മാര്‍, എം.പി മാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, കേന്ദ്രമന്ത്രിമാര്‍, കേരള മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, പോലീസ് ഏമാന്‍മാര്‍………

വര്‍ക്കിയുടെ ക്ലിനിക്കില്‍ അദ്ദേഹം നേരിട്ടാണു ചികിത്സ നടത്തുന്നത്. അദ്ദേഹം മാത്രം. അതുകൊണ്ട് വരുന്നവരുടെ പേരുവിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായിരുന്നു. രാത്രിയാണ് ആവശ്യക്കാര്‍ കൂടുതലായി എത്തിയിരുന്നത്. അതുകൊണ്ടുതന്നെ ക്ലിനിക്കിന്റെ പ്രവര്‍ത്തനം രാത്രിയിലാണു കൂടുതലും നടന്നത്. അപ്പോയിന്റ്‌മെന്റ് ഉള്ളവര്‍ക്കു മാത്രമേ ക്ലിനിക്കില്‍ പ്രവേശിക്കുവാന്‍ അനുവാദം നല്‍കിയുള്ളൂ. അസ്ഥാനങ്ങളില്‍ മറ്റുള്ളവര്‍ അതു സ്വയം കാണിച്ചുകൊടുത്താല്‍ ഇരുപത്തയ്യായിരവും വര്‍ക്കി കണ്ടു പിടിച്ചുചികിത്സിക്കണമെങ്കില്‍ അമ്പതിനായിരവും ആണ് ഈടാക്കിയത്. യാതൊരു കാരണവശാലും പേരു വെളിയില്‍ പോകരുതെന്നു നില്‍ബ്ബന്ധമുണ്ടായിരുന്നതു കൊണ്ടും വര്‍ക്കി എത്ര ചാര്‍ജു പറഞ്ഞാലും മിറച്ചൊരു ചോദ്യമുണ്ടായില്ല. എങ്കിലും ക്ലിനിക്കില്‍ രഹസ്യമായി എത്തുന്നവരുടെ മുഖം കണ്ടു വര്‍ക്കി ഞെട്ടി ! സോളാറില്‍ ഒത്താശ ചെയ്തു കൊടുത്തവരും അതിനെതിരെ സമരം ചെയ്യുന്നവരും ഒരു പോലെ മറുകു പരിശോധിക്കുന്നതില്‍ തെരക്കുന്നവരായി മാറിയെന്നു കണ്ടു വര്‍ക്കി ചിരിച്ചു. രാജാവിന്റെ കഥ പറഞ്ഞതുപോലെ തങ്ങളുടെയും പേരു സരിത വിളിച്ചു പറഞ്ഞാലോ എന്ന ഭയമായിരുന്നു പലര്‍ക്കും. അപ്പോള്‍ പിന്നെ മറുകുണ്ടെങ്കില്‍ മായിച്ചു കളയുന്നതല്ലേ ബുദ്ധി !  എത്രയോ സരിതമാരും ജോപ്പന്‍മാരും ഇനിയും ബാക്കിയുള്ള മലയാള നാട്ടില്‍ നമ്മള്‍ എന്തിനു വിഷമിക്കണം ! ഞങ്ങള്‍ അഭിമുഖം കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ വഴിയേ പോയ ഒരു യാചകന്‍ ഈണത്തില്‍ നീട്ടിപാടി, “ പണ്ടൊരു നാളില്‍ പട്ടണ നടുവില്‍ പാതിര നേരം സൂര്യന്‍ ഉദിച്ചു……”









Join WhatsApp News
sheelakuriakose 2013-08-26 05:01:56
'antha hanthykku inthappattu'Go on........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക