Image

കല്ലുവിന്റെ മരണത്തിന്‌ ഉത്തരവാദി ആര്‌ (സതീഷ്‌ പദ്‌മനാഭന്‍)

Published on 08 August, 2013
കല്ലുവിന്റെ മരണത്തിന്‌ ഉത്തരവാദി ആര്‌ (സതീഷ്‌ പദ്‌മനാഭന്‍)
ഡെല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളില്‍ എക്‌സ്‌ റേ ടെക്‌നോളജിസ്റ്റ്‌ ആയി ജോലി നോക്കുന്ന നാളുകള്‍. രണ്ടായിരാമാണ്ട്‌ കാലം. ഡെല്‍ഹി... മനുഷ്യ ജീവന്‌ യാതൊരു വിലയുമില്ലാത്ത ദേശം. പ്രത്യേകിച്ചും മറ്റു ദേശങ്ങളില്‍ നിന്നും വന്നു ജോലി ചെയ്യുന്നവരുടെ കാര്യം വളരെ കഷ്ടം തന്നെ. പട്ടാപകല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട മെഡിക്കല്‍ സ്റ്റുഡന്റ്‌, ശാന്തി മുകുന്ദ്‌ ഹോസ്‌പിറ്റലില്‍ ആക്രമിക്കപ്പെട്ട മലയാളി പെണ്‍കുട്ടി, ബസില്‍ മാനഭംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി... തുടങ്ങി നീളുന്നു ആ പട്ടിക.

വിനോദ്‌ നഗര്‍ എന്നറിയപ്പെടുന്ന ഡല്‍ഹിയിലെ ചെറിയൊരു സ്ഥലം. അതിന്റെ ഒരു ഉണ്ടാകടവ്‌ മൂലയിലായി ഒരു ചെറിയ ഹോസ്‌പിറ്റല്‍. അത്‌ നടത്തുന്നത്‌ ഒരു ബീഹാറിയും അയാളുടെ ഗുണ്ടകളായ സഹോദരന്മാരും. പേര്‌ ഗണേഷ്‌. മംഗളം ഹോസ്‌പിറ്റല്‍. മനോഹരമായ പേര്‌. .പക്ഷെ അതിന്റെ ഉള്ളില്‍ നടക്കുന്നത്‌ മര്യാദകേട്‌ മാത്രം പ്രത്യേകിച്ച്‌ മലയാളികളോട്‌, മലയാളികളായ നേഴ്‌സുമാരോട്‌. ശമ്പളം കൃത്യമായി കൊടുക്കില്ല. അമിതമയി ജോലി ചെയ്യിക്കല്‍ , പിന്നെ ചെറിയ തോതില്‍ ഹിന്ദിക്കാരായ ഡോക്ടര്‍ മാരുടെ പീഡനം വേറെ. പ്രതേകിച്ചു സര്‍ജറി റൂമില്‍ സര്‍ജറിയുടെ മറവില്‍ അറിയാത്ത ഭാവത്തില്‍ മലയാളി നേഴ്‌സ്സിന്റെ മാറിടത്തില്‍ അമര്‍ത്തുന്ന ഹിന്ദി ഡോക്ടര്‍. അത്‌ അറിയാമെന്നിരുന്നിട്ടും മിണ്ടാതിരിക്കുന്ന ഒരു മലയാളി ഡോക്ടര്‍. ഇങ്ങനെയൊക്കെയാണെങ്കിലും മലയാളി നേഴ്‌സ്‌മാരും ടെക്‌നോളജിസ്റ്റുകളും ഒക്കെ ജോലി തേടി മംഗളം ഹോസ്‌പിറ്റലില്‍ എത്താന്‍ ഒരു കാരണം ഉണ്ട്‌ .ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്‌ വേണ്ട. താമസം ഫ്രീ. മറ്റുള്ള പല ഹോസ്‌പിറ്റലില്‍ സര്‍ട്ടിഫിക്കറ്റ്‌ കൊടുക്കണം. പിന്നെ അത്‌ തിരിച്ചു മേടിക്കാന്‍ പെടാപ്പാടു പെടണം.

വളരെ പാവപ്പെട്ടവരാണ്‌ മംഗളം ഹോസ്‌പിറ്റലില്‍ ചികിത്സ തേടി വരാറുള്ളത്‌. മിക്കവാറും ഡോക്ടര്‍ കാണില്ല രോഗി വരുമ്പോള്‍. പിന്നെ നേഴ്‌സ്സിന്‌ വെപ്രാളം , ഫോണ്‍ വിളി. രാത്രിയില്‍ 8 മണിക്ക്‌ ശേഷം ഒരു ഡോക്ടര്‍ ചാര്‍ജ്‌ ഉണ്ട്‌. ഡോക്ടര്‍ സുദാകര്‍. ശരി പേര്‌. ഡോക്ടര്‍ ഭാസ്‌കര്‍. പകുതി മലയാളി.പാതി തമിഴന്‍. ഇയാള്‌ ഡോക്ടര്‍ ആണോ എന്ന്‌ പോലും എനിക്ക്‌ സംശയം ഉണ്ടായിരുന്നു. .ഇയാള്‌ കൊടുത്ത മരുന്ന്‌ കൊണ്ട്‌ ആരേലും സൗഖ്യം ആയിട്ടുണ്ടോ ആവോ? എനിക്കറിയില്ല. രോഗി എത്തിയാല്‍ ആദ്യം പാനിക്‌ ആവുന്നത്‌ ഈ ഡോക്ടര്‍. ഇയാളുടെ മുഖ്യ വിനോദം നേഴ്‌സ്സിന്റെ കൂടെ ടിവി കാണുക എന്നതാണ്‌. പനി , തലവേദന തുടങ്ങിയ രോഗങ്ങളാണ്‌ പുള്ളിക്ക്‌ പ്രിയം. അതിനു മേലെ ഉള്ള ഏതസുഖമുള്ള രോഗി വന്നാലും ഇവിടെ പറ്റില്ല. വേറെ എവിടേലും കൊണ്ടുപോ എന്ന്‌ പറയുന്ന ഒരു നല്ല സ്വഭാവം ഈ ദേഹതിനുണ്ട്‌ എന്നതും നാം മറക്കരുത്‌. ആകെ ഉള്ളത്‌ മൂന്നു നേഴ്‌സുമാര്‍. രണ്ടു ഡോക്‌ടേഴ്‌സ്‌ , ഒരു oncall radiologist, ഒരു ക്‌സ്‌റായ്‌ technologist അതില്‍ ഒരു നേഴ്‌സ്‌ റിസപ്‌ഷനിസ്റ്റ്‌ ജോലി കൂടി ചെയ്യണം . പതിമൂന്ന്‌ പതിനാല്‌ വര്‍ഷം മുമ്പുള്ള കാര്യമാണ്‌ ഞാന്‍ പറയുന്നത്‌. ഇന്നാരുന്നേല്‍ ഇവനൊക്കെ അകത്തയെനേം പീഡനം അടക്കം കേസിന്‌. അങ്ങനെയിരിക്കെ ജോലി അന്വേഷിച്ചു നടന്ന ഞാനും ചെന്ന്‌ പെട്ടത്‌ ഈ ആശുപത്രിയില്‍. തിരുവല്ല മേരീ ക്യൂന്‍സില്‍ എക്‌സ്‌ റേ പഠിച്ച സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി കൊടുത്തു. താമസം ഫ്രീ. ശംബളം 2800 രൂപ അങ്ങനെ ജോലി തുടങ്ങി.

തലവേദനക്ക്‌ വരുന്നവനും ചെസ്റ്റ്‌ എക്‌സ്‌ റേ എടുക്കണം . കാലിനു വേദനക്ക്‌ വരുന്നവനും ചെസ്റ്റ്‌ എക്‌സ്‌ റേഎടുക്കണം. ആദ്യത്തെ മാസം ശമ്പളം തന്നില്ല. കൈയ്യിലെ കാശു കൊണ്ട്‌ കഴിഞ്ഞു കൂടി . എന്തായാലും നേഴ്‌സുമാര്‍ക്ക്‌ ഒരല്‌പം ആശ്വാസം ഒരു മലയാളി ചേട്ടന്‍ ഉണ്ടല്ലോ. പലപ്പോഴും അവര്‍ക്കും ശമ്പളം ഇല്ലായിരുന്നു. ചോദിച്ചാല്‍ സഹോദരന്മാരായ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുമായിരുന്നു. ഇനി കല്ലു വിനെ പരിചയപ്പെടാം. ഏതാണ്ട്‌ 17 വയസ്‌ പ്രായം ഉള്ള ആദിവാസി ബീഹാറി പയ്യന്‍. എല്ലാവര്‍ക്കും കല്ലുവിനെ അറിയാം ..എപ്പോളും ചിരിക്കുന്ന മുഖം. പൊട്ടന്‍ ഇംഗ്ലീഷ്‌ പറയും. ഓടിച്ചാടി നടക്കുന്ന ഒരു പാവം പയ്യന്‍. ഡോക്‌ടേഴ്‌സിനു വേണ്ട സഹായം ചെയ്യുക എന്നതാണ്‌ പുള്ളിയുടെ ദൗത്യം. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുക, ചായ വാങ്ങി വരിക, മാര്‍ക്കറ്റില്‍ പോകുക, സര്‍ജറി റൂം oncall ഡോക്‌ടേഴ്‌സിനു ക്ലീന്‍ ചെയ്യുക, പിന്നെ അത്യാവശ്യം ഡോക്‌ടേഴ്‌സിന്റെ കാര്‍ കൊണ്ടുപോയി പാര്‍ക്ക്‌ ചെയ്യുക. ഡോക്‌ടേഴ്‌സിനു മാത്രമല്ല എല്ലാവര്‍ക്കും കല്ലു സഹായി ആയിരുന്നു എന്ന്‌ പറയുന്നതാണ്‌ സത്യം. വളരെ സത്യസന്ധന്‍. ഇങ്ങനെ ഒക്കെ ആണെങ്കിലും വളരെ sensitive ആയിരുന്നു കല്ലു.

പെട്ടെന്ന്‌ ദേഷ്യം വരും. പെട്ടന്ന്‌ കരയും. എടുത്തുചാടി സംസാരിക്കും, എടുത്തുചാടി കാര്യങ്ങളും ചെയ്യും. ഹോസ്‌പിറ്റലില്‍ മാത്രമല്ല അടുത്തുള്ളവര്‍ക്കും കല്ലു സഹായി. ഒരു വണ്ടി കേടായാല്‍ അവിടെയുണ്ട്‌ കല്ലു. അവസാനമായി കല്ലുവിനെ ഞാന്‍ സന്തോഷത്തോടെ കണ്ടതും ഒരു വിവാഹ ഘോഷ യാത്രയില്‍. അതിന്റെ മുന്നിലായി കുതിരപ്പുറത്തിരിക്കുന്ന വരന്റെ മുന്നിലായി നൃത്തം ചെയ്യുന്ന കല്ലു. നേഴ്‌സ്‌മാരുടെ കണ്ണിലുണ്ണി ആയിരുന്നു കല്ലു. അവര്‍ക്കായി വാദിച്ചിരുന്ന ഒരാള്‍ ഞാന്‍ കഴിഞ്ഞാല്‍ അത്‌ കല്ലു ആയിരുന്നു. പലപ്പോഴും ഓര്‍ത്തോ സര്‍ജന്‍മാരുമായി നേഴ്‌സ്‌മാര്‍ക്കായി ഞങ്ങള്‍ വഴക്കില്‍ ്‌ഏര്‍പ്പെടരുണ്ടായിരുന്നു. സര്‍ജറി റൂമില്‍ ക്‌സ്‌റായ്‌ എടുക്കുമ്പോള്‍ ഞാന്‍ കണ്ടകാഴ്‌ച്ചകള്‍ കല്ലുവിനോട്‌ പറയാറുണ്ടായിരുന്നു. ഇതൊക്കെ അവിടെ പതിവാണെന്നവനും. ആയിടെ അവിടെ പുതുതായി ഒരു ഡോക്ടര്‍ വന്നു ജോയിന്‍ ചെയ്‌തു. അമിത്‌. വളരെ സീരിയസ്‌ ആയ സ്വഭാവം. ആരോടും മിണ്ടില്ല .. എല്ലാം കല്‍പ്പന. എല്ലാരോടും. ഇയാളുടെ കാറും പാര്‍ക്ക്‌ ചെയ്യുന്നത്‌ കല്ലു തന്നെ ആയിരുന്നു. അയാള്‍ വന്നതിന്റെ മൂന്നാമത്തെ ദിവസം രാവിലെ ജോലിക്കുവന്ന ഞാന്‍ കണ്ടത്‌ ഏങ്ങലടിച്ചു കരയുന്ന കല്ലുവിനെ. ഭീതി നിറഞ്ഞ കണ്ണുകള്‍. ചുറ്റും ആശ്വസിപ്പിക്കുന്ന നേഴ്‌സ്‌മാര്‍. ജെസ്സി തോമസ്‌, മെല്‍വി , വിനി. കാര്യം അന്വേഷിച്ചു. പുതിയ ഡോക്ടറിന്റെ കാര്‍ പാര്‍ക്ക്‌ ചെയ്‌തത്‌ കല്ലുവായിരുന്നു. അതില്‍ ഉണ്ടായിരുന്ന സര്‍ജറി കിറ്റ്‌ കാണാനില്ല . കല്ലു അത്‌ മോഷ്ടിവെന്നു ഡോക്ടര്‍, അത്‌ കണ്ടിട്ട്‌ പോലുമില്ലെന്ന്‌ കല്ലു. 20000 രൂപയുടെ സാധനം ആണെന്നും കിട്ടിയില്ലെങ്കില്‍ കല്ലുവിനെ പോലീസില്‍ എല്‌പിക്കുമെന്നും ഡോക്ടര്‍ പറഞ്ഞെന്നും. ഞാനും കല്ലുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു .

ഹോസ്‌പിറ്റലിന്റെ ഉടമയും സഹോദരന്മാരും എത്തിയതോടെ ചോദ്യവും എന്തിനു മര്‍ദനവും കൂടി ആയതോടെ കല്ലു ആകെ തകര്‍ന്നു. വൈകിട്ട്‌ ഞാന്‍ ജോലി കഴിഞ്ഞു റൂമിലേക്ക്‌ പോകുമ്പോള്‍ പോലീസ്‌ കല്ലുവിനെ ഉടമയുടെ സന്നിധ്യത്തില്‍ ചോദ്യം ചെയ്യുന്നതാണ്‌ കണ്ടത്‌. നിസ്സഹായനായി നില്‍ക്കാനെ എനിക്കയുള്ളു. സമയം രാത്രി ഏതാണ്ട്‌ 12:30. ജെസ്സിയുടെയും വിനിയുടെയും നിലവിളി കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌. അവര്‍ താമസിക്കുന്ന മുറിയുടെ മേലെ ടെറസില്‍ വലിയ ശബ്ദം കേട്ടാണ്‌ അവര്‍ ചെന്നത്‌. നോക്കുമ്പോള്‍ കയറില്‍ തൂങ്ങി നിന്നാടുന്ന കല്ലു. വിനിയാണെന്ന്‌ തോന്നുന്നു ആദ്യം കണ്ടത്‌ ഡോക്ടര്‍ സുധാകരോട്‌ പറഞ്ഞതും, നിങ്ങളാരും തൊടരുതെന്ന്‌ പറഞ്ഞിട്ട്‌ അയാള്‍ വെളിയില്‍ പോയി. ശബ്ദം കേട്ട്‌ വന്ന ആരോ കയര്‍ അറുത്തു താഴെ ഇട്ടു. ഞങ്ങള്‍ കല്ലുവിനെ താങ്ങിയെടുത്ത്‌ താഴെ കൊണ്ടുവന്നു ബെഡില്‍ കിടത്തി. അപ്പോഴും കല്ലു പിടക്കുന്നുണ്ടയിരുന്നു. അതിനിടെ ഡോക്ടര്‍മാര്‍ വന്നു. എന്തെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുമ്പൊഴും അയാള്‍ മാറിനിന്നു പറഞ്ഞിട്ടെയിരുന്നു തൊടരുത്‌ ..പിന്നെ നമ്മള്‍ ഇതിന്റെ എല്ലാം പുറകിനു പോണം. ഇതിനിടെ മേല്‍വിയും ജെസ്സിയും കൃത്രിമ ശ്വാസം നല്‌കാന്‍ നോക്കുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും കല്ലു പ്രശ്‌നങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്‌ പറന്നു പോയിരുന്നു .... പിറ്റേ ദിവസം പോലീസും ബഹളവും ഒക്കെ കണ്ടു ..ആരോ കല്ലുവിന്റെ ബന്ദുക്കളെ വിവരം അറിയുച്ചു ...കല്ലുവിന്റെ..ആരൊക്കെയോ വന്നുകൊണ്ടിരുന്നു .... ശവ ശരീരം കൊണ്ടുപോയി. ഒരുമാസം കഴിഞ്ഞു. പിന്നെ ആരും കല്ലുവിനെ കുറിച്ച്‌ സംസാരിക്കുന്നത്‌ കേട്ടില്ല..ഞാന്‍ അതോടെ ആ സ്ഥലത്ത്‌ ജോലി അവസാനിപ്പിച്ചു യാത്രയായി. ജെസ്സി, വിനി, മെല്‍വി, അവരെല്ലാം ഈ സംഭവത്തിനു ശേഷം അവിടം വിട്ടു എന്ന്‌ പിന്നീട്‌ കേട്ടു. കല്ലുവിന്റെ മരണത്തിനുത്തരവാദി ആര്‌ ? ഡോക്ടര്‍ അമിതോ ? ഡോക്ടര്‍ സുധാകാരോ? അതോ ഉടമ ഗണേഷും സഹോദരന്മാരുമോ? ആരായാലും ശരി. മാപ്പ്‌ കല്ലു...മാപ്പ്‌ ...

സതീഷ്‌ പദ്‌മനഭാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക