Image

ഈദ് ആശംസകള്‍

Published on 06 August, 2013
ഈദ് ആശംസകള്‍

പെരുന്നാളിന്‍െറ സന്തോഷപ്പുലരിയിലേക്കുണര്‍ന്ന വിശ്വാസികള്‍ ഇന്ന് രാവിലെ പുതുവസ്ത്രമണിഞ്ഞ്  അല്ലാഹുവിനെ പ്രകീര്‍ത്തിച്ച് പള്ളികളിലും ഈദ്ഗാഹുകളിലും സംഗമിക്കും.

റംസാന്‍ - വ്രതശുദ്ധിയുടെ നോയ്‌മ്പുകാലം (സുധീര്‍പണിക്കവീട്ടില്‍)
വാങ്ങിക്കുന്നതിനെക്കാള്‍ കൊടുക്കുന്നത്‌ ആഹ്ലാദകരമാണെന്ന്‌ റംസാന്‍ പഠിപ്പിക്കുന്നു. ഒരു മാസം നീണ്ട്‌ നില്‍ക്കുന്ന വ്രുതാനുഷ്‌ഠാനത്തോടെ ഭക്‌തജനങ്ങള്‍ പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്ന ഉപവാസകാലമാണ്‌്‌ റംസാന്‍. എങ്കിലും യാന്ത്രികമായി അത്‌ ആചരിക്കുന്നത്‌ കൊണ്ട്‌ ഫലമില്ല. വിശ്വാസത്തോടും പരിശുദ്ധിയോടും കൂടിയുള്ള അനുഷ്‌ഠാനങ്ങള്‍ക്കേ പുണ്യമുള്ളു. ശരീരത്തിന്റെ ആവശ്യങ്ങളെ നിയന്ത്രിച്ച്‌ ആത്മാവിനെ ഉണര്‍ത്തുകയും ഉയര്‍ത്തുകയുമാണീ ഉപവാസത്തിലൂടെ നേടുന്നത്‌. ഉപവസിക്കുക എന്ന്‌ മറ്റ്‌ മതങ്ങളും പറയുന്നെങ്കിലും ഒരു മാസ പകല്‍കാലം മുഴുവന്‍ വിശപ്പും ദാഹവും അടക്കി അള്ളാഹുവിനോട്‌ സദാസമയം പ്രാര്‍ഥിച്ച്‌ കഴിയാന്‍ അനുശാസിക്കുന്നത്‌ ഖുറാന്‍ ആണ്‌. ശാബാന്‍ മാസത്തിന്റെ (റംസാനുമുമ്പുള്ള മാസം) അവസാന ദിവസം നബി തിരുമേനി ജനങ്ങള്‍ക്ക്‌ ഒരു ഖുത്‌ബ നല്‍കി. (ഖുത്‌ബ= വാര്‍ഷിക ചടങ്ങുകളിലും, വെള്ളിയാഴ്‌ച നിസ്‌കാരത്തിനുശേഷം പള്ളിയില്‍വച്ചും ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌പറയുന്ന ഉപദേശം.) ഇതാ വിശിഷ്‌ടമായ ഒരു മാസം ആഗതമാകുന്നു.

ഈ മാസത്തിലെ ഒരു രാത്രി ആയിരം മാസങ്ങള്‍ക്ക്‌ സമാനമാണ്‌. കാരുണ്യവാനായ അല്ലാഹു ദയയും, അനുഗ്രഹങ്ങളും, ക്ഷമയും, കൊണ്ട്‌ വാഴ്‌ത്തുന്ന പവിത്രമാസമാണ്‌ റംസാന്‍. മറ്റ്‌ മാസങ്ങളില്‍ വച്ച്‌ ഈ മാസത്തെ അല്ലാഹു ഉത്‌കൃഷ്‌ടമാക്കിയിരിക്കുന്നു. ഈ മാസത്തിലെ പകലുകളും, രാത്രികളും, അതിലെ ഓരോ നിമിഷങ്ങളും ഏറ്റവും ശ്രേഷഠമാണ്‌. ഈ മാസത്തില്‍ വൃതാനുഷ്‌ഠാനങ്ങള്‍ക്കായി അല്ലാഹു എല്ലാവരേയും വിളിക്കുന്നു. അത്‌കൊണ്ട്‌ എല്ലാവരും അല്ലാഹുവില്‍ സ്വയം സമര്‍പ്പിച്ച്‌ പൂര്‍ണ്ണ ഹൃദയത്തോടെ വ്രതമനുഷ്‌ഠിക്കയും, ഖുറാന്‍പാരായണം ചെയ്യുകയും വേണം. വെറുതെ പട്ടിണി കിടന്നത്‌ കൊണ്ടോ ഖുറാന്‍ വായിച്ചതു കൊണ്ടോ പുണ്യം ലഭിക്കുന്നില്ലെന്ന്‌ നബി തിരുമേനി വ്യക്‌തമാക്കുന്നു. ഈ നോയ്‌മ്പ്‌ മാസത്തില്‍ പാവങ്ങള്‍ക്ക്‌ ദാനം ചെയ്യണം, മൂത്തവരെ ബഹുമാനിക്കണം, എല്ലാവരോടും ദയയും സ്‌നേഹവും കാണിക്കണം, വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണം, കാണരുതാത്തത്‌ കാണാതിരിക്കണം. അങ്ങനെ മനുഷ്യജീവിതം ഇവിടെ മനോഹരമാക്കാനുള്ള എല്ലാ കാര്യങ്ങളും ഉപദേശിക്കുന്നു. വാസ്‌തവത്തില്‍ ഏതൊരു വ്യക്‌തി മേല്‍പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധതയോടെ നിവര്‍ത്തിക്കുന്നുവോ അവര്‍ റംസാന്‍ കഴിഞ്ഞാലും അങ്ങനെ തന്നെ ജീവിക്കുന്നു. മനുഷ്യരെ നന്മയിലേക്ക്‌ നയിക്കാന്‍ ഇത്തരം മതാചാരങ്ങള്‍ക്ക്‌ കഴിയുന്നു.

റംസാന്‍ മാസം പിറക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും, നരകവാതിലുകള്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്നു, ഇബ്‌ലീസ്‌ അപ്പോള്‍ ചങ്ങലയില്‍ കിടക്കുന്നു. ഈ അനുഗ്രഹീത മാസത്തിലെ ഓരോ ദിവസവും അല്ലാഹുവിനെ വിളിച്ച്‌ അവന്റെ ക്ഷമയ്‌ക്കും കനിവിനുമായി പ്രാര്‍ത്ഥിക്കുക. പാപഭാരം കൊണ്ട്‌ നിങ്ങളുടെ പുറം പൊട്ടിതകരാതിരിക്കാന്‍ അവന്റെ മുന്നില്‍ നമസ്‌കരിക്കുക. റംസാന്റെ നിബന്ധനകള്‍ പരിപൂര്‍ണ്ണമായി പാലിക്കുന്നവര്‍ സിറാത്തിലൂടെ (സ്വര്‍ഗത്തിലേക്കുള്ള പാലം) കാല്‍ വഴുതാതെ നടന്നുപോകുന്നു. ഏതാണ്‌റംസാന്‍ മാസത്തില്‍ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം എന്ന ചോദ്യത്തിനു അല്ലാഹുവിന്റെ സന്ദേശവാഹകന്‍ പറഞ്ഞു: അല്ലാഹു അരുതെന്ന്‌ വിലക്കിയതില്‍നിന്ന്‌ അകന്നിരിക്കുക.

മനുഷ്യരാശിക്ക്‌ മാര്‍ഗ്ഗദര്‍ശകമായി, അവര്‍ക്ക്‌ തെറ്റും, ശരിയും തിരിക്ലറിയാനുള്ള കഴിവ്‌ നല്‍കികൊണ്ട്‌ അല്ലാഹു ഗബ്രിയേല്‍ മാലാഖ മുഖാന്തിരം നബിതിരുമേനിയെ അറിയിച്ച വചനങ്ങള്‍ ഖുറാനില്‍ അടങ്ങിയിരിക്കുന്നു. ശേഖരിക്കുക എന്നര്‍ത്ഥം വരുന്ന അല്‍`ഖര്‍ എന്ന അറബിവാക്കില്‍നിന്നും അല്ലെങ്കില്‍ `ചൊല്ലുക' എന്നര്‍ത്ഥം വരുന്ന `ഖര്‍' എന്ന വാക്കില്‍ നിന്നോ ഖുറാന്‍ എന്ന വാക്കുണ്ടായത്‌ എന്ന്‌ കരുതി പോരുന്നു. ഇതിനെ ആസ്‌പദമാക്കി നബ ിപറഞ്ഞ ഒരു വാചകവും ഇതുമായി ബന്ധിപ്പിക്കുന്നുണ്ട്‌. അതിതാണ്‌ ഖുറാന്‍ പാരായണം ചെയ്യുമ്പോള്‍ നിശ്ശബ്‌ദരായിരുന്ന്‌ ശ്രദ്ധിക്കുക. ഇസ്ലാം വിശ്വാസികളുടെ പഞ്ചാംഗത്തിലെ ഒമ്പതാമത്തെ മാസമായ `റംസാനില്‍' ആണ്‌ ഖുറാന്‍ അവതീര്‍ണ്ണമായത്‌. അതുകൊണ്ടാണ്‌ വ്രുതാനുഷ്‌ഠാനം ഈ മാസത്തില്‍നടത്തുന്നത്‌.`റംസാന്റെ അവസാനത്തെ പത്ത്‌ രാത്രികളില്‍ ഒന്ന്‌ ലൈലത്തല്‍ ഖദിര്‍ എന്ന്‌ പറയുന്ന വിശേഷരാത്രിയാണ്‌. ഈ രാത്രിയില്‍ പ്രാര്‍ഥിക്കുന്നതെല്ലാം അള്ളാഹു നല്‍കുമെന്ന്‌ മുസ്ലിം വിശ്വാസികള്‍ കരുതുന്നു. ഖുറാന്‍ ഈ രാത്രിയപ്പറ്റി ഇങ്ങനെ പറയുന്നു.സുറ 97: (1-5) 1. തീര്‍ച്ചയായും നാം ഇതിനെ (ഖുറാനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. 2. നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? 3. നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. 4. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.5. പ്രഭാതോദയംവരെ അത്‌ സമാധാനമത്രെ.

ഉപവാസം, പ്രാര്‍ത്ഥന, ആത്മനിയന്ത്രണം എന്നിവയിലൂടെ റംസാന്‍ മാസത്തില്‍ ഒരു സ്വയം ശുദ്ധീകരണം എല്ലാവരും നടത്തുന്നു. ഉപവാസത്തിന്റെ മേന്മയെപ്പറ്റി എല്ലാ മതങ്ങളും പറയുന്നുണ്ട്‌. ആഷുര എന്ന പേരില്‍ ജൂതന്മാര്‍ ഉപവാസവ്രുതം അനുഷ്‌ഠിച്ചിരുന്നു. അവരുടെ വിശ്വാസപ്രകാരം അന്നാണു ഫറോന്റെ അടിമയായി കഴിഞ്ഞ ഇസ്രായെല്‍ മക്കളെമോചിപ്പിച്ചു കൊണ്ട്‌ മോസസ്‌ ചെങ്കടല്‍ കടന്നത്‌. അരാരത്ത്‌ പര്‍വ്വതത്തില്‍ പെട്ടകം അടുത്തപ്പോള്‍ നോഹ അതില്‍ നിന്നും ഇറങ്ങിയത്‌ ഈ ദിവസമാണെന്നും വിശ്വസിക്കുന്നവരുണ്ട്‌. നബി തിരുമേനി മെക്കയില്‍ നിന്നും മെദീനയിലെത്തുന്നതിനു മുമ്പ്‌ `ആഷുര' ദിവസം നോയ്‌മ്പ്‌ നോറ്റിരുന്നു. ഈ ദിവസം വരുന്നത്‌ ഇസ്ലാമിക്ക്‌ കലണ്ടറിലെ ആദ്യത്തെ മാസമായ `മുഹറ'ത്തിലാണു. ഈ മാസത്തിലെ പത്താം ദിവസം ഇത്‌ ആചരിക്കുന്നത്‌ കൊണ്ട്‌ ഇതിനെ `ആഷുറ' എന്ന്‌ പറയുന്നു.അഷ്‌റ എന്ന അറബിവാക്കിനു `പത്ത്‌'' എന്നര്‍ത്ഥം.റംസാന്‍മാസത്തില്‍ `ഖുറാന്‍'' അവതീര്‍ണ്ണമായപ്പോള്‍ ആ മാസത്തില്‍ ഉദയം മുതല്‍ അസ്‌തമയം വരെയുള്ള ഉപവാസം പ്രചാരത്തില്‍ വന്നിട്ടും ഷിയവിഭാഗക്കാര്‍ `അഷുറയും''ആചരിച്ചുപോന്നു.

നബിതിരുമേനി ഒരുപുതിയ മതം സ്‌ഥാപിച്ചില്ല. ഏക ദൈവം എന്ന ആശയം ഭൂമിയില്‍ അവതരിച്ച എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ചപോലെ അദ്ദേഹവും ഏകദൈവത്തെപ്പറ്റി പ്രവചിച്ചു. വി്ര്രഗഹാരാധനയുടെ വേരറുത്ത ഇസ്ലാമീയ ചിന്തകള്‍ തെറ്റായ ആരാധനകളില്‍നിന്നും വിമുക്‌തമാണെന്ന്‌്‌ മനസ്സിലാക്കാവുന്നതാണ്‌ റംസാന്‍ പോലുള്ള വ്രുതാനുഷഠാനങ്ങളിലൂടെ മനുഷ്യരെ കൂടുതലായി സ്‌നേഹിക്കാനും ഈശ്വരനെ ആരാധിക്കാനും ഭക്ത ജനങ്ങള്‍ പഠിക്കുന്നു.ഖുറാന്‍ഃ 2:256 ഇങ്ങനെ പറയുന്നു.- മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗ്ഗം ദുര്‍മാര്‍ഗ്ഗത്തില്‍നിന്ന്‌ വ്യക്‌തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌പൊട്ടിപോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ബലമായി മതപരിവര്‍ത്തനം നടത്തുന്നവര്‍ ഈ വാക്യങ്ങളുടെ അര്‍ത്ഥം പൂര്‍ണ്ണമായിഗ്രഹിച്ചിട്ടുണ്ടാകില്ല. ഖുറാനിലെ ഈ വാക്യങ്ങള്‍ ശ്രദ്ധിക്കുക.സുറ 109 - 1. (നബിയേ) പറയുക, അവിശ്വാസികളേ, 2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. 3. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. 4. നിങ്ങള്‍ ആരാധിച്ചു വന്നതിനെ ഞാന്‍ ആരാധിക്കാന്‍പോകുന്നവനുമല്ല. 5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. 6. നിങ്ങള്‍ക്ക്‌നിങ്ങളുടെ മതം, എനിക്ക്‌ എന്റെമതവും.

ഈ ലോകത്തില്‍ നമ്മള്‍ ഏറ്റവും ഇഷ്‌ടപ്പെടുന്നതിനെ ത്യജിച്ച്‌ ഈശ്വരനെ എല്ലാറ്റിലുമുപരിയായി കാണണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന ഒരു കഥ പേര്‍ഷ്യന്‍ സൂഫിബാബയും കവിയുമായ ജലാലുദ്ദീന്‍ റൂമി അദ്ദേഹത്തിന്റെ ബ്രുഹത്തായ `മത്‌നവി' എന്ന കാവ്യത്തില്‍ എഴുതീട്ടുണ്ട്‌. മത്‌നവി എന്ന പേര്‍ഷ്യന്‍ പദത്തെ ഗഹനമായ അദ്ധ്യാത്മിക തത്വങ്ങള്‍ അടങ്ങുന്ന പ്രാസബദ്ധമായ ഈരടികള്‍ എന്ന്‌ വിവര്‍ത്തനം ചെയ്യാം. ജലാലുദീന്‍ റൂമി മത്‌നവിയുടെ കഥ ഇങ്ങനെഃ ഒരിക്കല്‍ അനുരാഗലോലനായ ഒരുകാമുകന്‍ അയാളുടെ കാമുകിയോടുള്ളതീവ്രമായ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരുവിശ്വോത്തരം രത്‌നംഅവള്‍ക്ക്‌ സമ്മാനിച്ചു.അവള്‍ അതിനെ തട്ടിമാറ്റിയിട്ട്‌ ചോദിച്ചു ` ഒരുമണ്‍കട്ടയാണോ നീഎനിക്ക്‌ സമ്മാനമായിതരുന്നത്‌. ഇതിനേക്കാള്‍ വിലപ്പെട്ടത്‌ ഒന്നുമില്ലേ? അയാള്‍ നിരാശനായി ചോദിച്ചു `എന്തു സമ്മാനമാണു ഞാന്‍ തരേണ്ടത്‌' നീ എല്ലാറ്റിലും വലുതായി സ്‌നേഹിക്കുന്നത്‌ എനിക്ക്‌ തരികയെന്നവള്‍ പറഞ്ഞു, അതീവ സന്തുഷ്‌ടനായി പുഞ്ചിരിച്ചു കൊണ്ട്‌ അയാള്‍ സ്വന്തം ജീവനെ വെടിഞ്ഞ്‌ അവളുടെ മുമ്പില്‍ വീണു. ഈ കാമുകി കരുണാമയനായ അള്ളാഹു ആയിരുന്നെന്ന്‌ റൂമിപറയുന്നു. മണ്ണില്‍നിന്നും ദൈവം ആദാമിനെ സ്രുഷ്‌ടിച്ച്‌ കഴിഞ്ഞപ്പോള്‍ ആദം ആദ്യം പറഞ്ഞ വാചകം ഃ അല്‍ഹംദുലില്ലാഹ്‌ എന്നാണ്‌. അര്‍ഥം.`എല്ലാ സ്‌തുതിയും ഈശ്വരനെന്ന്‌'.ഈശ്വരനെ മഹത്വപ്പെടുത്തുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ നന്മയുള്ളവരാകും. ലോകത്തില്‍നന്മനിറയുമ്പോള്‍ ശാന്തിയും സമാധാനവുമുണ്ടാകും.ഈ നോയ്‌മ്പുകാലം ഈശ്വരനെ മഹത്വപ്പെടുത്താനും അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിപ്പാനും വിശ്വാസികള്‍ ഉപയോഗിക്കുന്നു.

അല്ലാഹുവെ നിന്റെ കല്‍പ്പന പ്രകാരം ഞാന്‍ നോയമ്പു നോറ്റു. നിന്റെ അനുഗ്രഹ പ്രകാരം ഞാന്‍ അതവസാനിപ്പിക്കുന്നു. നീതന്നെ നല്‍കിയ ഭക്ഷണം കഴിച്ചുകൊണ്ട്‌ എന്നുരുവിട്ട്‌ കൊണ്ട്‌ സൂര്യാസ്‌തമയ സമയത്തെ പ്രാര്‍ത്ഥനയായ മഗ്രീബിനുശേഷം റംസാന്‍ കാലങ്ങളില്‍ നോയ്‌മ്പ്‌ ആചരിക്കുന്നവര്‍ ഈന്തപഴം തിന്നുകൊണ്ട്‌ അവരുടെ അന്നത്തെ ഉപവാസം അവസാനിപ്പിക്കുന്നു അതിനെ `ഇഫ്‌തര്‍' എന്ന്‌പറയുന്നു. ശവ്വാല്‍മാസത്തിലെ അമ്പിളിക്കീറു്‌ കാണുമ്പോള്‍ റംസാന്‍ വ്രുതങ്ങള്‍ക്ക്‌ സമാപ്‌തിയായി. അത്‌ ഈദുല്‍ഫിത്തര്‍ എന്ന പെരുന്നാളാഘോഷമായി. കൊണ്ടാടുന്നു. അല്ലാഹു അക്‌ബര്‍ (ദൈവം വലിയവനാകുന്നു) എന്നുരുവിട്ട്‌ കൊണ്ട്‌ ആറ്‌ തക്‌ബീര്‍ (കൈ രണ്ടും ചെവികളില്‍ തൊട്ടുകൊണ്ടുള്ള പ്രാര്‍ത്ഥന) അടങ്ങുന്ന സലാത്തോടെ (പ്രത്യേക പ്രാര്‍ത്ഥന) ഈദ്‌ ആഘോഷം മുഴുങ്ങുകയായി. ഒരു മാസകാലം മനസ്സും ശരീരവും ശുദ്ധമാക്കി ദൈവീകമായ അനുഭൂതി അനുഭവിച്ച്‌ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ചൊല്ലി ആത്മചൈതന്യം കൈവരിച്ചതിനുശേഷം പിന്നെമൂന്നു ദിവസത്തെ ആഘോഷങ്ങളില്‍ എല്ലാവരും ആനന്ദിക്കുന്നു. ഓരോ റംസാന്‍വ്രുതവും കഴിയുമ്പോള്‍ അതനുഷ്‌ഠിക്കുന്നവര്‍ക്ക്‌ മാനസികമായ വികാസം ഉണ്ടാകുന്നു. വിശപ്പും, ദാഹവും എങ്ങനെ മനുഷ്യരെ കഷ്‌ടപ്പെടുത്തുന്നു എന്ന അനുഭവം അവരെദയാശീലരും, കനിവുള്ളവരുമാക്കുന്നു.

അങ്ങ്‌ ഭാരതത്തില്‍ ഓരോ മതത്തിലേയും ആഘോഷങ്ങളില്‍ എല്ലാ മതക്കാരും പങ്ക്‌ചേരുന്നുണ്ട്‌. അവര്‍ക്ക്‌ അഭിവാദനങ്ങളും സമ്മാനങ്ങളും കൊടുക്കാറുണ്ട്‌. എന്നാല്‍ അതെക്കുറിച്ചറിയാന്‍ ശ്രമിക്കുന്നില്ല.വളരെപരിമിതമായ അറിവ്‌ വെച്ച്‌ തെറ്റിദ്ധാരണയില്‍ മനുഷ്യര്‍ കഴിയുന്നു. വാസ്‌തവത്തില്‍ മതപരിവര്‍ത്തനങ്ങളല്ല മതത്തെ കുറിച്ച്‌ മനുഷ്യരെ മനസ്സിലാക്കുകയാണുവേണ്ടത്‌. മതത്തെ മാറ്റിനിര്‍ത്തി എക്ലാവരും ഈശ്വരനെ സ്‌നേഹിക്കുന്ന ഒരു പ്രഭാതം ഉദിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

ല്ലാവര്‍ക്കും ഈദ്‌മുബാരക്‌

ശുഭം.
ഈദ് ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക