Image

ഉമ്മന്‍ചാണ്ടിക്ക്‌ ഇനിയെത്ര നാള്‍?

ജയമോഹനന്‍ എം Published on 02 August, 2013
ഉമ്മന്‍ചാണ്ടിക്ക്‌ ഇനിയെത്ര നാള്‍?
ഉമ്മന്‍ചാണ്ടിക്ക്‌ ഇനി എത്ര നാള്‍ എന്നതാണ്‌ രാഷ്‌ട്രീയ കേരളത്തിന്റെ പ്രധാന ചോദ്യം. ലോക്‌സഭാ ഇലക്ഷനു മുമ്പ്‌ കേരളത്തില്‍ നിയമസഭാ ഇലക്ഷന്‍ വരുന്നതിനോട്‌ പ്രതിപക്ഷത്തിന്‌ താത്‌പര്യമില്ല എന്നതുകൊണ്ടു മാത്രം ഒരുപക്ഷെ ഉമ്മന്‍ചാണ്ടി കുറെക്കാലം മുഖ്യമന്ത്രിയായി തുടര്‍ന്നേക്കാം. അതല്ലെങ്കില്‍ ഭരണകൂടത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച്‌ എല്ലാ രീതിയിലും സോളാര്‍ കേസ്‌ അട്ടിമറിച്ചാലും ഉമ്മന്‍ചാണ്ടിക്ക്‌ നിലനില്‍പ്പ്‌ സാധ്യമാക്കാന്‍ കഴിഞ്ഞേക്കാം. കുത്തഴിഞ്ഞ വലതുപക്ഷ രാഷ്‌ട്രീയം നിലനില്‍ക്കുമ്പോള്‍ രാഷ്‌ട്രീയ മരാദ്യയുടെ പേരില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെച്ച പോകുമെന്നൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷെ ഉമ്മന്‍ചാണ്ടി എന്ന രാഷ്‌ട്രീയ നേതാവിന്‌ ഇനി ജനങ്ങള്‍ക്കിടയില്‍ എന്ത്‌ സ്വത്വമാണ്‌ നിലനിര്‍ത്താനുള്ളത്‌ എന്നതാണ്‌ പ്രധാന ചോദ്യം.

വിദ്യാര്‍ഥി, യുവജന രാഷ്‌ട്രീയത്തിലൂടെ, ജനകീയ സമരങ്ങളിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിന്റെ മുന്‍നിരയിലേക്ക്‌ നടന്നു കയറിയ, ജനകീയനായ മുഖ്യമന്ത്രി എന്ന സല്‍പ്പേര്‌ നേടിയ ഉമ്മന്‍ചാണ്ടി ഇന്ന്‌ ഒരു ജോക്കറിന്റെ വേഷത്തിലേക്ക്‌ അധപതിക്കുന്ന കാഴ്‌ചയാണ്‌ കേരള രാഷ്‌ട്രീയം കണ്ടത്‌. രമേശ്‌ ചെന്നിത്തലയുടെ ഒരു ചാനല്‍ കമന്റിന്‌ മുമ്പില്‍ ഇളഭ്യനായി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ശരീരഭാഷ പറയാതെ പറയുന്നതും അതു തന്നെ.

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും എന്ന പഴഞ്ചൊല്ല്‌ എത്ര സത്യമെന്ന്‌ ഉമ്മന്‍ചാണ്ടിക്ക്‌ മനസിലായതും ഇപ്പോഴാവും. രമേശ്‌ ചെന്നിത്തലയെ യുഡിഎഫ്‌ ഗവണ്‍മെന്റിന്റെ പ്രധാന സ്ഥാനത്തേക്ക്‌ കൊണ്ടുവരാമെന്നത്‌ കഴിഞ്ഞ നിയമസഭാ ഇലക്ഷനു മുമ്പേയുള്ള തീരുമാനമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ കൈയ്യിപ്പിടിയില്‍ നിര്‍ത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ തീവ്ര അഭിലാഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്‌ ഒരിക്കലും ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം താത്‌പര്യമുണ്ടായിരുന്നില്ല. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ രമേശ്‌ ചെന്നിത്തലയെ കൊണ്ടുവരണം എന്ന ഘട്ടമെത്തിയപ്പോള്‍ ലീഗിനെക്കൊണ്ട്‌ ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ അവകാശവാദം ഉന്നയിപ്പിച്ച്‌ ചെന്നിത്തലയെ കുരുക്കിയത്‌ ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ തന്ത്രമായിരുന്നു. തന്റെ കൈയ്യിലിരുന്ന ആഭ്യന്തര വകുപ്പ്‌ മുമ്പ്‌ വിശ്വസ്‌തനായിരുന്ന തിരുവഞ്ചൂരിന്‌ നല്‍കിയതും ആഭ്യന്തര വകുപ്പിലൂടെ ചെന്നിത്തല മന്ത്രിസഭയിലേക്ക്‌ വരുന്നത്‌ തടയാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രം തന്നെയായിരുന്നു. മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായി ചെന്നിത്തല വരണമെങ്കില്‍ ഒന്നുകില്‍ ഉപമുഖ്യമന്ത്രി സ്ഥാനമോ, അല്ലെങ്കില്‍ ആഭ്യന്തര മന്ത്രിസ്ഥാനമോ വേണ്ടിയിരുന്നു. ഇതു രണ്ടും കാലേക്കൂട്ടി തടഞ്ഞതായിരുന്നു ഉമ്മന്‍ചാണ്ടി കളിച്ച ഗ്രൂപ്പ്‌ രാഷ്‌ട്രീയം.

എന്നാല്‍ കഴിഞ്ഞ രണ്ടു മാസം കൊണ്ട്‌ കേരളത്തിലെ യുഡിഎഫ്‌ രാഷ്‌ട്രീയം ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത വിധം കലങ്ങി മറിഞ്ഞു. സരിത നായര്‍ എന്ന ബോംബിന്‌ മുമ്പില്‍ കേരളത്തിലെ യുഡിഎഫ്‌ ഗവണ്‍മെന്റ്‌ പകച്ചും ഭയന്നും കഴിയുകയാണ്‌ ഇപ്പോള്‍. മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെ പ്രതിഛായ മുഴുവന്‍ തകര്‍ന്ന നാളുകളായിരുന്നു കടന്നു പോയത്‌. മുഖ്യമന്ത്രിയുടെ ഓഫീസിന്‌ സോളാര്‍ തട്ടിപ്പുള്ള പങ്ക്‌ മുഖ്യമന്ത്രിവരെയും നീളുന്നതാവാം എന്ന്‌ ഇപ്പോള്‍ കേരള ജനതയില്‍ നല്ലൊരു ശതമാനവും ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടാവും. അല്ലെങ്കില്‍ എന്തുകൊണ്ടു സരിതയും ജോപ്പനും ബിജുവുമൊക്കെ മാത്രമായി ഈ കേസ്‌ ഒതുക്കാന്‍ സര്‍ക്കാര്‍ കളിക്കുന്നു എന്നതാണ്‌ പ്രധാന ചോദ്യം. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തരായ ജിക്കുമോനും, സലിംരാജുമെല്ലാം എന്തുകൊണ്ട്‌ നിര്‍ഭയരായി നില്‍ക്കുന്നു എന്നത്‌ മറ്റൊരു ചോദ്യം. എന്തായാലും ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടില്‍ തന്നെയാണ്‌ കഴിഞ്ഞ കുറെ ദിവസങ്ങളായി.

ഈ അവസരത്തില്‍ കോണ്‍ഗ്രസിനെ ഒരുമിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി കണ്ട എളുപ്പവഴിയാണ്‌ രമേശ്‌ ചെന്നിത്തലയെ മന്ത്രിസഭയില്‍ എത്തുക്കുക എന്നത്‌. സര്‍ക്കാരിന്റെ പ്രതിഛായ നന്നാക്കലിന്റെ ഭാഗമായി ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിച്ചാല്‍ കുറെയെങ്കിലും പിടിച്ചു നില്‍ക്കാമെന്ന്‌ ഉമ്മന്‍ചാണ്ടി കരുതി. ഇത്തവണ രമേശ്‌ ഇങ്ങോട്ട്‌ ആവിശ്യപ്പെടാതെ തന്നെ `രമേശേ നീയൊന്ന്‌ മാന്ത്രിയാവ്‌' എന്ന്‌ വിലപിച്ചുകൊണ്ടു പുറകെ നടക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

എന്നാല്‍ ചാണ്ടി കുഴിച്ച കുഴിയില്‍ ചാണ്ടി തന്നെ വീഴുന്നതാണ്‌ ഇപ്പോള്‍ ഡല്‍ഹിയില്‍ കണ്ടത്‌. ഉപമുഖ്യമന്ത്രിസ്ഥാനം പോലും രമേശിന്‌ കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രേരണയാല്‍ ഉപമുഖ്യമന്ത്രിസ്ഥാനത്തിന്‌ അവകാശവാദം ഉന്നയിച്ച ലീഗ്‌ ഇപ്പോഴും അത്‌ ഉന്നയിക്കുന്നു. ലീഗ്‌ ഹൗസില്‍ ചെന്ന്‌ സമവായമുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം പോലും വിജയിച്ചില്ല. ലീഗ്‌ ഹൗസില്‍ ചെന്ന്‌ അപേക്ഷിക്കേണ്ടി വന്ന ഈ ഗതികേടിലേക്ക്‌ ഉമ്മന്‍ചാണ്ടി സ്വയം എത്തിയതാണ്‌ എന്നതാണ്‌ സത്യം. മാത്രമല്ല ചെന്നിത്തലയോട്‌ അല്‌പം നീരസവും ലീഗിനുണ്ട്‌. ലീഗ്‌ ഒരുവര്‍ഗീയ കക്ഷിയാണെന്ന്‌ ധ്വനിപ്പിക്കുന്ന രീതിയില്‍ ചെന്നിത്തല സമീപകാലത്ത്‌ നടത്തിയ പ്രസംഗം ലീഗിനെ ചെന്നിത്തലയോട്‌ വല്ലാത്ത അതൃപ്‌തിയില്‍ എത്തിച്ചിട്ടുണ്ട്‌. എന്നാല്‍ ലീഗിനോട്‌ ഒരു ഒത്തുതീര്‍പ്പും വേണ്ടെന്നതാണ്‌ മുരളീധരന്‍ അടങ്ങുന്ന ഐ വിഭാഗത്തിന്റെ നിലപാട്‌. അതോടെ ലീഗിനെ അനുനയിപ്പിച്ച്‌ ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ചാണ്ടിയുടെ നീക്കം പാളി.

ആഭ്യന്തര വകുപ്പ്‌ തിരുവഞ്ചൂരില്‍ നിന്നും എടുത്തുമാറ്റി രമേശിന്‌ കൊടുക്കാമെന്ന്‌ വെച്ചാല്‍ തിരുവഞ്ചൂരിന്റെ കൈയ്യിലുള്ള പെന്‍ഡ്രൈവ്‌ പുറത്തെത്തും. ഈ പെന്‍ഡ്രൈവിലാണ്‌ ഇന്ന്‌ സംസ്ഥാന മന്ത്രിസഭയുടെ ഭാവി. ഉമ്മന്‍ചാണ്ടിക്ക്‌ തീരെ താത്‌പര്യമില്ലാതായ, എന്തിന്‌ എ ഗ്രൂപ്പിനും യൂത്ത്‌ കോണ്‍ഗ്രസിനും പോലും താത്‌പര്യമില്ലാതായ തിരുവഞ്ചൂരിനെ രഹസ്യങ്ങള്‍ പുറത്താകുമെന്ന കാരണത്താല്‍ സംരക്ഷിക്കേണ്ട ബാധ്യതയാണ്‌ ഉമ്മന്‍ചാണ്ടിക്കുള്ളത്‌. ഇതും ചാണ്ടി സ്വയം വരുത്തിവെച്ചത്‌ തന്നെ. അവസാനം ആഭ്യന്തരവും കൊടുത്ത്‌ ചെന്നിത്തലയെ സമാധാനിപ്പിക്കാന്‍ കഴിയാതെയും പോയി. റവന്യൂവകുപ്പമായി മന്ത്രിസഭയിലേക്ക്‌ വരുന്നില്ലെന്ന്‌ ചെന്നിത്തല തീരുമാനിക്കുകയും ചെയ്‌തതോടെ കെ.പി.സി.സി പ്രസിഡന്റ്‌ വീണ്ടും കെ.പി.സി.സി പ്രസിഡന്റ്‌ മാത്രമായി.

രമേശ്‌ ചെന്നിത്തലയുടെ തീരുമാനമാണ്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലതെന്ന്‌ വിശാല ഐ ഗ്രൂപ്പ്‌ കണക്കുകൂട്ടുന്നു. ലോക്‌സഭയില്‍ വമ്പിച്ച പരാജയം നേരിടുമെന്ന്‌ ഉറപ്പുള്ള യുഡിഎഫില്‍ നേതൃത്വമാറ്റം അനിവാര്യമാക്കി പുതിയ രാഷ്‌ട്രീയ നീക്കങ്ങള്‍ നടത്താന്‍ സാഹചര്യവുമുണ്ട്‌. അതല്ല സോളാര്‍ വിവാദത്തില്‍ രാജിവെക്കേണ്ട സാഹചര്യം ഉമ്മന്‍ചാണ്ടിക്ക്‌ വന്നു ചേര്‍ന്നാല്‍ അതോടെ കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടിയുടെ രാഷ്‌ട്രീയ ഭാവി തീരുകയാവും ചെയ്യുക. അങ്ങനെയെങ്കില്‍ പിന്നീട്‌ കോണ്‍ഗ്രസില്‍ രമേശിന്‌ വീണ്ടും പിടിമുറുക്കാം.

ഇപ്പോള്‍ തന്നെ തന്റെ മന്ത്രിസഭാ പ്രവേശനം അട്ടിമറിച്ചത്‌ ഉമ്മന്‍ചാണ്ടി തന്നെയെന്ന്‌ രമേശ്‌ പറയാതെ തന്നെ പറഞ്ഞു വെക്കുന്നുണ്ട്‌. പ്രവര്‍ത്തകര്‍ക്കിടയില്‍ മേല്‍ക്കൈ നേടാന്‍ ഇതുവഴി സാധിക്കുമെന്നും രമേശ്‌ കരുതുന്നുണ്ടാവാം. എന്തു തന്നെയായാലും കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ എല്ലാ സീമകളും ലംഘിച്ചുകൊണ്ട്‌ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ഈ ഗ്രൂപ്പ്‌ പോര്‌ ക്ഷീപ്പിക്കുക ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ മാത്രമാണ്‌. ഒപ്പം ഘടക കക്ഷികളുടെ പിണക്കങ്ങളും ബാധിക്കുന്നത്‌ മുഖ്യമന്ത്രിക്കസേരിയില്‍ ഇരിക്കുന്ന ഉമ്മന്‍ചാണ്ടിയെ തന്നെ. കേന്ദ്രമന്ത്രിസഭാ സ്ഥാനം ലഭിക്കാതെ പോയ മാണി കോണ്‍ഗ്രസിന്റെ ദേഷ്യവും ഇനി ഉമ്മന്‍ചാണ്ടി പേറേണ്ടി വരും.

സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്‌ സോളാര്‍ തട്ടിപ്പ്‌ കേസില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്‌ എന്നത്‌ പകല്‍ പോലെ വ്യക്തമായിരിക്കുന്ന കാര്യമാണ്‌. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തരായ ജിക്കുമോനെയും സലിംരാജിനും അറസ്റ്റ്‌ ചെയ്യാത്തത്‌ തന്നെ ഇതിന്റെ ഏറ്റവും വലിയ തെളിവ്‌. ഈ രണ്ടുപേരെയും അറസ്റ്റ്‌ ചെയ്‌തു കഴിഞ്ഞാല്‍ സംസ്ഥാന രാഷ്‌ട്രീയത്തിലെ പല പ്രമുഖരുടെയും രാഷ്‌ട്രീയ ജീവിതം അവസാനിക്കുമെന്ന്‌ ഉറപ്പ്‌. ഇതുകൂടാതെ സരിതയുടെ മൊഴി രേഖപ്പെടുത്താതെയിരുന്ന മജിസ്‌ട്രേറ്റ്‌ കോടതിയുടെ പിഴവുകളും ഒരു വെറും സാങ്കേതിക പിഴവ്‌ മാത്രമായി കരുതാന്‍ കഴിയില്ല.

എന്തായാലും സോളാര്‍ കേസില്‍ വി.എസ്‌ അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. പാര്‍ട്ടി സെക്രട്ടറിയേറ്റ്‌ ഇതിന്‌ അനുമതിയും നല്‍കി. വി.എസ്‌ അരയും തലയും മുറുക്കി ഇറങ്ങിയാല്‍ സോളാര്‍ കേസിലെ ഉന്നതന്‍മാര്‍ ശരിക്കും വിയര്‍ക്കുമെന്ന്‌ ഉറപ്പ്‌. ഇവിടെ ഉമ്മന്‍ചാണ്ടിക്ക്‌ പിന്നില്‍ ഗ്രൂപ്പ്‌ വിത്യാസമില്ലാതെ കോണ്‍ഗ്രസ്‌ ഇനിയുണ്ടാവില്ല എന്ന്‌ ഉറപ്പായി കഴിഞ്ഞു. രമേശ്‌ ചെന്നിത്തല ഒരിക്കലുമുണ്ടാവില്ല എന്നത്‌ തീര്‍ച്ച തന്നെ. പി.സി ജോര്‍ജ്ജിന്റെ ലക്ഷ്യം ആത്യന്തികമായി ഉമ്മന്‍ചാണ്ടി തന്നെ എന്ന്‌ ഏറെക്കുറെ വ്യക്തമായിരിക്കുന്നു. കേരളാ കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിയോട്‌ മമതയില്ല. ഗ്രൂപ്പു വഴക്കില്‍ കലുഷിതമായ കോണ്‍ഗ്രസിനെയും ഐക്യമില്ലാത്ത ഐക്യമുന്നണിയെയും ഇനി ഉമ്മന്‍ചാണ്ടി എത്ര നാള്‍ നയിക്കും. ഈ അവസ്ഥയില്‍ ഇനിയെത്രനാള്‍ എന്നതാണ്‌ ഈ സര്‍ക്കാരിന്‌ മുമ്പിലുള്ള ഏറ്റവും പ്രധാന ചോദ്യവും.
Join WhatsApp News
josecheripuram 2013-08-03 02:56:08
That's why it is called the dirty polictics.Who is clean in politic.Power is addiction.Even Achumama is not that clean.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക