Image

കെണിയൊരുക്കി മുഖ്യന്‍; വലയില്‍ വീഴാതെ രമേശ്

ജി.കെ. Published on 29 July, 2013
കെണിയൊരുക്കി മുഖ്യന്‍; വലയില്‍ വീഴാതെ രമേശ്
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏതെങ്കിലും ഒരു നേതാവിനോട് മന്ത്രിയാവണമെന്ന് ആവശ്യപ്പെട്ട് ഒരു മുഖ്യമന്ത്രി ഇത്രമാത്രം കേണപേക്ഷിച്ചുട്ടുണ്ടോ എന്ന് സംശയമാണ്. അതുപോലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ തന്റെ മന്ത്രിസഭയിലേക്ക് കൈ കാട്ടി വിളിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചപ്പോള്‍ തന്നെ ഈ കളി തീക്കളിയാകുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ അന്ന് പൊട്ടലും ചീറ്റലും ഇല്ലാതെയാണ് ഇരുവരും മുന്നോട്ട് പോയിരുന്നത് എന്നതിനാല്‍ കാര്യങ്ങള്‍ രണ്ടുവര്‍ഷം വരെ വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോയി. ഇടയ്ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി താക്കോല്‍ സ്ഥാനമെന്ന വാദവുമായി രംഗത്തുവന്നതൊഴിച്ചാല്‍. 

ഇതിനിടയ്ക്ക് തിരുവഞ്ചൂരിനെ അപ്രതീക്ഷിതമായി ആഭ്യന്തര മന്ത്രിയാക്കിയതിലൂടെ ന്യൂനപക്ഷ പ്രീണനമെന്ന ആരോപണം ചെറുക്കുന്നതിനൊപ്പം ആഭ്യന്തര മന്ത്രിയായുള്ള രമേശിന്റെ മന്ത്രിസഭാപ്രവേശനത്തിന് താല്‍ക്കാലികമായെങ്കിലും തടയിടാനും ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സോളാര്‍ ചുഴിയില്‍പ്പെട്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ പാതാളത്തോളം താഴുകയും സരിതയുടെ സാരിത്തുമ്പില്‍ പിടിച്ച് പ്രതിപക്ഷം രാപ്പകല്‍ സമരവും കരിങ്കൊടി പ്രതിഷേധവുമെല്ലാം ആരംഭിക്കുകയും ചെയ്തതോടെ കുഞ്ഞൂഞ്ഞിന് പിടിച്ചുനില്‍ക്കാന്‍ പിടിവള്ളിയില്ലാതായിപ്പോയി. ഒപ്പം യുഎന്‍ അവാര്‍ഡ് മേടിക്കാനായി ദുബായില്‍ പോയതക്കത്തിന് തന്റെ വിശ്വസ്തനെന്ന് കരുതിയിരുന്ന തിരുവഞ്ചൂരും പാലം വലിച്ചു. തന്റെ പിഎ ആയിരുന്നു ജോപ്പനെ ആരുമറിയാതെ അറസ്റ്റു ചെയ്ത് മുഖ്യമന്ത്രിക്ക് തിരുവഞ്ചൂര്‍ കൊടുത്തതാകട്ടെ എട്ടിന്റെ പണിയും. തീര്‍ന്നില്ല സോളാര്‍ കേസില്‍ സരിതയെ വിളിച്ച മന്ത്രിമാരുടെ ഫോണ്‍ വിവരങ്ങള്‍ പുറത്തുവിട്ടും തിരുവഞ്ചൂരല്‍ കുഞ്ഞൂഞ്ഞിനെ ഞെട്ടിച്ചു.

കൂട്ടത്തില്‍ നില്‍ക്കുന്നവരെപ്പോലും വിശ്വസിക്കാനാവില്ലെന്ന നിലവന്നതോടെ രമേശിനെ കൂടി മന്ത്രിസഭയില്‍ എടുത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായാ നഷ്ടത്തിന്റെ പങ്ക് എങ്ങനെയെങ്കിലും രമേശിന്റെ തലയില്‍ കൂടി കെട്ടിവെയ്ക്കാന്‍ മുഖ്യമന്ത്രി നീക്കമാരംഭിച്ചത്. എന്നാല്‍ ആഭ്യന്തരം കൈവിടാന്‍ ഒരുക്കമല്ലാതിരുന്ന തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെയും കടത്തിവെട്ടി എ ഗ്രൂപ്പിനകത്ത് കൂറുമുന്നണി ഉണ്ടാക്കാന്‍ നീക്കം തുടങ്ങി. രമേശിന് ഉപമുഖ്യമന്ത്രി പദം നല്‍കിയാല്‍ മതിയെന്നൊരുവാദവും തിരുവഞ്ചൂരിനെ തുണയ്ക്കുന്നവര്‍ മുന്നോട്ടുവച്ചപ്പോള്‍ തന്നെ ഉപമുഖ്യമന്ത്രി പദത്തിന് ലീഗിനും അവകാശമുണ്ടെന്ന് പറയിച്ച് ആ നീക്കം കുഞ്ഞൂഞ്ഞ് മുളയിലേ നുള്ളി. 

നേരത്തെ മന്ത്രിസഭ പ്രവേശനത്തിന്റെ പേരില്‍ ചെന്നിത്തലയെ മുമ്പ് പരമാവധി അപഹാസ്യനാക്കിയതിനാല്‍ ആഭ്യന്തരത്തില്‍ കുറഞ്ഞ് ഏത് വകുപ്പ് നല്‍കിയാലും ചെന്നിത്തല മന്ത്രിസഭയിലേക്ക് വരില്ലെന്ന് മുഖ്യന് നല്ലപോലെ അറിയാം. അതുകൊണ്ടുതന്നെയാണ് വകുപ്പേതെന്ന് പറയാതെ മുഖ്യന്‍ ക്ഷണിക്കുന്നതും വകുപ്പ് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് പറയുന്നതും. മുമ്പ് തിരുവഞ്ചൂരിന് ആഭ്യന്തരം കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് കെപിസിസി അധ്യക്ഷനോട് പോലും ആലോചിക്കേണ്ടിവന്നില്ല. അതുകൊണ്ടുതന്നെയാണ് ചെന്നിത്തലയുടെ വകുപ്പ് മാത്രം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പറയുന്നതിലെ സാംഗത്യം ഐ ഗ്രൂപ്പ് ചോദ്യം ചെയ്യുന്നത്.

അങ്ങനെയാണ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തി ഒരു അവസാനവട്ടശ്രമവും കുഞ്ഞൂഞ്ഞ് നടത്തി നോക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ക്ഷണം സ്‌നേഹിച്ചു നക്കിക്കൊല്ലാനാണെന്ന് തുടക്കത്തിലേ തിരിച്ചറിയാനുള്ള വിവേകം കരുണാകരന്റെ കളരിയില്‍ അഭ്യാസം പഠിച്ച ചെന്നിത്തലയ്ക്കുണ്ടായി. റവന്യൂ പോലെ ഏതെങ്കിലും പ്രധാനവകുപ്പുമായി മന്ത്രിസഭയിലേക്ക് പ്രവേശിക്കാമെന്നൊരു ചാഞ്ചാട്ടം ഇടയ്ക്കുണ്ടായെങ്കിലും മുരളീധരന്റെയും സഹപ്രവര്‍ത്തകരുടെയും ഉപദേശം ചെന്നിത്തലയെ തുണച്ചു. അതുകൊണ്ടു തന്നെയാണ് ഇനി ഏതുവകുപ്പ് നല്‍കിയാലും നഷ്ടപ്പെടാന്‍ ഇനി പ്രതിച്ഛായയൊന്നുമില്ലാത്ത കുഞ്ഞൂഞ്ഞിന്റെ സര്‍ക്കാരില്‍ ചേരേണ്ടെന്ന് ചെന്നിത്തല തീരുമാനിച്ചതും. ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കുന്നതോടെ കുഞ്ഞൂഞ്ഞ് ലക്ഷ്യമിട്ടത് രണ്ടു കാര്യങ്ങളായിരുന്നു. സോളാര്‍ കേസില്‍ തകര്‍ന്ന പ്രതിച്ഛായാ നഷ്ടത്തിന്റെ പങ്ക് ചെന്നിത്തലയ്ക്കുകൂടി പങ്കിട്ടു നല്‍കുക. ഒപ്പം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയാലും മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് ഇറങ്ങേണ്ടിവരില്ലെന്ന് ഉറപ്പുവരുത്തുക.

രമേശ് കൂടി ഉള്‍പ്പെട്ട സര്‍ക്കാരിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുന്നതെങ്കില്‍ സ്വാഭാവികമായും നേതൃമാറ്റമെന്ന ആവശ്യം ഉന്നയിക്കാന്‍ ചെന്നിത്തലയ്ക്ക് കഴിയാതെവരും. അഥവാ ആവശ്യം ഉന്നയിച്ചാലും പകരം നേതാവിനെ കണ്ടെത്തുക എന്നതും വെല്ലുവിളിയാകും. അതുകൊണ്ടുതന്നെയാണ് സോളാറിന്റെ പാപഭാരം ഇറക്കിവെയ്ക്കാനായി കുഞ്ഞൂഞ്ഞ് ചെന്നിത്തലയെക്കൂടി മന്ത്രിസഭയിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ ചേരുന്നത് തന്റെ മുഖ്യമന്ത്രി മോഹങ്ങള്‍ക്ക് ഏട്ടുവര്‍ഷത്തേക്കെങ്കിലും മൊറോട്ടോറിയം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് ചെന്നിത്തലയ്ക്ക് നല്ലപോലെ അറിയാം. മറിച്ച് ഈ മന്ത്രിസഭയില്‍ ചേരാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുകയെന്ന ത1ടുന്യായം പറഞ്ഞ് വിട്ടു നിന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സമ്പൂര്‍ണ പരാജയമാണ് ഫലമെങ്കില്‍ നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരികയും മുഖ്യമന്ത്രി പദവിയിലേക്ക് സ്വയം അവരോധിക്കുകയും ചെയ്യാം. ഹൈക്കമാന്‍ഡുമായും രാഹുല്‍ ഗാന്ധിയുമായുള്ള നല്ല ബന്ധവും ഇവിടെ രമേശിന് തുണയാവും.

അതുവരെ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നു എന്ന് പ്രതീതി ഉയര്‍ത്തുകയും തനിക്ക് പറയാനുളള കാര്യങ്ങള്‍ മുരളീധരനീലൂടെയും സുധാകരനിലൂടെയുംമെല്ലാം ജോസഫ് വാഴയ്ക്കനിലൂടെയുമെല്ലാം പറയാതെ പറയുകയും ചെയ്യാം. എന്തായാലും കുഞ്ഞൂഞ്ഞിന്റെ കെണിയില്‍ ചെന്നിത്തല വീഴുമോ എന്ന് കാത്തിരുന്ന് കാണാം.
കെണിയൊരുക്കി മുഖ്യന്‍; വലയില്‍ വീഴാതെ രമേശ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക