Image

യാത്രയ്ക്കിടയില്‍ (ചെറുകഥ: ജോസഫ് നമ്പിമഠം)

Published on 05 August, 2013
 യാത്രയ്ക്കിടയില്‍ (ചെറുകഥ: ജോസഫ് നമ്പിമഠം)
പട്ടണത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള ബോട്ടുജട്ടിയില്‍ അവസാനത്തെ ബോട്ടുവന്നടുത്തു. വിരസമായ നീണ്ട യാത്രയുടെ ക്ഷീണം ഒരു കോട്ടുവായിലൂടെ പുറത്തേക്കു വന്നു. വിജനമായ ജെട്ടിയില്‍ ഉറക്കം തൂങ്ങുന്ന പുരാതനമായ അഞ്ചുവിളക്ക് നരച്ച വെളിച്ചം തൂകി നിന്നു.

അയാളുടെ കുഗ്രാമം അഞ്ച് മൈലകലെ അയാളെ കാത്തു കിടക്കുന്നു. എത്രയോ വര്‍ഷങ്ങളായി ഈ യാത്ര തുടങ്ങിയിട്ട്. എപ്പോഴും വളരെ വൈകിയെത്തുന്ന ആ ബോട്ട് പട്ടണത്തിലെ ജെട്ടിയില്‍ അടുക്കുമ്പോള്‍ ഇറങ്ങുവാന്‍ നാലോ അഞ്ചോ പേരേ ബാക്കി കാണൂ. ഗ്രാമത്തിലെത്താന്‍ പിന്നെ നടക്കുകയല്ലാതെ മറ്റുമാര്‍ഗമൊന്നുമില്ല.

പട്ടണത്തിന്റെ ഇടവഴികള്‍ അങ്ങിങ്ങ് തെരുവുപട്ടികളും, വേശ്യകളും അവരുടെ സില്‍ബന്ധികളും.
മതസൗഹാര്‍ദത്തിന് പേരുകേട്ട പട്ടണമായിരുന്നു അത്. താഴികക്കുടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന മുസ്‌ളീം പള്ളി. കുറെ അകലെയായി അമ്പലം. പിന്നെ ഉത്തുംഗഗോപുരത്തിന് മുകളില്‍ കൈകള്‍ വിരിച്ച് നില്‍ക്കുന്ന ക്രിസ്തുരാജപ്രതിമയുള്ള വലിയ പള്ളി. നിത്യേന വൈകുന്നേരം മുസീളീം പള്ളിയില്‍ നിന്ന് ബാങ്കുവിളി ഉയരും. അതിന്റെ പിന്നാലെ ഉയരുന്ന കുരിശുമണിനാദം. ആ പതിവിന് ഒരിക്കലും മുടക്കമുണ്ടാകാറില്ല.

അമ്പലത്തിനും, പള്ളിക്കും മുസ്ലീപള്ളിക്കുമിടയിലായി സര്‍ക്കാര്‍വക സ്ഥലമാണ്. നിരനിരയായി പടര്‍ന്നു പന്തലിച്ച ശാഖകളില്‍ നിന്ന് വേരൂന്നി നില്‍ക്കുന്ന വടവൃക്ഷങ്ങള്‍. അവയില്‍ ചേക്കേറി തൂങ്ങിക്കിടക്കുന്ന വാവലുകള്‍. ആ പേരാലുകളുടെ കീഴിലൂടെ നീണ്ടുപോകുന്ന പാതയിലെത്തിയപ്പോള്‍ അയാള്‍ക്കു നെഞ്ചുവേദന തോന്നി. പട്ടാപ്പകല്‍പോലും ആ വൃക്ഷങ്ങളുടെ കീഴില്‍ സൂര്യവെളിച്ചം കടക്കുമായിരുന്നില്ല.

നെഞ്ചുവേദന കാര്യമാക്കാതെ അയാള്‍ തീപ്പെട്ടി ഉരച്ച് കടലാസ്സില്‍ പൊതിഞ്ഞ മെഴുകുതിരി കത്തിച്ച് യാത്ര തുടര്‍ന്നു.

പേരാലിന്റെ മുകളില്‍ വസിക്കുന്ന യക്ഷിമാരെയും, ഗന്ധര്‍വ്വന്മാരെയും പറ്റി അയാള്‍ ചിന്തിച്ചു. പേരാലിലയില്‍ വിഷ്ണുവും, മൂട്ടില്‍ ദക്ഷിണാമൂര്‍ത്തിയും വസിക്കുന്നണ്ടത്ര.

എത്രയോ വര്‍ഷങ്ങളായി ഈ വഴികളില്‍ കൂടു നടപ്പു തുടങ്ങിയിട്ട്. അതും പാതിരാത്രി കഴിഞ്ഞുള്ള യാമങ്ങളില്‍. ഒരിക്കലും ഒരു ഭയവും തോന്നിയിട്ടില്ല.

യക്ഷിമാരെയും ഗന്ധര്‍വ്വമാരെയും കണ്ടാല്‍ എങ്ങനെയിരിക്കും? ഒന്നു കണ്ടിരുന്നെങ്കില്‍! ഏതായാലും അവര്‍ ഉപദ്രവകാരികളല്ലെന്ന് തീര്‍ച്ച.

പേരാലിലയില്‍ നിറഞ്ഞുനില്‍ക്കുന്ന വിഷ്ണുവിനെയും, പേരാലും മൂട്ടില്‍ യോഗാസനത്തിലിരുന്ന് വേദാന്തങ്ങള്‍ ഉപദേശിച്ച ദക്ഷിണാമൂര്‍ത്തിയേയും മനസ്സില്‍ സങ്കല്പിച്ചു നോക്കി. യക്ഷികളെയോ പിശാചുക്കളെയോ കണ്ടിരുന്നെങ്കില്‍!

നെഞ്ചുവേദന കൂടുന്നു. എവിടെയെങ്കിലുമൊന്നിരിക്കണം. അയാള്‍ ചുറ്റിനും നോക്കി. മെഴുകുതിരിയുടെ നേരിയ വെളിച്ചത്തില്‍ അയാള്‍ പറ്റിയ ഒരിടം തേടി. ഇവിടം കടന്നുകിട്ടിയാല്‍ പിന്നെ തിരിവേണ്ട. വഴിവിളക്കുണ്ട്. തിരിയും തീരാറായിരിക്കുന്നു.

സിമന്റ് തറ കെട്ടിയ ഒരു വൃക്ഷച്ചുവട് കണ്ണില്‍പ്പെട്ടു. അയാള്‍ സിമന്റ് തറയില്‍ ഇരുന്ന് ഒരു ബീഡി എടുത്ത് തീ കൊളുത്തി. പുകച്ചുരുളുകളില്‍ കണ്ണും നട്ട് അങ്ങനെയിരുന്നപ്പോള്‍ കിടക്കണമെന്നു തോന്നി. പുകവലയങ്ങളിലൂടെ ഒരു മുഖം തെളിയുന്നു. ചെറുപ്പകാലത്ത് ഭയപ്പെടുത്തിയിട്ടുള്ള ഒരേ ഒരു രൂപം. നാവൂര്‍!

നാവൂര്‍ ഒരു സാധാരണ മനുഷ്യനായിരുന്നു. അറപ്പുമില്ലുകളില്ലാത്ത അയാളുടെ ഗ്രമാത്തിലെ തടിയറപ്പുകാരന്‍. ഗ്രാമങ്ങളില്‍ സഞ്ചരിച്ച് തടിവെട്ടി അറത്തുകൊടുത്ത് നിത്യവൃത്തി തേടുന്നു. ഗ്രാമത്തില്‍ എണ്ണത്തില്‍ കുറവായ ഒരു മതത്തില്‍ പെട്ട ഒരുത്തന്‍. മതാചാരപ്രകാരം തല സ്ഥിരമായി മൊട്ടയിച്ചവന്‍.

ആ മനുഷ്യനെയാണ് മിക്കപ്പോഴും കണികണ്ടിരുന്നത്. കൈയില്‍ നീണ്ട അറപ്പുവാളും പേറി ഗ്രാമവീഥിയിലൂടെ അയാള്‍ നടന്നുപോകുന്നത് നിത്യവും കാണാം. അരയില്‍ ചരടുകെട്ടി മുറുക്കിയ തോര്‍ത്തു മാത്രമാണ് അയാളുടെ സ്ഥിരവേഷം. പല്ലുകളില്ലാത്ത ഒട്ടിയ കവിളുകള്‍ സോഡാക്കുപ്പിയുടെ കഴുത്തുപോലെ അമര്‍ന്നു കിടക്കും. പൊരിക്കണ്ണന്‍ തവളയുടെ പോലെ ഉന്തിനില്‍ക്കുന്ന കണ്ണുകള്‍. പല്ലില്ലാത്ത മോണയിലിട്ട് മുറുക്കാന്‍ ചവയ്ക്കുമ്പോള്‍ കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളിവരുമ്പോലെ തോന്നും. പിടലിയിലെ ഞരമ്പുകള്‍ പിണിക്കയര്‍ വണ്ണത്തില്‍ ത്രസിച്ചു നില്‍ക്കും. ആ മുഖത്തേയക്ക് നോക്കി നില്‍ക്കാന്‍ പേടി തോന്നും.

എങ്ങനെയാണ് അയാളുടെ രൂപം കാലന്റെ രൂപമായി മനസ്സില്‍ പതിഞ്ഞത്? ഓര്‍ക്കാന്‍ ശ്രമിച്ചു. എവിടെയോ കണ്ട ഒരു കലണ്ടര്‍ചിത്രം ഓര്‍മ്മയില്‍ വരുന്നു. നരകലോകത്തില്‍ ചെല്ലുന്ന പാപികളെ ശിക്ഷിക്കുന്നത് ചിത്രീകരിക്കുന്ന ചിത്രം. പാപം ചെയ്തവരെ തീയിലിടും മുമ്പ് രണ്ടുപേര്‍ നീണ്ട അറപ്പുവാളുകൊണ്ട് ഇരുവശത്തും നിന്ന് അറത്തുമുറിക്കുന്നു. വേദനകൊണ്ട് പുളയുന്ന പാപികള്‍! അതുകണ്ട് ആര്‍ത്തുചിരിക്കുന്ന അറപ്പുകാര്‍. ആ അറപ്പുകാര്‍ക്ക് നാവൂരിന്റെ മുഖമായിരുന്നു. ഉന്തിയ കണ്ണുകളുണ്ടായിരുന്നു. മൊട്ടത്തലയും വട്ടമുഖവുമുണ്ടായിരുന്നു.

മുകളില്‍ വൃക്ഷത്തലപ്പുകളില്‍ വാവലുകള്‍ ചിറകിട്ടിടിച്ചു പറന്നു. നിശ്ചലമായ അന്തരീക്ഷത്തില്‍ പേരാല്‍വൃക്ഷത്തിന്റെ ഇലകള്‍ ചലനമറ്റു നിന്നു. എന്തെല്ലാം പാപങ്ങള്‍ ചെയ്തിട്ടുണ്ട് ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍. ഓര്‍ക്കാന്‍ ശ്രമിച്ചു. മരിച്ചാല്‍ എവിടെയാണ് പോകുന്നത്? അറപ്പുകാര്‍ ഓരോ അവയവങ്ങളും അറത്തുമുറിച്ച് പീഡിപ്പിക്കുമോ? കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് തിളച്ച എണ്ണയില്‍ എറിയുമോ?

തിളച്ച എണ്ണയില്‍ വറക്കാനിട്ട പരല്‍ മീന്‍ പോലെ തന്റെ കണ്ണുകള്‍ മറ്റു പലരുടെയും കണ്ണുകളോടൊപ്പം തിളച്ചു മറിയുന്നത് അയാള്‍ ഭാവനയില്‍ കണ്ടു. പാവം കണ്ണുകള്‍! എന്തെല്ലാം കണ്ട കണ്ണുകളാണ്.

നാവൂര്‍ തടിയറക്കുന്നത് ഓര്‍മ്മവന്നു. വെട്ടിയിട്ട മരം കുറുകെ മുറിച്ച് തൊലി മഴുകൊണ്ട് എറിച്ചുകളഞ്ഞ ശേഷം തൂണുകളില്‍ കയറ്റി വക്കും. തൊണ്ടുകരി ചാലിച്ച് ചരടില്‍ മുക്കി അടയാളമിടും. ആ അളവുപാടുകളിലൂടെ വാളിന്‍രെ പല്ലുകള്‍ കടന്നുപോകുമ്പോള്‍ തടികള്‍ സീല്‍ക്കാരം പുറപ്പെടുവിക്കും. മഞ്ഞള്‍പൊടിപോലെ അറക്കപ്പൊടികള്‍ ഊര്‍ന്നുവീഴും.
നെഞ്ചുവേദന കൂടിവരുന്നു. അടുത്തെങ്ങും സഹായത്തിന് ആരുമുള്ള ലക്ഷണമില്ല. പലപ്പോഴും അവിടെയൊക്കെ കറങ്ങിനടക്കാറുള്ള വേശ്യകള്‍ പോലും! ആരെയെല്ലാം ജീവിതത്തില്‍ സഹായിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ തന്നെ സഹായിക്കാന്‍ ആരുമില്ല. ഇവിടെ കിടന്ന് തെരുവുപട്ടിയെപ്പോലെ ചാകുക. ഉണങ്ങി വരണ്ട തൊണ്ടയില്‍ ഇറ്റുവെള്ളം പോലും കിട്ടാതെ ചാവാനായിരിക്കും യോഗം.

കണ്‍പോളകള്‍ ഈയക്കഷണം തൂക്കിയ വീശുവലപോലെ അഗാധങ്ങളിലേക്ക് താഴ്ന്നുപോകുന്നു.
മാറാലകെട്ടിയ മുസ്ലീം പള്ളിയുടെ താഴികക്കുടങ്ങളില്‍ നിന്ന് ജിന്നുകളും മലക്കുകളും ഇറങ്ങിവരുന്നു. വലിയ പള്ളിയുടെ ശവക്കോട്ടയില്‍ നിന്ന് അസ്ഥിപഞ്ജരങ്ങള്‍ നൃത്തമാടുന്നു. ഏഴിലംപാല പൂത്തുവിരിഞ്ഞ് മണം പരത്തുന്നു. യക്ഷികള്‍ കൂര്‍ത്ത നഖങ്ങളുമായി ആ പാലമരത്തില്‍ നിന്നും ഇറങ്ങിവരുന്നു. തുടലിന്റെ ശബ്ദം… കാലനോ ലൂസിഫറോ? മുഖം വ്യക്തമല്ല. പോത്തിന്‍ പുറത്താണ് യാത്ര. കൈയിലുള്ളത് തുടലോ കയറോ? ആകെ മൂടിക്കിടക്കുന്നു.
മെല്ലെ… മെല്ലെ .. പുകമറകള്‍ മാഞ്ഞുപോകുന്നു. അഗ്നികുണ്ഡം തെളിയുന്നു. അതില്‍ അമിട്ടുപോലെ പൊട്ടിത്തെറിക്കുന്ന തലയോടുകള്‍ ഇപ്പോള്‍ അടുത്തുവരുന്ന ആളിന്റെ മുഖം വ്യക്തമായിക്കാണാം. വട്ടമുഖം, ഉന്തിയ കണ്ണുകള്‍… മൊട്ടത്തല… കൈയില്‍ അറപ്പുവാള്‍…നാവൂര്‍! വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ നാവൂര്‍!

പല്ലില്ലാത്ത മോണകാട്ടി നാവൂര്‍ ആര്‍ത്തുചിരിച്ചു. ഉടുത്തിരിക്കുന്ന, മെഴുക്കുപുരണ്ട് വടിപോലെ നില്‍ക്കുന്ന അരയിലെ തോര്‍ത്തിന്റെ മടിത്തുമ്പ് തുറന്ന് അയാള്‍ ഒരു വെളുത്ത ചരട് എടുത്തു. ഒന്നും മിണ്ടാതെ അയാള്‍ തൊണ്ട് കത്തിച്ച് കരിയാക്കി. തൊണ്ടുകരി വെള്ളമൊഴിച്ച് ചാലിച്ചു. ചരട് അതില്‍ മുക്കി. കറുത്ത ചരടുമായി അയാള്‍ തന്നെ സമീപിക്കുന്നതായി തോന്നി. ദേഹത്തു കരികൊണ്ട് വരയിടാനായിരിക്കും. പിന്നീട് അറത്തുമുറിച്ച് കഷ്ണങ്ങളാക്കി തീയിലിടും. അതിനു മുമ്പ് കണ്ണുകള്‍ തുരന്നെടുക്കും. അത് തിളച്ച എണ്ണയിലിടും.

അപ്പോള്‍ താന്‍ നരകത്തില്‍ തന്നെയാണ് എത്തിയിരിക്കുന്നത്. കഷ്ടം! കുറേകൂടി നല്ലവനായി ജീവിക്കേണ്ടിതായിരുന്നു. ആദ്യഭാര്യയെ ചവിട്ടിക്കൊല്ലേണ്ടിയിരുന്നില്ല. രണ്ടാമത്തവളെ ഉപേക്ഷിക്കേണ്ടിയിരുന്നില്ല.

പക്ഷെ… ഇതെല്ലാം ചെയ്തത് തന്റെ മാത്രം കുറ്റമല്ലല്ലോ. ആദ്യഭാര്യ അന്യപുരുഷനോടൊത്തു ശയിക്കുന്നത് കണ്ടിട്ടല്ലേ ചവിട്ടിക്കൊന്നത്. പറഞ്ഞൊത്ത സ്ത്രീധനം തരാത്തതിനല്ലേ രണ്ടാമത്തവളെ ഉപേക്ഷിച്ചത്.

എന്തു പറഞ്ഞു! ന്യായീകരിക്കാന്‍ ശ്രമിക്കുന്നോ? നാവൂരിന്റെ മുഖം കോപം കൊണ്ട് ചുവക്കുന്നു. ഉണ്ടക്കണ്ണുകള്‍ ചോരക്കട്ടപോലെ ജ്വലിക്കുന്നു. പിടലിഞരമ്പുകള്‍ പിണിക്കയര്‍ വണ്ണത്തില്‍ വലിഞ്ഞുമുറുക്കുന്നു.

തന്റെ മനസ്സിലെ ചിന്തപോലും നാവൂര്‍ മനസ്സിലാക്കുന്നു. കാലന്റെ ലോകത്ത് നാവൂരിനു കിട്ടിയ വരം! നരകലോകത്ത് വരുന്നവരെ അറത്തു മുറിച്ച് പീഡിപ്പിക്കാനാളില്ലാഞ്ഞിട്ട് നാവൂരിനെ നേരത്തെ വിളിച്ചതാണോ? അല്ലെങ്കില്‍ പിന്നെ നാല്പത്തഞ്ചാം വയസ്സില്‍ നാവൂര്‍ എങ്ങനെ മരിച്ചു?
നാവൂര്‍ കൈയില്‍ കടന്നു പിടിച്ചു. കുതറിമാറാന്‍ ശ്രമിച്ചു. ഇല്ല… എന്റെ സമയമായിട്ടില്ല… എനിക്ക് പലതും ചെയ്തു തീര്‍ക്കുവാനുണ്ട്. പലതും അറിയാനും അനുഭവിക്കാനും ബാക്കിയുണ്ട്.
പിടി വീണ്ടും മുറുക്കുന്നു. കയറില്‍ കെട്ടിവലിക്കുന്നതുപോലെ തോന്നുന്നു. ഇനി രക്ഷയില്ല. അവസാനത്തെ അടവ് പ്രയോഗിക്കുക തന്നെ.

അയാള്‍ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞുതൊഴിച്ചു. തൊഴിയുടെ ശക്തിയില്‍ അയാള്‍ കണ്ണുതുറന്നു. തുറന്ന കണ്ണുകളിലൂടെ  അയാള്‍ ആ കാഴ്ച കണ്ടു.

ഒരു കൊടിച്ചിപ്പട്ടി തന്റെ ഉടുമുണ്ടില്‍ കടിച്ചുവലിക്കുന്നു. പേക്കിടാങ്ങള്‍ക്കുവേണ്ടി ബോട്ടുജെട്ടിയിലെ ചായക്കടയില്‍ നിന്നും വാങ്ങിയ വാഴയ്ക്കാപ്പത്തിന്റെ പൊതിയുടെ മുകളില്‍ കിടന്നാണ് ഉറങ്ങിപ്പോയത്. അത വലിച്ചെടുക്കാനുള്ള ശ്രമത്തില്‍ പട്ടിക്ക് പിടികിട്ടിയത് ഉടുമുണ്ടിന്റെ കുത്തിലാണ്.

അയാളുടെ ചുണ്ടില്‍ മധുരമായ ഒരു ചിരിപരന്നു. മുണ്ടു മുറുക്കിയുടുത്തുകൊണ്ട് എണീറ്റ് അയാള്‍ പേഴ്‌സ് തപ്പി. കാണാനില്ല. മരിക്കാന്‍ തുടങ്ങിയിട്ട് സഹായിക്കാന് ആരെയും കണ്ടില്ല. കൊപ്രവിറ്റ കാശുമുഴുവന്‍ അതിലുണ്ടായിരുന്നു.

പോട്ടെ. അയാള്‍ ആശ്വസിക്കാനന്‍ ശ്രമിച്ചു. കാശേ പോയുള്ളല്ലോ. ജീവന്‍ തിരിച്ചുകിട്ടിയല്ലോ. ദീര്‍ഘമായി ശ്വസിച്ചുകൊണ്ട് തോര്‍ത്തുമുണ്ടു കുടഞ്ഞ് തോളിലിട്ട്  അയാള്‍ നടപ്പു തുടര്‍ന്നു.

നാവൂര്‍ നോട്ടമിട്ട മരങ്ങളൊന്നും തന്റെ ഗ്രാമത്തില്‍ അധികകാലം ജീവിച്ചിരുന്നിട്ടില്ല എന്ന സത്യം ഒരു നടുക്കത്തോടെ അയാള്‍ ഓര്‍ത്തു. ഇനി എന്നാണ് നാവൂര്‍ തന്റെ അറപ്പുവാളും തൊണ്ടുകരിയും അടയാളമിടാനുള്ള ചരടുമായി തന്നെ സമീപിക്കാന്‍ പോകുന്നത്?

അടുത്ത യാത്രയിലോ? അതോ അടുത്ത നിമിഷത്തിലോ? സ്വസ്ഥത നഷ്ടപ്പെട്ട മനസ്സുമായി ചഞ്ചലമായ ചുവടുകള്‍വച്ച് അയാള്‍ യാത്ര തുടര്‍ന്നു.



 യാത്രയ്ക്കിടയില്‍ (ചെറുകഥ: ജോസഫ് നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക